ഒഴിമുറി
ഒഴിമുറി
അന്ന് പഠിക്കുന്ന കാലത്ത് ഞങ്ങൾ സുഹൃത്തകൾ ഒന്നിച്ചു ഒരു മുറി വിലക്കു വാങ്ങി. ടൗണിൽ തന്നെ ഒരു മുറി, അതും ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ. ആ സമയത്ത് ഞങ്ങൾക്ക് ആ മുറി ഒരു ക്ലബിന് തുല്യമായിരുന്നു. കോളേജ് കഴിഞ്ഞാൽ ഞങ്ങൾ എല്ലാവരും അവിടെ ഒത്തുകൂടും. കഥകളും, കവിതയും, പാട്ടുമൊക്കെയായി ഒരു ഗംഭീര സായാഹ്നമായിരിക്കും പിന്നെ അങ്ങോട്ട് .കോളേജ് കാലഘട്ടത്തിലെ ഓരോ പ്രാന്ത് എന്നല്ലാതെ എന്ത് പറയാൻ. പഠനം കഴിഞ്ഞ് എല്ലാവരും ജോലിയും, ഉപരി പഠനവുമൊക്കെയായി തിരക്കായി പല വഴിക്ക് പിരിഞ്ഞു. എന്റെ കാര്യം പിന്നെ വ്യത്യസ്തമാണ്. ഡിഗ്രി കഴിഞ്ഞ് പലരും നല്ല നല്ല കമ്പനികളിൽ ജോലിക്ക് കയറിയപ്പോൾ, ഞാൻ സ്വന്തമായി ഒരു ഫാം തുടങ്ങി. സമാധാനം, സന്തോഷം, സ്വസ്ഥം.
അങ്ങനെ ഇരിക്കെയാണ്, യാദൃശ്ചികമായി ഒരു പഴയ കൂട്ടുകാരിയെ കാണാൻ ഇടയായത്. ഗ്രേസ്, അതാണ് അവളുടെ പേര്. ടൗണിൽ വച്ച് തമ്മിൽ കണ്ടപ്പോൾ, ഞങ്ങൾക്ക് രണ്ടാൾക്കും സന്തോഷം അടക്കാനായില്ല. കോളേജിലെ പഴയ ഓർമ്മകൾ തമ്മിൽ പങ്കുവെച്ച ഞങ്ങൾ ടൗണിലൂടെ നടന്നു. അപ്പോഴാണ്, അവൾ ഒരു ആഗ്രഹം പറഞ്ഞത്.
"എന്നെ, നമ്മുടെ ആ പഴയ ക്ലബ്ബിൽ ഒന്ന് കൊണ്ടുപോകാമോ " .
കോളേജ് ജീവിതം കഴിഞ്ഞതിൽ പിന്നെ ഞാൻ അവിടേക്കു മാസത്തിൽ ഒരിക്കലെ പോകാറുള്ളു. അതും, വൃത്തിയാക്കാൻ വേണ്ടി മാത്രം.
ക്ലബ്ബിൽ എത്തി അവിടെ ഉണ്ടായിരുന്ന ഒരു മേശയുടെ ഇരുവശത്തായി മുഖാമുഖം നോക്കി ഞങ്ങൾ ഇരുന്നു. ഗ്രേസ് ആ മുറിയുടെ ഓരോ കോണിലേക്കും കണ്ണുകൾ ചലിപ്പിച്ചു. ചിലപ്പോൾ, ചുവരിൽ പതിച്ചിരുന്ന സുഹൃത്തുക്കളുടെ ചിത്രങ്ങൾ കണ്ടിട്ട് ആവാം, മൃതുവായ ചിരിയോടെ അവൾ സുഹൃത്തുക്കളുടെ വിശേഷങ്ങൾ ചോദിച്ചു. അതിൽ ഒന്ന് രണ്ടു പേരുടെ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു ബാക്കിയുള്ളവർ എവിടെയാണെന്ന് അറിഞ്ഞാൽ അല്ലെ എനിക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കു.
പിന്നീട് വർത്തമാനം മുറുകിയപ്പോൾ, അവൾ ബാഗിൽനിന്നുമൊരു കുപ്പി മദ്യം എടുത്ത് മേശ പുറത്ത് വെച്ചു.കൂടെ രണ്ടു ഗ്ലാസും. ഉള്ളത് പറയട്ടെ, ചിലപ്പോൾ ഒരു ആച്ചായത്തി ആയതുകൊണ്ടാവാം, ഇവളുടെ ഒപ്പം കള്ള് കുടിയിൽ പിടിച്ചു നിൽക്കാൻ സ്വൽപ്പം പ്രയാസമാണ്. അവൾ ആ കുപ്പി പൊട്ടിച്ചു, ഓരേ പെഗ്ഗ് വീതം ഗ്ലാസിൽ ഒഴിച്ചിട്ടു എന്റെ നേരെ നീട്ടി. "ചിയേഴ്‌സ്" പറഞ്ഞു ഒറ്റ വലിക്കു ഗ്ലാസ്സ് കാലിയാക്കിയ അവൾ എന്തോ കാര്യമായി ചിന്തിക്കാൻ തുടങ്ങി.
ഇനി ഗ്രേസിനെ പറ്റി പറയുകയാണെങ്കിൽ, അവൾ ഒരു ഇൻഡിപെൻഡന്റ് വുമണ്ണനാണ്. രണ്ടു ഡിവോഴ്സുകൾ കഴിഞ്ഞു, ഇനിയൊരു പുരുഷനെ പോലും വിശ്വസിക്കില്ല എന്ന് കഠിന ഹൃദയവുമായി ആണ് ആൾ നടക്കുന്നത്.പുരുഷന്മാർ എന്തൊരു ക്രൂരന്മാർ ആണെന്ന് ഞാൻ അവളിലൂടെ മനസ്ലാക്കി. ജോലിയെ പറ്റി ചോദിച്ചിട്ട് അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ എന്നോട് പറഞ്ഞു.
കുപ്പി ഏറെകുറെ പകുതിയായി, അപ്പോഴാണ് അവൾ ബാഗിൽനിന്നും ഒരു പാക്കറ്റ് സിഗരറ്റ് എടുത്തത്. അവൾ ആ സിഗര്റ്റ് കത്തിച്ചുകൊണ്ട്, എന്നോട് പറഞ്ഞു. " I will not trust men, anymore". സിഗരറ്റിന്റെ പുക മുറിയിൽ അങ്ങ് ഇങ്ങു ഓടി നടന്നു. ഗ്രേസ് മെല്ലെ എഴുന്നേറ്റ് മുറിയുടെ ബാൽക്കണിയുടെ അടുത്തേക്ക് നടന്നു. വീണ്ടും ഒരു പുകയെടുത്തുകൊണ്ട് അവൾ വിദൂരതയിലേക് കൈ ചൂണ്ടി അവൾ ചോദിച്ചു " ആ കലുങ്കിന്റെ അടുത്ത് കൂര കെട്ടി താമസിക്കുന്ന കുഷ്ടരോഗി തള്ളയെ കാണാറുണ്ടോ". അപ്പോൾ അതി ശക്തിയായി മഴ പെയ്തു തുടങ്ങിയിരുന്നു. കുറച്ച് താഴ്ന്ന സ്വരത്തിൽ ഞാൻ മറുപടി നെൽകി , " ഇടക്ക് കാണും, ആ കൂരയുടെ പുറത്തേക് പാവം ഇറങ്ങാറെയില്ല. പിന്നെ ഇടക് പുറത്ത് നിന്ന് ഞാൻ വിശേഷമൊക്കെ ചോദിക്കും"
അവൾ വീണ്ടും പോയി ഒരു പെഗ്ഗ് കൂടി ഒഴിച്ചു. അതും ഒറ്റ വലിക്ക് അകത്താക്കിയിട്ട് പറഞ്ഞു," ഒടുവിൽ കണ്ടപ്പോൾ , എന്താണ് സംസാരിച്ചത്"
മദ്യം തലക്ക് പിടിച്ചു ആകെ കിറുക്കിയ അവസ്ഥയിൽ കുഴഞ്ഞാടി കൊണ്ട് നിന്ന അവൾക് ഞാൻ മറുപടി കൊടുത്തു, "നിന്നെ അവസാനമായി ഒന്ന് കാണണം എന്ന് പറഞ്ഞു. നീ അവസാനമായി, ഒരു വട്ടംകൂടി , അമ്മേ എന്നൊന്നു വിളിക്കുന്നത് കേൾക്കണം എന്നും പറഞ്ഞു."
പിന്നീട് കൊറേ സമയം ഞങ്ങൾക്ക് ഇടയിൽ മൗനമായിരുന്നു. പുറത്ത് ആർത്തു പെയ്യുന്ന മഴ നോക്കി ഞങ്ങൾ നിന്നു. മഴയുടെ ശക്തി കുറഞ്ഞപ്പോൾ ഗ്രേസ് എന്നോട് യാത്ര പറഞ്ഞു. അവളിൽ ദുഖമൊന്നും ഞാൻ കണ്ടില്ല. കാറും കോളും ഉള്ളപ്പോൾ ഒരു തോണി പോകുന്ന പോലെ ആടി ആടി അവൾ പടികൾ ഇറങ്ങി. ആദ്യം വന്ന ബസ്സിൽ കയറി യാത്ര തിരിച്ചു. ക്ലബ്ബിന്റെ വാതിൽ അടക്കും മുൻപ്പ് ഞാൻ ആ കുഷ്ഠരോഗി തള്ളയുടെ കൂര വെറുതെയൊന്ന് നോക്കി, എന്നിട്ട് മനസ്സിൽ ഓർത്തു,
"ശരീരത്തിൽ ബാധിക്കുന്ന കുഷ്ഠത്തിനേക്കാൾ ഭീകരമാണ് , മനസ്സിനെ ബാധിക്കുന്ന കുഷ്ഠം"
