ഇഷ്ടങ്ങൾ
ഇഷ്ടങ്ങൾ
ആദ്യമായിട്ടാണ് അവർ നേരിൽ കാണുന്നത്. കടൽത്തീരത്തെ പാർക്കിൽ വെച്ചു കാണാം എന്ന് പറഞ്ഞത് അയാൾക്കിഷ്ടമുള്ള സ്ഥലമായതുകൊണ്ടാണ്. അയാൾ അയാളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങി.
“എനിക്ക് കടൽത്തീരം വളരെ ഇഷ്ടമാണ്, യാത്രകൾ, പുസ്തകങ്ങൾ, ചില ഹോട്ടലിൽ മാത്രം സ്പെഷ്യൽ ആയി കിട്ടുന്ന മിന്റ് ടീ... പിന്നെ കുറെ നേരം ഇങ്ങനെ സംസാരിച്ചിരിക്കാനും എനിക്കിഷ്ടമാണ് , നിന്റെ ഇഷ്ടങ്ങൾ എന്തൊക്കയാണ്??”
അവൾ പെട്ടെന്നു തന്നെ പറഞ്ഞു “ഒന്നും മിണ്ടാതെ വെറുതെ ഇരിക്കാനാണ് എനിക്കിഷ്ടം. അധികം സംസാരിക്കുന്നത് എനിക്കിഷ്ടമല്ല..”
പിന്നീടവർ ഒന്നും സംസാരിച്ചില്ല, വീണ്ടും കുറെ തവണ അവർ നേരിൽ കണ്ടു പക്ഷെ സംസാരിക്കാറിലായിരുന്നു..
നിശബ്ദത മാത്രം ..അവരുടെ നിശ്ശബ്ദതകപ്പുറത്തു കടൽ എപ്പോഴും ഇരമ്പി നിന്നു .... പിന്നീടൊരു കണ്ടുമുട്ടലിൽ അയാൾ അവൾക്കൊരു എഴുത്തു സമ്മാനിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ നടന്നു…അകന്നു പോവുന്നത് അവൾ അറിഞ്ഞെങ്കിലും തടയാൻ തോന്നിയില്ല. അയാൾ തിരിഞ്ഞു നോക്കിയതും ഇല്ല…
അയാളുടെ അടക്കമുള്ള കൈയക്ഷരത്തിൽ കുറെ നാളത്തെ വീർപ്പുമുട്ടലുകൾ എഴുതിയിരുന്നു..ഇപ്പോൾ യാത്രയാവുന്നത് അയാളുടെ ഇഷ്ടങ്ങളിലേക്കാണ് … പകൽ അകന്നു തുടങ്ങീയിരിക്കുന്നു അവൾ താമസസ്ഥലത്തേക്ക് പോവുകയും തനിക്കേറ്റവും പ്രിയപ്പെട്ട പുസ്തകത്തിനിടയിൽ ആ എഴുത്തെടുത്തു വെക്കുകയും ചെയ്തു.. ആ പുസ്തകത്തിലെവിടെയോ നിർജീവമായികിടക്കുന്നുണ്ടവളുടെ അപാരമായ ഇഷ്ടങ്ങൾ....!

