Binu R

Fantasy Thriller

4  

Binu R

Fantasy Thriller

തുടർക്കഥ:മംഗലശ്ശേരി.ബിനു. R

തുടർക്കഥ:മംഗലശ്ശേരി.ബിനു. R

3 mins
396



         അദ്ധ്യായം - 8.


   രാവിലെ, എഴുന്നേറ്റപ്പോൾ നേരം വളരേ വൈകിയിരുന്നു. സൂര്യൻ വെയിൽ കനപ്പിച്ച് തന്റെ മുറിയിലാകെ വിതറിയിരുന്നു . ഇന്നെന്താ മംഗലശ്ശേരിയിൽ നിന്നും സംഗീതം വന്നില്ലാന്നുണ്ടോ.. ! 


എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ, വിനയന്റെ അമ്മ ഗോവണി കയറി വരുന്നതാണ് കണ്ടത്. 


- 'എന്തുപറ്റി '.


അമ്മയുടെ ജിജ്ഞാസയുള്ള ആ ചോദ്യത്തിനുമുമ്പിൽ വെറുതേ പുഞ്ചിരിച്ചു നിന്നു. 


'ഒരു ശീലവുമില്ലാത്തതല്ലേ ചെയ്യുന്നത് !..നല്ല ക്ഷീണമുണ്ടാവും.. ല്ലേ?? '


'അച്ഛൻ പറഞ്ഞു, സഹായത്തിനു ആരെയെങ്കിലും വിളിച്ചിരുന്നെങ്കിൽ.. '


'ആരും വരില്ലമ്മേ.. '


ഒരു നിഷ്ക്രിയഭാവം ഉണ്ടായിരുന്നു ആ മറുപടിക്ക്. താഴേയ്ക്ക് നടക്കുമ്പോൾ, രാധ ഒരു ഗ്ലാസ് ചായ കൊണ്ടു വന്നു. അത് കുടിച്ചു കഴിഞ്ഞ്, ഉണ്ണി വെളിയിലേക്കിറങ്ങി. 


     അയാൾ, ശങ്കുണ്ണിയുടെ ചായക്കടയിൽ ചെന്നു കയറുമ്പോൾ, അവിടെ നല്ല തിരക്കായിരുന്നു. അവൾ ഇന്നെത്തുമെന്ന് മനസ്സു പറഞ്ഞു. 


' ഇന്ന് മംഗലശ്ശേരിയിലേക്ക് പോയില്ലേ '!


ശങ്കുണ്ണി ഓരോരുത്തർക്കും ചായയും പലഹാരങ്ങളും വിളമ്പുന്നതിനിടയിൽ തന്നെ കുശലാന്വേഷണവും നടത്തി. 


'പോണം. എനിക്കൊരു സഹായത്തിന് ശങ്കുണ്ണിയുടെ മോനെ കൂടെ വിടാമോ... '


'ഇപ്പോൾ ഓരോരുത്തർക്കും ധൈര്യങ്ങളൊക്കെ വന്നു തുടങ്ങി, സാറെ. '


ഉണ്ണി പേപ്പർ നോക്കുന്നതിനിടയിൽ അയാളെ നോക്കി ചിരിച്ചു. അതു കണ്ട അയാൾ അടുത്തുവന്ന് രഹസ്യമെന്നവണ്ണം ചോദിച്ചു.. 


'എന്താ സാർ അതിന്റെ രഹസ്യം... !'


ഉണ്ണി പേപ്പർ മടക്കി മേശപ്പുറത്തു വച്ചു എഴുന്നേറ്റു കൊണ്ട്  പറഞ്ഞു... 


'ഒരു രഹസ്യവുമില്ല. അവർ അവിടെ ഇപ്പോഴും ജീവിക്കുന്നു. അങ്ങോട്ട് ശല്യം ചെയ്തില്ലെങ്കിൽ... ഇങ്ങോട്ടും ഒന്നുമുണ്ടാവില്ല. '


ഉണ്ണി കടയിൽ നിന്നും റോഡിലേക്ക് ഇറങ്ങുമ്പോൾ പുറകിൽ നിന്നും ശങ്കുണ്ണി പറയുന്നുണ്ടായിരുന്നു. 


'അവനിവിടില്ല... വരുമ്പോൾ പറഞ്ഞു വിടാം. '


വീട്ടിൽ ചെന്ന് പണി ആയുധങ്ങളുമെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ രാധ ഒരു പുട്ടുകുടത്തിൽ വെള്ളവുമായി ഉണ്ണിയുടെ അടുത്തു ചെന്നു ചോദിച്ചു... 


'ഞാനും വരട്ടേ..? '


താൻ വന്നിട്ട് കുറേ ദിവസമായിയെങ്കിലും രാധ ആദ്യമായാണ് ഒരു കാര്യം ഇങ്ങോട്ട് ആവശ്യപ്പെടുന്നത്.. എങ്കിലും അത് കേൾക്കാത്തപോലെ തിരിച്ചു ചോദിച്ചു... 


- അമ്മയെവിടെ..? '


അകത്തുനിന്നും വന്ന അമ്മയോട് ഉണ്ണി പറഞ്ഞു... 


' എന്നെ തിരക്കി ഒരു പെൺകുട്ടി ഇവിടെ വരും, മുംബൈയിൽ നിന്ന്... "


അമ്മയിൽ ആരെന്ന ചോദ്യം മുഖത്തു മുനിഞ്ഞു നിന്നു. 

ഒട്ടു നേരത്തെ മൗനത്തിനു ശേഷം തുടർന്നു. 


"അനിയത്തി അല്ല. "

      ................. 


 ഇഞ്ചക്കരയുടെ ചായക്കടയുടെ മുൻപിൽ വണ്ടി നിറുത്തി ഇന്ദു ചായക്കടയിലേക്ക് കയറുന്ന ഒരാളോട് മംഗലശ്ശേരിയിലേക്കുള്ള വഴി ആരാഞ്ഞു. 


അതു കേട്ടാവും ചായ കൂട്ടുന്ന ശങ്കുണ്ണി മുഖമുയർത്തി നോക്കി. ഒരു പെൺകുട്ടി ഒറ്റക്ക് കാറും ഓടിച്ചു വന്ന് തിരക്കുന്നത് മംഗലശ്ശേരിയിലെ വീടാണ്. 


  ശങ്കുണ്ണി ഇറങ്ങി ചെന്നു. 


'മംഗലശ്ശേരിയിൽ ആരെ കാണാനാണ്.'! 


ഇന്ദു ഒരു പുഞ്ചിരിയോടെ പറഞ്ഞു,


 'ഉണ്ണികൃഷ്ണനെ, ഉണ്ണികൃഷ്ണന്റെ വല്യമ്മയെ, ഉണ്ണികൃഷ്ണന്റെ വല്യഛനെ... !'


അയാൾ ആകെ പരവശനായി. പരിഭ്രമത്തോടെ ചുറ്റും നോക്കി. കടയിലുള്ളവർ അയാളുടെ ചുറ്റും നിന്നിരുന്നു. അവരുടെ മുഖത്തും പരിഭ്രമം ഓടിക്കളിച്ചിരുന്നു. 


   അതുകണ്ട് ഇന്ദു ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. പിന്നെ മയപ്പെട്ടുകൊണ്ട് പറഞ്ഞു, 


'ഞാൻ പ്രേതമൊന്നുമല്ല. എനിക്ക് ഉണ്ണികൃഷ്ണനെ കണ്ടാൽ മതി. '


  ശങ്കുണ്ണി പറഞ്ഞതുപോലെ ഇടത്തേക്കുതിരിഞ്ഞു,ചെമ്മണ്ണിട്ട റോഡിലൂടെ കാവിലെത്തി. ചുറ്റുമൊന്നു കണ്ണോടിച്ചു. എത്ര മനോഹരമായ ഗ്രാമം !.വയലേലകളും മരങ്ങളും പൂക്കളും എല്ലാം ഭംഗിയുണർത്തുന്നത് തന്നെ. 


    ശങ്കുണ്ണി പറഞ്ഞതുപോലെ തന്നെ, ഇവിടെ നിന്ന് പാടത്തേക്കിറങ്ങി വരമ്പത്തു കൂടി നടക്കുമ്പോൾ ദൂരെ കാണുന്നുണ്ട്, തലയുയർത്തിനിൽക്കുന്ന മംഗലശ്ശേരി. 


ഒരുപയ്യൻ വാ കൊണ്ടു ഹോണും അടിച്ച് ഓടിവരുന്നുണ്ട് പിറകിൽ. ഇന്ദു അവിടെ നിന്നു. പയ്യൻ നിൽക്കാനുള്ള ഭാവമില്ല. ഇന്ദു കുസൃതിയോടെ കൈ കാണിച്ചു. 


'എന്നെയും കൂടെ കേറ്റാമോ.? '


പയ്യൻസ് കുറച്ചു മുമ്പോട്ടുപോയിട്ടാണെങ്കിലും നിന്നു. അവന്റെ വണ്ടി സ്റ്റാർട്ടിങ്ങിലാണ്. ഇന്ദു ശ്രദ്ധിച്ചു, പത്തു പന്ത്രണ്ടു വയസ്സുള്ള പയ്യൻ. ഷിർട്ടിട്ടില്ല. വേർത്തു കുളിച്ചു നിൽക്കുന്നു. സുന്ദരനല്ലെങ്കിലും ഒരു ഗ്രാമീണഭംഗിയുള്ളവൻ. മുടി വളർന്നു കാടുപോലെ. 


  'എങ്ങോട്ടാ.? '


പയ്യന്റെ ചോദ്യം കേട്ടപ്പോൾ അവൾ പറഞ്ഞു,


' മംഗലശ്ശേരിയിലേക്ക്. '


'അവിടെ ആരെ കാണാനാ..? '


അവന്റെ ചോദ്യത്തിലെ ആകാംക്ഷ അവൾ ശ്രദ്ധിച്ചു. അവൾ വീണ്ടും കുസൃതിയോടെ പറഞ്ഞു, 


'അവിടുത്തെ ഉണ്ണികൃഷ്ണനെ അറിയുമോ..? '

പയ്യൻ നിസ്സാരതയോടെ പറഞ്ഞു, 


'അറിയും. '


പിന്നെ ചോദിച്ചു, 


'ഉണ്ണികൃഷ്ണന്റെ ആരാ?. '


അവളെ അവനൊന്നു കണ്ണുകളാലൊന്നുഴിഞ്ഞു, എന്നിട്ടു നിസാരമായി പറഞ്ഞു,


' ഞാൻ അങ്ങോട്ടേക്കാ.. പോരെ... ഉണ്ണിച്ചേട്ടനെ കാണിച്ചുതരാം. പിന്നെ അവിടെ പ്രേതമുണ്ട്. അതും കാണിച്ചു തരാം.'


 അവന്റെയൊപ്പം നടന്നുകൊണ്ട് ഇന്ദു ചോദിച്ചു. 


'ഈ ഉണ്ണികൃഷ്ണനും പ്രേതമാണോ..? '


'അല്ല. പക്ഷേ, പ്രേതത്തിനെ കാണാൻ വന്നതെന്നാ എല്ലാവരും പറയണേ. '


'എന്താ തന്റെ പേര്? '


'ബാലു. ബാലകൃഷ്ണൻ. '


'എന്താ ചേച്ചീടെ പേര്?. '


ഇന്ദു കുസൃതിയോടെ ചിരി മുഖത്തു നിറച്ചുകൊണ്ട് പറഞ്ഞു.


'ഇന്ദു..... ഇന്ദു എന്നു മാത്രം.. ! '


അവന്റെ ജിജ്ഞാസ അവൾക്ക് മനസ്സിലായി.. 


'അതെ, അത്രേയുള്ളൂ. വാലില്ല.. '


'ഉണ്ണിച്ചേട്ടന്റെ അനിയത്തിയാണോ?.'


' അല്ല.'


 "പിന്നെ, "


അവന്റെ മുഖത്തുവിരിഞ്ഞ നാണം ഇന്ദു വടിച്ചെടുത്തു. അവൻ പറഞ്ഞുകൊണ്ടോടി, 


'ഇതാ എത്തി, എന്റെ പുറകേ വന്നോ.. '


  പയ്യൻ ഗേറ്റ് കടന്ന് ഓടി മുറ്റത്തുകയറി, മുൻ വശത്തുനിന്നും പിറകിലേക്കോടി ചെല്ലുമ്പോൾ ഉണ്ണീ മുറ്റത്തെ കാട്ടുചെടികൾ വെട്ടിമാറ്റുകയായിരുന്നു. ഉണ്ണീ അവനെക്കണ്ട് നിവർന്നു നിന്നിട്ടു ചോദിച്ചു, 


'നീ ശങ്കുണ്ണി യുടെ മകനാ?'


 അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു, 


'ങ്ങാ....ആരാ ഇന്ദു.'


 ആ ചോദ്യം കേട്ടപാടെ അവൻ വാക്കത്തി ഒതുക്കി വച്ചു തിരിഞ്ഞു, 


'എവിടെ !'


അവൻ കൈ ചൂണ്ടി പറഞ്ഞു,


 'അവിടെ, വരുന്നുണ്ട്. '.


   ഇന്ദു ഗേറ്റിലൂടെ കടക്കാനായുമ്പോൾ, ഒരു വശത്തു നിന്നിരുന്ന ഉണക്ക മരം കടപുഴകി വീണു.!! അവൾ പേടിച്ചു ഓടി മുറ്റത്തേക്ക് കയറുമ്പോൾ തന്നെ ഒരു ഉണങ്ങിയ ഓലമടൽ തെങ്ങിൽ നിന്നും അവളുടെ ദേഹത്ത് വീഴാതെ തൊട്ടു മുമ്പിൽത്തന്നെ വന്നു വീണു.....


 അവൾ ഞെട്ടിത്തരിച്ചു പുറകോട്ടു മാറിയതും വീടിന്റെ പുറകുവശത്തു നിന്നും ഉണ്ണീ കടന്നുവരുന്നതും കണ്ട് അവൾ ഞെട്ടിപ്പോവുകതന്നെ ചെയ്തു....!!.


 അവളുടെ ഉള്ളിൽ നിന്നും വന്നൊരാന്തൽ ഒരലർച്ചയായ് രൂപപ്പെട്ടപ്പോഴാണ്, അവൾ കണ്ടത്, അത് ഉണ്ണിയെന്നത്...! അവൾ ഓടി ഉണ്ണിയുടെ അടുത്തുചെന്ന് കെട്ടിപ്പിടിച്ചു. പിന്നെ ഭയ വിഹ്വലയായി പറഞ്ഞു. 


'ഞാൻ ശരിക്കും പേടിച്ചുപോയി, ഉണ്ണിയേട്ടാ.'


 ഉണ്ണീ അവളെ പിടിച്ചകറ്റി നിസംഗമായി ചോദിച്ചു, 


'എന്നെ കണ്ടിട്ടോ !.


'അല്ല. '


അവൾ കിതക്കുന്നത് ഉണ്ണിയറിഞ്ഞു.


' ഇതുപോലെ ഭയക്കാൻ ഇവിടെ ഒന്നുമില്ലല്ലൊ.. ആരെയെങ്കിലും നീ കണ്ടോ.?'


 ഇല്ലെന്നവൾ പറയുകയും ഒരു നെടുവീർപ്പ് ഉയരുകയും ചെയ്തു. 


    രാധ വരുന്നുണ്ടായിരുന്നു.


ഉണ്ണീ ഇരുവരെയും പരിചയപ്പെടുത്തി. എന്നിട്ട്, ഇന്ദുവിനോട് പറഞ്ഞു., 


'അച്ഛന്റെ കൂട്ടുകാരന്റെ മകളാണ്. ഞാൻ ആ വീട്ടിലാണ് താമസം. കാവിലേക്കുള്ള വളവുതിരിഞ്ഞപ്പോൾ കണ്ട ആ വീടാണ്. 


    അവർ പെട്ടെന്ന് കൂട്ടുകാരായി. ഒരു ഒതുക്കു കല്ലിൽ ഇരുന്നുകൊണ്ട് രാധ തിരക്കി,


'ഒറ്റക്കാണോ വന്നത്.'


ഇന്ദു രാധ യോടും ഉണ്ണിയോടുമായി പറഞ്ഞു,


'ഇന്നലെ തിരുവനന്തപുരത്തു വന്നു . മുത്തശ്ശിയുടെ അടുത്ത്. ഇന്നുരാവിലെ പോരാൻ ഇറങ്ങിയപ്പോൾ മുത്തശ്ശി ആദ്യം തടസ്സം പറഞ്ഞു. ഉണ്ണിയേട്ടൻ ഇവിടെ ഉണ്ടെന്നു പറഞ്ഞപ്പോൾ, പകുതി സമ്മതിച്ചു. കാറെടുത്തോളാൻ പറഞ്ഞു. ഡ്രൈവറെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്നുപപറഞ്ഞു. ഇതൊരു ത്രില്ലല്ലേ ഉണ്ണിയേട്ടാ.? '


   പെട്ടെന്ന് മട്ടുപ്പാവിൽ നിന്നും ചിലങ്കയുടെ നാദം കേട്ടു. നടക്കുന്നതുപോലെ. ഉണ്ണീ അങ്ങോട്ടേക്ക് നോക്കി വിളിച്ചു പറഞ്ഞു.


' വല്യമ്മേ, ഇത് ഇന്ദുവാണ്‌. ഞാൻ ഇന്നലെ പറഞ്ഞില്ലേ?, ഇന്നു വരുമെന്ന്'.!


ഇന്ദുവും രാധയും അമ്പരന്നു നോക്കി. 

          ............. 


  തുടരും.



Rate this content
Log in

Similar malayalam story from Fantasy