ഉപേക്ഷ (ഭാഗം-4)
ഉപേക്ഷ (ഭാഗം-4)
വീട്ടുകാര്യങ്ങളും മറ്റു വിശേഷങ്ങളും പറഞ്ഞിരിക്കെ നന്ദനയ്ക്ക് ഇറങ്ങേണ്ട ബസ്‌സ്റ്റോപ് എത്തി. അവൾ ഡോർ തുറന്നു ഇറങ്ങുമ്പോഴേക്കും അവൻ പിരിയും വിധം പറഞ്ഞു;
“എന്റെ കൃഷിയുടെകാര്യം മറക്കരുത്...”
‘ഇല്ല’ എന്ന് ചിരിയോടെ മറുപടി പറഞ്ഞു നന്ദന ബസ്‌സ്റ്റോപ്പിലേക്ക് കയറി, അവൻ തിരികെ വണ്ടി ചലിപ്പിച്ചു. അപ്പോഴേക്കും മഴയൊന്ന് തോരുന്ന ലക്ഷണം പ്രകടമാക്കി.
>>>>>
“ഹലോ, പ്രവീൺ എന്തായിരുന്നു വിളിച്ചത്... എല്ലാം റെഡിയായോ...?!”
മറുതലയ്ക്കൽ ശബ്ദം കേട്ടതോടെ നന്ദന ചോദിച്ചു.
“എല്ലാം, ഏതാണ്ടൊരു കരയ്‌ക്കെത്താറായി ചേച്ചി. കൃഷിയാഫീസറെ ചെന്നു കാണുവാനായി ഇത്തവണത്തെ നിർദ്ദേശം!”
ആശ്വാസസ്വരത്തിൽ ഈ വാചകങ്ങൾ പ്രവീണിൽ നിന്നും നന്ദനയിലേക്കെത്തി.
“ആഹാ... സാരമില്ല... ഇനിയധികം പ്രോസസുകളൊന്നും ഉണ്ടാവില്ല! എല്ലാം പെട്ടെന്ന് നടന്നുകൊള്ളും. ഒട്ടും പേടി വേണ്ടെന്നേ...”
കിച്ചണിന്റെ, പുറത്തു മുറ്റത്തേക്കുള്ള ഡോർ തുറന്നിട്ട് അവിടെ നിൽക്കെ നന്ദന ഇങ്ങനെ മറുപടി നൽകി. കൂടെ, ഫോണിലൂടെ കേട്ട സ്വരങ്ങളെപ്രതി അവൾ തുടർന്നുചോദിച്ചു;
“ഈ രാത്രിയിൽ ഇതെവിടെയാ... വീട്ടിലല്ലേ!?”
ഒരു ചെറുനിശ്വാസത്തോടെ പ്രവീൺ മറുപടി പറഞ്ഞു;
“ഞാനെയ്, വൈഫിനേയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ വന്നതാ!”
ചെറിയൊരു ഭാവവ്യത്യാസത്തോടെ അവളുടൻ ചോദിച്ചു;
“അയ്യോ... ഈ രാത്രികാലത്ത് ഇതെന്തുപറ്റിയതാ വൈഫിന്!?”
പ്രവീൺ മറുപടി പറഞ്ഞു;
“അവൾക്ക് കുറച്ചുദിവസമായി വല്ലാത്തൊരു വയറുവേദന. ‘ക്ലിനിക്കിൽ’ കാണിച്ചപ്പോൾ അവർക്കൊരു സംശയം!ഇവിടേക്ക് റഫർ ചെയ്തു. ഇപ്പോൾ മെഡിക്കൽ കോളേജിലാ ഞാൻ... രാവിലെ വന്നതാ, കുറേ ടെസ്റ്റുകളും മറ്റുമൊക്കെയായി
ഇപ്പോഴിത്രയും സമയമായി. അവിടെ എന്തുണ്ട്?!”
ആലോചനയിലാണ്ടെന്ന പോലെ അവൾ മറുപടി നൽകി;
“ഇവിടെ ഹരിയേട്ടൻ പുറത്തേക്ക് പോയതാ. പിള്ളേർ അകത്തിരുന്ന് പഠിക്കുകയും എഴുതുകയും ചെയ്യുന്നു. പിന്നെ, എന്നിട്ട് റിസൾട് വന്നോ...? ഡോക്ടർ എന്തു പറഞ്ഞു!?”
മറുപടി വന്നു;
“റിസൾട്ടിന് ഒരാഴ്ച്ചയേലും താമസം പിടിക്കുമെന്നാ പറയുന്നത്! തല്ക്കാലം കുറച്ചു മരുന്നുകൾ തന്നിട്ടുണ്ട്. ഞങ്ങൾ ഉടനെ ഇറങ്ങും ഇവിടെ നിന്നും, ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ട്. ഞാൻ ചേച്ചിയെ ഉച്ചമുതൽ വിളിച്ചിരുന്നു, തിരക്കായിരുന്നോ!?”
നന്ദന ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് മറുപടി പറഞ്ഞു;
“ഇവിടെ... പിടിപ്പത് പണിയാ എന്റെ പ്രവീൺ... മടുത്തു ഞാൻ. എന്താ ചെയ്ക!?”
ചെറുചിരിയോടെ ‘എനിക്ക് തോന്നിയിരുന്നു’ എന്നായിരുന്നു അവന്റെ മറുപടി.
“മടിച്ചിക്കള്ളിയെ ഒന്ന് വിളിച്ചറിയിച്ചാലും പോരായിരുന്നോ!?”
പ്രവീൺ, നന്ദനയ്ക്ക് മറുപടിയായി സംശയരൂപേണ ചോദിച്ചു;
“ഹേ... അതാരാണ്?!”
ചെറിയൊരു ചിരിയോടെ നന്ദന പറഞ്ഞു;
“ജയന്തി... അവളെയാ ഉദ്ദേശിച്ചത്. ഭൂലോക മടിച്ചിയല്ലേ...? ഞാൻ പറഞ്ഞെന്നൊന്നും പറയേണ്ട!”
ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു പറഞ്ഞു;
“പാവമാ കേട്ടോ.. ഞാൻ തമാശ പറഞ്ഞെന്നേയുള്ളൂ.”
ചിരിയടക്കിയുള്ള നന്ദനയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി അവൻ ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു;
“വെറുതെയാണോ ഞാൻ പറമ്പിന്റെ കാര്യവുമായി ചെന്നപ്പോൾ, എന്നോട് നന്ദനയുടെ നമ്പർ തന്ന് സംസാരിക്കാൻ പറഞ്ഞത്!”
ഇരുവരും ഒന്നു രണ്ടു നിമിഷത്തേക്ക് ചിരിച്ചു കൊണ്ടിരുന്നു. അപ്പൊഴേക്കും പുറത്തു നിന്നും രാത്രിയുടെ നിശ്ശബ്ദതയിലൂടെ തണുത്ത കാറ്റ് ഓടിയെത്തി. അത് നന്ദനയെ ആകെയൊന്ന് പുളകം കൊള്ളിച്ചു കടന്നു പോയിക്കൊണ്ടിരുന്നു. പെട്ടെന്നൊരു നിമിഷം അവൾ പറഞ്ഞു;
“പിന്നേയ്, ടെൻഷനൊന്നും വേണ്ട... റിസൾട്ടെല്ലാം നെഗറ്റിവ് ആയിരിക്കും! ഒന്നും പേടിക്കേണ്ട... എല്ലാവരും കൂടെയുണ്ട്.”
അത്ര ബലമില്ലാത്തൊരു മന്ദഹാസം പ്രകടിപ്പിച്ചു പ്രവീണിന്റെ മറുപടിയെത്തി;
“പേടി... പേടിയല്ല... ഹങ്ങനെ ഞാൻ പേടിച്ചാൽ ശരിയാകുമോ!? എനിക്ക് ഇവരല്ലേയുള്ളൂ, ഇപ്പോ... അമ്മ തന്നെ... നോക്ക്,
രാവിലെ മുതൽ പിള്ളേരേം പിടിച്ചു എന്റെ കൂടിവിടെ ഇരിപ്പാ! ഇവർക്കു വേണ്ടിയാ എനിക്ക് ജീവിക്കുവാൻ തോന്നുന്നത്.
സത്യം പറയാമല്ലോ ചേച്ചി...”
നന്ദന തന്റെ ചെവിയിലേക്കെത്തിയ ഈ വാചകങ്ങളോരോന്നും തന്റെ ഹൃദയത്തിലേക്കെന്ന പോലെ ഉൾക്കൊണ്ടു നിന്നു. ശേഷം, താഴ്ന്ന സ്വരത്തിൽ മറുപടിയായി പറഞ്ഞു;
“എനിക്ക് മനസ്സിലാകുന്നുണ്ട്, പ്രവീൺ. ഞാനുമൊരു കുടുംബമുള്ള ആളല്ലേ..? സാരമില്ല, എല്ലാം ശരിയാകും!”
മറുപടി മറ്റൊരു വശത്തിലേക്കാക്കി പ്രവീൺ;
“ഞാനൊരു കാര്യത്തിലും ഇവരെ ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല. അതിനെനിക്ക് തോന്നത്തേയില്ല... കുടുംബമൊന്ന് ഓടിക്കുവാൻ ഒരുപാട് വിഷമങ്ങളിലൂടെ ഞാൻ കടന്നു പോയപ്പോഴും ഒരുവാക്കു പോലും അവളെയോ പിള്ളേരെയോ
എന്തിന്, അമ്മയെപ്പോലും അറിയിച്ചിട്ടില്ല. അവര് സന്തോഷമായിട്ടിരിക്കണം, അതാണ് എന്റെ സന്തോഷം.”
മറുപടിയായി താഴ്ന്നു തന്നെ അവൾ പറഞ്ഞു;
“ഊം... ശരിയാ പ്രവീൺ. എനിക്കറിയാം... എല്ലാവിധ സഹായത്തിനും ഞങ്ങളുണ്ട്. ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോ..
ഞങ്ങളൊപ്പമുണ്ട്.”
മന്ദഹാസം ഭാവിച്ചു പ്രവീൺ പറഞ്ഞു;
“എല്ലാവരും ഉണ്ടെന്നൊക്കെ ഓർക്കുമ്പോൾ വലിയ ആശ്വാസം തോന്നുന്നുണ്ട് ചേച്ചി.”
ഈ സമയം സാമാന്യം നല്ല ശബ്ദമുള്ള കോളിംഗ്ബെൽ മുഴങ്ങുന്നത് നന്ദന ശ്രദ്ധിച്ചു.
“ഹാ പ്രവീൺ, ഏട്ടൻ വന്നൂന്ന് തോന്നുന്നു. കൃത്യസമയത്തു ഭക്ഷണം വേണം ഏട്ടന്... ഞാനൊന്ന് കിച്ചണിലേക്ക് ഇറങ്ങുവാ...”
പെട്ടെന്ന് പ്രവീണിന്റെ മറുപടിയെത്തി;
“ഓഹ്... സമയം പോയത് ഞാനറിഞ്ഞില്ല. ഞങ്ങൾക്കുമിപ്പോൾ പോകാറായിക്കാണണം... ശരി എന്നാൽ.”
വാചകം അവനൊരു കോട്ടുവാ അമർത്തിപ്പിടിച്ച് അവസാനിപ്പിച്ചു. ‘ശരി’ എന്ന് പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു ഡോർ അടച്ചു അത്താഴം ഡൈനിങ് ടേബിളിലേക്ക് എത്തിക്കുവാനുള്ള ഒരുക്കം നന്ദന തുടങ്ങി. പഠിച്ചും-എഴുതിയുമൊക്കെയിരുന്ന കാർത്തിക്കും കാർത്തികയും അവയെല്ലാം വിട്ടു ഹാളിലേക്ക് മെല്ലെയെത്തി. അച്ഛനും മകനും കൂടി സല്ലാപങ്ങൾ പങ്കിട്ടു തുടങ്ങിയപ്പോഴേക്കും കാർത്തിക മെല്ലെ കിച്ചണിലേക്ക് എത്തി. അപ്പോൾ, പാകമാക്കി വെച്ചിരുന്ന കറികൾ ഓരോന്നുമെടുത്ത് ചലനമില്ലാതെ, തന്റെ മനസ്സിനെ എവിടേക്കോ അയച്ചെന്ന പോലെ, നന്ദന മകളുടെ കൈകളിലേക്ക് നൽകുവാൻ തുടങ്ങി. കാർത്തിക ഓരോ വിഭവവും മെല്ലെ ഡൈനിങ് ടേബിളിലേക്ക് എത്തിച്ചു തുടങ്ങി.
തുടരും...

