STORYMIRROR

Binu R

Romance Crime Thriller

3  

Binu R

Romance Crime Thriller

നീണ്ടകഥ:മറുപുറം.5രചന:ബിനു. ആർ

നീണ്ടകഥ:മറുപുറം.5രചന:ബിനു. ആർ

2 mins
189


ഉച്ചത്തിലുള്ള സംസാരം കേൾക്കാം. അവർ വരുന്നുണ്ട്, വേട്ടയും കഴിഞ്ഞ്. എഴുന്നേറ്റ് വാതിൽ തുറന്നു. ദൂരെ നിന്ന് ടോർച്ചിന്റെ വെട്ടം അടുത്തടുത്തുവരുന്നുണ്ട്, സംസാരവും. കിട്ടിയ ജന്തുവിനെ നേടിയതിന്റെ വീരപരാക്രമമാകാം, ശബ്ദത്തിന്റെ വ്യതിയാനങ്ങൾ കേട്ടിട്ട് തോന്നുന്നത് അങ്ങിനെയാണ്. ദേവസ്യയുടെ സംസാരമാണ് ഉയർന്നുകേൾക്കുന്നത്. ദേവസ്യക്കതേ പറയാനുണ്ടാവൂ. 


   ഒരിക്കൽ നാട്ടിൽ കടുവയിറങ്ങി. വേട്ടക്കാരൻ ദേവസ്യയെ അന്വേഷിച്ചാളെത്തി. കാടിനോട് ചേർന്നപ്രദേശം. സന്ധ്യക്ക് ആടിനെ കെട്ടിയിട്ട്, മരത്തിന്റെ മുകളിൽ കയറി ഉന്നം വച്ചിരിപ്പായി. രാത്രി ചന്ദ്രൻ ഉച്ചിയിലെത്തി. ഉറക്കം കൺപോളകളെ തഴുകി . പെട്ടെന്ന് ആരോ തോണ്ടിവിളിച്ചു, കൈ ചൂണ്ടി. നോക്കുമ്പോൾ ആടിനടുത്തേക്കടുക്കുന്ന കടുവ. നിറയൊഴിച്ചു, കടുവ അവിടെ തന്നെ പിടഞ്ഞു. തന്നെ തോണ്ടിയവൻ ആരെന്നറിയാൻ തിരിഞ്ഞു നോക്കി, അടുത്തിരുന്നവൻ കരടി. തോക്കിന്റെ പാത്തികൊണ്ട് ശക്തമായി പിറകോട്ടു കുത്തി. കുത്തിന്റെ ആഘാതത്തിൽ കരടി ഒരുവശത്തേക്കും, താൻ മറുവശത്തേക്കും താഴേക്ക് വീണ കഥ ദേവസ്യ തന്നെ പറഞ്ഞിട്ടുള്ളതാണ്. 


   പ്രകാശൻ വാതിൽപ്പടിയുടെ താഴെ പടിക്കെട്ടിൽ ഇരുന്നു. കാട്ടുചോലയുടെ താരാട്ടിനും ഒരീണം. രാക്കിളികളുടെ മേളങ്ങളുടെ താളം. 


   ആന്റണി തോളത്തേന്തിക്കൊണ്ടുവന്ന മൃഗത്തിനെ മുറ്റത്തേക്കിട്ടു. നാലുകാലുകളും കൂട്ടിക്കെട്ടിയ മൃഗത്തിന്റെ കഴുത്തൊടിഞ്ഞു, ചോരവാർന്ന്, ടോർച്ചിന്റെ വെട്ടത്തിൽ കണ്ടു, അതൊരു ചെറിയ മ്ലാവായിരുന്നു. ഏറ്റവും രുചിയുള്ള ഇറച്ചിയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ടൂറിസ്റ്റു മേഖലകളിൽ വിരുന്നെത്തുന്ന ടോപ് ഗെസ്റ്റുകൾക്ക് ഈ ഇറച്ചി പഥ്യമെന്ന് കേട്ടിട്ടുണ്ട്. മൃഗങ്ങളുടെ സുഖവിവരം അന്വേഷിക്കാനെത്തിയ കേന്ദ്രൻ മാനിറച്ചിയില്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥരെ ചാടിച്ച കഥയും കേട്ടിട്ടുണ്ട്. മ്ലാവിനെ കിട്ടിയപ്പോൾ, കാട്ടുപന്നികള ഓടിച്ചുവിട്ടുവെന്നറിഞ്ഞപ്പോൾ, ചിരിച്ചുപോയി. തന്നോട് കിടന്നോളാൻ പറഞ്ഞിട്ട് അവർ അതിനെയും തൂക്കിയെടുത്തും കൊണ്ട്, വീടിന്റെ പിന്നാംപുറത്തേക്കുപോയി. താൻ അകത്തുകയറി വാതിലും ചാരി കിടന്നു. കിടന്നപ്പോഴേ ഉറങ്ങിയും പോയി. 


   ഉണർന്നപ്പോൾ നേരം നന്നേ വെളുത്തിരുന്നു. അടുക്കളവട്ടത്തുനിന്നും അമ്മിക്കല്ല് അരയുന്നതിന്റെ തേങ്ങൽ, കൊട്ടിക്കൊട്ടി. എഴുന്നേറ്റുചെന്നു, ആന്റണി മുളക് അരക്കുന്നു. മല്ലിയും മറ്റുകൂട്ടുകളും കല്ലിനരികേ വറത്തുവച്ചിരിക്കുന്നു. അടുപ്പിൻതിണ്ണയിൽ നുറുക്കിവച്ചിരിക്കുന്ന ഇറച്ചി. തന്നെക്കണ്ട് ആന്റണി പറഞ്ഞു ;


--ദേവസ്യ രാവിലേ തന്നെ പോയിരിക്കുന്നു. ഞാൻ എഴുന്നേറ്റപ്പോൾ ഒരു കുറിപ്പ് മാത്രമുണ്ട്, മേശപ്പുറത്ത്. 


  ആന്റണി അരച്ചുകൊണ്ടിരുന്നു. പാകത്തിന് വെള്ളംതൊട്ട്, വടിച്ചിട്ട്. 


-- ആ പെണ്ണിന്റെ കാര്യം പറഞ്ഞില്ലല്ലോ.... 


  താൻ ആന്റണി പറയുന്നതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനായി ചുമരിൽ ചാരി നിന്നു. 


-- അവൾ ഒരേ വാശിയിൽ, കെട്ടുന്നെങ്കിൽ നിന്നെ മാത്രമെന്ന്.. ! ആങ്ങളമാർ എടുത്തിട്ടടിച്ചുകാണും. രണ്ടാഴ്ച മെഡിക്കൽ കോളേജിൽ കിടന്നു. വളരേ സീരിയസ്സായിരുന്നു, ആത്മഹത്യാ ശ്രമമായിരുന്നെന്ന്.. !. രണ്ടാംനിലയിൽ നിന്ന് താഴേക്ക് ചാടിയെന്ന്, അവർ പറഞ്ഞു പരത്തി. ഞങ്ങൾ രഹസ്യമായി കാണാൻ ചെന്നു. Dr.ശിവദാസ് ഉണ്ടായിരുന്നു അവിടെ. നീ അറിയുമല്ലോ, ശിവദാസിനെ ?. ദേഹോപദ്രവമായിരുന്നുവത്രെ, ചതയാത്ത ഒരിടവും ബാക്കിയില്ലെന്ന്. കണ്ടാൽ, വിഷമിച്ചുപോവും, ദേഹമെല്ലാം നീരുവന്ന് വീർത്ത്. രണ്ടാം നിലയിൽ നിന്ന് ചാടിയാൽ മരിക്കില്ലെന്ന് അവർക്കും അറിയാം, ആങ്ങളമാർക്കുമറിയാം. 


   ആന്റണി അരച്ചതെല്ലാം പത്രത്തിലെടുത്ത് അടുക്കളയിലെ പത്രത്തിലിരുന്ന ഇറച്ചിയിലിട്ട്, കൈകൊണ്ടുതന്നെ ഇളക്കി മറിച്ചു. പിന്നെ അടുപ്പത്തേക്കെടുത്തുവച്ചു. കനലായിക്കിടന്ന അടുപ്പിലേക്ക് വിറകുവച്ചു. ഒരുമുളംകുഴലെടുത്തു ഊതി കത്തിച്ചു. കുഴിയടുപ്പിലിരുന്ന പത്രത്തിൽ നിന്നും ചായയെടുത്ത് തനിക്ക് നീട്ടി, ആന്റണി തുടർന്നു.. ;


-- പെങ്ങളുടെ കല്യാണം മുടക്കാൻ ഹൃദ്രോഗം വന്നു ചത്ത തന്തയെ, നീ കൊന്നെന്നുപറഞ്ഞവരല്ലേ, ആ ആങ്ങളമാർ. ചിലപ്പോൾ അവർ.... അവളെയും... കൊന്നുകൂടായ്കയൊന്നുമില്ല. പിന്നെ അവളെ ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേ ദിവസം ഞങ്ങൾ ഹോസ്പിറ്റലിൽ ചെന്നു , ജോണിന്റെ ഭാര്യ മാത്രമായിരുന്നു കൂടെ. റോസ് ഞങ്ങളെക്കണ്ടു പൊട്ടിക്കരഞ്ഞു. നിന്നോട് ഇതൊരിക്കലും പറയരുതെന്നാണ് കല്പ്പന. ദേവസ്യ പറഞ്ഞതുപോലെ, അവളും ഞങ്ങൾക്ക് പെങ്ങളായി. 


 താഴെ നിന്ന് ആരോ വിളിക്കുന്ന ശബ്ദം 


-- അന്തോണീ... 

 -- പ്രകാശാ, നീ അകത്തേക്ക് പൊയ്ക്കൊള്ളൂ. കിടപ്പുമുറിയിലെ വാതിലടച്ചോളൂ. 


............


-- സൂര്യനില്ലെ അമ്മേ?. 


പുറത്തെ ജാതി മരത്തിൽ പക്ഷികളുടെ കിളിത്തട്ടുകളി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ചിരപരിചിതമായ ആ ശബ്ദം കേട്ടത്. കാത് അങ്ങോട്ടേക്ക് തന്നെപ്പോയി, കൂർമതയോടെ. 


-- സൂര്യൻ എറണാകുളത്തിന് പോയല്ലോ, മോളേ.... 


അമ്മയുടെ വാത്സല്യമുള്ള സ്വരം. 


-- ഇന്ന് ഞായറാഴ്ചയല്ലേ..? 


 -- നാളത്തേക്ക് എന്തൊക്കെയോ തയ്യാറാക്കാനുണ്ടെന്ന് പറഞ്ഞു, അതുകൊണ്ട് ഇന്നേപോയി. നാളെയേ വരൂ. എന്തേ മോളേ..?. 


-- എനിക്ക് ഒരു ബുക്ക് വാങ്ങണമായിരുന്നു, അമ്മേ. 


റോസിന്റെ നിരാശയുടെ സ്വനം. പ്രകാശൻ എഴുന്നേറ്റു ചെന്നു, അടുക്കളയിൽ അമ്മക്കൊപ്പം അമ്മ ഇരിക്കുന്ന കസേരയിൽ പിടിച്ചുകൊണ്ടു നിൽക്കുന്നു. ഇളം മഞ്ഞ സാരിയിൽ ചുവന്ന ചെറുപൂക്കളുടെ മേളനം. കൊള്ളാം എന്നു മനസ്സിൽ തോന്നി. അടുക്കള വാതിൽക്കലിൽ ചാരി സാകൂതം നോക്കി നിന്നു. 


-- ഞാൻ വാങ്ങിച്ചു തന്നാൽ മതിയോ..? 


ആ ശബ്ദം അവളിൽ നിറയുന്നത് കണ്ടുകൊണ്ടേയിരുന്നു. അവൾ തിരിഞ്ഞു നോക്കി. കണ്ണുകളിലെ, കാണുമ്പോഴുള്ള ആ സ്ഥിരമായ വിഹ്വലത കണ്ടു ചിരിച്ചു. 


-- ഏതാ പുസ്തകം.?. 


അമ്മ എഴുന്നേറ്റു, മുറത്തിലിരുന്നത് കളയാനായി വർക്കേരിയിലേക്കിറങ്ങി. അവൾ തിരിഞ്ഞു നിന്നു. വളരേ സാവധാനം അടുത്തു ചെന്നു, 


-- എന്താ ഒന്നും പറയാനില്ലേ..?. 

                 


Rate this content
Log in

Similar malayalam story from Romance