നിശബ്ദത (ഭാഗം-6)
നിശബ്ദത (ഭാഗം-6)
പുറത്തെ കാഴ്ചകളൊക്കെ ശ്രദ്ധിച്ചു മനസ്സിൽ മന്ദഹാസത്തോടെ കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡ്‌സീറ്റിൽ ഇരിക്കുകയായിരുന്നു ബിലീന. പെട്ടെന്ന് ഒഴിഞ്ഞു കിടന്ന തന്റെ സൈഡിൽ ഒരാൾ വന്നിരുന്നതു കണ്ട അവൾ നോക്കി.
"എവിടെ പോകുവാ..?"
അവളോട് ചേർന്നിരുന്നു കൊണ്ട് ഡെറിൻ ചോദിച്ചു.
തെല്ലുനേരമൊന്നതിശയിച്ച് അവനെ നോക്കിയ ശേഷം അവൾ മറുപടി പറഞ്ഞു;
"ഞാൻ എന്റെ കസിൻസിൻറെ അടുത്ത് പോകുവാ..."
ഇത്രയും പറഞ്ഞ ശേഷം തെല്ലതിശയത്തോടെ വാചകം മുഴുമിപ്പിക്കാതെ അവൾ അവനെ നോക്കി തുടർന്നു;
"...അല്ല, നീയെങ്ങനെ ഇവിടെത്തി...?"
ചെറിയൊരു ചിരിയോടെ അവൻ മറുപടി നൽകി;
"ഞാൻ ഇപ്പോൾ...എനിക്കിതല്ലേ ഇപ്പോൾ പണി. ഇന്ന് സംസാരിക്കുവാനിങ്ങനെ ഒരു ചാൻസ് ഒക്കുമെന്നു കണ്ടപ്പോൾ നിന്റെ കണ്ണിൽപ്പെടാതെ കൂടെ ഈ ബസിൽ കയറി."
ഇത്രയും പറഞ്ഞു അവൻ, മുന്നിലെ ഹാൻഡ്ബാറിൽ പിടുത്തമിട്ടിരിക്കുന്ന തന്റെ ഇരുകൈകളിലെ വിരലുകൾ മാത്രം ഒന്നിടകലർത്തി ചലിപ്പിച്ചു.
അവനെ നോക്കിയശേഷം അവൾ ചോദിച്ചു;
"ഞാനിപ്പോൾ ബഹളംവെച്ചാൽ എന്താ ഉണ്ടാവുക എന്നറിയാമോ...?"
അവളെയൊന്നു നോക്കിയ ശേഷം അവൻ ഭാവഭേദമന്യേ മറുപടി നൽകി;
"എന്ത് പറ്റാനാ...? ഞാൻ കുടുങ്ങും."
ഇതു കേട്ട് തന്റെ കണ്ണുകളെ പുറത്തേക്കു നയിച്ച് അവൾ ചെറുതായൊന്നു പുഞ്ചിരി തൂകി.
ചെറിയൊരിടവേളക്കുശേഷം അവൻ ചോദിച്ചു;
"എന്താ ഇപ്പോൾ പെട്ടെന്ന് കസിന്സിനെ കാണാൻ?"
മറുപടിയായി അവൾ പറഞ്ഞു;
"എനിക്കെന്താ പൊയ്ക്കൂടേ...! ശ്ശെടാ... എന്റെ കോളേജ് അടച്ചിരിക്കുവാ."
അവൻ തുടർന്നു;
"വെക്കേഷൻ ട്രിപ്പ്. പിന്നേയ്... എനിക്ക് ഫോൺ നമ്പർ വേണം."
ഉടനെ വന്നു അവളുടെ മറുപടി;
"ഞാൻ തരത്തില്ല!"
അവനും വിട്ടുകൊടുത്തില്ല;
"പിന്നെ ഞാനെങ്ങനെ വിളിക്കും... സംസാരിക്കും!?"
നെറ്റിചുളിച്ചു കൊണ്ട് അവൾ മറുപടി നൽകി;
"വിളിക്കേണ്ട, സംസാരിക്കുകയും വേണ്ട! പോരെ..!"
അവൻ തെല്ലു നിരാശാഭാവത്തോടെ പറഞ്ഞു;
"അപ്പോൾ ഞാനിനി എങ്ങനെ നമ്പർ ഒപ്പിച്ചെടുക്കും!"
അവൾ മറുപടിയൊന്നും പറയാതെ നേരെ നോക്കിയിരുന്നു. അവർക്കിടയിലല്പ്പനേരം നിശബ്ദത പരന്നു.
"കാണാൻ ഭയങ്കര സുന്ദരിയാ കേട്ടോ!?"
നിശബ്ദതയ്ക്കു വിരാമമിട്ടു കൊണ്ട് അവൻ പറഞ്ഞു. അവൾ കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"മേക്കപ്പിട്ടാൽ കുറച്ചുകൂടി ഗ്ലാമർ ആകാം."
അവൻ തുടർന്നു പറഞ്ഞു.
ഇതു കേട്ടതോടെ അവന്റെ മുഖത്തേക്കു തിരിഞ്ഞു അവൾ ദൃഢതയോടെ പറഞ്ഞു;
"സൗകര്യം ഇല്ല. പോരെ!?"
ഇത്രയും പറഞ്ഞതോടു കൂടി അവൾ തുറന്നു ചിരിച്ചു പോയി. ഇതു കണ്ട് പുഞ്ചിരിയോടെ അവൻ പറഞ്ഞു;
"വണ്ടി ഓടിക്കൊണ്ടിരിക്കുന്നത് ഭാഗ്യം! ഇല്ലേൽ ഇപ്പോൾ എല്ലാവരും കേട്ടേനെ... ഒന്ന് പതുക്കെ പറയാമോ!?"
പതിഞ്ഞസ്വരത്തിലുള്ള അവന്റെയീ മറുപടി കേട്ട ശേഷം നേരെയിരുന്നു തന്നെ തന്റെ കണ്ണുകളെ അവന്റെ മുഖത്തേക്ക് ചലിപ്പിച്ച് അവൾ പറഞ്ഞു;
"എനിക്ക് മേക്കപ്പിടാൻ തൽക്കാലം മടിയാ. സൗകര്യമുള്ളവർ നോക്കിയാൽ മതിയെന്നാ എനിക്ക്..."
അവളുടെ മറുപടി കേട്ട് അവൻ തല നേരെ പിടിച്ച് മുകളിലേക്കും താഴേക്കും മെല്ലെ രണ്ടുമൂന്നു തവണയാട്ടി - 'മനസ്സിലായി' എന്ന മട്ടിൽ. ശേഷം അവൻ ചോദിച്ചു;
"ഞാൻ എങ്ങനെയുണ്ട്..!?"
ഉടനെ വന്നു മറുപടി;
"നല്ല ഒരു ബോറൻ. എനിക്ക് സെയിര്യം തരില്ല..."
അവനുടനെ മറുപടി നൽകി;
"സ്നേഹമുള്ളതു കൊണ്ടല്ലേ...?"
അവൾ മറുപടിയായി അവനെ നോക്കി പറഞ്ഞു;
"ബോറാണേന്നേ..."
അവൻ അല്പം ഇരുത്തം വരുത്തി പറഞ്ഞു;
"എങ്ങനെ ആലോചിച്ചു നോക്കിയാലും എനിക്ക് പറ്റിയ പെണ്ണാ നീ. കെട്ടിയാൽ കൊള്ളാമെന്നുണ്ട്. നീയെന്നും കൂടെ വേണമെന്നാ..!"
മറുപടിയായി അവളൊന്നും പറഞ്ഞില്ല. വീണ്ടും നിശബ്ദത അവർക്കിടയിലേക്കെത്തി- അല്പസമയത്തേക്ക്.
"ഇങ്ങനെ നിന്നോട് സംസാരിച്ചിരിക്കാൻ ഒത്തിരി കൊതിയുണ്ട്..."
നിശബ്ദതയ്ക്കു വിരാമമിട്ട് അവൻ മുഴുമിപ്പിക്കും മുമ്പേ ചെറിയൊരു നിമിഷത്തെ ഇടവേളക്കു ശേഷം തുടർന്നു;
"...ഞാൻ കുറച്ച് ഫ്രീഡം എടുക്കും. അതങ്ങു സഹിച്ചോണം. ഇനി അതിനും ബദലായി പറഞ്ഞേക്കരുത്."
മറുപടി കേട്ട് അല്പസമയം മിണ്ടാതിരുന്ന ശേഷം അവൾ പറഞ്ഞു;
"എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ആകാറായി. എന്താ നമ്മുടെ പരിപാടി?"
ഉടനടി അവൻ മറുപടി നൽകി;
"കസിന്സിനെയും എന്റെ അമ്മായിയപ്പനെയും അമ്മായിയമ്മയെയും പരിചയപ്പെട്ട ശേഷം കാണാം. ഈ ബസ് നിൽക്കുന്നിടം വരെ പോയി തിരികെ പോരും... അത്രയും നേരത്തേക്കുള്ളത് ഇപ്പോൾ എന്നോടൊപ്പമുണ്ട്."
മറുപടിയായി പുറത്തേക്കു നോക്കി, ഉറപ്പിച്ച ഭാവത്തിൽ അവൾ എഴുന്നേറ്റ് അവനെ മറികടന്നു ഫുഡ്ബോർഡിലേക്ക് മെല്ലെ നടന്നു.
13
കോളേജുകളുടെ എക്സിബിഷൻ മറ്റൊരു കോളേജിൽ, ജില്ലാതലത്തിൽ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലൊരു ദിവസം ഉച്ചതിരിഞ്ഞ നേരത്തായി തന്റെ ഫോണും ചെവിയിൽ പിടിച്ചു കൊണ്ട് തിരഞ്ഞു നടക്കുകയായിരുന്നു ബിലീന.
"എടാ, എന്റെ ഐറ്റം കഴിഞ്ഞു. ഞാൻ വെളിയിലെത്തി. നീയെവിടെയാ...? ഇവിടെ മുഴുവനും പിള്ളേരുടെ ബഹളമാ..."
അവൾ ചുറ്റുമുള്ള ബഹളത്തെ മറികടന്നു കൊണ്ട് ഫോണിലൂടെ ഉച്ചത്തിലിങ്ങനെ സംസാരിച്ചു.
"എടീ നീ നേരെ പോരെ. എന്നിട്ട്, ആദ്യം കാണുന്ന ലെഫ്റ്റിലേക്ക്
ഒരു ഓപ്പണിങ് കാണാം. അവിടെ ഞാൻ നിൽപ്പുണ്ട്."
അങ്ങേത്തലയ്ക്കൽ നിന്നും റൂബൻ ഇങ്ങനെ മറുപടി നൽകി.
'ഓക്കേ' എന്നു പറഞ്ഞു കോൾ കട്ട് ചെയ്ത ശേഷം അവൻ പറഞ്ഞതവൾ അനുസരിച്ചു.
"ആർ.പി. ഒത്തിരിനേരമായോ വന്നിട്ട്...!"
ചെറിയൊരു ചിരിയോടെ, അല്പം ഒഴിഞ്ഞസ്ഥലത്തായി നിന്നിരുന്ന റൂബനെ നോക്കി ബിലീന ഇങ്ങനെ ചോദിച്ചു കൊണ്ട് അടുത്തു.
"ഞാൻ കുറച്ചു നേരമായി വന്നിട്ട്! നമുക്കു പിന്നെ പെർഫോമു ചെയ്യാൻ ഒന്നുമില്ലല്ലോ..."
അർത്ഥമില്ലാത്തൊരു ഭാവത്തോടെ അവനിങ്ങനെ മറുപടി നൽകി.
ചുറ്റുമൊന്ന് നോക്കിയ ശേഷം അർഥമില്ലായ്മ തന്നെ പ്രകടമാക്കി അവൾ തുടർന്നു;
"ഇതെന്തുവാ, ഇവിടെങ്ങും ആരുമില്ലല്ലോ! നമുക്ക് പോകേണ്ടേ...?"
ഉടനെ അവന്റെ മറുപടി വന്നു;
"എന്റെ മണ്ടൂസെയ്, ബില്ലീ... ഇപ്പൊ വീട്ടിലേക്കുപോയിട്ടെന്തിനാടീ...
കുറച്ചുനേരം മിണ്ടിപ്പറഞ്ഞിട്ടങ്ങു പോയാലെന്താ, എന്നത്തെയും പോലെ..!"
മെല്ലെ തലതാഴ്ത്തി തന്റെ പാദങ്ങളിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു;
"ഓ... അങ്ങനെയാണേൽ ഓക്കേ. ഞാൻ പിന്നെ, ഇതൊരുമാതിരി സ്ഥലമായതു കൊണ്ടാ!"
അവനൽപ്പം മുന്നിലേക്ക് ചുവടുകൾ വെച്ചശേഷം പറഞ്ഞു;
"ഇത് ഈ കോളേജിരിക്കുന്ന സ്ഥലത്തിന്റെ ഒരു എഡ്ജാണ്. ദേ... മുന്നിലങ്ങോട്ടേക്ക് കിടങ്ങാ... ഇവിടെ പ്രത്യേകിച്ചൊന്നുമില്ലാത്തതിനാൽ
അധികമാരും വരില്ല ഇവിടേക്ക്."
ഉടനെ ചിരിയോടെ മറുപടി നൽകിക്കൊണ്ട് അവൾ അവനൊപ്പം ചെന്ന് നിന്നു;
"ഇതൊക്കെ എങ്ങനറിയാം ആർ.പി...? ഭീകരനാണല്ലോ നീ..."
അവൻ തന്റെ വലതുകരം, അവളുടെ പിറകില്നിന്നും വലത്തേ ഇടുപ്പിലൂടെ ചുറ്റി അല്പംകൂടി തന്നോടു ചേർത്തു കൊണ്ട് പറഞ്ഞു;
"റൂബൻ ഡീ."
മറുപടിയായി തന്റെ ഇടതുകൈ ഉപയോഗിച്ച് അവനെ അവൾ അനുകരിച്ചു.
കുറച്ചുസമയം നിശബ്ദത വിഴുങ്ങിയതോടെ അവൾ പറഞ്ഞു;
"വലിയ മലയുടെയൊക്കെ ടോപ്പിൽ ഇങ്ങനെ നിൽക്കുവാൻ എന്ത് രാസമായിരിക്കുമല്ലേ...!"
അവൻ തലകുലുക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"നമ്മൾ ആദ്യമായിട്ടല്ലല്ലോ ഇങ്ങനെ! അപ്പൊ, ഇതുവരെ നിനക്ക് രസമൊന്നും തോന്നിയില്ലായിരുന്നോ ബില്ലീ!?"
അല്പസമയശേഷം അവൻ അവളുടെ മുഖത്തേക്ക് തലതിരിച്ചു പറഞ്ഞു.
ഉടനെ ചെറുചിരിയോടെ അവന്റെ വയറിനു നടുവിൽ തന്റെ വലതുകൈയ്യാൽ പിടിത്തംവെച്ചുകൊണ്ട് അവൾ പറഞ്ഞു;
"എന്റെ ആർ.പി, നമ്മളെങ്ങനെയാടാ..!"
അവനുടനെ, അവളുടെ വയറിലായി, അവിടിരിക്കുന്ന കൈയ്യുടെ വിരലുകളാൽ ചെറിയ ഒന്നുരണ്ടു തട്ടുതട്ടിയ ശേഷം പറഞ്ഞു;
"നിനക്ക് കുറച്ചു വയറു ചാടിയോഡീ?"
ഉടൻ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു;
"നീ പോടാ ആർ.പി, എന്നെ കളിയാക്കി..."
ചിരികലർത്തി അവൻ മറുപടിയായി പറഞ്ഞു;
"ഞങ്ങളെപ്പോലല്ല നിങ്ങൾക്ക്! മുകളിൽ രണ്ടെണ്ണമുള്ളതു കൊണ്ട്
പെട്ടെന്നങ്ങനെ അറിയില്ല വയറുചാടിയാൽ..."
മറുപടിയായി, തന്റെ കാലുകൾ നിലത്തേക്ക് മാറിമാറി ചവിട്ടിക്കൊണ്ട് അവൾ മറുപടി പറഞ്ഞു;
"എടാ, ബോഡിക്ക് മാസ് കൂടുമ്പോൾ അതുങ്ങൾക്കും വെക്കും വണ്ണം... പൊട്ടാ..."
ഇത്രയുംപറഞ്ഞു കൊണ്ട് അവൾ തമാശകലർത്തിയ ദേഷ്യഭാവം പ്രകടമാക്കി.
ഉടൻ തന്നെ, തന്റെ വലതുകൈയ്യാൽ അവളുടെ വലതു മുൻഭാഗത്തിന്റെ മകുടത്തിലായവൻ ചെറുതായൊന്നു അമർത്തി, ഒന്നിലധികം തവണ. ശേഷം പറഞ്ഞു;
"ആഹാ...പറഞ്ഞത് ശരിയാണെന്നു തോന്നുന്നു...!"
മറുപടിയായി അവൾ ഭാവമൊന്നുംകൂടാതെ ചലനമറ്റു നിന്നതേയുള്ളൂ. അല്പനിമിഷം കഴിഞ്ഞില്ല, അവനൊരു കോൾ വന്നു;
"ആ, മമ്മീ... ഞാൻ വരുവാ."
അവൻ ഫോൺ കട്ട് ചെയ്യുന്നതിനിടയിൽ അവൾ പറഞ്ഞു;
"ഞാനും പറയാനിരിക്കുകയായിരുന്നു പോകാമെന്ന്."
'ഊം' എന്ന മൂളലോടെ അവൻ തുടർന്നു;
"വീട്ടിൽ കുറച്ചു റിലേറ്റിവിസ് വന്നിട്ടുണ്ട്. അവരെയൊന്നു തല കാണിക്കണം."
മറുപടി മുഴുമിപ്പിക്കാതെ പിറകോട്ടു തിരിഞ്ഞു അവൻ തുടർന്നു, അവളെ മുൻപോട്ടു നടക്കുവാൻ പ്രേരിപ്പിച്ച്;
"ഒരുമിച്ച് പോകാം. ബൈക്ക് ഉണ്ട്. സ്റ്റാൻഡിനു താഴെ വിടാം. അവിടുന്ന് ബസിനു പോയാൽ പ്രശ്നമില്ലല്ലോ... ഇപ്പോൾ ഇത് സ്ഥിരമായില്ലേ!"
മറുപടിയായി തലയാട്ടിക്കൊണ്ട് മെല്ലെ അവൾ അവനെ അനുഗമിച്ചു.
14
"എടീ ബില്ലീ, നിനക്കെന്താ വട്ടാണോ! അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ..."
ചെറിയ കിതപ്പോടെ നടന്നു കൊണ്ട് അനുപമ, തന്റെയൊപ്പം നടക്കുന്ന ബിലീനയോട് ചോദിച്ചു. ഒരു നിമിഷം നിന്ന ശേഷം ബിലീന പിറകിലേക്ക് നോക്കി, പതിവു പോലെ ഡെറിൻ തന്റെ ബുള്ളറ്റിനൊപ്പം ബസ് സ്റ്റോപ്പിനടുത്തായി നിൽക്കുകയായിരുന്നു. അവൾ ചെറിയൊരു ദേഷ്യഭാവത്തോടെ നടത്തം തുടർന്ന് അനുപമയെ നോക്കി ചോദിച്ചു;
"എന്തുവാടീ, എന്താ നിനക്ക്!? ബസ് വരും ഇപ്പോൾ. പിറകോട്ട് പോയി നിന്നു കേറി പൊയ്ക്കോ."
മറുപടിയുടെ അർഥം ഏതാണ്ട് ഗ്രഹിക്കാനായെന്ന മട്ടിൽ മുഖഭാവം പ്രകടിപ്പിച്ചതേയുള്ളൂ അനുപമ. ശേഷം അവൾ മറുപടിയായി പറഞ്ഞു;
"കൂട്ടുകാരിയായിപ്പോയി... അവനോട് നേരിട്ടങ്ങു പറയുവാൻ മേലായിരുന്നോ, സംസാരിക്കണം... കൂടെ നടന്നുവരാൻ ഒക്കെ!?"
അല്പനിമിഷം കഴിഞ്ഞില്ല, ബിലീന മറുപടി പറയുന്നതിന് മുൻപായി ഡെറിൻ തന്റെ ബുള്ളറ്റിൽ അവരുടെ അടുത്തെത്തി. ശേഷം, റോഡരുകിലായി ബുള്ളറ്റ് ഒതുക്കിവെച്ച്, അവനെ ശ്രദ്ധിക്കാത്തമട്ടിൽ മുന്നോട്ട് നടക്കുന്ന അവരോടൊപ്പം അവൻ വേഗമെത്തി നടന്നു.
"മൂന്ന് വർഷമാകുവാൻ അധികമില്ല ഞാനീ പണി തുടങ്ങിയിട്ട്. ജോലിയും മറ്റുമൊക്കെ വിട്ട് നിന്നെ മാത്രം നോക്കി നടക്കുന്നതിനൊരു പ്രതിഫലം വേണ്ടേഡീ!?"
ബിലീന കേൾക്കെ അവളോടൊത്തു നടന്നുകൊണ്ട് ഡെറിൻ ചോദിച്ചു.
"ഞൊടിയിടകൊണ്ട് എവിടുന്നോ തപ്പി എന്റെ നമ്പരൊക്കെ ഒപ്പിച്ചല്ലോ! എന്തിനാ എന്നും രാത്രി എനിക്ക് മെസ്സേജ് അയക്കുന്നത്, ഐ.ലവ്.യൂ. ന്ന്!?"
അവൾ ചോദ്യഭാവത്തിൽ അവനോട് മറുപടിയായി പറഞ്ഞു.
അല്പസമയം നിശ്ശബ്ദനായ ശേഷം താഴ്ന്നസ്വരത്തിൽ അവൻ മറുപടിയായി പറഞ്ഞു;
"നമ്പർ ഞാൻ ഷാർലറ്റിന്റെ കൈയിൽ നിന്നും വാങ്ങിച്ചെടുത്തതാ. നീയായിട്ട് എന്നു തരാനാ...? ഞാൻ സ്വർഗ്ഗത്തിൽ ചെന്നിട്ടോ! പിന്നെ, ഐ.ലവ്.യൂ... എനിക്ക് നിന്നോടുള്ള എല്ലാ സൂക്കേടുകളുടെയും ആ... അങ്ങനെ തന്നെ പറയാം, എല്ലാ സൂക്കേടുകളുടെയും ഒരു ഫൈനൽ ബൈ പ്രോഡക്റ്റ് ആണ് ആ മെസ്സേജ്. ആലോചിച്ചാൽ മനസ്സിലാകും ബിലീനയ്ക്ക്..."
അവൾ മറുപടിയായി ഒന്നും പറഞ്ഞില്ല. ഉടനെ അവളെ നോക്കി നെറ്റിചുളുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു;
"നീ വണ്ണം വെച്ചോടീ!?"
ഇതു കേട്ടപ്പോൾ അനുപമ മൗനമായി ബിലീനയെ ഒന്നു നോക്കി. അപ്പോൾ അവനോടായി ബിലീന പറഞ്ഞു;
"ആ വെച്ചു. ആ കാര്യംകൂടി മെസ്സേജ് അയക്കുവാൻ മേലായിരുന്നോ മോന്!?"
ഉടനെ അവൻ സംശയം കലർന്ന നാണഭാവത്തിൽ മറുപടി നൽകി;
"അയ്യേ... എന്തുവാടീ ഞാൻ അത്തരക്കാരനേയല്ല!"
അപ്പോൾ അവനെ നോക്കി മുഖം കോടിപ്പിടിച്ചു കൊണ്ട് അവൾ വേഗത്തിൽ മറുപടി നൽകി;
"അയ്യോടാ... മൂന്നുവർഷം പബ്ലിക്കായി നോക്കി നിന്നിട്ടും നാണം വന്നിട്ടില്ല ഇതുവരെ!?"
അവൻ ചെറുചിരിയോടെ സാവധാനത്തിൽ മറുപടി നൽകി;
"എടീ, തിടുക്കം ഒന്നിനും നല്ലതല്ല. പിന്നെ നിന്നെ നോക്കി നിൽക്കുന്നതൊരു രസമാടീ... ഇത്രയും സൗന്ദര്യവതിയായൊരു പെണ്ണിനെ
നോക്കി നിൽക്കുവാൻ എനിക്കെങ്ങനെ സാധിക്കാതിരിക്കും!?"
ഒന്ന് നിർത്തിയ ശേഷം അവൻ തുടർന്നു;
"നീ പറ..എങ്ങനെ സാധിക്കും!?"
ഈ സമയം അവരെ പിന്നിലാക്കി, സ്ഥിരമായി അവർ പോയിക്കൊണ്ടിരുന്ന ബസ് കടന്നു പോയി. അനുപമയാകട്ടെ, വെറുതെ ആ ബസിനെയൊന്ന് നോക്കിപ്പോയി. അപ്പോഴേക്കും ബിലീന അവനു മറുപടിയായി പറഞ്ഞു;
"എന്നോട് സംസാരിക്കേണ്ട!"
അവർ മൂവരും മുന്നോട്ട് നടന്നുകൊണ്ടിരുന്നെങ്കിലും നിശബ്ദത അവർക്കിടയിൽ പതിയിരുന്നു.
"എടീ, നിന്റെ ഫോട്ടോ വല്ലതും ഉണ്ടേൽ തരാമോ എനിക്ക്, മനസ്സിൽ ഫ്രെയിം ചെയ്തു വെക്കാനാ..."
ലാഘവഭാവത്തോടെ, നിശബ്ദതയെ പുറംതള്ളി അവൻ ചോദിച്ചു. ഇതു കേട്ട അവൾ, അവനെ കണ്ണുകളുരുട്ടി കാണിച്ചു. അതേ സമയം അനുപമ അവന്റെ മറുപടിയാൽ സ്വയം ചിരിച്ചുപോയി.
"അനുപമേ... ഇവൾ നിന്നെ നടത്തിപ്പിച്ച് വിഷമിപ്പിച്ചല്ലോ..!"
അനുപമയെ നോക്കിക്കൊണ്ട് അവൻ തമാശഭാവത്തിൽ ഉച്ചത്തിൽ ചോദിച്ചു. മറുപടിയായി അവളൊന്നും മിണ്ടിയില്ല. ഉടനേ തന്നെ അവൻ ആരോടെന്നില്ലാതെ പറഞ്ഞു;
"എന്റെ കൈയ്യിലോട്ടൊന്ന് കിട്ടിക്കോട്ടെ ബിലീനയെ... പകരം വീട്ടിയേക്കാം കേട്ടോ അനുപമേ."
തമാശകലർന്ന ദൃഢഭാവത്തിലുള്ള ഈ വാചകങ്ങൾ അവനിൽ നിന്നുമെത്തിക്കഴിഞ്ഞപ്പോഴേക്കും അടുത്ത ജംക്ഷനിൽ അവർ നടന്നെത്തിയിരുന്നു. മുന്നിലായിക്കണ്ട ബസ് സ്റ്റോപ്പിൽ ബിലീന കയറി നിന്നു, അവളെ അനുകരിച്ച് അനുപമയും. ബിലീനയുടെ മുഖത്തേക്കു നോക്കി, ആളൊഴിഞ്ഞ ആ ബസ് സ്റ്റോപ്പിൽ, അവളുടെ മുന്പിലായവൻ നിന്നു. കണ്ണിമവെട്ടാതെ തന്നെ നോക്കി നിൽക്കുന്ന ഡെറിന്റെ മുഖത്തേക്ക് തിരികെ അവളും നോക്കി നിന്നു. അല്പസമയം കഴിഞ്ഞില്ല, അടുത്ത ബസ് വേഗമെത്തി. ബസിലേക്ക് കയറുന്ന നേരം അനുപമ, അവനെ മൈൻഡ് ചെയ്യാതെ പോകുന്ന ബിലീനയെ നോക്കിയശേഷം അവനെ നോക്കി. ബസ് ചലിച്ചു തുടങ്ങിയപ്പോഴേക്കും ധൃതിയിൽ ഡെറിൻ വന്നവഴി തിരികെ നടന്നു തുടങ്ങി.
15
സമയം അർധരാത്രി കഴിഞ്ഞിരുന്നു. തേർഡ് ഇയറിന്റെ അവസാനകാലം കോളേജ് ടൂറിന്റെ, അവസാന ദിനം ആഘോഷിച്ച ശേഷം എല്ലാവരും തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസിൽ ഉറക്കത്തിലായിരുന്നു. ഏറ്റവും പിറകില്നിന്നും, വലതുഭാഗത്തെ രണ്ടാമത്തെ സീറ്റിന്റെ ഇടതുഭാഗത്തായിരുന്ന്, തന്റെ കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു ബിലീന.
തുടരും...

