ഞാൻ അറിയാത്ത വീട്
ഞാൻ അറിയാത്ത വീട്


പ്രിയ ഡയറി,
ഇന്ന് 29 ആം തിയതി. ഞാറാഴ്ച ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ലല്ലോ? പക്ഷെ ഈ ഞാറാഴ്ച്ച അത്തരത്തിലായിരുന്നില്ല. സമയം പോവാതെ ഞാൻ മൊബൈൽ നോക്കി കൊണ്ടിരുന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ മൊബൈലിനെ വെറുത്തു. ഒരുപാട് നേരം അതിനെ നോക്കി ഇരുന്ന എനിക്ക് അതും മടുത്തു.
ഒടുവിൽ മുറിയിൽ നിന്ന് വെളിയിൽ വന്നപ്പോൾ സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരുന്ന അച്ഛനെയും അമ്മയെയും കണ്ടു. അപ്പോഴാണ് ഞാൻ ഓർത്തതു മൊബൈലിനു പുറത്തു ഒരു ജീവിതമുണ്ടെന്നു. ഞാനും അവരുടെ കൂടെ കൂടി. അമ്മ അമ്മയുടെ കുട്ടിക്കാലത്തെ തമാശകളൊക്കെ പറഞ്ഞു കൊണ്ടിരുന്നു, ഞാനും അച്ഛനും അതെല്ലാം കേട്ട് ചിരിച്ചു കൊണ്ടിരുന്നു.
ഒരുപാട് നാൾ ഞാൻ ആശിച്ചതു ഇന്ന് നടന്നു എന്ന് തോന്നി. അച്ഛന്റെയും അമ്മയുടെയും കൂടെ ചിലവഴിക്കുന്ന നിമിഷം അതാണ് ഇന്ന് നടന്നത്. പറയാൻ ആശിച്ചതെല്ലാം ഞാൻ പറഞ്ഞു. എനിക്ക് കേൾക്കാൻ സമയമില്ലെന്ന് കരുതി അവർ പറയാൻ മടിച്ചതും അവർ പറഞ്ഞു. സമയം പോവാതെ ഇരുന്ന എനിക്ക് ഈ നിമിഷം വളരെ വിലപ്പെട്ടതായിരുന്നു. ഞാൻ അറിയാതെ പോയ എൻറെ വീടിനെ കുറിച്ച് ഞാൻ കൂടുതലായി അറിഞ്ഞു.