Hibon Chacko

Drama Inspirational

3  

Hibon Chacko

Drama Inspirational

ഗുരുവും ശിഷ്യനും

ഗുരുവും ശിഷ്യനും

1 min
351


ഒരിക്കൽ ഒരു ശിഷ്യൻ ചങ്ങാതിമാരോടൊപ്പം തന്റെ പഴയ ഗുരുവിനെ കാണുവാൻ പോയി. ഗുരുവിന്റെ ആശ്രമത്തിൽ എത്തിയപ്പോൾ അദ്ദേഹം സ്നാനം ചെയ്യുവാൻ പോയിരിക്കുകയാണ് എന്ന് അവർക്ക് അറിയുവാൻ സാധിച്ചു. തിരക്ക് കഴിഞ്ഞു ഗുരു വരുന്നതും കാത്ത് ശിഷ്യനും കൂട്ടരും ആശ്രമത്തിലൊരിടത്തു വിശ്രമിക്കുവാൻ തീരുമാനിച്ചു.


 ആശ്രമവാസികൾ ധ്യാനിക്കുകയും ഒഴിവുസമയം ചിലവിടുകയുമൊക്കെ ചെയ്യുന്നൊരിടത്തു, കുറച്ചു ആശ്രമവാസികളോടൊപ്പം അവർ ഇരുന്നു. അല്പസമയം കടന്നുപോയതോടെ അവരൊഴിച്ചുള്ള ആശ്രമവാസികൾ പെട്ടെന്ന് നിശബ്ദരായി! അവിടേക്ക് മറ്റൊരു ഗുരു തന്റെ സഹായികളോടൊപ്പം കടന്നു വന്നു. ആ ഗുരുവിന്റെ മുഖം കണ്ട് ശിഷ്യന്റെ ചങ്ങാതിമാർ ഞെട്ടി! ഗുരു കടന്നുപോകുംവഴി എല്ലാവരും ബഹുമാനപൂർവം എഴുന്നേറ്റു നിന്നത്തോടെ ഇവരും അതിനായി നിർബന്ധിതരായ പോലെയായി.


 ആരുടേയും ബഹുമാനത്തെ വകവെയ്ക്കാതെ ഗുരുവും സഹായികളും അതുവഴി വേഗം കടന്നുപോയി. അപ്പോഴേക്കും, സ്നാനം കഴിഞ്ഞെത്തിയ ഗുരു അതിഥികളെ സ്വാഗതം ചെയ്യുന്നതായ വാർത്തയുമായി ഒരു സഹായി എത്തി. തന്റെ പഴയ ഗുരുവിനെ കണ്ട് സന്തോഷവും സ്നേഹവും പങ്കിട്ടു ശിഷ്യനും ചങ്ങാതിമാരും തിരികെ യാത്രയായി.


“ഒരുകാലത്ത് നാമേവരെയും അഹന്തയാൽ പലവിധത്തിൽ ഉപദ്രവിച്ച ആ ഗുരുവിനെ എല്ലാവരുടെയുമൊപ്പം എഴുന്നേറ്റു നിന്ന് ബഹുമാനിക്കേണ്ടി വന്നുപോയല്ലോ! ഇത്തരമൊരു മാനക്കേട് ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയതല്ല... വിധി...! അല്ലാതെന്തു പറയാൻ!”

യാത്രമദ്ധ്യേ ഒരു ചങ്ങാതി മറ്റേവരോടുമായി ഇങ്ങനെ പറഞ്ഞു.


എന്നാൽ ശിഷ്യൻ മറുപടിയായി ഒന്ന്‌ ചിരിച്ചതേയുള്ളൂ! അതുകണ്ട മറ്റൊരു ചങ്ങാതി ശിഷ്യനോട് ചോദിച്ചു;

“ഞങ്ങൾക്കെല്ലാം വലിയ അപമാനം തോന്നുന്നുണ്ട്. നിനക്കെന്താ..., ലജ്ജ തോന്നുന്നില്ലേ!?”

ശിഷ്യൻ ചെറിയൊരു പുഞ്ചിരിയോടെ മറുപടി നൽകി;


“ചങ്ങാതിമാരേ, ചെറുപ്പം മുതൽ എന്നേക്കാൾ മുതിർന്നവരെ ബഹുമാനിക്കുവാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്! അതു പോലെ, മുതിർന്നവരെ കാണുമ്പോൾ ബഹുമാനസൂചകമായി എഴുന്നേൽക്കുവാനും ഞാൻ തയ്യാറായിരുന്നു. ഇപ്പോഴും എന്നെ സംബന്ധിച്ച് അത്രയേ സംഭവിച്ചുള്ളൂ...!”


ശിഷ്യന്റെ ഈ വാചകങ്ങൾ കേട്ട് മറ്റുള്ളവർ അല്പസമയത്തേക്കെങ്കിലും ലജ്ജയിൽ മുഴുകിപ്പോയി.


Rate this content
Log in

Similar malayalam story from Drama