ഗന്ധർവ്വയാമം
ഗന്ധർവ്വയാമം
എങ്ങും നിശ്ശബ്ദത ചൂഴുന്ന പാതയിൽ
എങ്ങനെയെത്തി ഞാനറിയില്ല നിശ്ചയം...
ചുടുചോരയിറ്റിറ്റു വീഴുന്ന കൂരിരുൾ
രാത്രിയുടെ അവസാനയാമങ്ങളിൽ...
തലച്ചോറിലെങ്ങും വൈദ്യുതപ്രവാഹം
താമരത്തണ്ടു പോൽ തളരുന്നു ദേഹം...
ചിന്തകൾ പാമ്പു പോൽ പത്തി വിടർത്തി
ആടിത്തിമിർക്കുന്നു കോലങ്ങൾ പോലെ...
കടുംചോരച്ചുവപ്പുള്ള നാവുകൾ നീട്ടി
പേരറിയാത്തായിരം പൂവുകൾ ചുറ്റിൽ...
ഇരുൾക്കൂടിനുള്ളിൽ കരിയിലകൾ ചലിച്ചു
നിഴലുകൾ നടനമാടീടാൻ തുടങ്ങി...
തരിതരിയായി അരിച്ചെത്തിടുന്നു
ഹൃദയത്തിൽ പടരും ഭയമാകും വികാരം...
ദൂരെ തെളിയുമൊരു താരകപ്രഭയിൽ
താഴെയൊരു യവനിക നീങ്ങിടുന്നേരം...
അകലെയൊരു ദീപനാളത്തിൻ തിളക്കം
അതിൻ വെളിച്ചത്തിൽ തെളിയുന്ന രൂപം...
ആരു നീ വിശ്വമനോഹരിയോ
ആരും മയങ്ങുന്ന മോഹിനിയോ...
അഴിഞ്ഞുലഞ്ഞീടുന്ന കേശഭാരത്തിൽ
മറഞ്ഞിടുന്നോ നിന്നംഗലാവണ്യം...
കാന്തികപ്രഭയാൽ കാമം നിറഞ്ഞു
കരിങ്കൂവളമിഴിയിലെ കരിമഷിയാൽ...
അനുഭൂതിയേകുന്നൊരാകാര വടിവിൽ
നീ വശ്യമായ് ചുവടു വച്ചരികിലേക്കെത്തി...
ആത്മാവിനെ തൊട്ടുണർത്തുന്ന പോലെ
അതിലോലമാണു നിന്നാദ്യ സ്പർശം...
നിറയുന്നു നിശയുടെ ഉന്മാദഗീതം
അനുനിമിഷം പടരുന്നു സിരയിലതിവേഗം...
മറയുന്നു ഭയമെന്റെ ഹൃദയത്തിനുള്ളിൽ
നിറയുന്നു സിരകളിൽ നിന്നോടു പ്രണയം...
നിന്നിലലിയാൻ ഞാൻ കാത്തു നിൽക്കുന്നു
നുകരുക വൈകാതെ നീയെന്റെ പ്രണയം...

