Binu R

Fantasy Thriller

4  

Binu R

Fantasy Thriller

തുടർക്കഥ :മംഗലശ്ശേരിബിനുR

തുടർക്കഥ :മംഗലശ്ശേരിബിനുR

3 mins
250



-14.


മംഗലശ്ശേരിയിൽ ചെന്നുകയറുമ്പോൾ, ഗേറ്റ് തുറന്നപ്പോൾ, എന്നത്തേയും പോലെ മാളികയുടെ മുകളിലെ ഒരു ജനൽപ്പാളി തുറന്നു. എങ്കിലും, അത് അടഞ്ഞു. വലിച്ചടക്കുന്നതുപോലെ ഉണ്ണിക്ക് തോന്നി. ജനൽ തുറന്നത് അയാൾ അച്ഛന് കാണിച്ചു കൊടുത്തു. അച്ഛന്റെ മറുപടി ഉണ്ണിയെ അലോസരപ്പെടുത്തി. 


" അത് നീ ഇന്നലെ അടയ്ക്കാൻ മറന്നതാകും. "


"ഇവിടുത്തെ അത്ഭുതങ്ങൾ വിനയന്റെ മുത്തച്ഛൻ കണ്ടിട്ടുള്ളതാണ്. " ഉണ്ണി പറഞ്ഞു. 


മുത്തശ്ചൻ അത് ശരിവയ്ക്കുകയും ചെയ്തു. അവർ വാതിൽ തുറന്ന് അകത്തു കയറി. ഉണ്ണി അവരെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് കയറി. ഉണ്ണിക്കും മുത്തശ്ചനും പിറകെയാണ് അച്ഛൻ കയറിയത്. ഏകദേശം മദ്ധ്യേ എത്തിയപ്പോൾ ഗോവണിയുടെ ഒരു പടിയുടെ ഭാഗം അടർന്നു വീണു. അച്ഛൻ താഴേക്ക് വീണില്ലെന്ന് മാത്രം. അയാൾ ഗോവണിയുടെ ബാക്കി ഭാഗത്ത്‌ തൂങ്ങിക്കിടന്നു. പിന്നെ അയാൾ മുകളിലേക്ക് കയറാൻ മിനക്കെടാതെ താഴേക്കിറങ്ങിപോയി... 


അച്ഛനോടുള്ള ഇഷ്ടക്കേടുകൾ ആണ് അതെന്ന് ഉണ്ണി തിരിച്ചറിഞ്ഞു. 


വല്യമ്മയും വല്യച്ചനും മരിച്ചതറിഞ്ഞു അച്ഛൻ ഇവിടെ വന്നപ്പോൾ നേരിട്ട പല കാര്യങ്ങളും അച്ഛൻ അന്ന് പറഞ്ഞത് ഉണ്ണി ഓർത്തു. 


അച്ഛനെ കൂട്ടാൻ നാട്ടിലൊരാൾ ജീപ്പുമായി റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നിരുന്നു. അയാളുടെയൊപ്പം ഇഞ്ചക്കരയിലേക്കുള്ള യാത്രക്കിടയിൽ പല അനർഥസംഭവങ്ങളും ഉണ്ടായി. അന്ന് ഇഞ്ചക്കരയിലേക്കുള്ള വഴി, ജീപ്പുകൾക്കുമാത്രം ഓടാൻ കഴിയുന്നതരത്തിൽ കുണ്ടും കുഴിയും പാറക്കല്ലുകളും മഴക്കാലങ്ങളിൽ ചെളിയും നിറഞ്ഞ വഴിയായിരുന്നു. ഒരു ഭാഗം ചെങ്കുത്തായതും.


അന്ന് കഠിനമായ മഴയും കാറ്റും ഉണ്ടായിരുന്നു. നാട്ടുകാരന്റെ വാക്കുകളിൽ ആ സമയം വരെ മഴയുണ്ടായിരുന്നില്ല. കുറേ ദിവസമായി കനത്തവെയിൽ ആയിരുന്നു. പക്ഷേ അന്നത്തെ ആ മഴ കണ്ട് അയാളും ഭയപ്പെട്ടു. പലയിടത്തും ചെളിയിൽ കുടുങ്ങി.നിയന്ത്രണം വിട്ട് തെന്നി അരികിലേക്കു മാറി താഴ്ചയിലേക്ക് ഒരു വീൽ പതിച്ചു ഭയപ്പെടുത്തുകയും ചെയ്തു. ചെറിയ മരക്കൊമ്പുകൾ ഒടിഞ്ഞു ജീപ്പിന്റെ മുകളിലും റോഡിലും വീണു മാർഗ്ഗതടസങ്ങളുണ്ടായി. ഒടുവിൽ മംഗലശ്ശേരിയിൽ എത്തിയപ്പോൾ, മൃതദേഹങ്ങൾ അച്ഛന്റെ കാർമികത്വത്തിൽ സംസ്കരിക്കാനൊരുങ്ങിയപ്പോൾ പല ദുർനിമിത്തങ്ങളും. 


അവരുടെ മരണശേഷം അച്ഛനെ ആ വീട്ടിൽ കഴിയാൻ അനുവദിച്ചിട്ടില്ലെന്നത്, അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ കുട്ടിയായിരുന്ന താൻ അന്ന് ഞെട്ടിവിറച്ചു. 


പിന്നൊരിക്കൽ, അച്ഛൻ ഈ വസ്തു വിൽക്കാനൊരു ശ്രമം നടത്തി. ഏക്കറോളം ഉള്ള ആ വസ്തുവും വീടും വാങ്ങാനായി ഒരാളെത്തി. അച്ഛൻ അയാളുമായി അച്ചാരവും ഉറപ്പിച്ചു. അയാൾ പറമ്പും വീടും കാണാനെത്തിയപ്പോൾ എന്തു നടന്നൂ എന്നറിയില്ല. അയാൾ പിന്നെ, അച്ഛനൊരു കത്തയച്ചു... ആ സ്ഥലം വാങ്ങാൻ അയാൾക്ക് താത്പര്യമില്ലെന്ന്. പിന്നീടും പലരും വന്നെങ്കിലും ഒന്നും നടന്നില്ല. 


ഉണ്ണി അച്ഛനേയും കൂട്ടി വീണ്ടും മാളികയിലേക്ക് കയറി. കൈപിടിച്ചു കയറ്റുകയായിരുന്നു. അത്ഭുതം കാണിക്കാനായി വല്യച്ഛന്റെ മുറി തുറന്നപ്പോൾ ഉണ്ണിയും മുത്തശ്ശനും അത്ഭുതപ്പെട്ടുപോയി. !!! വർഷങ്ങളായി പെരുമാറിയിട്ടില്ലാത്ത മുറി... !!!. പലയിടത്തായി, തന്തികൾ പൊട്ടി മാറിക്കിടക്കുന്ന വീണ !!! എലി തുരന്നു നശിപ്പിച്ച തബലയും മൃദംഗവും !!!നിറം വറ്റിപ്പോയ ചിലങ്കയും... !!!. കരിപിടിച്ച ക്ലാവ് കയറിയ തൂക്കുവിളക്കുകളും.. !!!


 ഉണ്ണിയും മുത്തശ്ശനും അത്ഭുതത്തോടെ മാറി മാറി നോക്കി. അവർ അച്ഛനേയും നോക്കി. അപ്പോൾ അയാളിൽ പുച്ഛത്തിന്റെ ഒരു ലാഞ്ജന വിടരുന്നുണ്ടായിരുന്നു. അയാൾ നീരസത്തോടെ പറഞ്ഞു. 


-- നീ പറഞ്ഞതെല്ലാം നിന്റെ വെറും മാനസിക വിഭ്രാന്തിയാണെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. അതൊന്ന് ഉറപ്പിക്കാനാണ് ഞാനിപ്പോൾ നിന്നോടൊപ്പം വന്നതും. 


മുത്തശ്ശൻ അതു തിരുത്താൻ ആവും വണ്ണമൊക്കെ ശ്രമിച്ചു നോക്കി. അവസാനം സഹികെട്ടെന്നപോലെ മുത്തശ്ശനോട് പറഞ്ഞു. 


-- നിങ്ങൾക്ക് വയസ്സൻകാലത്തെ ചിന്നൻ ആണെന്ന് വിചാരിക്കാം... നിങ്ങൾ ഇവനെ സപ്പോർട് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 


അച്ഛൻ തിരിഞ്ഞുനടന്നു. ഉണ്ണി പിറകെയും. മറ്റെല്ലാമുറികളിലെയും മച്ചും മാതിരിയും കണ്ടിട്ട് അയാൾ പറഞ്ഞു... 


--വർഷങ്ങൾ ആയി ആൾപെരുമാറ്റമില്ലാതെ കിടന്നതുകൊണ്ട്, എല്ലാം വൃത്തിയാക്കണം. മേച്ചിലുകൾ പുനഃക്രമീകരിക്കണം. വീട് പെയിന്റ് ചെയ്ത് ഭംഗിയാക്കണം... പിന്നെ മറ്റുള്ള ശല്യങ്ങൾ ഒഴിവാക്കാൻ, മറ്റെന്തെങ്കിലും ചെയ്യണം. 


ആ അവസാനത്തെ പ്രതികരണം ഉണ്ണിയിൽ വിഷാദം വിടർത്തി... അയാൾ മനസ്സിൽ പറഞ്ഞു... അച്ഛനും അമ്മയും മുംബയിൽ താമസിച്ചാൽ മതി... പിന്നെ ഉള്ളിൽ മാത്രമൊന്നു ചിരിച്ചു. ആ ചിരി പുറത്തുവരാതിരിക്കാൻ നന്നേ പണിപ്പെടുകയും ചെയ്തു. 


താഴെനിന്ന് കുട്ടന്റെ വിളി കേൾക്കാം ഉണ്ണി തിടുക്കപ്പെട്ട് താഴേക്ക് നടന്നു. കുട്ടന്റെ പിറകിൽ നിന്നയാളെ കണ്ടു. തല കാപ്പിരിയുടേത് പോലെ, ശരീരം കറുത്തിരുണ്ട്. ചെളിപിടിച്ച ഒറ്റമുണ്ട് മാടിക്കുത്തി, മുണ്ടിന്നിടയിൽ തിരുകിവച്ചിരിക്കുന്ന വാക്കത്തി. ചുണ്ടിൽ വലിഞ്ഞെരിയുന്ന ഒരു ബീഡിക്കുറ്റി. 


കുട്ടൻ പറഞ്ഞു. 


" ഇതാണ് കുഞ്ഞൻ... തേങ്ങയിടാൻ... "


കുഞ്ഞനോടായി ഉണ്ണി പറഞ്ഞു. 


" എല്ലാ തെങ്ങിലും കയറണം. തെങ്ങിന്റെ മണ്ട നല്ലതുപോലെ വൃത്തിയാക്കി ഇറങ്ങണം. പഴുത്ത ഓലമടലും വെട്ടണം. തൂങ്ങിക്കിടക്കുന്ന കൊതുമ്പും കോഞ്ഞാട്ടയുമെല്ലാം പറിച്ചുകളയണം. ഒന്നോ രണ്ടോ തേങ്ങാ മാത്രമുള്ള തെങ്ങുകളിലും കയറണം. "


എല്ലാം കേട്ടിട്ട്, കുഞ്ഞൻ മുറ്റത്തിന്റെ അരുകിൽ വച്ചിരുന്ന തോർത്തും തെങ്ങിൽ പിടിച്ചുകയറാനുള്ള മൂന്നുമടക്കിട്ട ചക്കരക്കയറും പാകത്തിലുണ്ടാക്കിയ തിലായ്പ്പും എടുത്ത് തോളത്തിട്ടു. കയറിന്റെ അടിയിലിരുന്ന ചുവന്ന നരച്ച തോർത്തുമുണ്ട് അരയിൽ ഉടുത്തു. മുണ്ട് ഉരിഞ്ഞെടുത്തു ചുരുട്ടി അവിടെ വച്ചു. അതിനു മുകളിൽ ഒരു കേട്ട് ബീഡിയും ഉരക്കുന്ന വെള്ളിനിറത്തിലുള്ള ഒരു ലൈറ്ററും വച്ചു. പിന്നെ തിലായ്പ്പിട്ടു തൊട്ടടുത്തു നിന്ന തെങ്ങിലേക്ക് തന്നെ കയറാൻ തുടങ്ങി. 

          - തുടരും.... 



Rate this content
Log in

Similar malayalam story from Fantasy