തുടർക്കഥ:മംഗലശ്ശേരി.ബിനു. ആർ
തുടർക്കഥ:മംഗലശ്ശേരി.ബിനു. ആർ


മഴ തിമിർത്തു പെയ്യുകയാണ്. വേനൽ മഴ അതിന്റെ പരിവാരങ്ങളുമായി വിഷുവിനു മുൻപേ എത്തി. മഴപെയ്തു തോർന്നപ്പോൾ പൂത്തു നിൽക്കുന്ന അശോകമരം ഉണ്ണിയോട് പറഞ്ഞു. മംഗലശ്ശേരി പാടം ഉഴുതിടണം. നടുതലകൾ എല്ലാം തന്നെ നടണം. മഞ്ഞൾ പറമ്പിലെ എല്ലാ വശത്തും വേണം. മംഗലശ്ശേരിയിൽ സൗഭാഗ്യം വന്നു നിറയട്ടെ. ചെറിയ കാറ്റത്തു ആടിയുലഞ്ഞു വെള്ളം കുടഞ്ഞു കളയുമ്പോൾ അശോകമരം അങ്ങനെ പറയുന്നതായി ഉണ്ണിക്ക് തോന്നി.
അത് തോന്നലല്ലായിരുന്നു എന്ന് പിന്നീട് മനസ്സിലായി . പിറകിൽ വന്നു നിന്ന മുത്തച്ഛൻ അതു തന്നെ പറഞ്ഞു .
പിറ്റേന്ന്, രാവിലെ തന്നെ കുട്ടൻ ഉഴവുകാരെയും കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ മുത്തച്ഛൻ ആഹ്ലാദവാനായി.
'നീയൊരു അസ്സൽ കർഷകനായിരിക്കുന്നു. നന്നായി , ഞാൻ ഓർക്കുന്നുണ്ട്, ശങ്കരനും ഇങ്ങനെ തന്നെയായിരുന്നു. എല്ലാവരും കൃഷിയെക്കുറിച്ചും മറ്റും ആലോചിച്ചു തുടങ്ങുമ്പോഴേക്കും അവൻ അത് ചെയതുകഴിഞ്ഞിരിക്കും. കുംഭമാസത്തെ വെളുത്തവാവിന് ചേന നട്ടിരിക്കും. മേടപ്പത്തിന് നെല്ലുവിതച്ചിരിക്കും. പിന്നെ മഞ്ഞളും ഇഞ്ചിയും അവസാനം ചേമ്പും... '
രാവിലെ കുട്ടനോപ്പം ഉഴവുകാർക്കിടയിലേക്ക് പാടത്തെ വരമ്പത്തുകൂടി നടക്കുമ്പോൾ തവളകൾ കാലിനടിയിൽ ഞെരിയുന്നുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടെങ്കിലും ഓലക്കുടക്കുപുറത്തുകൂടെ മഴവെള്ളം ഒഴുകിപ്പരക്കുന്നത്, മഴക്കാറിനിടയിലൂടെയും ഉദയസൂര്യന്റെ രശ്മികൾ നിറച്ചാർത്തെറിഞ്ഞത് ഒരു പ്രത്യേക അനുഭൂതി തന്നെ നിറച്ചു .
സൂര്യൻ ഉദിക്കുന്നതിനുമുമ്പേ ഇറങ്ങിപ്പോന്നപ്പോൾ മുത്തച്ഛൻ പ്രത്യേകം പറഞ്ഞിരുന്നു. വരമ്പുകൾ വഴുക്കും. ഉഴവുന്നതിന് മുൻപ് വരമ്പുകൾ ചെളി കോരി പിടിപ്പിച്ചിട്ടുണ്ടാകും. ചവിട്ടിയാൽ കുണ്ടി തണുക്കും, തല വരേയ്ക്കും ചെളിയുമാകും. അതുകൊണ്ട് കരുതണം .
അതുകൊണ്ടു തന്നെ, കരുതിയാണ് നടന്നിരുന്നതും. കാളകൾ പാടത്തു ഉഴുവുമ്പോൾ ഉഴവുകാരുടെ നാടൻ പാട്ടും, നുകത്തിൽ കെട്ടിയിരിക്കുന്ന റാന്തലിന്റെ ചാഞ്ചാട്ടവും മനസ്സ് നിറച്ചു .
ഉച്ചക്ക് ഊണും കഴിഞ്ഞു കിടക്കുമ്പോഴാണ് മഴയുടെ താളത്തിനൊപ്പം മറ്റൊരു ചിലമ്പിച്ച ശബ്ദവും കേട്ടത്, പോസ്റ്റ്.
മംഗലശ്ശേരിക്കുവേണ്ടിയാവും, മഴ കനത്തുപെയ്യുകയാണ്. ആരോ കയറി വരുന്നു,ഉണ്ണി വാതിൽക്കലേക്ക് ചെന്നു. വിനയന്റെ അമ്മയാണ്.
'കത്ത് ഉണ്ണിക്കാണ്. '
അമ്മയുടെ കത്ത്. മനസ്സിൽ സന്തോഷം നുരച്ചു. അവിടുത്തെ വിശേഷം അറിഞ്ഞിട്ട്, വളരെക്കാലം ആയതുപോലെ. മംഗലശ്ശേരിയിലെ പണികൾ തുടങ്ങാൻ പണം ആവശ്യപ്പെട്ട് അച്ഛനെഴുതിയ കത്തിന്റെ മറുപടിയും പണവും എത്തിയത്, കഴിഞ്ഞമാസമാണ്. കാര്യങ്ങളെല്ലാം സൂക്ഷിച്ചു ചെയ്യണമെന്ന ഉപദേശം കത്തിന്റെ അവസാനമുണ്ടായിരുന്നു.
കത്ത് പൊട്ടിച്ചു വായിച്ചു. അച്ഛൻ രണ്ടുമാസത്തെ ലീവെടുക്കാമെന്നു പറഞ്ഞിരിക്കുന്നു. സന്തോഷം. കൂടെ അമ്മയും മിനിയും ഇന്ദുവും . മിനി അവൾക്കിവിടെ ഇഷ്ടപ്പെടാനുള്ള സാധ്യത കുറവാണ് . അകലെയെവിടെയോ ഓടിക്കിതച്ച വണ്ടി തന്റെ മനസ്സിന്റെ ഏതോ കോണിലൂടെ കടന്നുപോയി.
കുട്ടന്റെ ശബ്ദം കേട്ടാണ് താഴേക്ക് ഇറങ്ങി ചെന്നത്...
'കിഴക്കുള്ള പ്ലാക്കല് അച്ചായൻമ്മാരുടെ വീട്ടിൽ നിന്ന് രണ്ടു പറ വിത്തുകിട്ടി'.
കുട്ടൻ ചുമട് ഇറയത്തിറക്കിവച്ചു.
നാളെ പത്താമുദയമാണ്. മഴക്ക് നേരിയ ശമനം. വിത്തു ചാമ്പലുമായി തിരുമ്മിക്കൂട്ടിയിട്ടിരുന്നത് പോയി നോക്കി. മംഗലശ്ശേരിയിലെ അടുക്കള വരാന്തയിലാണ്, കൂട്ടിയിരുന്നത്. ചാക്കിട്ടുമൂടിയിരുന്നു. ചാക്കെടുത്തപ്പോൾ മുളപൊട്ടിയ നെല്ലുകൾ, പുൽമുളകൾ പോലെ.. !
മംഗലശ്ശേരിയിലെ എല്ലാമുറികളിലും രാവേറെയാവോളം വിളക്കുകളിൽ തിരികൾ എരിഞ്ഞു. മിക്കവാറും ഉണ്ണി അവിടെത്തന്നെയാണ്... എല്ലായ്‌പോഴും.
വല്ലപ്പോഴും വിനയന്റെ അമ്മ രാധയെ പറഞ്ഞുവിടും. പുഴമീനുണ്ട്, മാങ്ങയിട്ട് വച്ചിട്ടുണ്ട്. തനിക്കതു ഇഷ്ടമാണെന്ന് വിനയന്റെ അമ്മക്കറിയാം. ഇപ്പോൾ തന്റെ പല ഇഷ്ടങ്ങളും ആ അമ്മക്കറിയാം. മംഗലശ്ശേരിയിലെ നാടൻ കണ്ണി മാങ്ങകൾ പറിച്ചു കൊണ്ടുകൊടുത്തപ്പോൾ ആ അമ്മ ചോദിച്ചു,
'കണ്ണി മാങ്ങാ കറിയും ഇഷ്ടമാണല്ലേ.. !.'
അങ്ങനെ ഇഷ്ടങ്ങളെല്ലാം വിനയന്റെ അമ്മയും മനസ്സിലാക്കി.
പാടത്തിന്റെ അങ്ങേ കോണിൽ ചെറിയൊരു ബിന്ദുവായി നിന്ന് കുട്ടൻ പണിയെടുക്കുന്നു.
" ഉണ്ണിയേട്ടാ, "
എന്ന വിളി ചെറിയൊരു മൂളക്കമായി ഉണ്ണിയുടെ ഓരത്തുകൂടി കടന്നുപോയി. അതൊരു തോന്നലെന്നു കരുതിയെങ്കിലും വീണ്ടും വന്നു തഴുകിയപ്പോൾ ഉണ്ണി തിരിഞ്ഞു നോക്കി .
ഉണ്ണിക്കുട്ടാ എന്നോരുവിളി തലക്കുമുകളിലൂടെ ഒരു പക്ഷിയായി കടന്നുപോയി. ഇന്ദു വന്നൂ, എന്ന ചിലക്കൽ ചേങ്ങിലപോലെ കടന്നുപോയി.
ഉണ്ണി തിരിഞ്ഞു നടന്നു. ഉണ്ണിയെ കണ്ടിട്ടാവാം ചാരക്കൊക്കുകൾ വരമ്പത്തുനിന്നും ഇറങ്ങി മാറിനിന്നു. അവറ്റകൾ ഒളികണ്ണിട്ടുനോക്കുന്നത് ഉണ്ണി കണ്ടില്ല. തോട്ടിലൂടെ ഒഴുകിപ്പരക്കുന്ന വെള്ളം നൃത്തം ചെയ്യുന്നതും ഉണ്ണി കണ്ടില്ല .
ദൂരെ വരമ്പത്തുകൂടി ബാലൻസ് ചെയ്ത് ഓരോ തരം ഡാൻസ് മൂവിങ്ങിലൂടെ ഓടി വന്നുകൊണ്ടിരിക്കുന്ന ആ പെൺകുട്ടിയായിരുന്നു മനസ്സുനിറയെ. അണിഞ്ഞിരിക്കുന്ന നാടൻ പെൺകുട്ടികളുടെ വസ്ത്രമായ പാവാട മുട്ടിനുമുകളിൽ പൊക്കിപ്പിടിച്ച് ഒരു സർക്കസ്സുകാരിയുടെ ലാഘവത്തോടെ ബാലൻസ് ചെയ്തുവന്ന ആ കുട്ടി ഉണ്ണിയുടെ മുമ്പിൽ വന്നു നിന്നു, ഇന്ദു...
അപ്പോൾ അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കങ്ങൾ ഉണ്ണി കണ്ടു.
'അച്ഛനും അമ്മയും ഉണ്ട്, മിനിയും.'
കിതപ്പ് അതിനിടയിലൂടെ ഒഴിഞ്ഞുപോയി. പിന്നെ ഒരു ദീർഘമായ നിശ്വാസത്തിനൊടുവിൽ പറഞ്ഞു,
'മിനി റോഡിൽ നിൽക്കുന്നു .'
വീട്ടിലെത്തുമ്പോൾ അച്ഛനും മുത്തച്ഛനും വർത്തമാനത്തിന്റെ ബഹളത്തിലായിരുന്നു..മുത്തച്ഛന്റെ സ്വരം അത്ഭുതത്തിന്റെ നിസ്വനം ആയിരുന്നു...
''എനിക്കു വിശ്വസിക്കാനാവുന്നില്ലെടോ തന്റെ മകന്റെ ഇവിടുത്തെ കാട്ടായങ്ങളെല്ലാം...! ശങ്കരനെ പോലെ... പലപ്പോഴും ഞാനോർത്തുപോയിട്ടുണ്ട്. അവൻ മിടുക്കനാണ്. ഒരു, പക്ഷേ, ശങ്കരനേക്കാൾ.. ! അവൻ പറമ്പെല്ലാം കിളപ്പിച്ചു. പാടത്തു നെൽകൃഷി ഇറക്കി. അധ്വാനിയാണവൻ..! അവൻ വെറുതെയിരിക്കുന്ന സമയങ്ങൾ കുറഞ്ഞു വരുന്നു. താൻ ഇപ്പോൾ മംഗലശ്ശേരിയിൽ ചെന്നാൽ, പഴയ മംഗലശ്ശേരിയെന്നെ പറയുകയുള്ളൂ...! ശങ്കരനുള്ളതുപോലെ. പക്ഷേ,....
അവരിപ്പോഴും അവിടെയുണ്ട്. കാണാമറയത്ത്. ജഡത്തിൽ ആത്മാവിനുള്ള സ്ഥാനം എന്തെന്നറിയണമെങ്കിൽ അവിടെ ചെല്ലണം. ആത്മാവൊന്നുമില്ലെന്നുപറയുന്ന യുക്തിവാദികൾ ഇവിടെ വരണം. അവർ പറയും ഇതും ഒരു മാജിക്കാണെന്ന്. മംഗലശ്ശേരി ഒരത്ഭുതം തന്നെ ആണെടോ.. !.ഉണ്ണിക്കതറിയാം, രാധപറയുന്നത്, ഉണ്ണി അവരുമായി സംവേദിക്കാറുണ്ടെന്നാണ്. !.ഉണ്ണിക്കുട്ടാ എന്നുവിളിക്കുന്നത്, കേൾക്കാറുണ്ടത്രെ... !.'
മുകളിലത്തെ മുറിയിൽ രാത്രിയിൽ അച്ഛനൊപ്പം കിടക്കുമ്പോൾ അച്ഛൻ പറഞ്ഞു ,
'ഇന്ദുവിന്റെ അച്ഛനും അമ്മയും മുത്തശ്ശിയും ഇവിടെ വരും. നിന്റെ കല്യാണം ഇവിടെ വച്ചുറപ്പിക്കാം. '
പിറ്റേന്ന് മുത്തച്ഛനൊടിക്കാര്യം പറഞ്ഞപ്പോൾ, അദ്ദേഹം അതു ശരി വച്ചു.
'നന്നായി, ഒരു കൂട്ടേതായാലും വേണം. ആ കുട്ടിയാണെങ്കിൽ അവന്റെ മനസ്സറിയുന്നവൾ. '
അച്ഛൻ തുടർന്നു,
'ഈ വരവിന്റെ ഉദ്ദേശം തന്നെ ഇതാണ്. മംഗലശ്ശേരിയിൽ വീണ്ടും താമസം തുടങ്ങണം. അവർക്ക് നാട്ടിൽ അമ്മ മാത്രമേയുള്ളൂ.'
മഴ തുടങ്ങുന്നതിനുമുമ്പ് താമസം മാറണമെന്നായിരുന്നു , ഉണ്ണിക്ക്. പണിത്തിരക്കിനിടയിൽ അതു നടന്നില്ല.
മുത്തശ്ശൻ ഉണ്ണിയോടായുംപറഞ്ഞു.. ' ഒരു പണിക്കരെ കാണാം. നല്ല ദിവസ്സം കുറിക്കാം'.
ഉണ്ണി മംഗലശ്ശേരിയിലേക്കു നടക്കുമ്പോൾ അമ്പലത്തിന്റെ ആലിൻകൊമ്പത്തിരുന്ന കിളികൾ കൂടുതൽ സന്തോഷത്തോടെ കലപിലാരവം കൂട്ടുന്ന ചിലക്കൽ ചെവിക്കടുത്തുകൂടി കടന്നുപോയി.
പാടത്തെ നെൽച്ചെടികൾ തലയാട്ടുന്നത് ഉണ്ണിയെ കണ്ടിട്ടായിരിക്കാം. തോട്ടിലെ വെള്ളത്തിന് പതിവിൽ കവിഞ്ഞ കളകളാരവം. മംഗലശ്ശേരിയിൽ ഒരിക്കൽ കെട്ടുപോയ നിസ്വനങ്ങളും ചേതനകളും വീണ്ടും ഉയിർ ത്തെഴുന്നെല്കുമെന്നത്, അയാളിൽ സന്തോഷത്തിന്റെ പൂത്തുമ്പികൾ പാറുന്നത്, അയാളുടെ കണ്ണുകളിലും ചലനങ്ങളിലും കാണാമായിരുന്നു.
പാടത്തുനിന്ന കുട്ടനോടുപറഞ്ഞു,
'കുട്ടാ മുത്തശ്ശൻ കേറിത്താമസത്തിന് ദിവസം കുറിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. .'
കുട്ടനിൽ നിന്നും ഒരു നിറചിരി ഉതിർന്നു വീണു. ഇതിനു മുമ്പ് ഒരിക്കൽ പോലും അയാളിൽ നിന്ന് ഇങ്ങനെയൊരു ചിരിയുണ്ടായിട്ടില്ല. അതൊരു നല്ല നിർദേശമായി കുട്ടനുതോന്നി.
'വീട്ടുമുറ്റം നന്നായി ചെത്തി മണലുവിരിക്കണം. വഴിയിലെ ചെളിനിറഞ്ഞ ചെമ്മണ്ണും മണൽ വിരിച്ചു മായ്ക്കണം. '
കുട്ടനിലും ചിന്തകൾ ജനിയ്ക്കുകയായിരുന്നു.
മംഗലശ്ശേരിയുടെ മരക്കൊമ്പത്തിരുന്ന പക്ഷികളുടെ പാട്ടിനെല്ലാം ഒരു വ്യത്യസ്ത ഈണമാണ്. മുറ്റത്തെ തുളസിചെടിക്കും വാത്സല്യം. ഉച്ചവെയിൽ പറമ്പിലാകെ നിഴൽ വിതറിയിരിക്കുന്നു. തെങ്ങോലകൾ ഇളകിയാടുമ്പോൾ ഓലത്തുമ്പത്തിരുന്ന കിളികൾ ഊയലാടുന്നു.
....... തുടരും.