Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".
Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".

Hibon Chacko

Drama Romance


3  

Hibon Chacko

Drama Romance


നിശബ്ദത (ഭാഗം-2)

നിശബ്ദത (ഭാഗം-2)

4 mins 171 4 mins 171

"റൂബൻ തന്നതാണെന്നും പറഞ്ഞു ഈ ഹെഡ്‌സെറ്റ് തന്നു. വേറൊന്നും പറഞ്ഞില്ല... എന്താ?" അവൾ ശബ്ദം താഴ്ത്തിത്തന്നെ ചോദിച്ചു.

"ഏയ്... ഒന്നുമില്ല. ഇവിടെ റൂമിൽ ഞാനിതുവരെ ലൈറ്റ് കെടുത്തിയിട്ടില്ല. സംസാരിക്കുന്നതിനിടയിൽ റൂമിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുന്നുണ്ട്." റൂബൻ പറഞ്ഞു.

"ഓഹോ... ഇവിടെ മൊത്തം അന്ധകാരം മാത്രം!"

അവൾ ഉടനെ മറുപടി നൽകി.


അല്പ സമയത്തേക്ക് ഇരുവരും, വീണ്ടും കാരണമില്ലാത്തൊരു നിശബ്ദത പാലിച്ചു കിടന്നു.


"സൈമണിനെ ഞാൻ നിന്റെ എഫ്.ബി. പിക് കാണിച്ചു. സുന്ദരനാണെന്നു പറഞ്ഞു..."

അവൾ വീണ്ടും തുടക്കമിട്ടു.

"അവൻ പത്തിലെങ്ങാണ്ടും പഠിക്കുവല്ലേ!?" റൂബൻ ചോദിച്ചു.

“അതെ. അവനും ഞാനും ചെറുപ്പത്തിലേ ഒരു കയ്യാ! ഒരു നല്ല അനുജൻ. 

എല്ലാത്തിനും എനിക്ക് സപ്പോർട്ടാ..."

അവള്‍ ധൃതിയില്‍ മറുപടി നല്‍കി.

"ഹാ...ചെറുക്കൻ വഷളായിപ്പോകാന്‍ ഇനിയൊരു കാരണം വേണ്ട. കിപ്‌ ഇറ്റ്‌ അപ്‌!" മന്ദഹാസം കലര്‍ത്തി അവന്‍ മറുപടി നല്‍കി.

"ഓഹോ...സഹിച്ചോ..."

തമാശകലര്‍ന്ന നിഷേധഭാവത്തില്‍ അവള്‍ മറുപടി നല്‍കി.


"ഹൂം...നമ്മുടെ ക്ലാസ്സിലെ പിള്ളേരൊക്കെ എങ്ങനെ ഉണ്ട്‌?നിനക്കിഷ്ടമായോ നമ്മുടെ കോളേജും ക്ലാസും?"

ചോദ്യഭാവത്തോടെ അവന്റെ വാചകങ്ങള്‍ എത്തി.

"ഒന്നാമത്‌ ഇത്‌ നമ്മുടെ ആദ്യത്തെ യിയറല്ലേ...! നമ്മളെപ്പോലെ വലിയ സ്റ്റാന്‍ഡേര്‍ഡൊന്നും ഇല്ല ബാക്കി ഉള്ളവര്‍ക്ക്‌. പിന്നെ അനുപമയൊക്കെ

നമ്മുടെ ബഡിയല്ലേ..! ഈം...പിന്നെ നീയുള്ളതു കൊണ്ടൊക്കെ... കൊള്ളാം. സീനിയേഴ്‌സ്‌ ആകുമ്പോഴേക്കും എല്ലാം ശരിയാകും.”

അല്പം ഗൗരവത്തോടെത്തന്നെ അവള്‍ മറുപടി നല്‍കി.


“എല്ലാം റെഡിയാക്കാം ബില്ലീ, ഞാനില്ലേ നിന്റെയൊപ്പം!?"

സമാധാനരൂപേണ അവന്റെ മറുപടിയെത്തി.

"ഉവ്വ! ഉണ്ടായാല്‍ മതി. റൂബന്‍ പീറ്റര്‍...”

തമാശകലര്‍ന്ന ആശങ്കാഭാവത്തില്‍ അവള്‍ മറുപടി നല്‍കി.

"മിസ്റ്റര്‍ ബില്ലീ ലൂക്കോസ്‌, ഈ റൂബനെന്നും ഉണ്ടാകും... കട്ടയ്ക്ക്‌."

അവന്റെയീ മറുപടി കേട്ട്‌ ചിരിച്ചു കൊണ്ട്‌ അവള്‍ ചോദിച്ചു;

"മിസ്റ്റര്‍ ബില്ലിയോ?"


ഇതുകേട്ട്‌ അവന്‍ ചോദിച്ചു;

"ആ...മിസ്റ്റര്‍ തന്നെ! ഞാനെങ്ങനെയാ കാണുന്നത്‌! ഫസ്റ്റ്‌ ഇയര്‍ തീരാന്‍ ഇനി അധികം സമയമില്ല. നമ്മുടെ ഫ്രണ്ട്ഷിപ്പിങ്ങനെ വളര്‍ന്നു കൊണ്ടിരിക്കുവല്ലേ... നമുക്കിടയിലിതു വരെ ഒരു ആണ്‍-പെണ്‍ വ്യത്യാസം എനിക്ക്‌ ഫീല്‍ ചെയ്തിട്ടില്ല. നിനക്കെങ്ങനെയാ...?”

അവള്‍ മറുപടി നല്‍കി;

"ഹയ്യോ...ഞാനങ്ങനെയൊന്നും ഉദ്ദേശിച്ച്‌ പറഞ്ഞതല്ല. എന്റെ പൊന്നിന്‌ ഫീല്‍ ചെയ്തോ...? എടാ, നീയെനിക്ക്‌ അനുപമയെക്കാളും വലുതാണെന്നാ തോന്നുന്നത്‌. സന്തോഷമായോ...?"


അവന്റെ മറുപടി എത്തി;

"ഉവ്വേ... പിന്നേയ്‌, ബില്ലിക്ക്‌ കറങ്ങാൻ പോകാന്‍ ഇഷ്ടമാണോ?”

അവള്‍ താല്പര്യം പ്രകടിപ്പിച്ചെന്ന പോലെ മറുപടി നല്‍കി;

"എവിടെ പോകാനാ...? ഞാനങ്ങനെ തനിച്ചൊന്നും ഒരിടത്തുമിതു വരെ

പോയിട്ടില്ല, പപ്പയുടെയും റിലേറ്റിവ്സിന്റെയും കൂടെയല്ലാതെ!"

അവന്റെ മറുപടി വന്നു;

"ഇതൊക്കെയില്ലാതെ ലൈഫില്‍ എന്താ എന്‍ജോയ്മെന്റ്‌? നീ ഓക്കെ ആണേല്‍ ഈ വീക്കെന്‍ഡില്‍ ഒരിടത്തു പോയേക്കാം!"

അവള്‍ ചോദിച്ചു;

"എവിടെയാ...? നമുക്കൊരുമിച്ചു പോകാം. അനുപമയും നമ്മളും."


അവന്‍ മറുപടി നല്‍കി;

"വീക്കെന്റാകാൻ ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോ! രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം. അതു പോരെ?"

സമ്മതഭാവത്തില്‍ അവള്‍ മറുപടി നല്‍കി;

"അതു മതിയെടാ...എന്നാല്‍ ഞാന്‍ കിടന്നോട്ടെ, ഉറക്കം വരുന്നു. നാളെ ക്ളാസ്സുള്ളതല്ലേ... നേരത്തെ വരാം.”

"ഓക്കെ..ബായ്‌" എന്നു പറഞ്ഞു അവന്‍ കോള്‍ കട്ട്‌ ചെയ്തു. ഫോണിന്റെ

സ്ക്രിനില്‍ ഒന്ന്‌ നോക്കിയ ശേഷം ബിലീന തന്റെ കണ്ണുകള്‍ തുറന്നു പിടിച്ചു നേരെ കിടന്നു. മറ്റൊന്നിനുമാകാതെ വന്ന ആ നിമിഷങ്ങളില്‍ അവള്‍ ചിന്തിച്ചു;


'ഇന്നും ബലംപിടിച്ചാണ്‌ റൂബനോട്‌ സംസാരിച്ചത്‌. അവനോട്‌ എപ്പോഴും സംസാരിച്ചിരിക്കുവാന്‍ തോന്നും. കോളേജില്‍ വന്നപ്പോള്‍ മുതല്‍ അവനോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയതാ. പരിചയപ്പെട്ടതു മുതല്‍ അവനെന്തു പറഞ്ഞാലും ചെയ്താലും അനുസരണയോടെ നില്‍ക്കുവാനേ തോന്നൂ... എന്നെക്കൊണ്ടതേ പറ്റൂ എന്നു പറയുന്നതാവും ശരി!'

ഇത്രയും ചിന്തിച്ചതിന്‍ പുറത്ത്‌ അവള്‍ തന്റെ ചെവികള്‍ ഹെഡ്‌സെറ്റില്‍ നിന്നും സ്വതന്ത്രമാക്കി. ശേഷം അവ തന്റെ ബെഡ്ഡിലേക്ക്‌ മാറ്റിയിട്ടു. ഫോണ്‍ തന്റെ നെഞ്ചോടു ചേര്‍ത്തു ഇരുകൈകളാല്‍ പിടിച്ചു കൊണ്ട്‌ അവള്‍ വീണ്ടും ചിന്തയിലാണ്ടു;

'അവനു തന്നോട്‌ മിണ്ടുവാനും അടുക്കുവാനും യാതൊരു ഭയവും ലജ്ജയുമൊന്നും ഇതുവരെ കണ്ടിട്ടില്ല. റിച്ചായിട്ടും അവന്‍ മറ്റുള്ളവരെപ്പോലെയല്ല, എന്നോട്‌ വലിയ ഇഷ്ടമുണ്ട്‌. എല്ലാ കാര്യങ്ങള്‍ക്കും സപ്പോര്‍ട്ട്‌ ചെയ്യും... ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞു തരും...'


ഇത്രയുമായപ്പോഴേക്കും അവള്‍ ഫോണിന്റെ സ്ക്രീനിലേക്ക്‌

ഒരിക്കല്‍ക്കൂടി നോക്കി. കണ്ണുകള്‍ അതില്‍ നിന്നുമൊന്നെടുത്ത ശേഷം ടെക്സ്റ്റ്‌ മെസ്സേജ്‌ ഇന്‍ബോക്സ്‌ വേഗം തുറന്നു. ചെറിയ നിരാശയോടെ, പുതിയ മെസ്സേജുകളൊന്നും വന്നില്ലായെന്നുറപ്പിച്ച്‌ അവള്‍ ഫോണ്‍

ഹെഡ്സെറ്റിനരികിലേക്കിട്ടു. ശേഷം, അവിടേക്ക്‌ ചെരിഞ്ഞു കിടന്നു കൊണ്ട്‌ ചിന്തിച്ചു;

'ഹ്‌...നാളെ നേരത്തെ ക്ളാസില്‍ പോകണം. അവന്‍ എന്നും നേരത്തെ വരും. കുറച്ചു മിണ്ടിയും പറഞ്ഞുമിരുന്നിട്ട്‌ ക്ളാസ്സിലേക്ക്‌ കയറിയാല്‍ മതി.”


ചെറിയൊരു നെടുവീര്‍പ്പിനുശേഷം അവളുടെ കണ്ണുകള്‍ മെല്ലെ

അടഞ്ഞു പോയി. കൂടെ ശരീരമാകെ മെല്ലെ അയഞ്ഞു.


4


തന്റെ ഇടതുകൈയ്യില്‍ ആരോ പിച്ചിയ അനുഭവമുണ്ടായതോടെയാണ്‌

ബിലീനയ്ക്ക്‌ പരിസരബോധം വീണത്‌.


"എന്താ...!"

അല്പം ദേഷ്യംകലര്‍ത്തി സംശയഭാവത്തോടെ അവള്‍ പിച്ചിന്റെ

ഉടമയായ അനുപമയോട്‌ ചോദിച്ചു.

"ദാ... അവിടൊരുത്തന്‍ നിന്നെത്തന്നെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ നേരം കുറെയായി."

ദൃഷ്ടി എതിര്‍വശത്തേക്ക്‌ നീട്ടിക്കൊണ്ട്‌ അനുപമ പറഞ്ഞു. തന്റെ

പരിസരബോധം കൈവിട്ടമട്ടില്‍ വീണ്ടും അവിടേക്കു തന്നെ നോക്കിക്കൊണ്ട്‌ ബിലീന പറഞ്ഞു;

"ഞാനും അവനെത്തന്നെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചായെടി.”


തമാശ കലര്‍ന്ന അത്ഭുതഭാവത്തില്‍ അനുപമ അവളെയൊന്ന്‌ നോക്കി.

ശേഷം പറഞ്ഞു;

"ബസ്‌ ഇപ്പോള്‍ വരും. ഇതൊരു കവലയാ...”

'പോ ഒന്ന്‌' എന്ന ഭാവത്തില്‍ തന്റെ ലക്ഷ്യത്തില്‍ നിന്നും കണ്ണുകളെടുക്കാതെ ബിലീന നിന്നു; കോളേജ്‌ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളും മറ്റു ആളുകളും തിങ്ങി നിറഞ്ഞൊരു കവലയിലാണ്‌ താനിപ്പോള്‍ എന്നറിയാമായിരുന്നിട്ടും!


അവള്‍ തന്റെ നില്പങ്ങനെ തുടര്‍ന്നു വന്നപ്പോഴേക്കും ബസ്‌ എത്തി.

അത്ഭുതവും ഭാഗ്യവുമെന്നവണ്ണം കൃത്യം അവളുടെ മുന്നില്‍, ചേര്‍ന്ന്‌

ഡോറിന്റെ ഭാഗം വരത്തക്കരീതിയില്‍ ബസ്‌ വന്നു നിന്നു. ഡോര്‍മെന്‍

ഇറങ്ങിയതും ബിലീന തന്റെ ഇടതുതോളിലിട്ടിരിക്കുന്ന ബാഗുമായി

ബസിലേക്ക്‌ ചാടിക്കയറി, പിറകെ അനുപമയും;നേരെ കയറിച്ചെന്നത്‌ ഒരു ഒഴിഞ്ഞ സീറ്റിലേക്കാണ്‌. അവള്‍ വേഗം അവിടെ കയറിയിരുന്നു.

അടുത്തായി അനുപമ ഇരുന്നതു പോലുമറിയാതെ, ശ്രദ്ധിക്കാതെ ബിലീന വലത്തേക്ക്‌ നോക്കി, തന്റെ ലക്ഷ്യത്തില്‍ നിന്നും കണ്ണുകളെടുക്കാതെ ഇരുന്നു.


ഈ സമയം ബസിലേക്ക്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കി

കയറിക്കൊണ്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞതോടെ താന്‍ മെല്ലെ മുന്നോട്ട്‌ നീങ്ങിത്തുടങ്ങുന്നതായി അവള്‍ക്ക്‌ തോന്നി. തന്റെ

ലക്ഷ്യത്തില്‍ നിന്നു കണ്ണുകള്‍ പറിഞ്ഞു പോകും വരെ അവള്‍ പഴയപടി തന്നെ ഇരുന്നു. ബസ്‌ വേഗത്തില്‍ ചലനം തുടങ്ങിയതോടെ ചെറിയൊരു

നെടുവീര്‍പ്പിന്റെ സഹായത്തോടെ തന്റെ തോളിലെ ബാഗ്‌ ബലത്തില്‍ ഊരി മടിയില്‍വെച്ച ശേഷം ചുണ്ടുകള്‍ പരസ്പരം അമര്‍ത്തി ബിലീന

മന്ദഹസിച്ചിരുന്നു. പെട്ടെന്നു തന്നെ അവള്‍ ഇടത്തേക്ക്‌ തലതിരിച്ചു. ബാഗ്‌ ഊരിയത്തിന്റെ നഷ്ടം സഹിച്ചു കൊണ്ട്‌ അനുപമ ചെറിയ

ദേഷ്യഭാവത്തോടെ അവളെ നോക്കിയിരുന്നു.


'എന്താ' എന്നൊന്ന്‌ മൂളിക്കൊണ്ട്‌ ചിരിയോടെ ബിലീന അവളോട്‌ ചോദിച്ചു; "എന്താ...?"

അവളുടെ ചിരി കണ്ടു അനുപമ അറിയാതെ ചിരിച്ചു പോയി, മെല്ലെ-

മനസ്സിലായി എന്നമട്ടില്‍ തലകുലിക്കിക്കൊണ്ട്‌.

"ആരാടീ അത്‌? ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലല്ലോ..."

അനുപമ അക്ഷമയായി ചോദിച്ചു.

"ഞാന്‍ ഇതിനു മുന്‍പ്‌ കണ്ടിട്ടുണ്ടല്ലോ!”

കൂസലന്യേ ഇങ്ങനെ പറഞ്ഞു കൊണ്ട്‌ ബിലീന പുറത്തേക്ക്‌

നോക്കിയിരുന്നു. അല്പ സമയം കഴിഞ്ഞില്ല 'എന്താ സത്യത്തില്‍ നടക്കുന്നത്‌" എന്ന ഭാവത്തോടെ അനുപമ അവളെ തോണ്ടി വിളിച്ചു.


"രണ്ടു മൂന്നു ദിവസമായി ഒരു പരിചയക്കാരന്‍ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ തിരിച്ചും. ഇനി വല്ലതും

അറിയണോ...?"

വലതുകൈപ്പത്തിയുടെ സഹായത്തോടെ അനുപമയോട്‌ അവള്‍ ഇങ്ങനെ പറഞ്ഞു.

"ഓഹോ... ആയിക്കോട്ടെ. ഞാനറിയാതെ ഇതൊക്കെ നടക്കുന്നുണ്ടല്ലോ,

നടന്നോ... നടക്കട്ടെ..."

തമാശകലര്‍ന്ന പിണക്കഭാവത്തില്‍, അനുപമ അവളുടെ നേരെ

നോക്കാതെ തന്നെ ഇരുകൈകളും തന്റെ മടിയിലിരുന്നിരുന്ന ബാഗില്‍

ഒരുമിച്ചമര്‍ത്തിപ്പിടിച്ചു ഇരുന്നു. 'വലിയ കാര്യമായിപ്പോയി' എന്ന

ഭാവത്തില്‍ ബിലീനയും ചിരിയോടെ പുറത്തേക്കു നോക്കിയിരുന്നു.


സമയം കുറച്ചു കടന്നു പോയതോടെ അവര്‍ക്കിരുവര്‍ക്കും ഇറങ്ങേണ്ട

സ്റ്റോപ്പ്‌ എത്തി. തിക്കിലും തിരക്കിലും പെട്ട്‌ പതിവുപോലെ കുറച്ചു

വിദ്യാര്‍ത്ഥിനികളോടൊപ്പം കണ്‍സെഷന്റെ രൂപാ ഡോര്‍മാനെ ഏല്‍പ്പിച്ചു ബിലീനയും അനുപമയും ഇറങ്ങി മുന്നോട്ടുള്ള വഴിയിലൂടെ നടന്നു. അത്യാവശ്യമൊരു കവലയെന്നു പറയാമായിരുന്ന ആ സ്ഥലത്തായി വിദ്യാര്‍ത്ഥിനികളെ കാത്തു പ്രായഭേദമന്യേ ആളുകള്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.


"നീ ശ്രദ്ധിച്ചോ..., അവനൊരു പ്രത്യേക സന്ദര്യമല്ലേടി?"

മെല്ലെയുള്ള നടത്തത്തിനിടയില്‍ ബിലീന മുന്നോട്ടു നോക്കിത്തന്നെ

അനുപമയോട്‌ ചോദിച്ചു.

"ശരിയാടി. അവനെപ്പോലെ സൗന്ദര്യമുള്ള ഒരു ബുള്ളറ്റും കൈയിലുണ്ട്‌."

എരിതീയില്‍ എണ്ണയൊഴിക്കും പോലെ അനുപമ തമാശരൂപേണ മറുപടി

നല്‍കി.

"പള്ളിയില്‍വെച്ചു പലതവണ ഞാനവനെ മുന്‍പ്‌ കണ്ടിട്ടുണ്ടെടി..."

അവള്‍ പറഞ്ഞുതീരും മുമ്പ്‌ അനുപമ ഇടയ്ക്കു കയറി;

"എടീ ഭയങ്കരീ... ഒരു വര്‍ഷം കോളേജില്‍ ഒരുമിച്ചു പോയി ഇതിപ്പോള്‍ രണ്ടാം വര്‍ഷം തുടങ്ങി ദിവസങ്ങളായി. ഒരുവാക്ക്‌ നീയെന്നോട്‌

പറഞ്ഞില്ലല്ലോടീ ബില്ലി...?"

ചുണ്ടുകള്‍ പരസ്പരം അമര്‍ത്തിയുള്ളൊരു മന്ദഹാസം മാത്രമേ

മറുപടിയായി അവള്‍ക്കുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അനുപമയ്ക്ക്‌

വഴിപിരിയുവാനുള്ള റോഡിലെ തിരിവ്‌ എത്തിയിരുന്നു.


"നാളെ കാണാം,ബായ്‌!"

പതിവുപോലെ ഗൗരവം നല്‍കാതെ ബിലീന പറഞ്ഞു അനുപമയോടായി.

"ശരി... ഉം...ആയിക്കോട്ടെ. ഇന്ന്‌ കലക്കും പെണ്ണ്‌...”

ആക്കിയ പോലെയൊരു മറുപടി സമ്മാനിച്ചു അനുപമ മറഞ്ഞു.

എന്തിനെന്നില്ലാതെയൊരു നെറ്റിചുളിച്ചു ബിലീന തന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു.


5


വാഹനങ്ങള്‍ ബ്ലോക്ക്മൂലം മുന്നോട്ടും പിറകോട്ടും പൊയ്ക്കൊണ്ടിരുന്നു.

അപ്പോഴേക്കും റോഡിന്‌ എതിര്‍വശത്തായി റൂബന്‍ നിന്നു കൊണ്ട്‌ തന്റെ കൈവീശിക്കാണിച്ചു, ചിരിയോടെ. റോഡിലെ തിരക്കു മൂലം തന്റെയടുത്തേക്ക്‌ വരുവാന്‍ വിഷമിക്കുന്ന ബിലീനയെയും അനുപമയെയും, അവന്‍ റോഡ്‌ ബുദ്ധിപൂര്‍വ്വം ക്രോസ്സ്ചെയ്തു ചെന്ന്‌ താന്‍ നിന്നിരുന്നിടത്തേക്ക്‌ നയിച്ചു കൊണ്ടു വന്നു.


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama