N N

Drama Tragedy

3  

N N

Drama Tragedy

ചിറകറ്റ സ്വപ്‌നങ്ങൾ

ചിറകറ്റ സ്വപ്‌നങ്ങൾ

2 mins
185


ജാലകത്തിലൂടെ കടന്നു വരുന്ന കാറ്റിന് മഞ്ഞിന്റെ തലോടൽ മാത്രമല്ല ചന്ദനത്തിന്റെ നറുമണം കൂടിയുണ്ടെന്ന് മാലൂന് തോന്നി. കഴിഞ്ഞ രണ്ടു വർഷമായി തളർന്നു കിടക്കുന്ന തന്റെ ഏക കൂട്ടുക്കാരൻ ഈ ജാലകമാണ്. അവൻ കാണിച്ചു തരുന്ന കാഴ്ച്ചകളും, പുത്തനുണർവ്വുകളും അവളുടെ തളർന്ന മനസ്സിന് ഒരു ആശ്വാസമാണ്.


രാത്രിയേറെയായിട്ടും മാലൂന് ഉറക്കം വന്നില്ല. വല്ലാത്തൊരു ദുഃഖവും ബുദ്ധിമുട്ടും, ഹൃദയമിടിപ്പ് വർദ്ധിക്കുന്നത് പോലെ. തന്നെ പുണരാൻ വരുന്ന മരണത്തിന്റെ കൈകൾ ജാലകത്തിനടുത്ത് പതുങ്ങി നിൽപ്പുണ്ടെന്നവൾക്ക് തോന്നി. എത്രയും വേഗം ഈ ഭാരിച്ച ജീവിതം തീർന്നു കിട്ടുവാൻ നിശബ്ദം പ്രാർത്ഥിച്ചു, ദീർഘമായി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് വർഷങ്ങൾക്ക് പിറകിലോട്ട് ആ വൃദ്ധ പോയി.


സാമാന്യം സാമ്പത്തിക സ്ഥിതിയുള്ള ഒരു തറവാട്ടിലായിരുന്നു മാലു ജനിച്ചത്. അതുകൊണ്ട് തന്നെ കുട്ടിക്കാലത്തെ അവളുടെ എല്ലാ ആഗ്രഹങ്ങളും നടത്തികൊടുക്കുവാൻ മാതാപിതാക്കൾക്ക് സാധിച്ചിരുന്നു. അനുകമ്പയും, ദയയും, സഹായ മനസ്കതിയും നിറഞ്ഞവരായിരുന്നത് മൂലം തറവാടിന്റെ സാമ്പത്തികശേഷി ക്ഷയിച്ചു വന്നു.


യൗവ്വനത്തിലേക്കെത്തിയ മാലുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു കോളേജ് പഠനം. തങ്ങളുടെ മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാവാത്തതിൽ അങ്ങേയറ്റം വേദന ഉണ്ടായിരുന്നെങ്കിലും അവളുടെ ഭാവിഭദ്രതക്കുവേണ്ടി യോജിച്ച പയ്യനെ കണ്ടു പിടിക്കുന്നതിൽ അവർ ശ്രദ്ധ ചെലുത്തി. അവളുടെ സ്വപ്നത്തേക്കാൾ വിപരീതമായിരുന്നു വിവാഹ ജീവിതം. 

 

ക്ലർക്ക് ഉദ്യോഗസ്ഥനായിരുന്ന സുകുമാരൻ ഭാര്യയുടെ സ്വപ്നങ്ങൾ നിറവേറ്റി കൊടുക്കുവാനോ, സ്നേഹത്തോടെ പെരുമാറുവാനോ ശ്രദ്ധിച്ചിരുന്നില്ല. വിധി കൈക്കലാക്കിയ തന്റെ സ്വപ്നങ്ങളുടെ ചിറകുകൾ വൈകാതെ അവൾ തന്നെ മുറിച്ചുമാറ്റി. തനിക്ക് മുന്നേ ഭർത്താവ് വിട പറഞ്ഞപ്പോഴും തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ഒരേയൊരു മകൻ വിദേശത്തേക്ക് പറന്നപ്പോഴും നിസ്സംഗമായ അവളുടെ മുഖത്ത് വികാരങ്ങൾ ഉണർന്നില്ല. അതിനോടകം കാലം അവളുടെ മനസ്സിനെ മൂർച്ചപ്പെടുത്തിയിരിക്കണം. എന്നാൽ തന്റെ മാതാപിതാക്കളുടെ വേർപ്പാടിൽ അങ്ങേയറ്റം അവൾ വേദനിച്ചു. നിസ്സംഗത നിലനിന്നിരുന്ന മുഖം വികാരങ്ങളാൽ സാന്ദ്രമായി. ആ ആഘാതം  അവളുടെ മനസ്സിനെ മാത്രമല്ല ശരീരത്തെയും തളർത്തി.


ചന്ദനത്തിന്റെ മണം ആ മുറിയിലാകെ വ്യാപിക്കാൻ തുടങ്ങി. കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ അവൾ ഓർത്തു. സ്വപ്നങ്ങൾക്കടിമയാണ് മനുഷ്യരെപ്പോഴും. എന്നാൽ സ്വപ്നസാക്ഷാത്ക്കാരത്തിലുപരി യാഥാർത്ഥ്യമാർന്ന കാര്യങ്ങളെ കണ്ടെത്തി നിറവേറ്റുമ്പോഴാണ് ഒരു മനുഷ്യൻ യാഥാർഥ്യത്തിൽ പൂർണത നേടുന്നത്. പെട്ടെന്നവളുടെ കണ്ണുകൾ നിറഞ്ഞു. ഈ ലോകത്ത് എത്ര പേരാണ് തങ്ങളുടെ സ്വപ്നങ്ങൾ ബാക്കിയാക്കി വിടപറയുന്നത്, എത്ര പേരാണ് ജീവിതത്തിന്റെ പൂർണത അറിയുന്നത്? ആർക്കും ഒന്നും പറയാൻ സാധിക്കില്ല, കാരണം സ്വപ്നങ്ങൾ ഒരു സമൂഹത്തിൽ നിന്നല്ല ഒരു വ്യക്തിയിൽ നിന്നാണ് ജനിക്കുന്നത്.


 അച്ഛന്റെ മങ്ങിയ രൂപം അവളുടെ മുന്നിൽ തെളിഞ്ഞു. ചില നഷ്ടങ്ങളുടെ കണക്കുകൾ ഉണ്ടെങ്കിൽ കൂടിയും തന്റെ മാതാപിതാക്കൾ പൂർണതയോടു കൂടിയാണോ മരിച്ചത്? ഒരു നിമിഷം മൂകയായി അവർക്കുവേണ്ടി അവൾ പ്രാർത്ഥനയോടെ കണ്ണുകളടച്ചു. ഹൃദയത്തിന്റെ ഭാരം കനക്കുന്നത് പോലെ. കണ്ണുകൾ തുറക്കുവാൻ ക്ഷീണിതമായ ആ മനസ്സിന് തോന്നിയില്ല. ബന്ധപ്പെട്ടു ശ്വസിച്ചു കൊണ്ടവൾ നിവർന്നു കിടന്നു. ആരോ തന്നെ ശക്തമായി പുണരുന്നത് പോലെ, ചുറ്റും ഇരുട്ട് വ്യാപിച്ചു. ഇപ്പോൾ ചന്ദനഗന്ധം ഇല്ലാതായി !


Rate this content
Log in

Similar malayalam story from Drama