പെട്ടിക്കുള്ളിലെ സെൽഫി ചിന്തകൾ
പെട്ടിക്കുള്ളിലെ സെൽഫി ചിന്തകൾ
മൊബൈൽ മോർച്ചറിയുടെ സുഖ ശീതളിമയിൽ ആലസ്യംപൂണ്ടു കിടന്ന ശവം പതിയെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു. മോർച്ചറിയുടെ ഗ്ളാസ്സ് അടപ്പിനു മുകളിൽ വച്ചിരിക്കുന്ന റീത്തുകളിലെ പേരുകൾക്കായി പരതി. പേരുകൾ മറുവശത്തായതിനാൽ ഒന്നും കാണാൻ വയ്യ. "എല്ലാവനും വന്നു കാണും". ശരിക്കും എല്ലാവരും വന്നിരുന്നു. റീത്തുകളുടെ കുമ്പാരം അതാണ് സൂചിപ്പിച്ചത്.
വന്നവരൊക്കെ പരേതനെ കണ്ട ശേഷം അവിടവിടെയായി മാറി നിൽക്കുന്നുണ്ടായിരുന്നു. തന്റെ മുകളിൽ അടിഞ്ഞു കൂടിയ റീത്തുകളുടെ കൂമ്പാരം കണ്ട് സന്തോഷം തോന്നിയെങ്കിലും പൂക്കളുടെ നിലവാരം കുറഞ്ഞു പോയതായി പരേതനു തോന്നി. "ങാ... ഒള്ളതാകട്ടെ... ഏതായാലും കഴിഞ്ഞ ആഴ്ച്ച മഴ നനഞ്ഞ് നിൽക്കുന്ന പുതിയ സെൽഫി എഫ്.ബി യിൽ ഇട്ടത് കാര്യമായി. ആവശ്യമുള്ളവനെക്കെ അതെടുത്ത് എഡിറ്റ് ചെയ്ത് ഇടത്തേ അറ്റത്തോ, വലത്തേ അറ്റത്തോ പൂക്കളും ചേർത്ത് ആദരാഞ്ജലിയെഴുതി ഇട്ടോളും. ആ സമയത്ത് അങ്ങനൊരു നല്ല ബുദ്ധി തോന്നിയതു കൊണ്ട് ഇന്ന് എഫ് ബി യിൽ ചമഞ്ഞ് കിടക്കാൻ പറ്റി. ഹോ! ഇല്ലായിരുന്നേൽ നാറിപ്പോയേനേ.... ഇവനൊക്കെ വല്ല കുത്തിപ്പൊക്കലും നടത്തി പഴയ വല്ല ഊള പടവും തപ്പിയെടുത്തിട്ടേനേ.... ".
ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ പരതിയപ്പോൾ ഇളയ സന്തതിയെ കണ്ടു. അവൻ എന്തോ പരിശോധിക്കുകയാണ്. " ഓഹോ... അത് എന്റെ മൊബൈലാണല്ലോ? തന്തയുടെ അടക്കം കഴിഞ്ഞില്ല. അതിനു മുൻപ് അവൻ പരിശോധന തുടങ്ങിയിരിക്കുന്നു." തട്ടിപ്പോകുന്നതിനു ഒരാഴ്ച്ച മുന്നേ ആശുപത്രിയിലേക്ക് പോകും വഴി എഫ്.ബി യിൽ കേറി ഫിലിപ്പൈൻസുകാരികളെയും ബാക്ക
ി മദാമ്മമാരെയും അൺ ഫ്രണ്ട് ചെയ്തത് എന്തു നന്നായിയെന്ന് പരേതൻ ഓർത്തു.''ചെക്കൻ വിളഞ്ഞ വിത്തു തന്നെ. പക്ഷേ കിട്ടില്ലെടാ.... നീ ഉദ്ദേശിക്കുന്നതൊന്നും ആ ഫോണിൽ നിന്നും കിട്ടില്ല."
താൻ അഡ്മിനായ കുടുംബ ഗ്രൂപ്പിനു നാഥനില്ലാതായല്ലോ എന്നതാണ് ആകെയുള്ള വിഷമം.
ട്രോളൻമാരുടെ ഗ്രൂപ്പിലെ തന്റെ സഹ ട്രോളൻമാർ റീത്ത് വയ്ക്കുന്നതു കണ്ടു. അവൻമാർ ഒപ്പം ഇരുന്നു സെൽഫിയൊക്കെ എടുക്കുന്നുണ്ട്. ഇനി ഒരാഴ്ച്ച തന്നെ വച്ചായിരിക്കും അവന്റെയൊക്കെ അഴിഞ്ഞാട്ടം. "തെണ്ടികൾ... ഇവനൊന്നും ഞാൻ ചത്താലും ഒരു ദാക്ഷിണ്യവും കാണിക്കില്ല". സഹ ട്രോളൻമാർ സെൽഫിയെടുത്തപ്പോൾ കൂടെ ചിരിക്കാനുള്ള ഒരു ശ്രമം ശവം നടത്തി. മൂക്കിൽ പഞ്ഞി തിരുകി വച്ചിരിക്കുന്നതു കൊണ്ട് ഉദ്ദേശിച്ച പോലെ ചിരിക്കാനോ ഭാവം വരുത്താനോ കഴിയുന്നില്ല. എഴുന്നേൽക്കാനും കഴിയുന്നില്ല. കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയിരിക്കുകയാണ്.
മാത്രമല്ല ഒരു കൈയ്ക്കും അരയ്ക്ക് കീഴ്പോട്ട് മറ്റു ഭാഗങ്ങളിലും എന്തു സംഭവിച്ചു എന്നത് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. കഴിഞ്ഞ ദിവസം പുതിയ കൂളിംഗ് ഗ്ളാസ്സൊക്കെ വച്ച് (ഗ്ളാസ്സ് വച്ചതു കൊണ്ടും, സ്പൈക്ക് ചെയ്ത തലമുടിയുടെ സ്റ്റൈൽ നഷ്ടപ്പെടേണ്ട എന്നു കരുതിയും ഹെൽമെറ്റ് വച്ചിരുന്നില്ല എന്ന് പ്രത്യേകം പറയണമല്ലോ) അടിച്ചു പറത്തി ബൈക്കിൽ വന്നപ്പോൾ, മഴയത്ത് നിന്നെടുത്ത സെൽഫിയുടെ ലൈക്ക് നോക്കാൻ മൊബൈലിൽ എഫ്.ബിയെടുത്തതു വരെ ഓർമ്മയുണ്ട്... ബാക്കി എന്താണോ എന്തോ?