Hibon Chacko

Drama Thriller

4.1  

Hibon Chacko

Drama Thriller

ദി ഓപ്പറേറ്റർ (ഭാഗം -1)

ദി ഓപ്പറേറ്റർ (ഭാഗം -1)

3 mins
335


സമയം രാത്രി 11 മണി. ആലോചനയിലാണ്ടിരിക്കുകയാണ് താനെന്ന ബോധം അവൾക്ക് വന്ന നിമിഷം, അതിന്റെ ബാക്കിപത്രമായി വളരെ പതിയെ തലമുടിയിഴകളിലെ ഈർപ്പം തോർത്തി കളഞ്ഞു കൊണ്ടിരിക്കുകയാണ് താനെന്നത്, കണ്ണുകളുടെയും മുന്നിലെ മിററിന്റെയും സഹായത്താൽ അവൾ മനസ്സിലാക്കി. അടുത്ത നിമിഷം അവൾ തന്റെ പ്രഫഷന് ചേർന്നവിധം മുടിയാകെ കെട്ടിവെച്ച് താൻ ധരിച്ചിരിക്കുന്ന ഒ.ടി. ഗൗൺ ആകെയൊന്ന് നോക്കി -കുളിച്ചു വന്നയുടൻ അണിഞ്ഞതായതിനാൽ അവളാകെ അവയോടൊപ്പം വിയർത്തു തുടങ്ങിയിരുന്നു. ഒരു നിമിഷം കൊണ്ട്, ശ്വാസമൊന്ന് വലിച്ചു നിശ്വസിച്ച് അവൾ ഉറച്ചു നിന്നു. 


ശേഷം തിരിഞ്ഞതോടെ തന്റെ വർക്ക്മേറ്റ് ആയ ഡോക്ടർ ആരാധന കൃഷ്ണൻ പുതച്ചു മൂടിക്കിടന്നുറങ്ങുന്നത് കണ്ടതോടെ അവിടേക്ക് നീങ്ങി ബെഡ്‌ഡിൽ അലക്ഷ്യമായി കിടന്നു പോന്നിരുന്ന ആരാധനയുടെ മൊബൈൽ അവൾ കൈയിലെടുത്തു. സ്ക്രീൻ ഓൺ ആക്കിയപ്പോൾ വളരെ നേരമായി ഏതോ ഒരു ‘അനുപേഷ്’ ന്റെ തുടർച്ചയായ മെസ്സേജുകൾ മറുപടി ലഭിക്കാതെ വിഷമിച്ചു കിടക്കുന്നത് അവൾ കണ്ടു. സ്ക്രീൻ ബാക്ക് ആക്കി ഓഫ് ചെയ്യുന്നതിനിടയിൽ ആരാധനയെ അവളൊന്നുകൂടി നോക്കിയ ശേഷം തലയുടെ വശത്ത് ഭദ്രമായി മൊബൈൽ വെച്ചു. 


അത്യാവശ്യം എല്ലാ സൗകര്യങ്ങളും നിറഞ്ഞ തങ്ങളുടെ റൂം പുറത്തു നിന്നും മെല്ലെ ലോക്ക്ചെയ്ത് നഗ്നമായ പാദങ്ങളുടെ സഹായത്തോടെ, അവൾ ഇടംവലം തന്റെ കണ്ണുകൾ പായിച്ച് ഇരുട്ടിലൂടെ നടന്നു. ഈ അപ്പാർട്മെന്റിൽ സ്റ്റേ ചെയ്യുന്ന ഡോക്ടർമാരുടെ ഡ്യൂട്ടി നേരത്തേ കഴിഞ്ഞിരുന്നതിനാൽ ആകെ ഇരുട്ടിലാണ്ടു കിടന്നിരുന്നു. 


രണ്ടാം നിലയിൽ നിന്നും സ്റ്റെപ്പുകൾ മന്ദം-മന്ദം താഴേക്കിറങ്ങുന്നതിനിടയിൽ വലത്തു പോക്കറ്റിൽ ഫോൺ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ ഇടതുപോക്കറ്റില്നിന്നും രണ്ടുമൂന്നു വലിയ കറൻസിനോട്ടുകൾ കയ്യിൽ ചുരുട്ടിയെടുത്തു പിടിച്ചു. സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും സെക്യൂരിറ്റി, ചെയറിൽ ആടിയിരിക്കുന്നത് നേരിയ നിലാവെളിച്ചത്തിൽ കാണാമെന്നായി. അല്പം മുൻപെപ്പോഴോ കത്തിയെരിഞ്ഞു തീർന്ന സിഗരറ്റിന്റെ ഗന്ധം അവിടമാകെ പാറിനടക്കുന്നുണ്ടായിരുന്നു. കൈയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന കറൻസികൾ അവൾ അയാൾക്കു നേരെ നീട്ടിയപ്പോൾ, കൈവിരലുകൾ ടേബിളിലെന്നവണ്ണം ഇരിക്കുന്ന മദ്യക്കുപ്പിയിൽ തട്ടി. പതിവു പോലെയെന്ന പോലെ ആ ശബ്ദവും ചുരുണ്ടു കിടക്കുന്ന കറൻസികളും, മദ്യലഹരിയിലും അയാളെ പുളകം കൊള്ളിച്ചു.


അയാൾ വെപ്രാളം കാണിച്ച് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചതോടെ, ചുരുട്ടിയ കറൻസികൾ അവൾ ടേബിളിലേക്കിട്ട് മുന്നിലെ വിശാലമായ മൈതാനത്തിലേക്കിറങ്ങി നടന്നു. നേരിയ നിലാവെളിച്ചത്തിനൊപ്പം അവിടമാകെ നനുത്ത തണുപ്പ് വിഹരിച്ചു തുടങ്ങിയിരുന്നു. എന്നിരിക്കിലും, തോറ്റു കൊടുക്കുവാൻ തയ്യാറല്ലെന്നമട്ടിൽ അവളുടെ ശരീരം പതുക്കെ നനഞ്ഞു കൊണ്ടിരുന്നു, വേഗത്തിൽ നടക്കുന്നതിനൊപ്പം. 


മൈതാനത്തിന്റെ കവാടവാതിൽ പൂട്ടിയിരിക്കുകയാണ്. അതിന് വലതുവശത്തായി മാറി ചെറിയൊരു അഴുക്കു ചാലുണ്ട്. കുറച്ചു ദിവസങ്ങളിലായി മഴപെയ്യാത്തതിനാൽ അവിടമാകെ വറ്റിവരണ്ടുണങ്ങി കിടക്കുകയായിരുന്നു. അവൾ ഒരു വിധം, ഒരാൾക്കു മാത്രം കഷ്ടിച്ച് സഞ്ചരിക്കാവുന്ന ആ ചാലിലേക്ക് ഇറങ്ങി നടന്നു. ചുറ്റും ഉയർന്നു നിൽക്കുന്ന ഇരുഭിത്തികളിലും ശരീരം ഉരയ്ക്കപ്പെട്ടും മറ്റും അവൾ വേഗത്തിൽത്തന്നെ നീങ്ങിക്കൊണ്ടിരുന്നു. അതിന്റെ അവസാനം കുറുകെയൊരു ചെറിയ റോഡും അവൾക്കു മുന്നിലായി ചെറിയൊരു ഗേറ്റുമായിരുന്നു. അല്പം ബുദ്ധിമുട്ടി അവളാ ഗേറ്റ് വലിഞ്ഞു കയറി റോഡിലിറങ്ങിയ ശേഷം ഇരുവശങ്ങളിലേക്കും കണ്ണുകൾ ഓടിച്ചു. നിലാവെളിച്ചത്തെ അപ്പാടെ കാർമേഘങ്ങൾ മൂടിത്തുടങ്ങിയിരുന്നു. പരന്നു കിടക്കുന്ന ഇരുട്ടിനൊപ്പം വിജനമായിരുന്നു ആ പ്രദേശമാകെ.


റോഡിന്റെ അരികുപറ്റി അവൾ, വന്നവഴിയിൽ നിന്നും വലത്തേക്ക് നടന്നു. വേഗത്തിലുള്ള നടത്തത്തിനിടയിൽ അവളുടെ പോക്കറ്റില്നിന്നും, സൈലന്റിലായിരുന്ന ഫോണിന്റെ സ്ക്രീൻ ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു. അധികസമയം തികയുന്നതിനു മുന്പേ സാമാന്യം വലുപ്പംചെന്നൊരു ഗേറ്റിനു മുന്നിൽ അവൾ എത്തി. ഗേറ്റിനു ഇരുവശത്തേക്കും വലിയ ചുറ്റുമതിൽ നീണ്ടുകിടക്കുന്നു. ഗേറ്റിനു മുന്നിലൂടെ ഇടത്തേക്ക് നീണ്ടുപോയിരുന്ന, അവൾ വന്ന ചെറിയ റോഡിൽ ആ വളവിനു ഇടതുഭാഗം മുതൽ മുന്നോട്ടു മരങ്ങൾ തിങ്ങിനിൽക്കുന്നൊരു സ്ഥലമായിരുന്നു. 


 റോഡിനും മരങ്ങൾക്കുമിടയിൽ ആരുടേയും ശ്രദ്ധ പെട്ടെന്ന് ലഭിക്കാത്ത വിധത്തിൽ ഒരു കറുത്ത ‘താർ’ കിടന്നിരുന്നു. നിമിത്തമെന്ന പോലെ അത് ശ്രദ്ധിക്കാതെ അവൾ വലത്തേക്ക്, വലിയ മതിലിനോടു ചേർന്നു വേഗം നടന്നു. കുറച്ചു മുൻപോട്ടു ചെന്നപ്പോഴേക്കും മതിലിനൊരു ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഭാഗം കാണാമെന്നായി. അവൾ മെല്ലെ അതുവഴി അകത്തേക്ക് പ്രവേശിച്ചു. ചുറ്റും കണ്ണുകളോടിച്ചു മുന്നിൽക്കാണുന്ന പാർക്കിങ് ബേസ്‌മെന്റിലേക്ക് അവൾ വേഗം നടന്ന് അതിന്റെ മധ്യഭാഗത്തെത്തി. ചുറ്റും ആകെ ഇരുട്ടാണ്, എന്തൊക്കെയോ കൂടിച്ചേർന്നെന്ന പോലെ മുന്നോട്ടു പോകുവാനുള്ള വെളിച്ചമായി അവളെ നയിച്ചു വരികയായിരുന്നു.


സംശയം തോന്നിയ കണക്കെ ഒരുവേള അവിടെ നിന്നു പോയ അവൾ ചുറ്റും നോക്കിക്കൊണ്ട് തന്റെ ഫോൺ കൈയ്യിലെടുത്തു. ശേഷം, കഴിഞ്ഞ ദിവസം പകൽ ഒരു സമയം ഇതുവഴി വന്നും-പോയും വഴി മനസ്സിലാക്കിയതിന്റെ തെളിവായി സൂക്ഷിച്ചിരുന്ന ഗൂഗിൾമാപ് സ്ക്രീന്ഷോട്ട് എടുത്ത് അവൾ നോക്കി. മുന്നോട്ടുള്ള വഴി അതിൽ നിന്നും ഉറപ്പിച്ചപ്പോഴേക്കും അവൾ തനിക്കു പിന്നിൽ നിന്നും ബൂട്ടിന്റെ ശബ്ദം കേട്ടു, അത് അവളിലേക്ക് അടുത്തു വരുന്നതായി. ഇരുട്ടെങ്കിലും, ഇത്രയും നേരം നിശബ്ദത നൽകിയ ധൈര്യം അവൾക്കൊരു ഞെട്ടൽ സമ്മാനിച്ചു ഓടിയൊളിച്ചപ്പോൾ, അടുത്ത നിമിഷം അവൾ തിരിഞ്ഞു നോക്കി. അപ്പോഴേക്കും ശരവേഗത്തിൽ ആ ബൂട്ടുകളുടെ ഉടമ അവളുടെ മുന്നിലെത്തിയിരുന്നു. ഇരുട്ടിൽ ആ വ്യക്തിയുടെ അവ്യക്തമായ മുഖം അവളുടെ തലച്ചോറിലേക്ക് എത്തിയതും അയാളുടെ വലതുകരം അവളുടെ കരണത്ത് ആഞ്ഞു പതിച്ചു. ആ നിമിഷം തന്നെ ഫോൺ നിലത്തുവീഴ്ത്തി ബോധരഹിതയായി അവൾ വീണു. ഫോൺ എടുത്ത് തന്റെ കറുത്ത ജാക്കറ്റിലേക്കിട്ട്, ലാഘവത്തോടെ അവളെ സ്വന്തം തോളിലെടുത്തിട്ട ശേഷം ഇരുട്ടിനെ ഭേദിച്ചു വന്നവഴി തിരികെ നടന്നു തുടങ്ങി അയാൾ. ബൂട്ടിന്റെ ശബ്ദം ബേസ്മെന്റിലാകെ ഭീതിപരത്തും വിധം ഉയർന്നു നിന്നു.


തുടരും...


Rate this content
Log in

Similar malayalam story from Drama