Binu R

Fantasy Thriller

4  

Binu R

Fantasy Thriller

മംഗലശ്ശേരി. 7

മംഗലശ്ശേരി. 7

2 mins
239


  വീട്ടിൽ വന്നു കയറുമ്പോൾ വിനയന്റെ അമ്മ കാത്തുനില്ക്കുന്നതുപോലെ, മുറ്റത്തു ചെടികൾ നനയ്ക്കുന്നു. കണ്ടപാടെ ഹോസ് നിലത്തിട്ട് സാരിയിൽ കൈ തുടച്ചു കൊണ്ടു പറഞ്ഞു.. 


--' ഞാൻ കാത്തുനില്ക്കുകയായിരുന്നു. ഒരു എഴുത്തുണ്ട്. '


  ആരുടെതെന്ന് മനസ്സിൽ വ്യക്തമായിരുന്നു.ജിജ്ഞാസയുമുണ്ടായിരുന്നു എങ്കിലും, അമ്മയോട് പറഞ്ഞത്, 


'ഞാൻ ഒന്ന് കുളിച്ചിട്ടുവരാം.'


 നേരെ കിണറ്റുകരയിലേക്ക് നടന്നു. മുറ്റത്തിന്റെ മൂലയിൽ നിന്നിരുന്ന അശോകമരം നിറയെ പൂക്കളൊരുക്കി ചിരിച്ചുനിന്നു തലയാട്ടി, തന്റെ കള്ളത്തരം കണ്ടുപിടിച്ചപോലെ. 


     ഇന്ദു. ഇന്ദുവിന്റേതാവും കത്ത്. അവൾക്കുമാത്രമേ ഇവിടുള്ള അഡ്രസ്സ് കൊടുത്തിരുന്നുള്ളൂ. അവൾ വരാമെന്നു പറഞ്ഞിരുന്നു. ഇന്ദു, തന്റെ മനസ്സ് കണ്ടെത്തിയവൾ. 


പെട്ടെന്ന് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്നത് കണ്ടു. കുളികഴിഞ്ഞു പെട്ടെന്ന് അകത്തേയ്ക്കു കയറിയതുകൊണ്ട് മഴ നനഞ്ഞില്ല. അകത്തു കയറിയപ്പോഴേക്കും മഴ ഇരച്ചെത്തിക്കഴിഞ്ഞിരുന്നു. ഇപ്പോഴെന്താ ഇങ്ങനെ..!. മഴപെയ്യുന്ന കാലമല്ല. തുലാവർഷം കഴിഞ്ഞുപോയി. കാലാവർഷത്തിലേക്ക് ഇനി കാലവുമുണ്ട്.! വേനലാവുന്നേയുള്ളു. പിന്നെ... !.


   മുറിയിലെത്തുമ്പോൾ രാധ ഒരു സ്റ്റീൽ കപ്പിൽ ചായയും ഒരു ഗ്ലാസ്സുമായി കടന്നുവന്നു. അവൾ ഒരു ഹാഫ് സാരി ഉടുത്തിരിക്കുന്നു. ആ വേഷത്തിൽ അവൾ സുന്ദരിയാണ്. കണ്ടിട്ടും കാണാത്തപോലെ അയാൾ നിന്നു. ചായ പകർന്നു തന്നുകൊണ്ട് കത്ത് ഏൽപ്പിച്ചു. 


തിമിർത്തുപെയ്യുന്ന മഴയുടെ ശബ്ദം മാത്രം. രാധ തിരിഞ്ഞു നടന്നുപോയി. 


ഉണ്ണിക്കുട്ടാ !... എന്ന വിളി അകലങ്ങളിൽ നിന്നു വന്ന് തന്നെ ചുറ്റിപ്പറ്റി വന്നു പോയത് അറിഞ്ഞു. അയാൾ ജനലിനരികിൽ വന്ന് പുറത്തു മഴ പെയ്യുന്നത് നോക്കി നിന്നു. മിന്നലുകൾ ആകാശത്തു ചിത്രങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു. ഇടിമുഴക്കങ്ങൾ മച്ചിൽ തേങ്ങ വാരിയിടുന്നതുപോലെ. മുറ്റത്തെ അശോകമരം ആകെ മഴ നനഞ്ഞു നാണത്താൽ കൂമ്പിയതുപോലെ. ദൂരെ ആകാശത്തിൽ നീല നിറം വിരിച്ചിട്ടതുപോലെ. 


   കത്തു പൊട്ടിച്ചു വായിക്കുമ്പോൾ ഒന്നു മനസ്സിലായി. അവൾ നാളെയോ മറ്റന്നാളോ എത്തും,... ഇന്ദു. 


മഴ ശമിക്കുകയാണെന്ന് വ്യക്തമായി. ഓടിൽനിന്നും വീഴുന്ന മഴത്തുള്ളികളുടെ ഗതിവേഗം കുറഞ്ഞു. ഉണ്ണി മുറ്റത്തേക്കിറങ്ങി. അശോക ചെത്തിമരത്തിന്റെ ചുവട്ടിലേക്ക് നടന്നു. ഉണ്ണിയോടൊപ്പം എന്നപോലെ വീശിയെത്തിയ മന്ദമാരുതൻ അശോകമരച്ചില്ലകളിൽ മുത്തുപോൽ തിളങ്ങിയ വെള്ളത്തുള്ളികൾ ഉണ്ണിയിലേയ്ക്ക് വാരി വിതറി.അയാൾ ഒരു നിമിഷം തരിച്ചു നിന്നു. 


ഇന്ദു... അവൾ എവിടെയാണ്.. നാട്ടിലെത്തിയോ, ആവോ !.അവൾ ഇങ്ങോട്ടേക്ക് വരുമെന്നു പറഞ്ഞിരിക്കുന്നു. മുംബൈയിൽ വളർന്നതുകൊണ്ടാവും അവൾക്ക് നല്ല തന്റേടമാണ്... എന്താടീ എന്നു ചോദിച്ചാൽ പോടാ എന്ന് ഈസിയായി പറയുന്ന സ്വഭാവം. പക്ഷേ, അവളിലെവിടെയോ തന്നോടുള്ള ഒരു വിധേയത്വം നിറഞ്ഞു നിൽപ്പുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... 


എങ്ങനെ, എവിടെ വച്ചാണവളെ ആദ്യമായി കണ്ടതെന്ന് പലവട്ടം മനസ്സിൽ ചികഞ്ഞു നോക്കിയിട്ടുണ്ട്. ഒരിക്കൽ തന്റെ അനുജത്തിയോടൊപ്പം വീട്ടിൽ വന്നു. മലയാളിയെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. എപ്പോഴെങ്കിലും കാണുമ്പോൾ, ഒരു ചിരി, രണ്ടുവാക്ക്. അത്രമാത്രം. 


ഒരിക്കൽ, തന്റെ കോളേജിലാണ് അവളും പഠിക്കുന്നതെന്നറിഞ്ഞപ്പോൾ, കണ്ടപ്പോൾ വെറുതേ ഒരു കുശലമെന്നവണ്ണം ചോദിച്ചു... 


'മിനിയുമായി എങ്ങനെ.. !! കഴിഞ്ഞദിവസം അവളുടെയൊപ്പം... വീട്ടിൽ ഇരിക്കുന്നത് കണ്ടു.. !'


ഇന്ദു, എത്രയോ നാളത്തെ പരിചയം പോലെ വാചാലയായി മറുപടി തന്നു... 


' മിനിയുടെ ചേട്ടനെന്നറിഞ്ഞത് അന്നാണ്. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്... ബസ്സിൽ വച്ചു കണ്ടപരിചയം... പിന്നെ ഞങ്ങൾ പെട്ടെന്നടുത്തു... എന്റെ സ്വഭാവത്തിന് ചേരുന്നവൾ.. എന്നെപ്പോലെ ശാലീനത കാത്തുസൂക്ഷിക്കുന്നവൾ... '


അവളെ കാണുമ്പോൾ, അടുത്തുവരുമ്പോൾ മനസ്സ് സന്തോഷപ്രദമാകും.. പക്ഷേ, ഒരിക്കലും പ്രേമം എന്ന വാക്ക് പറഞ്ഞ് അതിനെ വികൃതമാക്കിയിട്ടില്ല.


   .....


     ഇന്ദു റയിൽവേ സ്റ്റേഷനടുത്തുള്ള ടൗണിൽ എത്തുമ്പോൾ സമയം ഉച്ച  കഴിഞ്ഞിരുന്നു.. ഉത്തരേന്ത്യൻ സിനിമസ്റ്റൈലിൽ വേഷവിധാനവും ചെയ്ത്, ഒരുകൂളിംഗ്ലാസും വച്ചു, കഴുത്തിലൊരു ഉറുമാലും ചുറ്റി പഴയ മൗസുമി ചാറ്റാർജിയെ പോലെ പാറിപ്പറന്ന നീളൻ തലമുടിയുമായ് അവൾ ഒരു മാടക്കടയുടെ മുൻപിൽ തന്റെ ഫിയറ്റ് കാർ നിറുത്തി ഇഞ്ചക്കരക്കുള്ള വഴി തിരഞ്ഞു.


കടയുടെ മുമ്പിൽ ഇട്ടിരുന്ന ബെഞ്ചിലിരുന്ന തൈക്കിളവന്മാർ ആകാംക്ഷാപൂർവം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുവന്ന യുവതിയെ നോക്കി.

അവരിലൊരാൾ പറഞ്ഞതുപോലെ അടുത്ത ചെറു നാട്ടുകവലയിൽ നിന്നും ഇഞ്ചക്കരയിലേക്ക് തിരിഞ്ഞു. സസ്യസമൃദ്ധമായ നാട്ടുവഴി.കുണ്ടും കുഴിയുമെങ്കിലും തന്റെ ചെറിയ കാർ അതിലിറങ്ങി ചാടിയും ചാഞ്ചാടിയും പോയപ്പോൾ അവളുടെ സ്വപ്‌നങ്ങൾ ഉണരുകയായിരുന്നു.


       - തുടരും... 



Rate this content
Log in

Similar malayalam story from Fantasy