Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Hibon Chacko

Drama Inspirational


3  

Hibon Chacko

Drama Inspirational


സഹായം

സഹായം

2 mins 249 2 mins 249

“ഏതായാലും ഈ ചൂടത്ത് ഇവിടെ വരെ വന്നു... വന്ന കാര്യമാകട്ടെ നടന്നുമില്ല! എന്റെ ഡ്യൂട്ടി കഴിഞ്ഞു, ഞാൻ ഇറങ്ങുവാ... നിങ്ങളുടെ സ്ഥലം പറഞ്ഞാൽ ഞാൻ ഡ്രോപ്പ് ചെയ്യാം.”


സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്നൊരു ഉദ്യോഗസ്ഥന്റെ വാചകങ്ങളാണിത് -പുരുഷൻ, പ്രായം ഉദ്ദേശം നാൽപത്തിയഞ്ചിനോട് അടുക്കും.


എനിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഈ ഓഫർ നിരസിക്കുവാൻ തോന്നിയില്ല. കാരണം, ഉദ്ദേശം അഞ്ചു കിലോമീറ്റർ നടന്നുതാണ്ടിയാണ് ഞങ്ങൾ എംബസിയിൽ എത്തിയത്- ചൂടിന്റെ അധിക്യത്താൽ ഞങ്ങൾ തീർത്തും അവശരായിരുന്നു.


 അദ്ദേഹത്തിനൊപ്പം കാറിൽ എ.സി.യുടെ പരിചരണത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ സുഹൃത്ത് വഴികാട്ടിയായി. ഞാനപ്പോൾ ചിന്തകളിലായിരുന്നു -വെയിലേറ്റ് നടന്നു തളർന്നു വന്ന വഴിയിലൂടെയുള്ള ഈ മടക്കയാത്ര, ഒരു പ്രത്യേക ലഹരിയായി അപ്പൊഴെനിക്ക് തോന്നിപ്പോയി.


“കുറച്ചു ദിവസം താമസം ഉണ്ടായേക്കും. പക്ഷെ കാര്യങ്ങളെല്ലാം റെഡിയാകും, അത് ഞാനുറപ്പ് തരാം. ഇനിയെങ്കിലും ശ്രദ്ധിക്കണം കേട്ടോ,ആരുടെയെങ്കിലുമൊക്കെ വാക്കുകൾ കേട്ട് മറ്റൊരു രാജ്യത്തേക്ക്

ചാടിക്കേറി ഒന്നും നോക്കാതെ പുറപ്പെടും മുൻപ്!


ജോലി-പൈസ എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ വീഴും. ഫലമോ, ഇതു പോലെ ഇവിടെ വന്ന് കൃത്യമായ ജോലിയും ശമ്പളവും ഇല്ലാതെ ചതിക്കപ്പെടും. ആരും സഹായിക്കാനോ അന്വേഷിക്കാനോ ഉണ്ടാകില്ല.”


ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തന്നെ അദ്ദേഹം പറഞ്ഞ ഈ നീളൻ വാചകങ്ങൾ ഞങ്ങളുടെ അവസ്ഥക്ക് അടിവരയിടുന്നതായിരുന്നു.


ചില നന്മയുള്ള മനുഷ്യരുടെ കാരുണ്യം കൊണ്ട് ലഭിച്ച, ഞങ്ങൾ താമസിക്കുന്ന റൂമുൾപ്പെടുന്ന ബിൽഡിങ്ങിനു മുന്നിൽ കാർ എത്തിയപ്പോൾ -ഇറങ്ങുവാൻ തുനിയവേ വേഗത്തിൽ സ്വന്തം പേഴ്സിൽ നിന്നും നൂറു റിയാൽ എടുത്ത് അദ്ദേഹം എന്നെ ഏൽപ്പിച്ചു. സുഹൃത്ത് സ്നേഹപൂർവ്വം നിരസിച്ചുവെങ്കിലും ഞാൻ അധികം പയറ്റുവാൻ പോയില്ല -അവസ്ഥ അങ്ങനെയായതു കൊണ്ട്. നൂറു റിയാൽ ഉണ്ടെങ്കിൽ ദിവസം ഒരു നേരം ചായയും മറ്റൊരു നേരം ജീവൻ നിലനിർത്തുവാൻ വേണ്ടി മാത്രം ചെറുതായെന്തെങ്കിലും കഴിക്കാം- ബാക്കി സമയം ചിലവില്ലാതെ ഉറങ്ങി തീർക്കാം ഇരുവർക്കും എന്നൊരനുഗ്രം ഉണ്ട്.


 ഞങ്ങളുടെ നന്ദിപറച്ചിലിനെക്കാളും, ഞങ്ങളെ സഹായിച്ചതിന്റെ നിർവൃതിയിൽ അദ്ദേഹം തിരികെ പോയി. റൂമിലേക്കായി ബിൽഡിങ്ങിന്റെ പടികൾ കയറുമ്പോൾ സുഹൃത്ത് ചോദിച്ചു -നൂറു റിയാൽ വാങ്ങിയത് എന്തിനാണ്, മോശമായിപ്പോയില്ലേ എന്ന്. അഭിമാനബോധം നിറഞ്ഞ അവനെ നന്നായി അറിയാമായിരുന്നതിനാൽ തിരിച്ചൊന്നും ഞാൻ മിണ്ടിയില്ല, ചെറുതായൊന്നു പുഞ്ചിരിച്ചു കാണിച്ചതൊഴിച്ചാൽ.


അന്നു രാത്രി ഉറങ്ങുവാൻ, എന്തിനോ വേണ്ടി തുറന്നിരിക്കുന്ന മിഴികളുടെ തിരക്കിനെ മാനിക്കും സമയം എന്റെ മനസ്സിൽ ആ ചോദ്യം ഉയർന്നു വന്നു -നൂറു റിയാൽ വാങ്ങിയത് എന്തിനാണ് മോശമായിപ്പോയില്ലേ...!?


പക്ഷെ ഇത്തവണ ഉത്തരം പറയുവാൻ ഞാൻ മടിച്ചില്ല, എനിക്കെന്നെ നന്നായി അറിയാമായിരുന്നതിനാൽ- ഞാൻ ധനികനായിരുന്ന സമയം മറ്റൊരാൾക്ക്‌ സഹായം ചെയ്യുന്നതിൽ വിമുഖത കാണിച്ചിട്ടില്ല. കൂടെ ആർക്കെങ്കിലും എന്തെങ്കിലും നൽകുമ്പോൾ അതൊരു ഔദാര്യമാണെന്ന് അവരെ ഓർമപ്പെടുത്തുന്നതിനു പകരം അവരുടെ അവകാശമാണെന്ന ബോധ്യപ്പെടുത്തലോടുകൂടിയേ ചെയ്തിട്ടുള്ളൂ...

പിന്നെന്തിന് ഇത്തരമൊരു അവസ്ഥയിൽ സന്തോഷത്തോടെ നല്കപ്പെടുന്ന ഈ സഹായം ഞാൻ വേണ്ടെന്ന് വെക്കണം...!?


അപ്പോഴേക്കും തിരക്കൊഴിഞ്ഞെന്ന വിധം, എന്നോട് അനുവാദം ചോദിക്കാതെ മിഴികൾ രണ്ടും താനേ അടഞ്ഞിരുന്നു.


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama