ഓർമ്മയിൽ ഒരു മഴക്കാലം
ഓർമ്മയിൽ ഒരു മഴക്കാലം


ഹെലികോപ്റ്റർ ആകാശത്തിലൂടെ പറന്നുപോകുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടി വന്നതാ, പിന്നെ തിരിച്ചു വീട്ടിനുള്ളിലേക്ക് കയറിയതോ രണ്ടു മണിക്കൂർ കഴിഞ്ഞ്. ഹെലികോപ്റ്റർ ദേ ശൂ ന്നങ്ങ് പോയി. സങ്കടത്തോടെ അങ്ങനെ നിന്നപ്പോൾ അതാ ഒരു അണ്ണാൻ പറങ്കിപഴവും ചപ്പി കൊണ്ട് മരചോട്ടിൽ ഇരിപ്പുണ്ട്. ഹായ് അണ്ണാൻ എന്ന് പറഞ്ഞു കൊണ്ട് അടുത്തേക്ക് ചെന്നപ്പോൾ അതാ മുൻപിലൂടെ ഒരു ചിത്രശലഭം പാറി നടക്കുന്നു. ഇന്ന് ഞാൻ നിന്നെ പിടിച്ചിട്ടു തന്നെ കാര്യം എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട് ഓടിച്ചെന്നപ്പോൾ എന്താ മോനൂസെ ജാഡയാണോ എന്ന് പറഞ്ഞുകൊണ്ട് ഒരു നിൽപ്പാ... മാവിൽ തൂങ്ങിക്കിടക്കുന്ന നല്ല പഴുത്ത നാടൻ മൂവാണ്ടൻ മാങ്ങ... ശെടാ, ഇത് ഞാൻ എങ്ങനെ താഴെയിടും എന്നാലോചിച്ച് നിൽക്കുമ്പോളാണ് അപ്പുറത്തെ വീട്ടിലെ രാമുവിൻറെ ഒച്ച കേട്ടത്. ഉടനെ ഓടി അവനെയും പിടിച്ചുവലിച്ച് കൊണ്ടുവന്നു.
എത്ര പ്രാവശ്യം എറിഞ്ഞുവെന്നറിയാമോ... വീഴുന്നില്ല. ഞങ്ങളു വിടുമോ, അവസാനം മാങ്ങ വീണു. അതും കിട്ടിയ സന്തോഷത്തിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് അപ്പുറത്തെ വീട്ടിലെ ലീല വന്നത്. ഞങ്ങൾ രണ്ടാളും പരസ്പരം ഒന്നു നോക്കി. ലീലയ്ക്കും കൊടുത്തു രണ്ടു മാങ്ങ. അപ്പോഴാണ് ഇടിച്ചു കുത്തി ഒരു വരവ്...അയ്യോ, മഴയോ... മഴ...ഞങ്ങൾ എന്ത് ചെയ്തെന്നോ, ആ മഴയത്ത് തുള്ളിച്ചാടി, പൊട്ടിച്ചിരിച്ച്, നനഞ്ഞ്കുളിച്ച്...
"രഘുവേട്ടാ, എന്താ ഇത്... മഴ നനയാതെ ഇങ്ങ് കയറി വാ."
ഞാൻ തിരിഞ്ഞു ഒന്നു നോക്കി... ഉച്ചയ്ക്കത്തെ ഊണ് കഴിക്കാൻ വിളിക്കുന്നതാ...
"എടീ മോൻ എന്തിയേ ? ഇങ്ങോട്ട് വരാൻ പറ...ഈ മഴയൊന്നും എപ്പോഴും കിട്ടില്ല."
"ആ! ഇത് ഇപ്പോ നല്ല ചേലായി... ഇവിടെ നല്ല ഒന്നാന്തരം മഴ പെയ്തിട്ടുകൂടി അവൻ അറിഞ്ഞിട്ടില്ല... ആ കുന്ത്രാണ്ടതിലോട്ടു തലകുനിച്ചു ഒറ്റ ഇരിപ്പാ... ചോറ് കഴിക്കാൻ വിളിച്ചപ്പോൾ വേണ്ടെന്നു പറഞ്ഞു..."
"ഹോ ശരിയാ, ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും അറിയണ്ട. ഒരു മൊബൈൽ കയ്യിൽ ഉണ്ടെങ്കിൽ എല്ലാം ആയി എന്ന വിചാരം, പിന്നെ അവർക്കൊന്നും വേണ്ട."
ഓർമകളുടെ കെട്ടുകൾ ഇറക്കിവെച്ച് ഒരു നെടുവീർപ്പോടെ മഴത്തുള്ളികൾ നിന്നും കൈകൾ പിൻവലിച്ച് രഘു ഉമ്മറത്തേക്ക് കയറി...