മറുപുറം
മറുപുറം
1.
പച്ചനിറമാർന്ന മലമടക്കുകൾക്കിടയിലൂടെ കനത്തുപതിച്ച സൂര്യരശ്മിക്ക് അന്നു കടുത്തനിറമായിരുന്നു.
കാടുകളിലൂടെയോടിയ പ്രകാശന് ഇഞ്ചപ്പുല്ലുകൾ ദേഹമാസകലം ചുവന്ന വരകൾ സമ്മാനിച്ചിരുന്നു. അത് വേർപ്പുകൾക്ക് ഒഴുകിയിറങ്ങാൻ തടസ്സമായി. വരകളിൽ തട്ടിയ വേർപ്പുചവർപ്പുകൾ നല്ല നീറ്റലുമായി. ഇനിയും ഓടാനാവാത്തപോലെ തളർന്ന അയാൾ, കിതപ്പിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു. പിന്നെ തൊട്ടുമുമ്പിൽ കണ്ട ഒരുവടവൃക്ഷത്തണലിൽ അഭയം തേടി. പതിയേ ഒരുയർന്ന വേരിൽ പിടിച്ചുകൊണ്ട് പതുക്കെ ഇരുന്നു. കിതപ്പ് അയാളെ വട്ടം ചുറ്റിക്കുന്നുണ്ടായിരുന്നു. മരച്ചുവട്ടിൽ അയാൾ കമഴ്ന്നുകിടന്നു. ക്രമംതെറ്റിയ നിശ്വാസം ക്രമത്തിലായപ്പോൾ പ്രകാശൻ അറിയാതെ വിളിച്ചുപോയി,
അമ്മേ.. !
പിന്നെ, ദീർഘനിശ്വാസത്തിനിടയിലൂടെ കുറേ വാക്കുകൾ കൂടിപ്പുറത്തുവന്നു.
വയ്യ. ഈ ചെയ്യാത്ത പാപം ചുമക്കാൻ എന്തിനീ ജന്മം നല്കീ, ദൈവമേ.. !
അയാൾ മലർന്നു കിടന്നു. മരത്തിന്റെ ചില്ലകൾക്കിടയിലൂടെ കടന്നുവന്ന വെയിൽ അയാളുടെ മുഖത്ത് മിന്നിക്കളിച്ചു. ഒഴുകിവന്ന ചെറിയകാറ്റ് മരത്തിന്റെ കൊമ്പുകളിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു. അത് ചാഞ്ചാടി ചുടുകാറ്റായിട്ടും തണുത്തകാറ്റായിട്ടും അയാളിൽ വന്നുപതിച്ചു.
വലത്തേക്കണ്ണിപ്പോഴും വിങ്ങുന്നു. വേർപ്പുകൾ ഒഴുകി വീണപ്പോൾ കൂടുതൽ നീറുന്നു. ഇന്നലെ കനത്ത ഇരുട്ടിൽ കനത്ത നിശബ്ദത ഭഞ്ജിച്ചപ്പോഴാണ് കണ്ണുകൾ വിങ്ങിയത്. ഒരിക്കലും രക്ഷപെടാൻ കഴിയില്ലെന്ന് കരുതിയതാണ്.
അപ്പുറത്തെവിടെയോ എന്തോ വലിച്ചൊടിക്കുന്ന ശബ്ദം. പ്രകാശൻ ചെരിഞ്ഞു കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ചുറ്റും നോക്കി കാട് അയാളെ നോക്കി മുറുമുറുക്കുന്നതുപോലെ, കാറ്റത്തു മുളംതണ്ടുകൾ കൂട്ടിയുരയുന്നു. ദൂരെ വലിച്ചൊടിക്കുന്ന ശബ്ദം തുടരുന്നു. ആനയാവണം. ഇവിടെക്കിടന്നാൽ അപകടമാവാൻ തരമുണ്ട്. എങ്കിലും കിടക്കാതെ തരമില്ല. ആകെ തളർന്നിരിക്കുന്നു. പ്രകാശൻ വീണ്ടും മലർന്നുകിടന്നു. എന്തൊക്കെയോ കുത്തിക്കയറുന്നു. അവിടെയും ഇവിടെയും അരിക്കുന്നുമുണ്ട്. ചെറുതായി കടിക്കുന്നുമുണ്ട്, ചെറിയ ഉറുമ്പുകളുമാവാം. ഷർട്ട് ഊരിയെറിഞ്ഞതെവിടെയെന്നോർമ്മയില്ല. തനിക്കുപാകമല്ലാത്ത, തന്നെപ്പോലെ മറ്റൊരാൾക്കും കൂടിക്കയറാവുന്ന, വലിയൊരു ഷർട്ടായിരുന്നു അത്. ഓട്ടത്തിനിടയിൽ അത് ഊരിയെറിഞ്ഞു.
ഇപ്പോൾ, 312 ആം നമ്പർ പ്രകാശചന്ദ്രൻ കടന്നുപോയത് പലരിലും തലവേദന ഉണർത്തിയിട്ടുണ്ടാകും. കഴിഞ്ഞയാഴ്ച വിളിച്ചുകൊണ്ടുപോയി പ്രത്യേക സൽക്കാരം തന്ന വാർഡൻ തോമസ് ഇപ്പോൾ നടുങ്ങിയിട്ടുണ്ടാകും. അന്നു പറഞ്ഞിരുന്നു.
- എന്നെങ്കിലും പുറത്തിറങ്ങും. അന്ന് കണക്ക് പലിശയും തീർത്തു തരും.
അന്നയാൾ തന്റെ തൊണ്ടക്കുഴിയിൽ രണ്ടുവിരലുകൾ താഴ്ത്തി, ശ്വാസംകിട്ടാതെ വിഷമിച്ചപ്പോൾ, അയാളുടെ കനത്ത സ്വരം കേട്ടു.
- വധശിക്ഷക്കു വിധിക്കപ്പെട്ടവൻ ഇവിടിരുന്നു ചെരക്കുകയേയുള്ളു.
സുപ്രീം കോടതിയിൽ അപ്പീലിന് പോയത്, ആന്റണിയാണ് , ആന്റണിയും ദേവസ്സിയും. വാർഡൻ ഉൾപ്പെടെയുള്ളവരുടെ എതിർസത്യവാങ്മൂലം, ഒരു ബോൺ ക്രിമിനലാണ്, ജയിലിൽ തന്നെ മൂന്നുപേരെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. അവർ മൂന്നുപേരും ബോധം വരാത്തനിലയിൽ ഇപ്പോഴും ആശുപത്രിയിൽ. ഇങ്ങനെ മരിക്കാനാകും യോഗം. ആരോ ചെയ്ത പാപവും വഹിച്ച് എല്ലാപാപങ്ങളും തലയിലേന്തി മരിക്കുക. അമർഷം പുളിച്ച കള്ളിന്റെ നുരപോലെ പതഞ്ഞുയർന്നു.
പിന്നെയും ദൂരെ കാട്ടിൽ അടിച്ചു തകർക്കുന്നു. ഭയം ചാട്ടുളിപോലെ തറയ്ക്കുവാൻ വരുന്നു. എന്തു ഭയം, ഇനി ഭയന്നാൽ ഒന്നും നേടാനാവില്ല. ചിന്തകൾ കൂട്ടിൽ നിന്നും പുറത്തിറങ്ങി. നേടണം, മനസ്സിൽക്കിടക്കുന്ന പകയ്ക്കെങ്കിലും ഒരന്ത്യം നേടണം. പിന്നെ ആരു വേണമെങ്കിലും തല്ലുകയോ കൊല്ലുകയോ, കൊല്ലിക്കുകയോ ചെയ്യട്ടെ !നേടണം എല്ലാം നേടണം, റോസിനെയും.
അവൾ ഇപ്പോൾ എവിടെയാവും !.ആരുടെയെങ്കിലും ഭാര്യയോ..?. അതുമാത്രം ആവില്ലായിരിക്കും. തന്റെയൊപ്പം പോരാൻ തുനിഞ്ഞവളല്ലേ. അത്രയും തന്റേടം കാണിച്ചവൾ ഒരിക്കലും അന്യന്റെ ഭാര്യ ആവില്ലെന്നാശിക്കാം. പെണ്ണിന്റെ ജന്മം പിഴച്ച ജന്മമെന്ന് പുരാണത്തിൽ ആരൊക്കെയോ പറഞ്ഞിട്ടുണ്ടുപോലും. !. എന്നിട്ടോ?. അങ്ങിനെയല്ലാത്തവരുമില്ലേ പുരാണത്തിൽതന്നെ. എത്രയോ പേർ. അങ്ങിനെയുള്ള എത്രയ
ോപേരുടെ കഥകൾ കുഞ്ഞിലേ വായിച്ചിട്ടുണ്ടല്ലോ... അവളും അങ്ങനെയൊരാൾ തന്നെയാവും.
പ്രകാശൻ എഴുന്നേറ്റു. വേച്ചുപോകുന്നതുപോലെ. എങ്കിലും മനസ്സുമുറുക്കി, നടക്കാൻ ഒരു ശ്രമം. വയ്യ !.ഇപ്പോഴും ഒരടിപോലും നടക്കാൻ വയ്യ. വിശപ്പ് വയറിന്നടിയിൽ നുരയിട്ടുതുടങ്ങി. എങ്കിലും നടന്നു.
രാത്രി, ഏതോ വണ്ടിക്കു കൈകാണിക്കുമ്പോൾ, ഷർട്ടൂരി തലയിൽ കെട്ടിയിരുന്നു. ഭയങ്കര ഉഷ്ണമായിരുന്നു. വേർപ്പുമായിച്ചേർന്നു ഒട്ടിയിരുന്നപ്പോൾ, ഓടാൻ വിഷമം തോന്നി. അപ്പോഴാണ് അത് ഊരി തലയിൽ കെട്ടിയത്. ഉഷ്ണം കാരണം വണ്ടിയിലെ മറ്റുള്ളവരും, ഷിർട്ടൂരിയിരുന്നതുകൊണ്ട്, അവരാരും അതു ശ്രദ്ധിച്ചിരുന്നുമില്ല.
സ്വന്തമെന്നുകരുതിയ പെണ്ണിന്റെ തന്തയെ മുഖത്തു തലയമർത്തിക്കൊന്നവനാണ് താനെന്ന് അവരറിഞ്ഞിരുന്നെങ്കിലോ.. !.
എങ്ങനെയറിയാൻ... അല്ലേ.?. ഏതോ പാണ്ടികളാണ്. കറുത്തശരീരവും ഇടുമ്പിച്ച മുഖവും അവരുടേതാണല്ലോ. അല്ലെങ്കിൽ ഏതെങ്കിലും തെലുങ്കർ. ഏതായാലും നല്ല ഉരുപ്പടികൾ. എത്ര തന്റേടമുണ്ടെങ്കിലും നേടിനിൽക്കാനാവില്ല, അതുറപ്പാണ്. ഏതായാലും ഒന്നും സംഭവിച്ചില്ല. ആരും ഒന്നും ചോദിച്ചില്ല, പറഞ്ഞുമില്ല.
കുറേ കാടുകളുടെ ഇറക്കത്തിൽ, ഏതോ ചായത്തട്ടുപീടികയിൽ വണ്ടി നിറുത്തുമ്പോൾ ഉറങ്ങിയതുപോലെ ഇരുന്നു. അവരെന്തൊക്കെയോ പറഞ്ഞു. വിളിക്കണ്ട ഉറങ്ങട്ടെ എന്നാവും അവർ പറഞ്ഞത്. തിരിച്ചുവന്നപ്പോൾ, അവർ, തന്നെയും, തന്നെ വണ്ടിയിൽ കയറ്റിയ ആ നിമിഷത്തേയും ശപിച്ചുകാണും. പിന്നെ മനസ്സിലാവാത്ത അവരുടെ ഭാഷയിൽ നല്ല പുളിച്ച തെറിയും പറഞ്ഞു കാണും.
ഒരു ചോല ഇരക്കുന്നതുപോലെ തോന്നുന്നു. ഏതാ ഈ സ്ഥലം. !.കാട്ടിൽ സ്ഥലവും കാലവും ഒന്നും ഇല്ലല്ലോ. മുമ്പോട്ടുതന്നെ നടന്നു. താഴെയേതോഭാഗത്താണ് അതൊഴുകുന്നത് എന്നാണ് തോന്നുന്നത്. എത്ര ദൂരം നടക്കണമെന്നോ അറിയില്ല. ദാഹം നാക്കിന്റെ അറ്റത്തുവരെയെത്തി. തൊണ്ട വരണ്ടുവറ്റുന്നു. വിശപ്പ് ആളിത്തുടങ്ങി. ഇനി എന്തെങ്കിലും കഴിക്കാതെയും പറ്റില്ല.
ഇന്നലെ രാത്രിയിൽ ജയിലിലെ ഉണക്കച്ചോറും പുളിച്ചകറിയും കഴിച്ചതാണ്. എപ്പോഴും, ഒറ്റ ചിന്തമാത്രമേയുണ്ടായിരുന്നുള്ളൂ, എങ്ങനെയും പുറത്തുകടക്കണം. അതുകൊണ്ടുതന്നെ, ആഹാരം വളരേ കുറച്ചേ കഴിച്ചിരുന്നുള്ളൂ. പലരുടെയും ജയിൽ ചാട്ടത്തിന്റെ കഥയും, പിന്നെ അടിച്ചുപതം വന്നവരുടെ തിരിച്ചുവരവും പലരും പറഞ്ഞറിഞ്ഞിട്ടുണ്ട്. പിടിയിലായാൽ, ജീവനുണ്ടെന്ന ഒരു പേരുമാത്രമേ ഉണ്ടാവൂ. പിന്നെ, തൂക്കിക്കൊല്ലാൻപോലും ആളുണ്ടാവില്ല. രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു കൊന്നു എന്നാവും പുറത്ത് പ്രചരിക്കുന്നത്.
അതിന്റെ മുന്നോടിയായിട്ടാണ് അഹമ്മദുമായി അടിയുണ്ടാക്കിയത്. എന്തായിരുന്നു കാരണമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അവനുമായി അടിയുണ്ടാക്കിയാൽ നേടാനാവില്ലെന്ന് അടി തുടങ്ങിയപ്പോൾ തന്നെ തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ അടി തുടങ്ങിപ്പോയില്ലേ, തോറ്റുവീഴുകയെന്നുപറഞ്ഞാൽ, ആ നാണക്കേടോർത്തപ്പോൾ വീഴാതെ പിടിച്ചുനിന്നു. എവിടെ നിന്നാണയാൾ വന്ന് കഴുത്തിൽപ്പിടിച്ചതെന്നോർമ്മയില്ല. ആദ്യം കഴുത്തിൽ വീണത് ഒരു ചങ്ങലയാണ്. അതോടുകൂടി അയാൾ വലിച്ചടുപ്പിക്കുകയായിരുന്നു, തോമസ്. ജയിൽ മുറിവരെ തോമസും ജനാർദ്ദനനും മാറിമാറി വോളിബാൾ തട്ടുന്നതുപോലെ തട്ടി .
കൊല്ലങ്കോട്ടുകാരനാണ് ജനാർദനൻ. ശിക്ഷ അനുഭവിക്കാൻ വന്ന പതിമൂന്നുപേരെ അയാൾ കൊന്നിട്ടുണ്ടത്രെ !.അയാൾക്ക് ശിക്ഷയില്ല. അയാൾ പോലീസുകാരനാണ്. അയാൾക്ക് ശിക്ഷിക്കാനേ വിധിയുള്ളൂ. ശിക്ഷയനുഭവിക്കാൻ വിധിയില്ല. അയാൾ തല്ലും കൊല്ലും. അയാളോട് ചോദിക്കാൻ ആരും വരില്ല. അതിനിവിടെ നിയമമില്ല. തന്നെപ്പോലെ, കുറ്റം ചെയ്യാത്തവർ ലോക്കപ്പിലും, പിന്നീട് തൂക്കുകയറിലും. ഇത് ജനാധിപത്യത്തിന്റെ ഒരുവശം മാത്രം. ബ്രിട്ടിഷുകാർ തുന്നിയ ഉടുപ്പുമായി നീതിയും നിയമവും മറുവശത്തും. തന്നെ ഇങ്ങോട്ടയച്ചവനെക്കാളും കാശും, പലരെയും വശീകരിക്കാനുള്ള ശേഷി ഉണ്ടായിരുന്നുവെങ്കിൽ, അവർ പിണം, അതുറപ്പുണ്ട്. പണത്തിനുമീതെ ഒരു നിയമവും പറക്കില്ലെന്ന് ഇപ്പോഴറിയുന്നു.
തുടരും...