ശുശ്രൂഷ (ഭാഗം -1)
ശുശ്രൂഷ (ഭാഗം -1)
ലക്ഷ്മി 1
“ഇന്നലെ എനിക്ക് നാല്പത്തിരണ്ടു തികഞ്ഞിരിക്കുന്നു... “
മനു പതിവു പോലെ കോളേജിലേക്കും മീന സ്കൂളിലേക്കും പോയശേഷം കുളിച്ചു ദേഹശുദ്ധി വരുത്തി, തന്റെ റൂമിലെ കണ്ണാടിയിൽ നോക്കി ചന്ദനം നെറ്റിയിൽ തൊടുമ്പോൾ ലക്ഷ്മി മനസ്സിലോർത്തു. കൂടെയായി ധൃതിയിൽ, സിന്ദൂരമിരിക്കുന്ന ഭാഗത്തേക്ക് അവളുടെ കൈ അറിയാതെ പോയി.
‘ഇനി തനിക്കതിന്റെ ആവശ്യമില്ല...’ ആരോ തന്നോടിങ്ങനെ മന്ത്രിച്ചതു പോലെ തോന്നി ലക്ഷ്മി തന്റെ കൈ പിൻവലിച്ചു.
‘തന്റെ ഭർത്താവ്, മഹേഷ്... തന്റെ മഹേഷ് തന്നെ വിട്ടുപോയി... ‘ കെട്ടിവെച്ചിരുന്ന മുടിയിഴകളാകെ ഒരിക്കൽക്കൂടി ആ കണ്ണാടിക്കു മുൻപിൽവെച്ച് അവൾ അഴിച്ചശേഷം മെല്ലെ തന്നെത്തന്നെ നോക്കി അവിടെ നിന്നു പോയി.
വർദ്ധിച്ചു വരുന്ന ഒരു വലിയ ഭാരം തന്റെ കണ്ണുകളെ നിറയ്ക്കുമെന്നായപ്പോൾ അവൾ വേഗം മഹേഷിന്റെ കിടക്കയിലേക്ക് ചാടിക്കയറി മുഖംപൊത്തി കമിഴ്ന്നു കിടന്നു കരഞ്ഞു. ഒന്ന് നന്നായി കരയണമെന്നവൾക്കുണ്ടായിരുന്നതിനാൽ ശബ്ദം പുറത്തു വരാതെ വലിയവായിലവൾ കരഞ്ഞു. കണ്ണുനീർ ധാര-ധാരയായി തലയിണയിലേക്കും അവിടെ നിന്നും കിടക്കയിലേക്കും ഊർന്നു. അപ്പോഴേക്കും അവളുടെ കാലിലെ വിരലുകൾ എന്തിനോ വേണ്ടി ചലിച്ചു തുടങ്ങിയിരുന്നു.
കരഞ്ഞു -കരഞ്ഞു ഏതോ ഒരു നിമിഷത്തിൽ തന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നുവെന്ന്, സമയം പോയതറിയാതെ കണ്ണുകൾ തുറന്നപ്പോഴാണ് ലക്ഷ്മി അറിയുന്നത്! അവൾ ചാടിയെഴുന്നേറ്റ് സമയം നോക്കി -ഉച്ചതിരിഞ്ഞു രണ്ട് കഴിഞ്ഞിരിക്കുന്നു. കണ്ണാടിയുടെ മുന്നിൽ നിന്ന് അലസമായിക്കിടന്നിരുന്ന മുടിയിഴകൾ നേരെയാക്കുന്ന സമയമവൾ ഓർത്തു; ‘മനസ്സൊന്നു ശാന്തമായി എന്ന് വിശ്വസിച്ച സമയമാണ് ഒന്ന് ദേഹശുദ്ധി വരുത്തിക്കളയാമെന്ന തീരുമാനത്തിലെത്തിയത്. പക്ഷെ വീണ്ടും താൻ പഴയപടിയായിരിക്കുന്നു, ഇപ്പോഴും. ‘ താനാകെ വിയർത്തുകഴിഞ്ഞതിന്റെ ലക്ഷണം മനസ്സിലാക്കിക്കൊണ്ടാണവൾ ഇങ്ങനെ ചിന്തിച്ചത്.
കിച്ചണിലെത്തി അല്പം ചോറും പേരിനു ഒരു കറിയുമെടുത്തു ഉരുട്ടി ചവച്ചിറക്കുമ്പോൾ അവയൊന്നും തന്റെ വിശപ്പുമാറ്റാൻ പോന്നവയല്ലെന്ന് അവൾക്ക് തോന്നി. തൊണ്ട വരളുന്നൊരവസ്ഥയെത്തിയപ്പോൾ അല്പം വെള്ളമെടുത്തു കുടിച്ച ശേഷം അവൾ, ഭക്ഷണത്തെയാകെ പാതിവഴി മറന്നെന്ന പോലെ കിച്ചണിലെ ഒരു ടേബിളിൽ വെച്ചു.
ധൃതിയോടെ ഒന്ന് ശ്വാസംവിട്ടശേഷം കോളേജ്കഴിഞ്ഞു മനു വരാറായെന്നവൾ ഓർത്തു -ചായ ഇടണം -വന്നാൽ അവന് ഒരു ചായ നിർബന്ധമാണ് -പാവം, ചില സമയങ്ങളിൽ തന്റെ സ്ഥാനം തട്ടിയെടുത്ത് ഈ കുടുംബം നയിച്ചവനാണ്, പിഞ്ചിലേ- അതിന്റെ ഗൗരവം ഈ ഇളംപ്രായത്തിലേ അവനുണ്ട്. അപ്പോഴേക്കും സ്റ്റവ്വിലേക്ക് ചായപ്പാത്രത്തിൽ വെള്ളമെടുത്തവൾ വെച്ചിരുന്നു, സ്വയമറിയാതെ.
സ്റ്റവ്വ് ഓൺ ചെയ്തു കൊണ്ട് അവൾ ചിന്തിച്ചു ; ചായക്ക് കൂട്ടിനുള്ളവ മീനയേ വാങ്ങി വരൂ, അവളൽപ്പം താമസിക്കും -സ്കൂൾ വിടാൻ ഇനിയും സമയം ബാക്കിയാണ്, അത്തരം ചില കാര്യങ്ങൾക്കെല്ലാം അവൾ മിടുക്കിയാണ് -എന്റെ സന്തോഷം!
ചായ ആയപ്പോഴേക്കും കോളിംഗ്ബെൽ മുഴങ്ങി. ലക്ഷ്മി മൂന്ന് ഗ്ലാസ്സുകളിലേക്ക് ചായ ഒഴുച്ചു മാറ്റി, കണ്ടാൽ ഒട്ടും തെറ്റില്ലാത്ത ആ വീടിന്റെ, ചില റൂമുകൾ താണ്ടി ഡോർ തുറന്നു -അതാ മനു.
“അമ്മ വാശിയിലാണല്ലേ... ഒന്നും കഴിക്കില്ലാന്ന് പറഞ്ഞ് !”
തന്റെ അമ്മയെ ഒന്നുരണ്ടു നിമിഷം നോക്കിയ ശേഷം അവൻ, വീട്ടിലേക്ക് കയറും മുമ്പേ പറഞ്ഞു.
“ഞാൻ കഴിച്ചു.... “
മറുപടിയെന്നോണം പതിഞ്ഞസ്വരത്തിലവൾ പറഞ്ഞു.
മനു ഹാളിലേക്ക് കയറി തന്റെ ബാഗ് സോഫയിൽ വെച്ചപ്പോഴേക്കും ലക്ഷ്മി ചായയുമായി എത്തി. അവൻ തന്റെ മൊബൈലെടുത്ത് എന്തോ തിരഞ്ഞു കൊണ്ട് ചായ രുചിച്ചു തുടങ്ങി.
“അച്ഛനെ എന്റെ... നമ്മുടെ കഴിവിന്റെ പരമാവധി നോക്കിയാ... അച്ഛൻ പോകാൻ, നമ്മളെ വിട്ട് പോകുവാൻ തീരുമാനിക്കും വരെ, നോക്കിയത്. അമ്മയിനി കൂടുതലൊന്നും വിഷമിക്കേണ്ട കാര്യമില്ല. അച്ഛൻ, അമ്മയോടും ഞങ്ങളോടുമുള്ള സ്നേഹംകാണിച്ചത് ഇങ്ങനെയായിപ്പോയെന്ന് മാത്രം."
കിച്ചണിലേക്ക് തിരികെ പോകുവാൻ ലക്ഷ്മി തുനിയവെ ഫോണിലേക്ക് നോക്കിയിരിക്ക തന്നെ മനു പറഞ്ഞു.
അവളുടെ ഹൃദയമിടിപ്പ് അല്പംകൂടി ഉയർന്നു. ഒരു നിമിഷം അവിടെത്തന്നെ നിന്നശേഷം കിച്ചണിലേക്ക് ചെല്ലുമ്പോഴേക്കും -കുറച്ചു സമയത്തേക്ക് താൻ ഒറ്റക്കായിരുന്നേൽ ഒന്നുറക്കെ കരഞ്ഞു തളരാമായിരുന്നെന്ന് അവൾക്ക് തോന്നിപ്പോയി.
മഹേഷിന്റെ മരണം അറിയുമ്പോഴേ താനറിയാതെ തന്നെ എങ്ങനെയോ തന്റെ പാതിജീവൻ പോയി -മുന്നോട്ടു ചവിട്ടിനടക്കുവാൻ താഴെ നിലമില്ലാത്ത അവസ്ഥ പോലെ- ചിന്തകൾ തന്നെ പീഡിപ്പിക്കുന്നതിനൊപ്പം അവൾ കിച്ചണിൽ തനിയെ നിന്നു കൊടുത്തു. അവിടെ നിന്നും താനിവിടെ എത്തിയപ്പോൾ മുതൽ നെഞ്ചിലാകെ ഭാരവും, വർദ്ധിച്ച ഹൃദയമിടിപ്പും ഏകാന്തതയും, ചിന്തകൾ ഏൽപ്പിക്കുന്ന മുറിവുകളും, ഉണങ്ങുവാൻ മറന്നു നിൽക്കുന്ന തനിക്കേറ്റ- തന്റെ ഹൃദയത്തിനേറ്റ വലിയ മുറിവുമാണ് ആകെ സമ്പാദ്യമായി തോന്നുന്നതും ആകെയുള്ള കൂട്ടും! ഇതിനിടയിൽ, ഇതിലെങ്ങനെ താൻ ആശ്വാസം കണ്ടെത്തും -എങ്ങനെ ഇവയെ തള്ളിനീക്കാതെ തനിക്ക് മുന്നോട്ടു ജീവിക്കുവാൻ തോന്നും!? -ചിന്തകൾ അവളെ കൈയ്യേറ്റം ചെയ്തു ഉയർന്നു തുടങ്ങി.
മനു നേരത്തേ വരുന്നതിനാൽ അവനു മാത്രം ആദ്യം ചായ ഇടാറായിരുന്നു ഇതുവരെ പതിവ്. അതു മറന്നു ഇനിയും എത്തിയിട്ടില്ലാത്ത മീനയ്ക്കും- മോളോടൊപ്പം പതിവായി ചായകുടിച്ചിരുന്ന തനിക്കു വേണ്ടിയും, താൻ ചായ ഇട്ടിരിക്കുന്നു! സ്വസ്ഥത വീണ്ടും നഷ്ടമാകുന്നെന്ന ഘട്ടമായപ്പോൾ അവൾ വേഗം ചായ ഒരു പാത്രത്തിലേക്കാക്കി മാറ്റിവെച്ചു -മീന വരുന്നമുറയ്‌ക്കൊന്ന് ചൂടാക്കിയാൽ മതിയല്ലോയെന്ന ആശ്വാസത്തിൽപ്പേറി.
‘എനിക്ക് വയ്യ അമ്മായീ... കുറച്ചുദിവസം ഇവിടെവന്ന് നിൽക്കാമോ !? ...വന്നേ പറ്റൂ, ഇന്ന് തന്നെ... ‘
അടുത്തയേതോ നിമിഷത്തിൽ അവൾ തന്റെ മൊബൈലെടുത്ത് വാട്സാപ്പിൽ ഇങ്ങനെ അയച്ചു, ഗൗരിയമ്മായിക്ക്. അമ്മായി തന്റെ മെസ്സേജ് കണ്ടോയെന്നറിയുവാൻ ഇടക്കിടെയുള്ള പരിശോധനയിലൊരു നിമിഷം അവൾക്കല്പം ആശ്വാസമായി -തന്റെ സങ്കടത്തിന്മേൽ രണ്ടു നീലശരികൾ കാണാറായിരിക്കുന്നു. ആശ്വാസം ഒന്നവളെ പുൽകിപ്പോയ നിമിഷം ഹാളിൽ നിന്നും മനുവിന്റെ ശബ്ദം ഉയർന്നു കേട്ടു;
‘അമ്മാ... മീനു വന്നു. ‘
ചായ മറന്ന് ഡോർ തുറക്കുവാനായെന്ന പോലെ ലക്ഷ്മി ഹാളിലേക്ക് ചെന്നപ്പോഴേക്കും മനു അനുജത്തിയെ സ്വീകരിച്ചിരുന്നു.
>>>>>>
“എന്തൊരു കോലമാ നിന്റേതെന്ന് ഒന്ന് നോക്കിക്കേ കണ്ണാടിയിൽ...”
ഗൗരിയമ്മായി, ദേഹശുദ്ധി വരുത്തി വന്ന ലക്ഷ്മിയോട് പറഞ്ഞു.
ലക്ഷ്മി തന്റെ മുടിയിഴകൾ തിരുമ്മിക്കൊണ്ട്, റൂമിലെ തന്റെ കണ്ണാടിയിലേക്ക് നോക്കിനിന്നു.
തുടരും...
