Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Hibon Chacko

Drama Romance


3  

Hibon Chacko

Drama Romance


ഉപേക്ഷ (ഭാഗം-1)

ഉപേക്ഷ (ഭാഗം-1)

3 mins 125 3 mins 125

“ഹോഹ്... വലഞ്ഞുപോയി അല്ലേ?”

   

വിശാലതയും വിജനതയും നിറഞ്ഞ ആ പ്രദേശത്തെ ബസ്സ്റ്റോപ്പിന്റെ മുന്നിൽ ധൃതിയോടെ നിൽക്കുന്നതിനിടയിൽ ജയന്തി തലയൊന്ന് വെട്ടിച്ച് നന്ദനയോട് ചോദിച്ചു. നന്ദനയാകട്ടെ, ബസ്സ്റ്റോപ്പിനകത്ത് ഇരിക്കുകയായിരുന്നു. മറുപടി സ്വന്തം മൗനത്തിലൂടെ അവൾ പ്രകടമാക്കി. കുറച്ചു സമയം കൂടി, ധൃതിഭാവിച്ച് തലങ്ങും വിലങ്ങും റോഡിലേക്ക് നോക്കി നിന്ന ശേഷം ജയന്തി സാരിയുടെ അടിത്തട്ട് തന്റെ വലതു കൈയ്യാൽ അല്പം പൊക്കിപ്പിടിച്ച് ബസ്‌സ്റ്റോപ്പിലേക്ക് തിരികെക്കയറി നന്ദനയുടെ അടുത്തേക്ക് ചെന്നിരുന്നു. ശേഷം അവളെയൊന്ന് നോക്കി, പിന്നെ തുടർന്നു;


“ഹോഹ്, വർഷാവർഷം സർക്കാരിന് വിളവ് നൽകുന്ന കർഷകർക്കും കുടുംബങ്ങൾക്കും പ്രോത്സാഹനമായി ഈ വർഷം മുതൽ ചെറിയൊരു സദ്യ, ഒരു പ്രതിഫല പ്രകടനം നടത്താൻ തീരുമാനിച്ച കാര്യം നമ്മളെ ഏൽപ്പിക്കുമ്പോൾ 

ഇത്രയും വലച്ചുകളയുമെന്ന് ഒരിക്കലും കരുതിയില്ല...”

ഇത്രയും പറഞ്ഞൊന്നു നിർത്തി, ജയന്തി നന്ദനയെ നോക്കിയപ്പോൾ അവൾ പഴയപടി ആ ദിവസത്തിന്റെ ജോലിഭാരം പേറിയ മുഖഭാവവുമായി ദേഷ്യത്തിൽ മുങ്ങിയെന്ന വണ്ണം ഇരിക്കുകയായിരുന്നു.

   

ജയന്തി അടുത്തതായി തുടങ്ങുവാനുദ്ദേശിച്ച വാചകം വിഴുങ്ങിക്കൊണ്ട് കാരണമില്ലാത്ത ചിന്തകളിൽ അലസയായി ഇരുന്നു, മുന്നോട്ടു നോക്കിക്കൊണ്ട്. ഒന്നു രണ്ടു മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും നന്ദന പതിയെ ശബ്ദിച്ചു;

“നമ്മൾ ഈ സാമൂഹ്യസേവനത്തിന് ഇറങ്ങിത്തിരിച്ചത് എന്തിനാ...? ഇതൊക്കെ സമൂഹത്തെ സേവിക്കുന്നതിന്റെ ഭാഗമായി കൂട്ടിയാൽ മതി! പിന്നെ, നമുക്കൊക്കെ പ്രായം പതിനെട്ട് അല്ല -നാൽപ്പത് തികഞ്ഞു. അതിന്റേതായ എല്ലാത്തരം തളർച്ചകളും ഇല്ലാതാക്കുവാൻ സാധിക്കുമോടീ...? കൂടെ എടുത്തുപറയുവാൻ -കുടുംബം... പറ്റില്ലേൽ വീട്ടിൽ കുത്തിയിരിക്കുക എല്ലാവരും!”

ഇത്രയുമായപ്പോഴേക്കും ജയന്തി ഇടയ്ക്കു കയറി പറഞ്ഞു;

“അയ്യോ... വീട്ടിൽ ചടഞ്ഞിരിക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഇതിനുമപ്പുറം വന്നാലും നേരിടുവാൻ ഞാൻ തയ്യാർ!”

 ഇതോടൊപ്പം തന്റെ ശരീരമാകെയൊന്ന് ദൃഢതപ്രാപിപ്പിച്ച് നന്ദനയെനോക്കി ജയന്തി ഇരുന്നു. 

“നമ്മുടെ വർഗ്ഗത്തെ സംബന്ധിച്ച് ഇതൊക്കെയൊരു പ്രശ്നവും പ്രാരാബ്ധവുമൊക്കെയാണോ...?”

   

ഇത്രയും പെട്ടെന്നൊരു നിമിഷം കൊണ്ട് പറഞ്ഞു, അടുത്ത നിമിഷം നന്ദന നിശ്ശബ്ദയായിരുന്നു. സാമാന്യം നല്ലൊരു മലമ്പ്രദേശം ആയതിനാൽത്തന്നെ അവർ ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ മുതൽ ഈ സമയം വരെ ഒരു മനുഷ്യനേയോ വാഹനത്തെയോ ആ വഴി കാണാനൊത്തില്ല. കുറച്ചു സമയംകഴിഞ്ഞപ്പോൾ അവർക്കു മുന്നിലൂടെ ഒരു പഴയ മാരുതി 800 കാർ മെല്ലെ കടന്നു പോയി. പക്ഷെ, പെട്ടെന്നു തന്നെ ആ കാർ മുന്നിലായി നിർത്തുകയും റിവേഴ്‌സ് വരികയും ചെയ്തു.


“ജയന്തിച്ചേച്ചി, ഇന്നിവിടെയായിരുന്നോ വർക്ക്... വീട്ടിലേക്കാണോ?”

കാറിന്റെ സൈഡ്ഗ്ലാസ്‌ താഴ്ത്തി ഡ്രൈവർസീറ്റിലിരുന്ന, ജയന്തിയുടെ സമപ്രായം തോന്നിക്കുന്നൊരാൾ അവളോട് ചോദിച്ചു.

“ആഹാ... പ്രവീൺ, എന്താ ഇതുവഴി...? ഞങ്ങൾ തിരിച്ചു പോകും വഴിയാ.”

താനറിയാതെ വന്ന സന്തോഷവും അത്ഭുതവും സ്വയം തിരിച്ചറിയാതെ ജയന്തി അയാളെ തിരിച്ചറിഞ്ഞു ഇങ്ങനെ ചോദിച്ചു.

“എന്നാൽ വാ...”

   

ഇങ്ങനെ മറുപടി പറഞ്ഞ്, രംഗത്തേക്ക് ശ്രദ്ധിച്ചു പോയ നന്ദനയെ നോക്കി പ്രവീൺ ജയന്തിയോടായി ചോദിച്ചു;

“ഒരേ വഴിയാണേൽ... പോരെ കേട്ടോ... ഇതൊരു ഉൾപ്രദേശമാ, വൈകി ഒന്നാമത്... ഇനിയിപ്പോൾ ഇതുവഴി വാഹനമൊന്നും അങ്ങനെ സാധ്യതയില്ല.”

ഉടനെ ജയന്തി തലതിരിച്ച് നന്ദനയോടായി പറഞ്ഞു;

“കേറിക്കോ... സ്റ്റാൻഡിൽ ചെന്നിട്ട് ബസിന് കയറിപ്പോയാൽ പോരെ നിനക്ക്...?”

  

നന്ദന യാന്ത്രികമായി എഴുന്നേറ്റപ്പോഴേക്കും ജയന്തി കാറിന്റെ മുൻസീറ്റിൽ സ്ഥാനം പിടിച്ചിരുന്നു. പിൻസീറ്റിൽ ഇടതുഭാഗത്തായി നന്ദന ചേർന്നിരുന്നു, പ്രവീൺ കാർ ചലിപ്പിച്ചു തുടങ്ങി. 

“പ്രവീൺ, ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നോ? !”

കാർ ചലിച്ചു കൊണ്ടിരിക്കെ ജയന്തി മെല്ലെ ചോദിച്ചു. 

“ഇല്ല, ഇന്ന് ലീവ് എടുത്തു. ഇവിടെ ഒരു ഉൾപ്രദേശത്ത് എന്റെയൊരു പഴയ ക്ലാസ്സ്മേറ്റിന്റെ അച്ഛൻ മരിച്ചു. അപ്പോളൊന്ന്, കാണുവാൻ വന്നതാ. തിരിച്ചിറങ്ങിയപ്പോൾ അല്പം വൈകി!”


മുന്നോട്ടു നോക്കി, ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ടു തന്നെ പ്രവീൺ ഇങ്ങനെ മറുപടി പറഞ്ഞു നിർത്തി. അല്പം കഴിഞ്ഞു ജയന്തിയെ ഒന്ന് നോക്കിയ ശേഷം വീണ്ടും തുടർന്നു;

“എങ്ങനെ പോകുന്നു ഈ സാമൂഹിക ജീവിതം, അവളും പിള്ളേരും ഇടയ്ക്കിടെ വീട്ടിൽ വന്നു പറയാറുണ്ട് വിശേഷങ്ങൾ...”

ഒന്ന് ഗൗരവപൂർവ്വം മന്ദഹസിച്ചു കൊണ്ട് ജയന്തി തുടങ്ങി;

“ഹോ... ഇങ്ങനെയൊക്കെയങ്ങു പോകും. പിന്നെ, സുനന്ദയെയും പിള്ളേരെയും മിക്കവാറും കാണാറും മിണ്ടാറുവുണ്ട്... 

   

ഇത്രയും പറഞ്ഞുനിർത്തി അടുത്തനിമിഷം, സൈഡ്‌ഗ്ളാസ്സിലൂടെ പുറത്തേക്ക് നോക്കിയിരുന്ന നന്ദനയോടെന്ന വണ്ണം അല്പമൊന്ന് തലതിരിച്ചു ജയന്തി തുടങ്ങി;

“നന്ദന, ഇത്‌ പ്രവീൺ, കേട്ടോ... ഞങ്ങൾ ഉദ്ദേശം അടുത്തടുത്ത താമസക്കരാ. പത്തനംതിട്ടയായിരുന്നു, സ്ഥലംമാറി വന്നിട്ട് അധികം ആയില്ല. ഇവിടൊരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു.”

പറഞ്ഞു തീർന്നതും നന്ദന, തന്നെയൊന്ന് ശ്രദ്ധിച്ച പ്രവീണിനെയെന്ന പോലെ ഗൗരവപൂർവ്വം മന്ദഹസിച്ചു കാണിച്ചു. ചെറിയൊരു പുഞ്ചിരിയോടെ അവൻ ഡ്രൈവിങ് തുടർന്നു. 

   

അധികം വൈകാതെ നന്ദനയ്ക്ക് ഇറങ്ങേണ്ട സ്റ്റാൻഡ് എത്തി. ഡോർ തുറന്ന് അവൾ ഇറങ്ങിയപ്പോഴേക്കും ജയന്തി പറഞ്ഞു;

“വൈകിയല്ലേ അല്പം... ? ബസ് പോയിക്കാണില്ല, ഞങ്ങൾ പൊയ്ക്കോട്ടേ?”

മറുപടിയായി തലയാട്ടിയ ശേഷം നന്ദന അല്പം കുനിഞ്ഞു, ജയന്തിയോടൊപ്പം തന്നെ നോക്കിയിരിക്കുന്ന പ്രവീണിനെ നന്ദിപൂർവം മന്ദഹസിച്ചു കാണിച്ചു. പോകാമെന്ന വ്യാജേനയുള്ള ജയന്തിയുടെ മുഖഭാവം മൂലം അവൻ കാർ തിരിച്ചു ഓടിച്ചുപോയി. നന്ദന ബസ്‌സ്റ്റാന്റിനുള്ളിലേക്ക് നടന്നു തുടങ്ങിയപ്പോഴേക്കും അവൾക്ക് കയറിപോകേണ്ട ബസ് അല്പം അകലെയായി സ്റ്റാർട്ട്‌ ചെയ്തു നിർത്തിയിരിക്കുകയായിരുന്നു. 

   

തളർന്ന ശരീരവും ഗൗരവം കലർത്തിയ മനസ്സുമായി നന്ദന ബസിൽ സഞ്ചരിച്ച് വീട്ടിലെത്തി. പതിനഞ്ചുകാരൻ ‘കാർത്തിക്’ മുറ്റത്തൊരു വശത്തായിരുന്നു പഠിക്കുന്നുണ്ടായിരുന്നു. അവൻ നന്നായി പഠിക്കുന്ന കുട്ടിയാണെങ്കിലും, സാധാരണ ഹരികൃഷ്ണൻ വീട്ടിലുണ്ടാകുമ്പോഴാണ് അവനിങ്ങനെയൊരു ശീലം! അമ്മയെ കണ്ടു അവൻ എഴുന്നേറ്റപ്പോഴേക്കും നന്ദന ചോദിച്ചു;

“കാർത്തിക എവിടെ?”

അവൻ പുസ്തകം മടക്കി, ചെയറുമെടുത്തുകൊണ്ട് പറഞ്ഞു;

“അകത്തുണ്ട് അമ്മേ, അച്ഛൻ വന്നിട്ട് കുറച്ചായി. അമ്മയെ അന്വേഷിച്ചു.”

   

അവളുടെ ഭാഗത്തു നിന്നും മറുപടിയൊന്നും ഉണ്ടായില്ല, മെല്ലെ അവനോടൊപ്പം മുന്നോട്ടു ചുവടുകൾ വെച്ചതല്ലാതെ. മെയിൻഡോർ തുറന്ന് അകത്തേക്ക് കയറിയതും അവിടൊരു കോണിലായി കാർത്തിക തന്റെ ഹോംവർക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. അമ്മയെക്കണ്ട ആ പന്ത്രണ്ടുകാരി ചിരിയോടെ എഴുന്നേറ്റു. നന്ദന, തന്റെ കൂടെ വന്ന കാർത്തികയോടൊപ്പം നേരെ കിച്ചണിലേക്ക് പോയി- കൈയ്യിലുണ്ടായിരുന്നത് അവിടൊരു ടേബിളിൽ വെച്ച ശേഷം. തിരികെ, നന്ദന ചായയുമായി ഹാളിലേക്ക് വന്നപ്പോഴേക്കും ഭർത്താവ് ഹരികൃഷ്ണൻ കുളികഴിഞ്ഞു തലതോർത്തിക്കൊണ്ട് എത്തി. കാർത്തിക്കും കാർത്തികയും ചായ കുടിക്കുവാനായി ഉത്സാഹത്തോടെ ടേബിളിലേക്കെത്തി. ഇതു കണ്ടെന്ന പോലെ ഹരികൃഷ്ണൻ, ചായ പകർന്നു തുടങ്ങിയ നന്ദനയെ ഒന്ന് നോക്കി.


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama