N N

Drama

3  

N N

Drama

ആ രാത്രി

ആ രാത്രി

3 mins
697


"മീനു, 10 മണിയായി. അകത്തു കയറ്, വരുത്തുപോക്കുള്ള സ്ഥലമാണ്." നളിനി മീനാക്ഷിയെ ശാസിച്ചു.

"ഓ തുടങ്ങി അമ്മയ്ക്ക്, എന്ത് ശല്ല്യമാ... നല്ല നിലാവുള്ള രാത്രി, എന്ത് രസമാ! ഏതവനാ ഈ വന്നു പോകുന്നതെന്ന് എനിക്കൊന്ന് കാണണം."

 കതകിൽ ചാരി നിന്ന അമ്മയെ അകത്തേക്ക് മാറ്റി നിർത്തി മീനാക്ഷി കതകടച്ചു. നളിനിക്ക് ദേഷ്യം കയറി. ഉപയോഗശൂന്യമായി ചുവരിൽ തൂങ്ങി കിടന്ന ചൂരൽ വലിച്ചെടുത്തവൾ കതക് തുറന്നു.

"കയറെടി അകത്ത്, അഹങ്കാരി."


മീനു വാശിയെടുത്തു തിരിഞ്ഞു നിന്നു. അവളുടെ പുച്ഛം കലർന്ന മുഖഭാവം നളിനിയിൽ കോപത്തിന്റെ ജ്വാല പടർത്തി. അവൾ ചൂരൽ ആഞ്ഞു വീശി. പ്രതീക്ഷിക്കാതെ തുടയിൽ കിട്ടിയ പ്രഹരത്തിൽ മീനു അലറിപ്പോയി. അവൾ വാവിട്ടു കരഞ്ഞു കൊണ്ട് അകത്തേക്കോടി. നളിനിക്ക് വല്ലായ്മ തോന്നി. ഇന്നേവരെ അടിച്ചിട്ടില്ല. ശകാരിക്കുമ്പോൾ ഒതുങ്ങുന്ന കുട്ടിയാണ്, കൗമാര പ്രായത്തിന്റെ ആവേശവും അനുസരണയില്ലായ്മയും താൻ മനസ്സിലാക്കേണ്ടതായിരുന്നു. ശരിയാണ്, നല്ല ഭംഗിയുള്ള രാത്രി. ഒരു നിമിഷം അവളാ ഭംഗി ആസ്വദിച്ചു. പെട്ടെന്നെവിടെയോ പട്ടികൾ ഓരിയിടാൻ തുടങ്ങി. ശബ്ദം കേട്ട ദിക്കിലേക്കവൾ നോക്കി. എങ്ങും പട്ടികൾ ദൃശ്യമായില്ല. ഓരിയിടലിനു ശക്തി കൂടി, നളിനി വേഗം അകത്ത് കയറി കതകടച്ചു.


ടിവി കണ്ടുകൊണ്ടിരുന്ന സഹദേവൻ മകളെ തലോടി ആശ്വസിപ്പിച്ചു.

"നിനക്കെന്താ വട്ടുണ്ടോ നളിനി, ഓരോ അന്ധവിശ്വാസങ്ങളുടെ പേരും പറഞ്ഞു കൊച്ചിനെ തല്ലാൻ?"

"നിങ്ങൾക്കറിയില്ല, പ്രായപൂർത്തിയായ പെൺകുട്ടികൾ 6 മണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ല, മാത്രമല്ല ഈ സ്ഥലത്ത് കുറെ ദോഷങ്ങളുണ്ട്. അത് കൊണ്ടാണത്രെ ഇതിനു മുമ്പ് താമസിച്ചവർ ഇത് വിറ്റിട്ടു പോയത്."

"മതി, എനിക്ക് കേൾക്കണ്ട. ഈ രണ്ടു വർഷത്തിനിടയിൽ ഒരു പിണ്ണാക്കും നിന്റെ വരുത്തുപോക്കനെയും ഒന്നും ഞാൻ കണ്ടിട്ടില്ല. വല്ല പെണ്ണുങ്ങളും പറയുന്നത് കേട്ടിരുന്നോളും. നിന്നെപോലുള്ള മന്നബുദ്ധികൾ വിശ്വസിച്ചാൽ മതി. എന്റെ കൊച്ചിനെ നിന്റെ ഭ്രാന്തൻ കഥകൾ പറഞ്ഞു പേടിപ്പിക്കണ്ട."

"സഹുവേട്ടാ, നിങ്ങളൊന്നു വിശ്വസിക്ക്. പെൺകുട്ടികൾ പാതിരാത്രി ഇറങ്ങുന്നത്..."

"നിർത്തെടി", സഹദേവൻ ആക്രോശിച്ചു. "മിണ്ടിപ്പോകരുത്. ചെറുപ്പം മുതലേ വേണ്ടാത്ത കഥകൾ കേട്ടാണ് നീ ഈ പരുവത്തിലായി അര വട്ടായത്. എന്റെ മോളെയും ഇനി അങ്ങനെയാക്കണ്ട. എന്റെ ദൈവമേ, ഇവൾ തന്നെയാണോ അന്നാ രാത്രിയിൽ ഇറങ്ങി ഓടിയത്." അയാൾ സഹികെട്ടത് പോലെ മകളെയും കൊണ്ട് ഇറയത്തേക്കിറങ്ങി പോയി.


"സഹുവേട്ടാ, മോളെയും കൊണ്ട് കയറി വരുന്നുണ്ടോ!"

"ഒന്ന് പോകുന്നുണ്ടോ."

മീനു അമ്മയെ പിടിച്ചു തള്ളി കതകു വലിച്ചടച്ചു. അപ്രതീക്ഷിതമായ തള്ളലിൽ നളിനി വേച്ചു പോയി, അവളുടെ കൈ സോഫാസെറ്റിയുടെ മരത്തടിയിൽ തീർത്ത കാലിൽ ചെന്നിടിച്ചു. ഭയങ്ങൾ പോലും വിഫലമായ ആ രാത്രിയിൽ തനിക്ക് ധൈര്യം പകർന്ന പിഞ്ചോമന തന്നെയാണോ തന്നെ തള്ളിയത്. അവളുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ ഇറ്റുവീണു.


സഹദേവന് വല്ലായ്മ തോന്നി. അയാൾ മകളുടെ ചെവിയിൽ പിടിച്ചു നുള്ളി.

"ആ... വിടച്ഛാ, എനിക്ക് വേദനിക്കുന്നു."

"നീയെന്താ കാണിച്ചത്, നീ ആരെയാടി ഇപ്പോൾ തള്ളിയിട്ടത്."

മീനു കരയുവാൻ തുടങ്ങി.

"എന്നെ അടിച്ചിട്ടല്ലേ, എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ തല്ലിയത്?"

സഹദേവൻ ചെവിയിൽ നിന്നും കയ്യെടുത്തു. മീനുവിന് കരച്ചിൽ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. ചെവി നന്നായി ചുവന്നിട്ടുണ്ട്.

"പോട്ടെ, മോളൊന്നും ചെയ്തിട്ടില്ല. അതുപോലെ നിന്റമ്മയും ഒന്നും ചെയ്തിട്ടില്ല. അവൾ കേട്ടു വളർന്നതും നിന്നോടുള്ള അമിത സ്നേഹവും കരുതലും ... അതാ നീയിപ്പോ കണ്ടതും."

"വേണ്ട, എനിക്കൊന്നും കേൾക്കണ്ട. ഇതുപോലത്തെ പേടിതൊണ്ടി അമ്മമാരൊന്നും എന്റെ ഫ്രണ്ട്സിനില്ല. സന്ധ്യ കഴിഞ്ഞാൽ ടെറസ്സിൽ പോകരുത്, പുറത്തിറങ്ങരുത്, അവിടെ തൊടരുത്, ഇത് ചെയ്യരുത്, അത് ചെയ്യരുത്... എനിക്ക് മതിയായി. ഒരു പേടിതൊണ്ടി."


"മോളെ, ഇപ്പോ നിനക്കറിയാവുന്ന പേടിത്തൊണ്ടിയെ തന്നെയാണ് ഞാൻ സ്നേഹിച്ച നാൾ തൊട്ടു കണ്ടതും. എന്നാൽ അന്നാ രാത്രിയിൽ ഞാൻ കണ്ടത് പോരാളിയായ നിന്റെ അമ്മയെയായിരുന്നു. തന്റെ കുഞ്ഞിന് വേണ്ടിയുള്ള ഒരമ്മയുടെ പോരാട്ടം. അതെ, നിനക്ക് വേണ്ടി തന്നെ.


 അന്ന് അച്ഛൻ ഡൽഹിയിലായിരുന്നു. സ്നേഹിച്ച്‌ കെട്ടിയതുകൊണ്ട് വീട്ടുക്കാരാരും സഹായത്തിനില്ല. നിനക്ക് 

ഒരു വയസ്സ് പോലും തികഞ്ഞിട്ടില്ല. സഹായത്തിന് നിന്ന ശാരദ ചേച്ചി ഭർത്താവിനു സുഖമില്ലാതെ വീട്ടിലും പോയി. 

പുതിയ നാടും പരിചയമില്ലാത്ത നാട്ടുക്കാരും. മോൾക്ക് രാത്രിയായപ്പോൾ നല്ല പനി തുടങ്ങി. കഴിയാവുന്നത്ര രീതിയിൽ നോക്കിയിട്ടും പനി കൂടി, ഒടുവിൽ വിറയലും തുടങ്ങി. ആരും സഹായത്തിനില്ല, വണ്ടിയില്ല, ബന്ധപ്പെടാൻ ഫോണുമില്ല. അപ്പോഴേക്കും രാത്രി 1.30 മണി കഴിഞ്ഞു. അടുത്തുള്ള വീട്ടിൽ ചെന്നപ്പോൾ സഹായിക്കാൻ അവർ മനസ്സു കാണിച്ചില്ല. അതിനു ശേഷമാണു ചെറിയ കാര്യങ്ങളാണെങ്കിൽ പോലും നിന്റമ്മ ഒരാൾ സഹായം ചോദിച്ചാൽ പറ്റില്ല എന്നൊരു വാക്ക് പറയാതായത്. 


പിന്നൊന്നും നോക്കിയില്ല നിന്നെയും എടുത്തു കൊണ്ടോടി ആശുപത്രിയിലേക്ക്. പനിച്ചു വിറച്ചു കൊണ്ടിരിക്കുന്ന നിന്റെ കുഞ്ഞു മുഖമായിരിക്കാം അന്ന് നളിനിക്ക് ലഭിച്ച ധൈര്യം. ശ്വാസം പോലുമെടുക്കാതെ ഒരു ഓട്ടമായിരുന്നു. ഏകദേശം 20 മിനിട്ടോളമെടുത്തെന്നാണ് അന്ന് നളിനി പറഞ്ഞത്. ദൈവത്തിന്റെ സന്നിധി പോലെയാണ് ലക്ഷ്മി ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആ നാട്ടിൽ വന്നധികം നാളായില്ലെങ്കിലും അങ്ങനൊരു ആശുപത്രി ഒരിക്കൽ പോലും ശ്രദ്ധയിൽ പെട്ടിട്ടില്ല. ദൈവം കൂട്ടിനുണ്ടെന്ന വിശ്വാസം അന്നാണ് ഉറച്ചത്. അച്ഛൻ പോലും നിസ്സഹായനായിരുന്ന അവസ്ഥയിൽ നിന്റെ ജീവനായി പൊരുതിയ ഒരേയൊരാൾ നീ ഇപ്പോ പറഞ്ഞ ഈ പേടിത്തൊണ്ടിയായിരുന്നു. ഈ ലോകത്ത് സ്വന്തം കുഞ്ഞിന് വേണ്ടി സ്വന്തം ജീവൻ വരെ വെടിയാൻ തയ്യാറുള്ള ഒരു വ്യക്തി അമ്മയാണ്. നീ പറഞ്ഞ സന്ധ്യയെയും, പ്രേതത്തെയും, കള്ളന്മാരെയും, ആക്രമികളെയൊന്നും പേടിക്കാതെ പാതിരാത്രി നിന്നെ നെഞ്ചോട്‌ ചേർത്ത് ഒരു 24ക്കാരിക്ക് താണ്ടാൻ പറ്റുന്നതായിരുന്നില്ല ആ രാത്രി. നേരം വെളുക്കാൻ നളിനി കാത്തിരുന്നെങ്കിൽ ഇന്നെന്റെ മോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു. നിന്റെ ജീവൻ രക്ഷിച്ച ഈ ഭൂമിയിലെ ദൈവത്തെയാണ് നീയിപ്പോ തള്ളിയിട്ടത്."


സഹദേവൻ തന്റെ മിഴികളടച്ചു. ഒന്നുമറിയാതെ താൻ പോലും സുഖമായി കിടന്നുറങ്ങിയ ആ രാത്രിയിൽ നളിനി അനുഭവിച്ച ഭീകരതയെ അയാൾ മനസ്സിൽ പലവട്ടം ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് മീനുവിന്റെ മുമ്പിൽ ആ രാത്രി ഒരിക്കൽ കൂടി അരങ്ങേറിയപ്പോൾ അയാളുടെ ഉള്ളൊരൽപ്പം വിങ്ങി. കതക് തുറക്കുന്ന ശബ്ദം അയാളുടെ ചിന്തയെ ഭേദിച്ചു. മീനു അകത്തേക്ക് കയറിപ്പോയി.


" അമ്മേ..."

കട്ടിലിൽ ചരിഞ്ഞു കിടക്കുകയാണ് നളിനി. പെട്ടെന്നവൾ കണ്ണീർ തുടച്ചു. മീനു പുറകിൽ വന്നു നളിനിയെ കെട്ടിപ്പിടിച്ചു.

"സോറി അമ്മേ. എന്നെ തല്ലിയതിന്റെ ദേഷ്യത്തിലാ... ഞാൻ അറിയാതെ..." അവൾ തേങ്ങി.

നളിനി മോളെ തഴുകി കൊണ്ടെഴുന്നേറ്റു. മീനുവിന്റെ സ്ഥാനത് പെട്ടന്നവൾ തന്നെത്തന്നെ കണ്ടു. വീട്ടുകാരെ ഉപേക്ഷിച്ചു പോയതിന്റെ ആഴം മനസ്സിലാക്കി വന്നപ്പോ ഒരുപാട് വൈകിപ്പോയി. ഇതുപോലൊരു തേങ്ങലിൽ തന്റെ അമ്മയുടെ വാക്കുകൾ അവളോർത്തു. നളിനി ആ വാക്കുകൾ തന്റെ മകളോടായി പറഞ്ഞു.


"സാരമില്ല മോളെ, അമ്മയ്ക്കൊരു ദേഷ്യവുമില്ല. എന്റെ മോൾടെ കൂടെ എന്നും അമ്മയുടെ അനുഗ്രഹമുണ്ട്. എന്നും!"

അവൾ മകളുടെ നിറുകയിൽ ചുംബിച്ചു. നിശബ്ദനായി മുറിക്കു പുറത്തു നിന്ന സഹദേവന്റെ കണ്ണ് നിറഞ്ഞു. നാളെ മീനുവും തന്റെ മക്കളുടെ തെറ്റുകൾ ക്ഷമിക്കും, കാരണം എല്ലാ അമ്മമാർക്കും തന്റെ മക്കളോട് ക്ഷമിക്കുവാനേ കഴിയുകയുള്ളു.


Rate this content
Log in

Similar malayalam story from Drama