ഒരു യാത്രയുടെ ഒടുവിൽ
ഒരു യാത്രയുടെ ഒടുവിൽ
പതിവുപോലെ, ഗംഗയിൽ സ്നാനം കഴിഞ്ഞ് നേരെ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിന് അടുത്തേക്കായി ഞാൻ നടന്നു. ഇവിടെയാണ് ഞാൻ ധ്യാനിത്തിനായി ഇരിക്കാറുള്ളത്. ഞാൻ മാത്രമല്ല, എന്നെ പോലെ തന്നെ 1000 കണക്കിന് സന്യാസിമാരുണ്ട് ഇവിടെ.
ഇന്നേക്ക് 27 വർഷം ആയിരിക്കുന്നു, ഞാൻ ഈ സന്യാസിയുടെ വേഷം അണിഞ്ഞിട്ട്. വേഷം എന്ന് പറയുന്നതിനേക്കാൾ എനിക്ക് താല്പര്യം, സന്യാസിയുടെ ജന്മം എടുത്തിട്ട് എന്ന് പറയുന്നതാണ് . രാവിലെ ധ്യാനം കഴിഞ്ഞാൽ, പ്രാതലിനായി ക്ഷേത്രത്തിലെ പടച്ചോർ ലഭിക്കും. പിന്നീട് ഞാൻ എന്റെ ജോലി തുടങ്ങും. ഇപ്പോൾ ആലോചിക്കുന്നുണ്ടാവും, സന്യാസിമാർക് എന്തിനാണ് ജോലിയെന്ന്. ആദ്യമായി കാശിയിൽ വന്നിറങ്ങിയപ്പോൾ എനിക്ക് യാതൊരു അന്തവും ഉണ്ടായിരുന്നില്ല, എന്ത് ചെയ്യുമെന്നോ, ആരെ കാണണം എന്നോ ഒന്നും അറിയില്ലായിരുന്നു. അങ്ങനെ മൂന്നു നാല് ദിവസം എനിക്ക് പട്ടിണി കിടക്കേണ്ടി വന്നു.വാരിയെല്ലു തെളിഞ്ഞു തുടങ്ങിയപ്പോൾ എന്റെ അരുകിലേക്ക് ഒരു വൃദ്ധൻ കടന്ന് വന്നു. അയാളുടെ കൈയിൽ ഒരു ഊന്നു വടിയുണ്ട്, കാവി വസ്ത്രവും, നീണ്ട താടിയും ജെടയുമുള്ള അയാൾ എനിക്ക് കുടിക്കാനായി കുറച്ച് വെള്ളം തരികയുണ്ടായി. ദാഹം മാറിയപ്പോൾ, അയാൾ എന്റെ കാര്യങ്ങൾ തിരക്കാൻ തുടങ്ങി. എന്റെ കഥകൾ കേട്ടിട്ടാകണം, അയാൾ എന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു
" നീ ഒരു സന്യാസി ആകാൻ യോഗ്യൻ തന്നെ ".
ശെരിയാണ്, സന്യാസി ആകാനും വേണം ഒരു യോഗ്യത. ഒരു 3 വർഷകാലം ഞാൻ അദ്ദേഹത്തിന്റെ കൂടെയായിരുന്നു. ഞാൻ അദ്ദേഹത്തെ എന്റെ ഗുരുവായി കാണാൻ തുടങ്ങി. എന്നെ അദ്ദേഹം പലതും പഠിപ്പിച്ചു, തുടക്കം യോഗയിൽ നിന്നും ആയിരുന്നു. ചില മാസങ്ങളിൽ കാശിയിൽ വല്ലാത്ത തണുപ്പാണ്. ചെലപ്പോൾ ഒരു യോഗി ആയത്കൊണ്ട് ആകാം, എനിക്ക് ആ തണുപ്പ് അനുഭവപ്പെടാറില്ല.
അങ്ങനെ വർഷങ്ങൾ പലത് കഴിഞ്ഞു, മരണത്തിലേക്ക് വഴുതി വീഴുന്നതിന് മുൻപ് ഗുരു എന്നെ മറ്റൊരു അഭ്യാസം പഠിപ്പിച്ചു. അതൊരു അഭ്യാസം ആയിരുന്നില്ല, എനിക്ക് ഗുരു ഒരുക്കി തന്ന ഒരു ജീവിത മാർഗം ആയിരുന്നു. ജോലി മറ്റൊന്നുമല്ല, ബലി തർപ്പണം നടത്തുവാൻ വരുന്നവരെ ആചാര വിധി പ്രകാരം അത് ചെയുവാൻ നിർദേശം നൽകുക. ഗുരു എനിക്ക് ബലി ധർപ്പണം ചെയ്യേണ്ട രീതിയും, കർമത്തെ പറ്റിയും, ഉരുവിടേണ്ട മന്ത്രങ്ങളും എല്ലാം പഠിപ്പിച്ചു തന്നു.
എന്റെ ധ്യാനം കഴിഞ്ഞിരിക്കുന്നു, സമയം 8.30 ആയി. ഇന്നും ഗംഗയുടെ തീരത്ത് നല്ല തിരക്കുണ്ട്. നാട് വിട്ടു ഓടി പോന്നവരും, ബലി ധർപ്പണം നടത്താൻ വന്നവരുമൊക്കെ അവിടെയുണ്ട്. ഞാൻ എന്റെ സഞ്ചിയും, ബാക്കി കർമങ്ങൾക്ക് വേണ്ടിയുള്ള സാമഗ്രികളുമായി ആൽമരത്തിനു അരുകിലേക്ക് നടന്നു. കൈയിലുണ്ടായിരുന്നു വിഭൂതി നെറ്റിയിൽ പുരട്ടി, നമ ശിവായ മന്ത്രം ജപിച്ച് ഇരിക്കുമ്പോഴാണ്, എന്റെ അരുകിലായി ഒരു ചെറുപ്പകാരൻ വന്ന് നില്കുന്നത് കാണാൻ ഇടയായത്.
അയാളുടെ അച്ഛന് വേണ്ടി ബലിയിടാൻ വന്നതാണത്രേ. ഞാൻ ആ ചെറുപ്പക്കാരനോട് എന്റെ മുന്നിലായി ഇരിക്കാൻ പറഞ്ഞു. ദർഭ കൈയിൽ അണിയാൻ പറഞ്ഞു, ശേഷം, കർമം തുടങ്ങി. ചങ്കു പൊട്ടി കരഞ്ഞുകൊണ്ട് ആ യുവാവ് കർമങ്ങൾ ചെയ്തു. കർമങ്ങൾ കഴിഞ്ഞ് ഗംഗയിൽ മുങ്ങി തിരികെ വന്ന് ആ പയ്യൻ എന്റെ അരുകിലായി ഇരുന്നു. പൂജയുടെ സമയമായത്കൊണ്ട് തന്നെ, നിശബ്ദരായി ഇരുന്ന ഞങ്ങളുടെ ചെവിയിൽ, മണി നാഥങ്ങൾ മുഴങ്ങി കെട്ടു. കുറച്ച് നേരം മൗനമായി ഇരുന്ന ആ യുവാവ്,എന്നോട് ഒരു സങ്കടം പറയാനുണ്ടെന്ന് പറഞ്ഞു.
കാശിയിൽ ആളുകൾ കടൽ പോലെ ഒഴുകി വന്നുകൊണ്ടേ ഇരുന്നു, സ്വാമിമാരുടെ എണ്ണം പതിവിലും കൂടിയത് പോലെ എനിക്ക് തോന്നി.
യുവാവ് തന്റെ അച്ഛനെ പറ്റി വാ തോരാതെ സംസാരിച്ചു. അച്ഛന്റെ ആത്മാവിനു ഇന്നും മോക്ഷം കിട്ടിയിട്ടില്ല എന്നും.അമ്മ തന്നെ ഈ നിലയിൽ എത്തിക്കാൻ അനുഭവിച്ച ബുദ്ധിമുട്ടികളെ പറ്റിയുമൊക്കെ അയാൾ കരഞ്ഞു പറഞ്ഞു.
എല്ലാം കേട്ടതിനു ശേഷം, ഞാൻ അവനെ ചേർത്തു പിടിച്ചു, എന്നിട്ട് കൈയിൽ ഒരു രക്ഷ കെട്ടി കൊടുത്തു. എല്ലാം കർമ ഫലം ആണെന്നും, ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെയും അതിജീവിക്കണം എന്നും പറഞ്ഞു അവനെ ഞാൻ സമാധാനിപ്പിച്ചു. ഒടുവിൽ കാലിൽ വീണു അനുഗ്രഹം വാങ്ങി, ഞാൻ കൊടുത്ത രക്ഷയും, ഭസ്മവുമായി അവന് യാത്ര തിരിച്ചു.
ദൂരേക് നടന്ന് അകലുന്ന അവനെ ഞാൻ ആൽ മരത്തിനു സമീപം ഇരുന്ന് കൊണ്ട് നോക്കി. നമശിവായ മന്ത്രം മനസ്സിൽ ജപിച്ചുകൊണ്ട് പറഞ്ഞു
" ഭഗവാനെ, എവിടെയാണെങ്കിലും, എന്റെ മകന് ദീർഘായുസ്സ് കൊടുക്കണേ "
ഓം
