Binu R

Fantasy

4  

Binu R

Fantasy

ഒരുശരീരവുംരണ്ടാത്മാക്കളും

ഒരുശരീരവുംരണ്ടാത്മാക്കളും

3 mins
429പതിഞ്ഞ കാലൊച്ച അടുത്തടുത്തു വന്നു. അയാൾ അടഞ്ഞമുറിക്കുള്ളിൽ നിശബ്ദമായി വായിക്കുകയായിരുന്നു. അടഞ്ഞവാതിലിനു പിന്നിൽ നേരിയ മുട്ട് കേട്ടുവോ !.അയാൾ ചകിതനായി. ഭയം മുഖത്തിലേക്കിരച്ചു കയറാൻ തുടങ്ങി. മേശപ്പുറത്ത് താടിക്ക് കൈയ്യും കൊടുത്തിരുന്ന അയാൾ കൈ പിൻവലിച്ചു. അയാളുടെ ചിന്തകൾ തലച്ചോറിനുള്ളിൽ പിടിവലികൾ തുടങ്ങി. തന്റെ ശരീരത്തിനായി അയാളുടെ ആത്മാവ് എത്തിയോ..! ഇന്നായിരുന്നല്ലോ താൻ പറഞ്ഞിരുന്ന ആ ദിവസവും സമയവും. 


ഇരുപത് വർഷങ്ങൾ.... ഈ ശരീരത്തിനുള്ളിൽ... എന്തു സുഖമായിരുന്നു. അയാൾ അനുഭവിച്ചിരുന്ന സുഖം, ഒരിക്കലും അയാൾ തിരിച്ചറിഞ്ഞിരുന്നില്ല എന്നത് മറ്റൊരു കാര്യം, താനും അനുഭവച്ചിരിക്കുന്നു. അയാളുടെ അമ്മയുടെ ഭാര്യയുടെ മക്കളുടെ സ്നേഹം എല്ലാം... അയാൾക്ക് എന്നും പരാതിയായിരുന്നു. ഈ ശരീരത്തിനുള്ളിലെ ജീവിതം പരമ ബോറെന്നായിരുന്നു അയാളുടെ ഭാഷ്യം. അയാളുടെ എന്നത്തേയും പിറുപിറുക്കലുകൾ...പക്ഷേ താനത് രസകരമായി അനുഭവിച്ചിരിക്കുന്നു... ഈ രസച്ചരട് ഇനി അയാൾക്ക് വിട്ടുകൊടുക്കുവാനോ..?. പറ്റില്ല.


വർഷങ്ങൾക്കു മുമ്പ് വെറുമൊരു ആത്മാവായി അലഞ്ഞുതിരിഞ്ഞൊരു നേരം, വളരേ യാദൃശ്ചികമായാണ്, ഇവിടെ വന്നു കയറിയത്. അങ്ങനെ അയാളുമായി പരിചയപ്പെട്ടു. അന്നൊക്കെ അയാളുടെ നാവിന്തുമ്പിൽ നിന്നും വേദാന്തങ്ങളെ പുറത്തുവരുമായിരുന്നുള്ളൂ. അന്നൊരു രാത്രിയിൽ സ്വന്തം തത്വങ്ങളും പറഞ്ഞ് പയ്യാരങ്ങളും പുലഭ്യങ്ങളും പറിഞ്ഞിരുന്നപ്പോഴാണ്, തന്നെ കണ്ടത്.


അന്ന് അയാളുടെ ശരീരത്തിനുള്ളിൽ ആ ആത്മാവ് കരയുകയാണ് എന്ന് തോന്നി, വീർപ്പുമുട്ടുകയാണ് എന്നും തോന്നി. അയാൾ കട്ടിലിൽ ചെന്നു കിടന്നു. നല്ല മദ്യലഹരിയുടെ വാസനയുണ്ടായിരുന്നു. ആംഗ്യങ്ങളെല്ലാം നിലതെറ്റിയതായിരുന്നു. 

അന്നും, ഇന്നും, മനുഷ്യൻ വിശ്വസിക്കുന്നത് മറ്റൊരാത്മാവിനും മറ്റൊരു മനുഷ്യശരീരത്തിൽ കഴിയാനാവില്ലെന്ന് തന്നെയാണ്. അയാളുടെ നിലതെറ്റിയ കണ്ണുകൾ തന്നെ കണ്ടെത്തി. ആരാണെന്നന്വേഷിച്ചു. താൻ ഇന്നാരാണെന്നു പറഞ്ഞപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. എന്നിട്ടയാൾ ചോദിച്ചു, 


-- ആത്മാവോ.. ! ഏതു ശരീരത്തിലെ.. !


താൻ വിനീതനായി പറഞ്ഞു... 


-- ശരീരം വിട്ടിട്ട് കുറേ നാളായി. പെട്ടെന്ന് ശരീരം വെടിയേണ്ടി വന്നു. ഒരു ദുർമരണം. 


-- എങ്ങനെ?? എങ്ങനെ!! മനസ്സിലായില്ല.. 


അയാൾ ഔത്സുക്യത്തോടെ തലമാത്രം ഉയർത്തി നോക്കി. 


താൻ വീണ്ടും തുടർന്നു... 


-- ഒരാക്സിഡന്റ്... പക്ഷേ, ആയുസ്സ് തീരുന്നതുവരെ ഞങ്ങൾ ആത്മാക്കൾക്ക് ഭൂമിയിൽ അലഞ്ഞേ പറ്റൂ. നാലുവർഷമായി. എല്ലാ അർദ്ധരാത്രിയിലും ഇതിലേ പോകുമ്പോഴൊക്കെയും താങ്കളുടെ താളപ്പിഴകൾ കാണാറുണ്ട്. ശരീരമില്ലാത്ത ഒരാത്മാവിന്റെ വേദന താങ്കൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. എന്നാൽ,, ഇനി ഞാൻ നിൽക്കുന്നില്ല.  യാത്രമൊഴികൾ ചൊല്ലി, അയാൾക്ക് നല്ല രാത്രിയും നേർന്നുകൊണ്ട് പുകച്ചുരുളുകളായി ചെറിയകാറ്റിൽ കറങ്ങിയുയരാൻ തുടങ്ങിയപ്പോൾ... അയാൾ പറഞ്ഞൂ, 


-- നിൽക്കൂ... ഒരു നിമിഷം.നിങ്ങൾക്ക് മറ്റൊരു ശരീരത്തിൽ കയറുവാൻ മോഹമുണ്ടോ..? 


അതൊരു അപ്രതീക്ഷിത ചോദ്യമായിരുന്നു.അയാളുടെ വായിൽ നിന്നും ഈളകൾ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. അയാൾ അത് ഇടതുകൈ ഉയർത്തി തുടച്ചുകളഞ്ഞു. 


ഞാൻ പറഞ്ഞു. 


 -- എനിക്ക്.. ഇതുവരേക്കും അങ്ങനെയൊന്നും തോന്നിയിട്ടില്ല. പക്ഷേ, ശരീരത്തിൽ ജീവിക്കുക എന്നത് ഒരു രസമാണ്. അല്ലേ..?


എന്റെ ആ പറച്ചിലും ചോദ്യവും അയാൾക്കിഷ്ടപ്പെട്ടില്ലെന്ന് തോന്നി. അയാളുടെ മറുപടിയിൽ ഒരു പുച്ഛം കലർന്നിരുന്നു.


-- രസമോ !.എന്തുകുന്തം. ഒന്നുമില്ല. പരമബോറാ. ഇതിൽ നിന്ന് ഒന്നൊഴിഞ്ഞു പോയാൽ മതിയായിരുന്നു. സ്വന്തവും ബന്ധങ്ങളും പരാധീനതകളും... 


അയാൾ വളരേ നീരസത്തോടെയായിരുന്നു അതു പറഞ്ഞത്. 

         

താൻ ഉള്ളാലെ ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു... 


-- നിങ്ങൾക്കത് മനസ്സിലാവില്ല, സുഹൃത്തേ.എനിക്ക് ആയുസ്സൊടുങ്ങുന്നതുവരെ, ആ ജീവിതത്തിന്റെ രസം ഞാൻ ആസ്വദിക്കുകയായിരുന്നു...പക്ഷേ, 


അയാൾ ഇടയ്ക്കു കയറി... 


-- എന്തു പക്ഷേ, നിങ്ങൾക്ക് അത്ര രസമാണെങ്കിൽ താനീ ശരീരത്തിൽ കയറിക്കോ.. 


ആ സംഭാഷണം നേരം വെളുക്കാറാവുന്നത് വരെ തുടർന്നു. നേരം വെളുത്തുകഴിഞ്ഞാൽ പിന്നെ, ആത്മാക്കൾക്ക് ഭൂമിയിൽ അലയാൻ അവകാശമില്ല... അതുകൊണ്ട് താൻ വിഹായസ്സിൽ ലയിച്ചു.


 പിറ്റേന്ന് അതേസമയം തന്നെ താനവിടെ എത്തി. അയാൾ തലേന്നതിനേക്കാൾ പിമ്പിരിയിലായിരുന്നു. വാക്കുകൾ വഴവഴാന്ന്.അയാൾക്ക് സ്വയംബോധം തീരെ നഷ്ടപ്പെട്ടിരുന്നു. അയാൾ തനിക്കായി നിറച്ച ഒരു ഗ്ലാസ്സ് നീട്ടി. 


താൻ പറഞ്ഞു..


-- എനിക്ക് ശരീരമില്ല. പിന്നെന്തിന്..? ഇത്. 


അയാൾ ഉറക്കെ ചിരിച്ചു. കുലുങ്ങി കുലുങ്ങി. അയാളുടെ ചിരിക്ക് എന്തോ പ്രത്യേകത തോന്നി. ഉടനേ തന്നെ അയാളുടെ ശരീരത്തിൽ നിന്നും ആ ആത്മാവ് പുറത്തുവന്നു. ശരീരം കുഴഞ്ഞു വീണു. എന്നിട്ട് ആ ആത്മാവ് തന്നോട് പറഞ്ഞു. 


-- താങ്കൾ ഇന്നലെ പറഞ്ഞത് പോലെ. ഇനി താൻ അതിലേക്ക് കയറിക്കോ... ആത്മാക്കളുടെ ലോകത്തെ തൊന്തരവുകളൊക്കെ ഞാനൊന്നറിയട്ടെ... ഒരു ദിവസം ഞാൻ വരും അന്ന് ഈ ശരീരം ഒഴിഞ്ഞു തന്നാൽ മതി. അയാൾ വാനിലേക്ക് പറന്നുയർന്നുപോയി. 


അയാളുടെ ശരീരം നിശ്ചലമായി കിടന്നു. അത് ആർക്കുംവേണ്ടാത്ത ഒരു ജഡമാണെന്ന് ആദ്യം തോന്നി. ഏതായാലും നഷ്ടപ്പെട്ട ജീവിതം ഈ ശരീരത്തിലൂടെ വീണ്ടും ആസ്വദിക്കാമെന്നുറച്ചു. കുറച്ചുനാളെങ്കിലും ഈ ശരീരത്തിലൂടെ മുന്നോട്ടു പോവുക തന്നെയെന്ന് നിശ്ചയിച്ചു. അയാളെന്ന ആ ആത്മാവ് മടങ്ങിയെത്തുന്നവരെയെങ്കിലും. താൻ ആ ശരീരത്തിലേക്ക് കയറി. ലഹരിയേറ്റ് ആ ശരീരം തളർന്നു കിടക്കുകയാണ്. താൻ ആകെ വിമ്മിഷ്ടപ്പെട്ടു. ആ ശരീരത്തിൽ തളർന്നുറങ്ങി. 

രാവിലെ ഉണർന്നപ്പോൾ, ശരീരത്തിലെ അവയവങ്ങൾക്ക് ഒരു പിരിമുറുക്കം പോലെ. താൻ മറ്റേ ശരീരത്തിലായിരുന്നപ്പോൾ ഒരിക്കലും ലഹരി ഉപയോഗിച്ചിരുന്നില്ല. മുറി തുറന്നിറങ്ങിയപ്പോൾ, അയാളുടെ അമ്മ വഴക്കോട് വഴക്ക്. 


-- എന്നും നീ ഇങ്ങനെ കുടിച്ചു നടന്നോ... ഈ കുടുംബത്തിലെ എന്തെങ്കിലും കാര്യങ്ങൾ നീ നോക്കുന്നുണ്ടോ... ഇന്നലെ ഇവിടെ അടുപ്പ് പുകഞ്ഞൊ എന്നത് നിനക്ക് അറിയണ്ടല്ലോ. എടാ ചെറുക്കാ നിന്റെ ഈ കള്ളുകുടി ഒന്നു നിർത്താമോ..?


അന്ന് ഒന്നും മിണ്ടിയില്ല. ആദ്യമായിട്ടാണ് അതെന്ന് പിന്നീടറിയാൻ കഴിഞ്ഞു. അമ്മ വഴക്ക് പറഞ്ഞാൽ ഭാര്യക്കിട്ടുതല്ലുക എന്നതായിരുന്നു രീതി. പതുക്കെ പുതിയ ശരീരവും ബന്ധുമിത്രാദികളുമായി ഇണങ്ങി ചേർന്നു. 


എത്ര സ്നേഹനിധിയായ ആൾക്കാർ, പിന്നെ മദ്യം തൊടാതെയായപ്പോൾ അമ്മ ഭാര്യ മക്കൾ എന്നിവരുടെയൊക്കെ സ്നേഹവും, അയാളുടെയും ഭാര്യയുടെയും ബന്ധുമിത്രാദികളുടെ സ്നേഹവും കരുതലും പലപ്പോഴും വീർപ്പുമുട്ടിച്ചിട്ടുമുണ്ട്. എല്ലാം അയാളുടേതാണെങ്കിൽ പോലും. കഴിഞ്ഞ നാലഞ്ചു മാസങ്ങൾക്ക് മുമ്പ് അയാളുടെ ആത്മാവ് തന്നെ വന്നു കണ്ടു. വന്നത് അയാളുടെ സ്വന്തം ശരീരം തേടി, അമ്മയെ തേടി, മക്കളെ തേടി, ഭാര്യയെ തേടി. അന്നയാൾ ഒരുകാര്യം പറഞ്ഞു, ഇരുപത് കൊല്ലം പൂർത്തിയാകുന്ന അന്ന്, ഈ ശരീരം ഒഴിഞ്ഞു കൊടുക്കണമെന്ന്. എങ്ങനെ ആകും !.ഈ സ്നേഹബന്ധങ്ങളെല്ലാം അയാൾക്ക് വിട്ടുകൊടുക്കുവാനോ !.ഒരുദിവസം പോലും തന്നെ കണ്ടില്ലെങ്കിൽ, മനം നോവുന്ന വയസ്സായ അമ്മ, അങ്കലാപ്പിലാകുന്ന ഭ്യാര്യ, ഒഴിവുകിട്ടുമ്പോഴെല്ലാം അച്ഛാ എന്നുവിളിച്ചുകൊണ്ട് സന്തോഷത്തോടെ, ഓടിയെത്തുന്ന കല്യാണം കഴിഞ്ഞുപോയ മക്കൾ, മുത്തച്ഛാ എന്ന് കിണുങ്ങി വിളിച്ചുകൊണ്ടോടിയെത്തുന്ന കൊച്ചുമക്കൾ... എങ്ങനെ..!എങ്ങനെ ഇവരെയൊക്കെ വിട്ടുപോകും.!


തന്റെയാത്മാവ് ഈ ശരീരത്തിൽ കയറിയതിനുശേഷം എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ എല്ലാ മഴക്കാലത്തും ചോന്നൊലിക്കുന്ന വീട് മാറ്റിപ്പണിതു. മക്കളെയൊക്കെ നല്ലരീതിയിൽ പറഞ്ഞയച്ചു.

തന്റെ ചിന്തകൾ വട്ടം ചുറ്റി വലഞ്ഞു. ഒടുവിൽ ഒരു തീരുമാനമെടുത്തു. അയാൾക്കായി ഒഴിഞ്ഞു മാറുന്നില്ല. ദൃഢനിശ്ചയത്തോടെ വാതിലടച്ചു കുറ്റിയിട്ടു. മുറിയുടെ നാലുമൂലയിലും കട്ടിലിന്റെ നാലുമൂലയിലും ബ്രഹ്മശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജപിച്ചു തന്ന ചരടുകളും യന്ത്രങ്ങളും സ്ഥാപിച്ചു. വീടിന്റെ നാലു മൂലയ്ക്കലും അത് ചെയ്തിട്ടുണ്ട്. തന്റെ അരയിലും കൈത്തണ്ടയിലും ജപിച്ച ചരട് കെട്ടിയിട്ടുണ്ട്. ഒരാത്മാവിനും ഇനി തന്റെയടുത്തേക്കടുക്കാനാവില്ല. ഉറച്ച മനസ്സോടെ പഞ്ചാക്ഷരീ മന്ത്രവും ജപിച്ചു കൊണ്ട് ഉറങ്ങാൻ കിടന്നു. Rate this content
Log in

Similar malayalam story from Fantasy