തിരിച്ചറിവ്
തിരിച്ചറിവ്


കൊതിപ്പിക്കുന്ന മണമുള്ള പിസ്സയുമായി ഡെലിവറി ബോയ് കടന്നുവരുമ്പോൾ... എൻറെ അമ്മേ എന്തൊരു വഴക്കും ബഹളവും ആണ്. ആര് ആദ്യം ചെന്ന് വാങ്ങുമെന്ന്, അടിയിട്ട് ഓടിക്കിതച്ച് പൈസയും കൊടുത്ത് ആ പിസ്സ കൈകളിൽ ഇങ്ങനെ വാങ്ങി നിൽക്കുമ്പോൾ ഉള്ള സുഖമുണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല... പിന്നെ ആ പിസ്സയും എടുത്തുകൊണ്ട് സോഫയിൽ ചാരിക്കിടന്ന് നെറ്റ്ഫ്ലിക്സിലെ ഇഷ്ടപ്പെട്ട സീരിസും കണ്ട് ഇങ്ങനെ ഒരു ഇരിപ്പാ...
അല്ലേലും വീടിന് പുറത്തിറങ്ങിയാൽ ഒരിക്കലും ഇല്ലാത്ത വിശപ്പും ദാഹവുമാണ്. കടയിൽ കാണുന്നതെല്ലാം അങ്ങ് വാങ്ങി കൂട്ടുവാൻ തോന്നും. പല നിറങ്ങളിലുള്ള വെള്ളം കുടിക്കുമ്പോൾ ഉള്ള സന്തോഷം വീട്ടിലെ തിളപ്പിച്ചാറ്റിയ വെള്ളത്തിന് തരാൻ കഴിയില്ലല്ലോ... നോൺവെജ് ഇല്ലാതെയുള്ള ഒരു ദിവസം പോലും എനിക്ക് ആലോചിക്കാൻ പറ്റില്ല. "എല്ലാദിവസവും ചിക്കൻ വേണമെങ്കിൽ നിനക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി തരാം, നീ വളർത്തിക്കോളൂ. ഹോർമോൺ ഒന്നുമില്ലാത്ത നല്ല നാടൻ കോഴിയിറച്ചി കഴിക്കാമല്ലോ." ഓ പിന്നേ.. അപ്പന് ഇങ്ങനെ പറഞ്ഞാൽ മതി കോഴിയെവളർത്താനൊന്നും എനിക്ക് പറ്റൂല.
റേഡിയേഷൻ ...റേഡിയേഷൻ... എന്ന് പറഞ്ഞ് എപ്പോഴും ഇങ്ങനെ കാറണ്ട, ഞാൻ കുറച്ചുനേരം ഒന്ന് ഫോൺ നോക്കട്ടെ, അല്ലേലും മൊബൈൽ ഒന്ന് എടുത്താ മതി ഉടനെ തുടങ്ങും. നോട്ടം തുടങ്ങിയാലോ... നേരം പുലരുന്നത് പോലും അറിയില്ല എന്താല്ലേ...
"എടാ, ഇഷ്ടംപോലെ പറമ്പ് ഉണ്ട്. നിനക്ക് എന്തെങ്കി
ലും രണ്ട് വേണ്ടയോ, കോവലോ, കാന്താരിയോ ഒക്കെ വെച്ചുപിടിപ്പിച്ചു കൂടെ? വെറുതെ വിഷം അടിച്ചത് ഒക്കെ കഴിക്കണോ?" പിന്നെ, അങ്ങനെ നോക്കിയാൽ ഉള്ളതെല്ലാം വിഷമാണ്, മനുഷ്യൻറെ മനസ്സ് അടക്കം. എന്നുവച്ച് ചോറുണ്ണാൻ വേണ്ടി ഒരു നെൽപ്പാടം തന്നെ ഉണ്ടാക്കാൻ പറ്റുമോ? എല്ലാവരും ഇതൊക്കെ തന്നെയല്ലേ കഴിക്കുന്നത്, പിന്നെ എന്താ പ്രശ്നം?
ചൂടുപാറുന്ന കഞ്ഞിയുടെ മണം മൂക്കിലേക്ക് അടിച്ചപ്പോൾ ഞാൻ അമ്മച്ചിയെ ഒന്ന് തലയുയർത്തി നോക്കി. ചുട്ട മുളകരച്ച് ചമ്മന്തി പൊടിയും, നല്ല സൊയമ്പൻ വെളുത്തുള്ളി അച്ചാറുമാണല്ലോ അമ്മച്ചിയുടെ കയ്യിൽ ഇരിക്കുന്നത്. ഇത്രനാളും എന്തേ ബർഗറും, സുനാമി ചിക്കനും, പഴകിയ ഷവർമയും ഒക്കെ തരുന്ന സ്വാദ് കഞ്ഞിക്ക് തരാൻ കഴിയാഞ്ഞത്? അതോ ക്യാൻസർ എന്ന മഹാമാരി തന്നെ വരേണ്ടി വന്നുവോ എനിക്ക് എല്ലാം മനസ്സിലാക്കുവാൻ?
അല്ലേലും അപ്പൻ പറഞ്ഞത് ശരിയായിരുന്നു: "എടാ ഈ വിഷം എല്ലാം കഴിക്കണോ? ഇങ്ങനെ രുചി വർദ്ധിപ്പിക്കുവാൻ എന്തെല്ലാം വിഷങ്ങളാണ് ചേർക്കുന്നത്. ഇതൊക്കെ എത്രമാത്രം അപകടകരമാണെന്നോ?"
ഒന്ന് പോ അപ്പാ, ഇതൊന്നും എപ്പോഴും കഴിക്കുന്നില്ലല്ലോ, വല്ലപ്പോഴും അല്ലേ ഉള്ളൂ. ശരിയാ മോനേ വില കൊടുത്തു വാങ്ങുന്ന വിഷം കുറേശ്ശെയായി കഴിക്കുമ്പോൾ നാം അറിയുന്നില്ല. ഒടുവിൽ അത് സംഹാരതാണ്ഡവം ആടുമ്പോഴാണ് നാം തിരിച്ചറിയുന്നത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകി പോയിരിക്കും.