ശുഷ്രൂഷ (ഭാഗം - 2)
ശുഷ്രൂഷ (ഭാഗം - 2)
“എന്തൊരു കോലമാ നിന്റേതെന്ന് ഒന്ന് നോക്കിക്കേ കണ്ണാടിയിൽ...”
ഗൗരിയമ്മായി, ദേഹശുദ്ധി വരുത്തി വന്ന ലക്ഷ്മിയോട് പറഞ്ഞു.
ലക്ഷ്മി തന്റെ മുടിയിഴകൾ തിരുമ്മിക്കൊണ്ട്, റൂമിലെ തന്റെ കണ്ണാടിയിലേക്ക് നോക്കി നിന്നു.
“...നിന്റെ മെസ്സേജ് കിട്ടിയപ്പോഴേ പോരണം എന്നുണ്ടായിരുന്നു.
രാത്രിയായാലും എനിക്കിപ്പോഴെന്താ...? ഒറ്റമോനുള്ളത് ദുബായിലും.
പിന്നെയാ അമ്മിണിയെ എല്ലാം പറഞ്ഞേൽപ്പിച്ച് പോരേണ്ടെ... അതാ ഇന്ന് രാവിലെ പുറപ്പെടേണ്ടി വന്നത്.”
ബെഡ്‌ഡിലിരുന്ന് തലയണ നേരെയാക്കുന്നതിനിടയിൽ ഗൗരിയമ്മായി പറഞ്ഞു.
“അപ്പോൾ അവരൊറ്റയ്ക്ക് വീട്ടിൽ കഴിയുമോ അമ്മായീ !?”
ഒരുവേള തന്റെ മുടി തിരുമ്മൽ അവസാനിപ്പിച്ച് ലക്ഷ്മി ചോദിച്ചു.
“അവരുടെ കെട്ടിയോൻ കൂട്ടിന് വരും, ഞാൻ ചെല്ലുന്നതു വരെ. അങ്ങനെയാ പതിവ്.”
തനിക്കനുവദിച്ച കട്ടിലിൽ ചായ്ഞ്ഞു കൊണ്ട് അമ്മായി പറഞ്ഞു.
അല്പസമയം ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞതോടെ അമ്മായി അവളെയൊന്ന് നോക്കി, കഴുത്ത് തിരിച്ച്. കണ്ണാടിയുടെ മുന്നിൽത്തന്നെ നിൽക്കുകയായിരുന്നു അവൾ.
“അവരുറങ്ങിയോ...?”
ആലസ്യം ലവലേശമില്ലാതെ അമ്മായി ചോദിച്ചു.
“ഊം...”
ലക്ഷ്മി ഒന്ന് മൂളി, മറുപടിയായി.
ഒരു നിമിഷം കൂടി അവളെ നോക്കിയ ശേഷം, എഴുന്നേറ്റു ചെന്ന് അമ്മായി അവളെ തന്നോടു ചേർത്ത് ചോദിച്ചു;
“എന്താ മോളേ നിനക്ക്...? അവൻ പോയതിന്റെ വിഷമം ഉണ്ടെന്നെനിക്കറിയാം. നീയും പിള്ളേരും പല തരത്തിൽ അവനു വേണ്ടി കഷ്ട്ടപ്പെട്ടു, പക്ഷെ അവൻ പോയി. കഴിഞ്ഞത് കഴിഞ്ഞന്നല്ലേ പറയാനൊക്കൂ...? നിനക്കും പിള്ളേർക്കും ജീവിക്കേണ്ടേ...? ഇങ്ങനെ നിന്റെ മനസ്സും ശരീരവും കളഞ്ഞാലെങ്ങനെയാ!?”
ഗൗരിയമ്മായിയുടെ ഈ വാക്കുകൾക്കു മുൻപിൽ ആദ്യമവൾക്കൊന്ന്, ആ നെഞ്ചിലേക്ക് ചായണമെന്ന് തോന്നി. പക്ഷെ അവൾക്ക് സ്വയം നിയന്ത്രിക്കേണ്ടതായി വന്നു പോയി.
“...നോക്ക്, അവനെ അയക്കാൻ നീയിവിടെ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.
വന്ന അന്ന് എങ്ങനെ ഇരുന്നതാ നീ... വെറും ദിവസങ്ങൾ കൊണ്ട് സൗന്ദര്യമെല്ലാം കൊഴിഞ്ഞ്... മൊത്തത്തിലൊരു കോലമായി.”
ഒന്നു നിർത്തിയ ശേഷം അമ്മായി തുടർന്നു;
“ഒരാഴ്ചയായി... വന്നപ്പോൾ തൊട്ട് കഴിക്കുവാൻ പോലും കൂട്ടാക്കാതെ നീ
സമരത്തിലാണെന്ന് ഇന്നിവിടെ വന്നുകേറിയപ്പോഴേ മനു പറഞ്ഞിരുന്നു.
ഇങ്ങനെ പോയാൽ ശരിയാവില്ല. പറ... എന്താ പ്ലാൻ, എന്താ കാര്യം!?”
ഇതു പറഞ്ഞു നിർത്തി ഒരു നിമിഷം കഴിഞ്ഞില്ല, ലക്ഷ്മി അമ്മായിയുടെ നെഞ്ചിലേക്കമർന്നു വലിയവായിൽ കരഞ്ഞു. നേരിയ ഒരു മുരളൽ മാത്രം പുറത്തു വരത്തക്കവിധത്തിൽ അമ്മായി അവളെ ചേർത്തു പിടിച്ചു. കരച്ചിൽ നിൽക്കാതെ വന്നൊരു നിമിഷം അവളുടെ മുടിയിഴകളെ തലോടി ആശ്വസിപ്പിക്കാൻ ശ്രമം തുടങ്ങി അമ്മായി.
“...അയ്യേ, എത്ര പ്രായമായെടീ നിനക്ക്! ...തളർന്നു കിടന്ന സ്വന്തം ഭർത്താവിനെ ഇത്രയും കാലം പോറ്റിയ മിടുക്കിയാണോ ഈ കൊച്ചുപിള്ളേരെപ്പോലെ കരയുന്നത്!?”
അവൾ കരഞ്ഞു കൊണ്ടു തന്നെ ഉടനെ, അമ്മായിയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി തലയുയർത്തിക്കൊണ്ട് പറഞ്ഞു;
“അമ്മായീ, എന്നെ ഭയം ആകെ മൂടിപ്പൊതിഞ്ഞിരിക്കുന്നു. ഒരിറ്റു ആശ്വാസം കിട്ടുവാനായാ ഞാൻ അമ്മായിയെ ഇവിടേക്ക് വിളിപ്പിച്ചത്...
മഹേഷും എന്റെ മക്കളും എന്നെയിവിടെ തനിച്ചാക്കിയതു പോലെ അമ്മായിയും....”
കരച്ചിലിന്റെ ആധിക്യം വർദ്ധിച്ചു ലക്ഷ്മി വീണ്ടും അമ്മായിയുടെ നെഞ്ചിലേക്കമർന്നു. അവളുടെ പിൻതലയിലെ മുടിയിഴകളെ തലോടിയിളക്കിക്കൊണ്ട് നിറയാറായ തന്റെ കണ്ണുകളെ ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ച് അമ്മായി പറഞ്ഞു;
“മോളേ, ഒരു വിയോഗത്തിൽ ഇത്രയധികം ദുഃഖം പാടില്ല... അതാ അമ്മായി പറഞ്ഞത്. പിന്നെ, നീ എന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്!?
ഇവിടെ ആര് നിന്നെ തനിച്ചാക്കിയെന്നാ....”
ഗൗരിയമ്മായിയുടെ നെഞ്ചോടു ചേർന്നിരിക്കെത്തന്നെ ലക്ഷ്മി പറഞ്ഞു, മെല്ലെ കരച്ചിലവസാനിപ്പിച്ച് മാറിയ മുഖഭാവത്തോടെ;
“ഞാനിനി എന്തു ചെയ്യും അമ്മായീ? എനിക്ക്... എനിക്ക്.., എന്റെ മക്കളുടെ മുൻപിലും മഹേഷിന്റെ മുൻപിലും അമ്മായിയുടെ മുൻപിൽ പോലും നിവർന്നു നിൽക്കുവാൻ വയ്യ, നിങ്ങളുടെയൊന്നും മുന്നിലെനിക്ക് നിൽക്കുവാൻ വയ്യ. ആരെയും... ആരേയും ഞാൻ പഴിപറയുന്നില്ല... എല്ലാത്തിനും... എല്ലാത്തിനും കാരണം ഞാനാ, ഞാനൊരുത്തിയാ അമ്മായീ...”
ഇത്രയും പറഞ്ഞതും ലക്ഷ്മി വീണ്ടും ചിണുങ്ങിക്കരഞ്ഞു. അവളെ ചേർത്തു നിർത്തി അമ്മായി ചോദിച്ചു;
“എന്തൊക്കെയാ മോളേ നീയീ പറയുന്നത്...? നീ എന്തു ചെയ്തെന്നാ...? ദേ, സമയം രാത്രിയായി. പിള്ളേരെയൊന്നും ഇങ്ങനെ കരഞ്ഞു വിളിച്ച് ഉണർത്താൻ നിൽക്കേണ്ട... നിന്നെയും നിന്റെ വിഷമത്തെയും കേൾക്കുവാനാ ഞാനിവിടെ നിന്റെ വിളിയും കേട്ടു വന്നത്. മോള്... എന്താ പറയാനുള്ളത്, അതെല്ലാം പറഞ്ഞു തീർക്ക്. ആശ്വാസത്തോടെ മുന്നോട്ട് ജീവിക്കുവാൻ പറ്റട്ടെ.”
ഇതും പറഞ്ഞു അമ്മായി ലക്ഷ്മിയേയും കൊണ്ട് തന്റെ കട്ടിലിൽ ഇരുന്ന ശേഷം, അവളെ തന്റെ നെഞ്ചോടു ചായ്ച്ച് പുറമാകെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ശേഷം ഏന്തിവലിഞ്ഞു റൂമിലെ ലൈറ്റണച്ചു. കുറച്ചു നിമിഷങ്ങൾ അങ്ങനെ ചലനമില്ലാതെ കടന്നു പോയി. പതിഞ്ഞ സ്വരത്തിൽ, ലക്ഷ്മി തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങി;
“അമ്മായിക്കറിയാമല്ലോ... മഹേഷ് എനിക്കെന്റെ ജീവനായിരുന്നു.
അവന്... അവന് ഞാനും. ഞങ്ങളുടെ കുടുംബമൊരു സ്വർഗ്ഗമാണെന്ന്, ഞങ്ങൾ പരസ്പരം എപ്പോഴും പറയുമായിരുന്നു. പെട്ടെന്ന് മഹേഷ് എന്നിൽ നിന്നും ഊർന്ന് താഴെയായി, ഒരിക്കലും ഉയരുവാൻ പറ്റാത്തവിധമെന്ന പോലെ...
ലക്ഷ്മി 2
“ആ... വൺ ഫോർ വണ്ണിൽ കിടക്കുന്ന ആൾക്ക് ആരുമില്ലേ!?”
നേഴ്സിങ്റൂമിൽ ചിരിയും മൂളിപ്പാട്ടുമായിരുന്നിരുന്ന നേഴ്‌സുമാരോടും പുതിയതായി വന്ന ജൂനിയേർസ് ഇരുവരോടുമായി ലക്ഷ്മി ചോദിച്ചു.
“അറിയില്ല, ക്യാൻസർ ആണെന്ന് ഡോക്ടർ ശിവദാസ് ഡയഗ്‌നോസ് ചെയ്തു.”
നേഴ്‌സായ മഞ്ജരി മറുപടി പറഞ്ഞു.
“ഹൂം... എത്ര നാളായി വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്!? നേരെ ചൊവ്വേ പറയാൻ പോലും ആയില്ല അല്ലേ....”
കൈയ്യിലിരുന്നിരുന്ന റൗണ്ട്സ്പാഡ് ടേബിളിലേക്ക് വെച്ചു ലക്ഷ്മി പറഞ്ഞു.
തുടരും...
