ഒറ്റപ്പെട്ട ദിനങ്ങൾ
ഒറ്റപ്പെട്ട ദിനങ്ങൾ
"ജീവിതത്തിൽ ഒറ്റപ്പെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ?" ഡോക്ടറുടെ ചോദ്യത്തിനു മുന്നിൽ നിശബ്ദയായി അവൾ ഇരുന്നു. ഡോക്ടർ വീണ്ടും അവളോട് ചോദിച്ചു: "മിത്ര, എന്താ മറുപടി പറയാത്തെ? ജീവിതത്തിൽ ഒറ്റപ്പെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ? എന്നോട് മിത്രക്ക് എന്തു വേണമെങ്കിലും തുറന്നുപറയാം... ഒരു ഡോക്ടറെന്ന നിലയിലല്ല... ഒരു സുഹൃത്തെന്ന നിലയിൽ."
ഡോക്ടറുടെ ചോദ്യത്തിനു മുന്നിൽ നിറകണ്ണുകളോടെ അവൾ ഇരുന്നു... അവൾ പതിയെ പറഞ്ഞു... "എനിക്ക് ആരുമില്ല സ്നേഹിക്കാൻ ... സ്നേഹിച്ചവരൊക്കെ എന്നെ ഒറ്റപ്പെടുത്തി... ഇപ്പോൾ ഞാൻ സ്നേഹിക്കുന്നത് മരണത്തെയാണ്... എന്നെ വെറുക്കുന്നവരുടെ അടുത്ത് ഒറ്റപ്പെട്ടു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് തോന്നി അതാ ഞാൻ ഈ കടുംകൈ ചെയ്തത്... ഒരു പെൺകുട്ടി ആയതിനാൽ കുടുംബത്തിൽ ഒറ്റപ്പെട്ടു... അടക്കവും ഒതുക്കവും വേണമെന്ന് പറഞ്ഞു നാലു ചുവരുകൾക്കുള്ളിൽ തളച്ചിടുന്ന പെൺകുട്ടിയെന്ന നിലയിൽ ഞാൻ ഒറ്റപ്പെട്ടു... നാലു ചുവരുകൾക്കുള്ളിൽ കിടന്ന് ഈ സമൂഹമെന്തെന്ന് പഠിക്കാൻ ശ്രമിച്ച ഞാൻ ഈ സമൂഹത്തിൽ ഒറ്റപ്പെട്ടു... നല്ല പെൺകുട്ടിയെന്ന പ്രശംസയ്ക്കു വേണ്ടി എല്ലാ സ്വാതന്ത്ര്യവും വേണ്ടന്നു വച്ച് പേടിച്ചു പേടിച്ചു എൻ്റ
െ ആഗ്രഹങ്ങളെ നാലു ചുവരുകൾക്കുള്ളിൽ മൂടി ഞാൻ സമുഹത്തിൽ ഒറ്റപ്പെട്ടു... ഒരു പെണ്ണായാൽ അടങ്ങി ഒതുങ്ങി ജീവിക്കണം എന്ന വാക്കിൽ തളച്ചിട്ട ഒരു പെണ്ണും ജീവിതത്തിൽ വിജയിച്ചിട്ടില്ല... ഒരു പെൺ സ്വന്തം കഴിവിനാൽ വിജയിച്ച് മുന്നേറാൻ നോക്കിയാൽ അവൾ സമൂഹത്തിൽ അഹങ്കാരിയായി മാറും. ഞാൻ ഇപ്പോൾ അഹങ്കാരിയല്ല... ഭ്രാന്തിയാണ്... എല്ലാവരുടെ മുന്നിലും ഞാനിന്നൊരു ഭ്രാന്തിയാണ്... ഒറ്റപ്പെടലിലൂടെ കിട്ടുന്ന വിഷാദം എന്നെയും ഇന്ന് ബാധിച്ചിരിക്കുന്നു... പ്രസവാനന്തര വിഷാദമായി എന്നെ കാർന്നു തിന്നുന്നു... ഭ്രാന്തിയെന്ന വിളിപ്പേരു നൽകി എല്ലാവരും ഒറ്റപ്പെടുത്തുന്നു. ആശ്വസിപ്പിക്കേണ്ടവർ കൂടി ഭ്രാന്തി എന്ന വിളിപ്പേരു നൽകിയാൽ ഒറ്റപ്പെടുത്തിയാൽ അതിലും വലിയൊരു തോൽവി ഒറ്റപ്പെടൽ അതാണ് ആത്മഹത്യ എന്ന വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. കുഞ്ഞിനെ നോക്കാൻ കഴിവില്ലാത്തവളായി മാറി, ഭർത്താവിനെ നോക്കാൻ കഴിവില്ലാത്തവളായി മാറി, ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്ന് അറിയാത്തവളായി മാറി... ഈ ജീവിതം നാലു ചുവരുകൾക്കുള്ളിൽ വീണ്ടും തളച്ചിട്ട എനിക്ക് ഭ്രാന്തി എന്നും കഴിവില്ലാത്തവളെന്നും പേര്. ജീവിതത്തിൽ ഒറ്റപ്പെട്ടവൾക്ക് എന്നും ഒറ്റപ്പെട്ട ദിനങ്ങളായിരിക്കും."