ഇടിക്കൊടുവിൽ
ഇടിക്കൊടുവിൽ


പുറത്തു ഇടിയും മഴയും നാലാംകാലത്തിൽ ആടിത്തിമർക്കുമ്പോൾ, വീട്ടിനുള്ളിൽ അയാളും ഭാര്യയും കലഹത്തിന്റെ പെരുമ്പറ കൊട്ടുകയായിരുന്നു. പ്രത്യേകിച്ചു ഹേതുവൊന്നുമില്ലാതെ തന്നെ പോരാടാൻ അവർ വെമ്പൽ കൊണ്ടിരുന്നില്ലെ എന്ന് സംശയം ഉളവാക്കുന്ന രീതിയിലായിരുന്നു എന്നും അവരുടെ പരസ്പരവ്യവഹാരം. അതിനിടയിലാണ്, കണ്ണഞ്ചിക്കുന്ന ഒരു മിന്നല്പിണരും, തൊട്ടു പിന്നാലെ ഭൂമിയെ ഇളക്കി വിറപ്പിക്കുന്ന ഇടിമുഴക്കവും. ഇടി അവസാനിക്കുന്നതിനു മുൻപ് തന്നെ അയാളുടെ സെൽ ഫോൺ മണിനാദം മുഴക്കാൻ തുടങ്ങി.
അയാൾ തല തിരിക്കുന്നതിന് മുന്നേ തന്നെ അവൾ ആക്രോശിച്ചു,"എടുത്തോ, എടുത്തോ, കാലനായിരിക്കും".
അയാൾ ഫോൺ കയ്യിൽ എടുത്തുകൊണ്ടു തിരിച്ചു പറഞ്ഞു, "എങ്കിൽ ഞാനൊന്ന് സംസാരിച്ചിട്ട് തന്നെ കാര്യം. എത്രയാണെലും നിന്റെതിനേക്കാൾ അരം കുറവാവുമെടീ, അയാളുടെ നാക്കിന്."
ഫോൺ ഓണാക്കി ചെവിയിൽ ചേർത്ത് വെച്ച് അയാൾ പറഞ്ഞു, "ഹലോ, ആരാ സംസാരിക്കണത്?"
തീക്ഷ്‌ണമായ ഒരു മിന്നലും ഇടിയും കൂടെ, വീണ്ടും. പൊടുന്നനെ ഫോൺ അയാളുടെ കയ്യിൽനിന്നു തെറിച്ചു വീണു. അയാൾ വീഴുമ്പോൾ, എന്തോ തിരിച്ചറിവിന്റെ വെളിച്ചം നിറഞ്ഞിരുന്ന മാതിരി കണ്ണുകൾ വെളിയിൽ തള്ളി നിന്നിരുന്നു.
അവൾ അയാളെ അലറികുലുക്കിവിളിച്ചുകൊണ്ടു എണീപ്പിക്കാൻ ശ്രമിക്കുമ്പോഴും, അവളുടെ മനസ്സിനെ പുകച്ചുകൊണ്ടിരുന്ന ചോദ്യമതായിരുന്നു, "ഈ ഒടുക്കത്തെ വിളി ഏതു കാലമാടന്റെ നമ്പറീന്നായിരുന്നു കർത്താവേ?"