Udayachandran C P

Abstract

2.6  

Udayachandran C P

Abstract

പറക്കുന്ന മനുഷ്യർ

പറക്കുന്ന മനുഷ്യർ

1 min
602


"അമ്മേ, ഇത് നോക്കൂ, ഇത് നോക്കൂ", പറക്ക മുറ്റാത്ത കുഞ്ഞിപ്പക്ഷി തിടുക്കത്തോടെ ചൊല്ലി. "ആ  കുട്ടി പറക്കാൻ പഠിക്ക്യാന്നു തോന്നുണൂ.  ബാൽക്കണീൽന്നു ചാടാൻ തയ്യാറായി നിക്കണ മാതിരി ഉണ്ടല്ലോ. അമ്മ എനിക്ക് പറഞ്ഞു തരണ പോലെ കൈയുയർത്തി കുതിക്കാൻ നിക്കണണ്ട് . ഒറ്റ വിത്യാസം. എനിക്കമ്മ പറഞ്ഞു തരുമ്പോ, അമ്മ കൂടെയുണ്ടാവും. ഇതിലിപ്പോ ആരേം കൂടെ കാണിണില്ല്യല്ലോ, അമ്മേ?"


അമ്മപക്ഷി അപ്പോഴാണത്  ശ്രദ്ധിച്ചത്. ശരിയാണ്. താൻ കൂടു കൂട്ടിയിരിക്കുന്ന എട്ടാം നമ്പർ ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടിയാണത്. സജിത്! കോളേജിൽ ഇക്കൊല്ലമല്ലേ അവൻ ചേർന്നത്? നല്ല ഉല്ലാസവാനായി നടന്നിരുന്ന കുട്ടിയല്ലേ? എന്താണിതിപ്പോൾ, ഇവന്?


അമ്മക്കിളി നടുക്കത്തോടെ കണ്ണ് തിരിക്കുന്നതിന്റെ ഉള്ളിൽ സജിത് കുതിച്ചു. കൈ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചുകൊണ്ടു താഴോട്ടു പതിക്കുന്നതിനിടെ, കുഞ്ഞിക്കിളി വീണ്ടും അമ്മയോട് സംശയങ്ങളുമായി വന്നു,

"പറയൂ അമ്മെ, എന്താ ആ കുട്ടിക്ക്  പറക്കാൻ ആവാഞ്ഞ് ? കയ്യ് കുറച്ചൂടെ വേഗത്തിൽ അടിച്ചാൽ പറക്ക്വായിരുന്നോ? താഴെ വീണാൽ വേദനിക്കില്ല്യേ? ചത്തുപോവില്ലേ,  അമ്മേ?..."


കുഞ്ഞിനെ ചേർത്തു പിടിച്ച്, അവൾ കാണാതെ കൺകോണിൽനിന്നു ഒരു കണ്ണീർക്കണം ഉതിർത്തുകൊണ്ട്, ഒരു നിശ്വാസം വിട്ടുകൊണ്ട്, അമ്മക്കിളി  പറഞ്ഞു,

"മനുഷ്യർക്ക്‌ പറക്കാൻ ആവില്ല, കുട്ടീ. സ്വന്തം  ഭാരം അവർക്കു സഹിക്കാവുന്നതിലും കൂടുതലാ, കുട്ടീ. ഭാരം കുറവാണെങ്കിൽ മാത്രമേ പറക്കാനാവൂ. അമിതഭാരം കുറയ്ക്കാൻ അവർ പാടുപെടുന്നത് നീ കണ്ടിട്ടില്ലേ?", അമ്മപ്പക്ഷി തുടർന്നു.

"നാം ഓടാൻ വേണ്ടി മാത്രം ഓടുകയോ, പറക്കാൻ വേണ്ടി മാത്രം പറക്കുകയൊ, നോവിക്കാൻ വേണ്ടി മാത്രം നോവിക്കുകയോ, കൊല്ലാൻ മാത്രമായി കൊല്ലുകയോ ചെയ്യാറുണ്ടോ, മോളെ? അവരങ്ങിനെയാണ്‌, അവരുടെ രീതിയാണത്‌. രാവിലെയും വൈകുന്നേരവും, എന്ന് വേണ്ട, സമയം കിട്ടുമ്പോഴൊക്കെ യാന്ത്രികമായിയങ്ങനെ!".


അമ്മക്കിളി ഒരു നിമിഷം ഒന്ന് നിർത്തി. വീണു കിടക്കുന്ന സജിത്തിന്റെ നേരെ സങ്കടത്തോടെ ഒരു നോക്ക് കണ്ണയച്ചു, വീണ്ടും പറഞ്ഞു,

"മോളെ, നീ കുട്ടിയാണ്. നിനക്കറിയില്ലായിരിക്കാം. വെറും ശരീരഭാരം മാത്രം നോക്കിയാൽ പോര, മക്കളേ, പറക്കണമെന്നുണ്ടെങ്കിൽ! മനസ്സിന്റെ ഭാരവും ശരീരഭാരം പോലെ മുഖ്യമാണ്. പറക്കാനായി മനസ്സും ലഘുവാക്കേണ്ടതുണ്ട്. അതവർ മനസ്സിലാക്കുന്നില്ലേയില്ല മോളെ. ശരീരം ശോഷിച്ചാലും, മനസ്സിന്നു മലയുടെ ഭാരമുണ്ടെങ്കിൽ എങ്ങിനെ പറക്കാനാവും, കുട്ടീ, എങ്ങിനെ പറക്കാനാവും?"


എട്ടു നിലകളുടെ താഴെ നിലത്ത്  പെരുകുന്ന തിരക്കിലേക്ക് കുട്ടിക്കിളിയുടെ ശ്രദ്ധ പൊടുന്നനെ തിരിഞ്ഞു. സജിത്തിന്റെ ക്ഷതമേറ്റ ശരീരം കിടക്കുന്നതിന്റെ അടുത്ത് ആൾക്കൂട്ടത്തിന്റെയും അലമുറയിട്ട കരച്ചിലിന്റെയും, അടുത്തേക്കടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന  ആംബുലൻസ്ന്റെയും ശബ്ദം  വല്ലാതെ അലയ്ക്കുന്നുണ്ടായിരുന്നു 


കാണാതെ പോവരുത് എന്ന വ്യഗ്രതയിലാവണം, കുട്ടിക്കിളിയെ നോണ്ടിക്കൊണ്ടമ്മക്കിളി ചൊല്ലി, 

"പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. മനസ്സിന്റെ ഭാരം തീരെ ഇല്ലാതാവുന്ന ചില നിമിഷങ്ങളിൽ മനുഷ്യർ പറന്നു കാണാറുണ്ട്. കാണാമോ നിനക്ക് സജിത്തിനെ? അതാ, അതാ...സജിത്തതാ പറക്കുന്നു. ഒന്നാം നില ബാൽക്കണി ആർച്ചിന്റെ ഭാഗത്തു നോക്ക്." 


കിളി തുടർന്നു.


"ചില നേരങ്ങളിൽ, മനസ്സിന്റെ ഭാരം അഴിച്ചുവെക്കുന്ന നിമിഷങ്ങളിൽ മാത്രം, അവർക്കങ്ങിനെ ചെയ്യാനാവും എന്ന് തോന്നിയിട്ടുണ്ടെനിക്ക്. മിക്കവാറും പ്രായമേറെയായി മാത്രമാണ് മനുഷ്യവർഗ്ഗത്തിന് ഇത് ചെയ്തെടുക്കാൻ പറ്റാറുള്ളത്. ചിലർ മാത്രം, സജിത്തിനെപ്പോലെ, ദുർലഭമെങ്കിലും, ചെറുപ്രായങ്ങളിൽ കൂടെ  പറക്കാൻ പഠിച്ചെടുക്കാറുണ്ട്."


"നമുക്ക് വിട്ടു കളയാം, കുട്ടീ, മനുഷ്യരുടെ കാര്യങ്ങൾ. നമുക്ക് നമ്മുടെ കാര്യങ്ങളിൽ വ്യാപൃതരാവാം," അമ്മ മൊഴിഞ്ഞു തീരുന്നതിനുള്ളിൽ, ബാൽക്കണിയുടെ അറ്റത്തേക്ക് കുഞ്ഞിക്കിളി നീങ്ങിയത് അമ്മകിളിയുടെ മനസ്സിൽ വേവലാതി നിറച്ചു. "അയ്യോ, നീ വീഴല്ലേ... ഏയ് നീ എവിടേക്കാണ്,  ഇപ്പോൾ ചാടാൻ ഒരുമ്പെട്ട്..?"


പറഞ്ഞു തീർന്നില്ല, അതിന് മുന്നേ കുഞ്ഞിക്കിളി കുതിച്ചുകഴിഞ്ഞിരുന്നു. പുറകെ അമ്മക്കിളിയും. 


ഒരു നിമിഷം കൂട്ടിക്കിളി താഴോട്ട് കുത്തനെ വീണെന്നു തോന്നിയെങ്കിലും, അടുത്ത നൊടിയിൽത്തന്നെ, ചിറകുവീശി തന്റെ സമനില വീണ്ടെടുത്തു, അമ്മക്കിളിയെ ആത്മവിശ്വാസം നിറഞ്ഞ കണ്ണുകളാൽ നോക്കികൊണ്ട്‌, സജിത് പറക്കുന്ന ഇടത്തേക്ക് അവൾ ഊഴ്ന്നിറങ്ങി. 


അലട്ടൽ ഒഴിഞ്ഞ സന്തോഷത്തോടേ  അമ്മക്കിളി തിരിച്ചു എട്ടാം നിലയിലേക്ക് എത്തുമ്പോഴേക്കും, കുട്ടിക്കിളിയും സജിത്തും എല്ലാം മറന്നുല്ലസിച്ചു പറക്കുകയായിരുന്നു, എത്രയോ കാലത്തെ പരിചയമുള്ള കൂട്ടുകാരെപ്പോലെ.


Rate this content
Log in

Similar malayalam story from Abstract