പിറന്നാൾ
പിറന്നാൾ
ഒരായിരം ആശംസകൾ നേരുന്നു
എൻ പ്രിയർ.. എന്നെക്കാളും
എന്നെ സ്നേഹിക്കുന്നവർ.
വീട്ടിലോ സന്തോഷ പൂത്തിരി
അവർണ്ണനീയമാം സന്തോഷം അലതല്ലുന്നു
അഗാധമാം വാരിധി പോലവേ
ഒരു ഹൈഡ്രജൻ ബലൂണായി
ഞാൻ ഉയർന്നു പൊങ്ങുന്നു
രാവിന്റെ ഓരോ യാമവും ഇതൾ കൊഴിക്കുമ്പോൾ
എന്നുടെ അകതാര് പിടയ്ക്കുന്നു
നേരോർത്താൽ ഓരോ ജന്മദിനവും
മരണത്തിലേയ്ക്കുള്ള ചുവടു വയ്പല്ലേ?
ഏകാന്തത കരിമ്പടം ചൂടുന്ന രാവിൽ
ചന്ദ്രികയും താരങ്ങളും ചിരിയ്ക്കുന്ന നേരം
ഞാൻ മോഹിക്കുന്നു… വീണ്ടുംco
ഒരു കാമധേനുവായി പിറക്കുവാൻ
അക്ഷരങ്ങൾ പൂമാലയായി
അലംകൃതമാകുന്ന വേളകളിൽ
ഞാൻ സുവ്യക്തമായി ഓർക്കുന്നു
കീറ്റ്സിനെ ബിതോവനെ
കവിതകളുടെ സുവർണ്ണ ചിറകുകൾ വിടർത്തി നിൽക്കും
വേർഡ്‌സ്വേർത്തിനെ ആൽഫ്രഡ് ലോർഡ് ടെന്നിസനെ
ഏകാന്തതയുടെ നൂറുവർഷങ്ങളിലൂടെ അവതരിച്ച
ഗബ്രിയേൽ ഗാർസിയ മാർക്വസിനെ….
എന്തെഴുതണം എന്നറിയാത്ത മമ രാവുകൾ
പൊൻതൂവൽ കൊഴിക്കുന്നു.. വരികൾ
ചെന്താമര ദലങ്ങളായി വിടരുന്നു
വീണ്ടും അടരാത്ത സൂനങ്ങളായി.
ഇല്ല, എനിക്ക് മരണമില്ല.. ഒരിക്കലും
ഒരായിരം ചന്ദ്രികയാൽ ഒളിചിന്നും
ഞാനും എന്റെ കാവ്യ മലരുകളും
കൈരളിപ്പെണ്ണിനെ കൊഞ്ചിക്കുവാൻ
നറുമലർ പോലെ നിർമ്മലമാം
അക്ഷരക്കൂട്ടുകളാൽ, അക്ഷര മുത്തുകളാൽ.
