Binu R

Fantasy

4.4  

Binu R

Fantasy

തുടർക്കഥ:- മംഗലശ്ശേരി.. 1.

തുടർക്കഥ:- മംഗലശ്ശേരി.. 1.

2 mins
315



അദ്ധ്യായം -1


    ട്രെയിനിന്റെ താളം ഉണ്ണികൃഷ്ണന്റെ മനസ്സിന്റെ താളമായി. അയാൾ തേടുകയായിരുന്നു പുതിയ രാഗങ്ങൾ.ഒരു പറിച്ചുനടീലിനായി പുതുനാമ്പുകൾ ഉയർന്നുവരുന്ന വിത്തിന്റെ സൗഭഗം പോലെ.

കാലങ്ങൾക്കു പിറകിൽ കേട്ടുമറന്ന ഇഷ്ടമുള്ള ഒരു ഗാനം വീണ്ടും കേട്ടതുപോലെ. മനസ്സിലാകെയും കുളിർമഴ പെയ്തുകൊണ്ടേയിരിക്കുന്നു.


 ബോംബയിലെ അപ്പാർട്‌മെന്റിലെ ഒരു കൂട്ടിൽ തടവുകാരനെപോലെയായിരുന്നു അയാളുടെ ജീവിതം. 

മുതിർന്നതിനുശേഷം നാട്ടിലെ കാര്യങ്ങൾ ചോദിക്കുമ്പോഴെല്ലാം അച്ഛൻ പറഞ്ഞൊഴിയുകയായിരുന്നു, എന്തിനോ വേണ്ടി. അമ്മ എപ്പോഴും മൗനം പാലിച്ചതേയുള്ളു. അച്ഛന്റെ മൗനത്തിലൊളിപ്പിച്ച വിലക്കുണ്ടായിരുന്നിരിക്കണം. പഠനം കഴിഞ്ഞ അന്നു രാത്രിയിൽ അച്ഛനോടു പറഞ്ഞു.


 -- എനിക്കു നാട്ടിൽ പോകണം. 


   അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട്, ഞങ്ങൾ ബോംബെയിലേക്ക് പോരുമ്പോൾ അന്ന് അച്ഛൻ പറഞ്ഞതോർക്കുന്നു. ഇനി നാട്ടിലേക്കില്ല.അഞ്ചുവയസ്സുകാരനായിരുന്നെങ്കിലും അന്നും എന്റെ മനസ്സിൽ ഒരു വിങ്ങൽ തോന്നിയിരുന്നു.

വല്യച്ചനും വല്ല്യമ്മയും, സ്നേഹത്തിന്റെ നിറകുടങ്ങളായിരുന്നു അവർ രണ്ടുപേരും.


   അമ്മയുടെ ഒപ്പമാണ് കിടന്നുറങ്ങുന്നതെങ്കിലും, നേരം വെളുക്കുന്നതിനുമുമ്പേ ഉണരും. വല്യച്ഛനൊപ്പം പാടത്തേക്ക് പോകണം. വല്യച്ഛൻ രാവിലെ മൂന്നെമുക്കാൽ എന്നൊരു സമയം ആകുമ്പോൾ ഉണരും. തളത്തിലെ മുറിയിൽ ലൈറ്റ് വീഴുമ്പോൾ ഞാനും അമ്മയുടെ കെട്ടിപ്പിടുത്തത്തിനിടയിൽനിന്നും നൂണ്ടിറങ്ങും. പിന്നെ ഇത്തിരിവെട്ടത്തിൽ കൈയ്യും കാലും തട്ടാതെയും മുട്ടാതെയും ചാരിയിരിക്കുന്ന വാതിൽപ്പാളി തുറന്ന്, കോവണിയിറങ്ങി തളത്തിൽ ചെല്ലുമ്പോൾ വല്യച്ഛൻ ചൂരലുകെട്ടിയ ചാരുകസാലയിൽ ഇരിപ്പുണ്ടാകും. വല്യമ്മ വലിയ ഓട്ടുഗ്ലാസിൽ ചായപകർന്നു കൊടുക്കുന്നുണ്ടാകും. വട്ട സ്ടൂളിൽ ഒരു ചെറിയ ഓട്ടു ഗ്ലാസും ഇരിപ്പുണ്ടാകും. അത് അപ്പോൾത്തന്നെ ഓടിയിറങ്ങിവരുന്ന എനിക്ക് തരുവാനുള്ളതാണ്. ആ കാപ്പിയിൽ കരിപ്പെട്ടിയും നെയ്യും മെമ്പോടിയായി ചേർത്തിട്ടുണ്ടാകും.


 വല്യച്ചന് മക്കളില്ലായിരുന്നു. അതുകൊണ്ടു തന്നെ എവിടെപ്പോയാലും ഞാൻ തോളത്തുണ്ടാവും. വല്യച്ഛന്റെ തോളത്തു രണ്ടുകാലും ഇരുതോളത്തുമായിട്ടുള്ള ആ ഇരുപ്പും, ലോകത്തിന്റെ കാഴ്ചകളും ഒരിക്കലും മറക്കാൻ പറ്റാത്തവിധം മനസ്സിന്റെ ലൈബ്രറിയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 


എല്ലാം ചെറിയൊരു ഓർമ്മ മാത്രമായുണ്ട്‌ മനസ്സിൽ. നേരിയൊരോർമ്മ മാത്രം. നിഴൽ മൂടിയതുപോലെ. 


  അച്ഛൻ പറഞ്ഞിരുന്നു. നാട്ടിൽ പോകുന്നതൊക്കെ കൊള്ളാം. പക്ഷേ, തറവാട് തിരയണ്ടാ. അതൊരു ആജ്ഞ തന്നെയായിരുന്നു.. തറവാടിനോട് അച്ഛനെന്തോ വെറുപ്പുള്ളതുപോലെ.


തറവാട് എന്റേതുമാണ്. അവകാശങ്ങൾ ഇനിയും വളരും. അനുജത്തിക്കുമുണ്ടൊരാവകാശം. അതൊന്നും തൂത്താൽ പോവില്ല. അച്ഛനോട് പറഞ്ഞില്ലെന്നേയുള്ളു. പക്ഷേ മനസ്സിൽ ഉറപ്പിച്ചിരുന്നു.


അച്ഛൻ എന്തോ ഒളിക്കുന്നതുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, അച്ഛനോടെന്നും, എന്തും ഏതും, തുറന്നു ചോദിക്കുവാനും പറയുവാനും ഒരു ഭയമായിരുന്നു. അമ്മ പോലും, മൗനം പലപ്പോഴും കൂടെ കൂട്ടിയിരുന്നു. 


അച്ഛനോടു പറയേണ്ട കാര്യങ്ങൾ അമ്മയും നിൽക്കേ, അച്ഛനോടു പറയുന്നതുപോലെ, അമ്മയോട് പറയുമായിരുന്നു. എന്നെങ്കിലും നാട്ടിൽ പോവുന്നെങ്കിൽ തറവാട്ടിലേക്കാണ് പോകുക എന്നു പലപ്പോഴും പറയുമായിരുന്നു. അമ്മയുടെ മുഖത്ത് ഭയം ഉരുണ്ടു കൂടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അച്ഛൻ കേൾക്കേണ്ട. അമ്മയുടെ മൊഴി തന്റെ എവിടെയോ പതിഞ്ഞിട്ടുണ്ട്. 


   ട്രെയിനിന്റെ താളവും വേഗതയും കുറയുന്നുണ്ട്. അയാൾ പുറത്തേക്കു നോക്കി. പ്രപഞ്ചത്തിനാകെ മാറ്റം വന്നിരിക്കുന്നു.നോക്കെത്താത്ത ദൂരത്തിൽ പരന്നുകിടന്ന വരണ്ട ഭൂമിയിൽ നിന്നും പെട്ടെന്ന് പച്ചപ്പിലേക്ക് കടന്നതുപ്പോലെ, ഒരു സ്വപ്നം പോലെ. എന്റെ നാടിന്റെ ഭംഗി എന്റെ മനസ്സിനോളം തന്നെ. എന്നോ നഷ്ടപ്പെട്ട ബാല്യകാലത്തിന്റെ തുടർച്ച പകർന്നു കിട്ടിയപോലെ. ഉള്ളു സന്തോഷം കൊണ്ടു നിറയുന്നതുപോലെ. 


    ഓടിക്കളിച്ചിരുന്ന ആ കാലം, പുതിയ മഴപെയ്യുമ്പോൾ വെള്ളം തെറ്റിച്ചു തെറ്റിച്ചു ഓടുമായിരുന്നു. പാടത്തു നിറഞ്ഞുകിടക്കുന്ന വെള്ളത്തിൽ പരന്ന കല്ല് എറിഞ്ഞു തെറ്റിക്കുമായിരുന്നു. വല്യച്ഛൻ അതിൽ വിദഗ്ധനായിരുന്നു. വല്യച്ഛനാണ്‌ അതു പഠിപ്പിച്ചുതന്നത്. ഓടിന്റെ മുറിയാണ് നല്ലത്.കൈ ചെരിച്ച് ഒരുപ്രത്യേകരീതിയിൽ എറിഞ്ഞാൽ വെള്ളത്തിന്റെ മീതേക്കൂടി കല്ല് തെന്നിത്തെന്നി പായും. അപ്പോൾ തെറിക്കുന്ന വെള്ളത്തിനും ഒരു പൂവിന്റെ ഭംഗിയാണ്.


 പറമ്പിൽ പച്ചിലപറിക്കാൻ വല്യമ്മയോടൊപ്പം മഴയും നനഞ്ഞോടും. തിരിച്ചുവരുമ്പോൾ, വല്യമ്മ അടുത്തുപിടിച്ചു നിറുത്തും. എന്നിട്ട് സാരിയുടെ കോന്തലക്കോണ്ടു തല തുവർത്തി തരും. വല്യമ്മ ചേർത്തുനിർത്തുമ്പോൾ, വല്യമ്മക്കൊരു മണമുണ്ട്. അത്‌ പറഞ്ഞാൽ തീരില്ല. അത്‌ പലപ്പോഴും അപ്പാർട്ട്മെന്റിലും അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവും അതിപ്പോഴും തനിക്ക് മറക്കാനാവാത്തത്.


 അമ്പലത്തിൽ നിന്നും വരുംന്നേരം പായലുപിടിച്ച വഴിയിൽ തെന്നിവീണപ്പോൾ വല്യമ്മ എടുത്ത് സാന്ത്വനിപ്പിച്ചിരുന്നു. പൊട്ടിയ മുട്ടുകാൽ തന്റെ ചേലകൊണ്ടു തുടച്ചു തന്നിരുന്നു. പിന്നെ തൊട്ടടുത്തുനിന്നും ഏതെങ്കിലും പച്ചില പറിച്ച് ഉള്ളം ക്കൈയിലിട്ട് ഞെരടി ആ മുറിവിൽ പിഴിഞ്ഞൊഴിയ്ക്കുമായിരുന്നു. ആദ്യം നന്നായി നീറും.എന്നാലും പിന്നീട് ഒരു തണുപ്പ് അനുഭവപ്പെടും, അതോടെ വേദനയും പമ്പകടക്കും.


ഒരുകാര്യങ്ങളും മാർക്കാനാവുന്നേയില്ല. എന്നോ നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയതു പോലെ അയാളുടെ ഉള്ളു നിറഞ്ഞു വരുന്നുണ്ടായിരുന്നു അപ്പോൾ.... ട്രെയിനിന്റെ താളം വീണ്ടെടുത്തതുപോലെ..!എന്റെ നെഞ്ചിന്റെ താളംപോലെത്തന്നെ!സന്തോഷത്തിന്റെ നിറകുടം തുളുമ്പുന്നതുപോലെ...!


തുടരും.... 



Rate this content
Log in

Similar malayalam story from Fantasy