മംഗലശ്ശേരി.3.ബിനു. ആർ.
മംഗലശ്ശേരി.3.ബിനു. ആർ.
എവിടെയോ കണ്ടുമറന്നതുപോലെ ശങ്കുണ്ണി. ഉണ്ണി മനസ്സിലൂടെയൊന്നു തിരഞ്ഞു. ഏതായാലും വില്ലന്റെ ഛായയേ അല്ല.
'മംഗലശ്ശേരിയിലെ ആരാണ്.. !
ശങ്കുണ്ണിയിൽ വിടർന്ന ആകാംഷ ഉണ്ണി ശ്രദ്ധിച്ചു. അവൻ നിസ്സംഗനായി പ്രതിവചിച്ചു....
'മംഗലശ്ശേരിയിലെ ശങ്കരന്റെ,അനുജൻ കുഞ്ഞുക്കുട്ടന്റെ മകൻ. '
ചുറ്റും നിന്നവരൊക്കെ അവിശ്വസനീയമാം വണ്ണം നോക്കി നില്കുന്നത് അയാൾ കണ്ടറിഞ്ഞു..
ചായകുടിച്ചുകൊണ്ട് പേപ്പറും വായിച്ചിരുന്ന, പ്രായമുള്ള കഷണ്ടിയുള്ള തലയിൽ വെളുത്തകുറച്ചുമുടികൾ മാത്രം തിളങ്ങിയിരുന്ന ഒരാൾ പേപ്പർ താഴ്ത്തി കൗതുകത്തോടെ ചോദിച്ചു...
'കുഞ്ഞുകുട്ടന്റെ...??'
അർധോക്തിയിൽ നിറുത്തി.
ഉണ്ണി തീർത്തു പറഞ്ഞു...
'മകൻ. '
എല്ലാവരിലും നിറഞ്ഞുതൂവിയ പരിഭ്രമത്തിനോടുവിൽ, പരസ്പരമുള്ള നോട്ടങ്ങൾക്കിടയിൽ ഒരു മധ്യവയസ്കനായ ഗോപാലൻ ചോദിച്ചു...
' ഏതായാലും കണ്ടുമറന്ന വീടല്ലേ അത്. ഇനി അങ്ങോട്ട് പോണോ..!.'
ചോദിച്ചയാളുടെ അമ്പരപ്പ് ഉണ്ണി കണ്ടില്ലെന്നു നടിച്ചു.
ഉണ്ണി ചെറിയ ചിരിയോടെ പറഞ്ഞു....
'എന്റെ തറവാടല്ലേ അത്....ഇനി ഞാൻ ഇവിടെത്തന്നെ കാണും. '
ശങ്കുണ്ണിയുടെ തൊണ്ടയിൽ ഞണ്ട് മുറുക്കിയോ ! അയാൾ കുടത്തിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു.
'എന്തേ '?.
ഉണ്ണി വളരെ ശാന്തമായി ചോദിച്ചു. ശങ്കുണ്ണി എല്ലാവരെയും മാറിമാറി ഒന്ന് നോക്കി. പിന്നെ പറഞ്ഞു.
'ഇല്ല ഒന്നുമില്ല വെറുതേ പറഞ്ഞെന്നു മാത്രം. '
എല്ലാവരുടെയും ഭാവങ്ങളിൽ കൗതുകങ്ങളുള്ള പല ഭാവങ്ങൾ.
' ഞാനും കുറേ കേട്ടിട്ട് തന്നെയാണ് വരുന്നത്. കേട്ടതുകൊണ്ട് മാത്രമാണ് വന്നത്. ഈ വീട് എവിടെയെന്നു പറഞ്ഞു തരുമോ '
അയാളുടെ ഔത്സുക്യം അവരിലെല്ലാവരിലും പരിഭ്രമമാവുന്നതു കണ്ടു.
ഉണ്ണി ഇറങ്ങി നടന്നു. ഇതിലെ കുറേ പോയാൽ ചെമ്മണ്ണിട്ട പുതിയ നിരത്തു കാണാം. കാവിലേക്കുള്ള പുതിയ വഴിയാണ്. അതിലെ നടന്ന് കാവും കഴിഞ്ഞ് കുറേക്കൂടി നടക്കുമ്പോൾ പാടത്തിനക്കരെ കാണാം ആ പഴയ ബംഗ്ലാവ്, കാടിന്നിടയിലൂടെ.
അങ്ങോട്ടേക്ക് വഴിയില്ല. പാടങ്ങളും കൃഷിയിറക്കാതായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അങ്ങോട്ടൊന്നും ആരും പോവാറില്ല. കള്ളൻമ്മാരുപോലും. അവിടുന്നുള്ളത് അവർക്ക് വേണ്ടപോലും.
കാവുകൾ പോലുള്ള സ്ഥലങ്ങളിൽ മരങ്ങളുടെ മുകളിലുള്ള വള്ളിക്കുടിലുകളിൽ പലരും പകൽ ഒളിഞ്ഞിരിക്കാറുണ്ടെന്ന് കോളേജിലെ കൂട്ടുകാർ പറഞ്ഞുകേട്ടിട്ടുണ്ട്.
ഇബ്രാഹിം കുട്ടിയുടെ നാട്ടിൽ രാത്രിയിൽ പതിവായി വീടുകളിൽ മോഷണം നടത്തുന്ന ഒരു വിരുതൻ നാട്ടിലെ കാവിൽ ഇതുപോലെ വള്ളിക്കുടിലിനുമുകളിൽ സ്ഥിരമായി ഒളിച്ചിരുന്ന കഥ പറഞ്ഞിട്ടുണ്ട്. പുല്ലുവെട്ടാൻ വന്ന ഒരാൾ മുകളിൽ നിന്നും മൂത്രം വീഴുന്നതുകണ്ടു. അയാൾ നാട്ടുകാരെ വിളിച്ചു കൂട്ടി ആ വിരുതനെ പിടിച്ചെന്നും മറ്റും അവൻ പറഞ്ഞിട്ടുണ്ട്.
ഇബ്രാഹിം കുട്ടിക്ക് എന്റൊപ്പം പോരാൻ വളരെ താല്പര്യമുണ്ടായിരുന്നു. പക്ഷേ അവന്റെ ഉപ്പുപ്പായെ ഇനി ബിസിനെസ്സിൽ സഹായിക്കണം. അവന്റെ ഉപ്പയും ഉമ്മയും അനിയത്തിമാരും വിദേശത്താണ്. ഉപ്പുപ്പാന്റെ സഹായത്തിനും കൂട്ടിനുമാണ് അവൻ മുംബൈയിൽ. തന്റെ പ്രിയ കൂട്ടുകാരനാണവൻ.
കടന്നുവന്ന ഓരോരുത്തരും അന്വേഷിച്ചു.
ആരാണ്?
എന്താണ്?
എവിടേക്കാണ്..?.
ചായ ഉണ്ടാക്കുന്നതിനിടയിൽ ശങ്കുണ്ണി ആരോടോ ഒക്കെയായി പറയുന്നുണ്ടയിരുന്നു. കഥപറയുന്നതുപോലെ, ഓരോ ഭാവവ്യത്യാസവും ശങ്കുണ്ണിയിൽ പ്രകടമായിരുന്നു.
'ഒരിക്കൽ മേനോനോർക്കുന്നുണ്ടോ ആവോ, മേനോൻ ചായകുടിക്കാൻ വന്നവരിലൊരാൾ, ഒരുത്തൻ ഓടുപൊളിച്ചകത്തു കടന്നു. എന്റെ ഓർമ്മയിൽ ശങ്കരേട്ടൻ മരിച്ചുകഴിഞ്ഞു ഒന്നോ രണ്ടോ വർഷമേ ആയിട്ടുള്ളു. ശങ്കരേട്ടൻ മരിക്കുമ്പോൾ നിങ്ങളുടെ അച്ഛൻ, കുടുംബവുമൊത്തു ബോംബായിലാണല്ലോ. വിലപിടിച്ചത് പലതുമുണ്ടെന്ന് അവനറിയാം. '
പക്ഷേ,...അയാൾ തിരിഞ്ഞ് എല്ലാവരെയും ഒന്നു നോക്കി, കുറച്ചുനേരം മൗനം പാലിച്ചിട്ട് തുടർന്നു,
'കാലത്ത് അയാൾ ആ വീടിന്റെ മുറ്റത്തു കമഴ്ന്നു കിടക്കുന്നു. മേലെത്തെ സുകുവിന്റെ ഭാര്യ രാത്രിയിൽ അവിടുന്ന് വലിയ നിലവിളി കേട്ടുപോലും!. നാട്ടുകാരെയും കൂട്ടി രാവിലെ ചെല്ലുമ്പോൾ, ഇയാൾ മുറ്റത്തു കമഴ്ന്നുകിടക്കുന്നു.! അവനെ കുലുക്കി വിളിച്ചിട്ടും ഉണർന്നില്ല.!
പിന്നെ എല്ലാവരും കൂടി ഇവിടെ കൊണ്ട് കിടത്തി. മുഖത്ത് വെള്ളമൊക്കെ തളിച്ച്, അവൻ ഉണർന്ന ഉടൻ തന്നെ എഴുന്നേറ്റ് ഇറങ്ങി ഓടി. പോകുന്നതിനുമുമ്പ് പറഞ്ഞത് മേനോനും കേട്ടതല്ലേ... ആ വീട്ടിൽ ആരോ ഉണ്ടെന്ന്... ! '
വെയിൽ ആരോടും പറയാതെ മങ്ങിത്തുടങ്ങിയിരുന്നു. പ്രകൃതിയെ വിശാലമായി തന്നെ ഒന്നു കണ്ടു. ഒരുവശം പാടവും, മറുവശം തെങ്ങ്, റബ്ബർ, ജാതി തുടങ്ങി ചില വീടുകളുടെ മുറ്റത്തു പച്ചക്കറി കൃഷിവരെയുണ്ട്.
ഗ്രാമം എന്നും മനോഹരിയാണ്. അകലെ മലമടക്കുകളിൽ സൂര്യൻ മഞ്ഞ പ്രഭ തൂളിയിരുന്നു. പട്ടണത്തിൽ വളർന്നിട്ടാവാം ഈ സൗന്ദര്യത്തിന് ഒരു മാറ്റു തോന്നുന്നത്.. !ഗ്രാമം എന്നും അന്യമായിരുന്നു. വല്ലപ്പോഴും ഏതെങ്കിലും ഉത്തരേന്ത്യൻ ഗ്രാമത്തിൽ അതിഥിയായി ചെല്ലും.. അവരുടെ സ്നേഹത്തിനു വിലയിടാൻ കഴിയില്ല.
എങ്കിലും ഇവിടെ വന്നപ്പോൾ, കൂടുതൽ സുരക്ഷിതത്വബോധം തോന്നുന്നു. എന്റെ സ്വന്തമെന്ന തോന്നൽ.... തോന്നലാവാം. ചില തോന്നലുകളിൽ ചില ശരികളുമുണ്ടാവും..
വിശാലമായ നെൽപ്പാടങ്ങൾ കതിർ കുലച്ചുകിടക്കുന്നു, നോക്കെത്താദൂരത്തോളം. ശങ്കുണ്ണി പറഞ്ഞ ചെമ്മണ്ണിട്ട റോഡിലേക്ക് തിരിഞ്ഞു. പാ ടത്തിനു നടുവിലൂടെ മണ്ണൊരുക്കിയ പുതിയ വഴി. എതിരെ വരുന്നവർ ഉണ്ണിയെ സൂക്ഷിച്ചു നോക്കി.
' മംഗലശ്ശേരിയില്ലേക്ക് എന്തു ദൂരം വരും?.'
പണികഴിഞ്ഞു വരുന്ന പെണ്ണുങ്ങളോട് കുശലം ചോദിക്കുന്നതു പോലെ ചോദിച്ചു..
അയാളെ അവർ ഒന്നു തറപ്പിച്ചു നോക്കി.പരസ്പരം അവർ കണ്ണുകൾ കൊണ്ടൊന്നു വലഞ്ഞു ചുറ്റി. അതിനൊപ്പം ഒരു ചെറുപ്പക്കാരനും.. ഒരു പരിഷ്‌കാരിയുടെ ചേലുണ്ട്. പാന്റും ഇൻ ചെയ്ത ഷർട്ടും, വിലകൂടിയ വാച്ചും. കാഴ്ച്ചയിൽ സുന്ദരൻ.അധികം പ്രായമൊന്നുമില്ല. ചെറുപ്പക്കാരൻ തിരിഞ്ഞുനിന്നു.
' മംഗലശേരിയിലേക്കോ???!......'
അവർ ഒന്നും പറയാതെ പിറുപിറുത്തുകൊണ്ട് കടന്നുപോയി.
മംഗലശ്ശേരി ഒരു ദുരൂഹതയാണോ... !ഇവിടെ നഷ്ടപ്പെട്ട ബാല്യം തന്നെ കൊഞ്ഞനം കുത്തുന്നെന്നോ.. !!എനിക്കവരോട് വിളിച്ചുപറയണമെന്നു തോന്നി. മംഗലശേരി എന്റെ വീടാണ്. എന്റെ തറവാടാണ്. എന്റെ വരാൻ പോകുന്ന സ്വപ്നങ്ങളുടെ നെയ്ത്തു ശാലയാണ്.
ഉണ്ണി തിരിഞ്ഞു നടന്നു.
ഒന്നുകൂടി തിരിഞ്ഞപ്പോൾ കണ്ടത്, അവർ തിരിച്ചുവരുന്നതാണ്. ഉണ്ണി നിന്നു. ആ ചെറുപ്പക്കാരൻ, തന്നോടൊപ്പം തന്നെ പ്രായമുള്ള ഒരാൾ ചോദിച്ചു..
'മംഗലശ്ശേരിയിലെ ആരാണ്...?'
സൗമ്യമായ ശബ്ദം. നാട്ടിപുറത്തുകാർ എപ്പോഴും ശാന്തരാണ്...
അയാൾ പറഞ്ഞു
' അവിടെ ഇപ്പോൾ ആരും താമസമില്ല. വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. '
ഉണ്ണി അയാളുടെ കൈ കവർന്നുകൊണ്ടു പറഞ്ഞു.
'ഞാൻ ഉണ്ണികൃഷ്ണൻ. ബോംബയിൽ നിന്നുവരികയാണ്. എന്റെ തറവാടാണത്. മംഗലശ്ശേരിയിലെ കുഞ്ഞുക്കുട്ടന്റെ മകനാണ്. '
അവർ ഓരോരുത്തരും ഒന്നും മനസ്സിലാവാത്തപോലെ പരസ്പരം നോക്കി. അവരുടെ ഭാവങ്ങൾ കണ്ടപ്പോൾ, തന്റെ അപരിചിതത്വം അവിടെ വ്യക്തമായി.
ചെറുപ്പക്കാരൻ പറഞ്ഞു.
'മംഗലശ്ശേരി, എന്റെ ഓർമയുടെ ബാല്യം മുതലേ അടഞ്ഞു കിടപ്പാണ്. അയാൾ മറ്റുള്ളവരുടെ മുഖങ്ങളിലേക്കെല്ലാം മാറി മാറി നോക്കിയിട്ട് സംശയത്തോടെ ചോദിച്ചു.
'ആരാ കുഞ്ഞുകുട്ടൻ.?.'
പ്രകൃതിക്കുപോലും ഒരപരിചിതഭാവം ഉണ്ണി ശ്രദ്ധിച്ചു. മാനത്തു കുങ്കുമ നിറം വാരിവിതറിയിരിക്കുന്നു. ഉണ്ണി അവരോടു ചോദിച്ചു..
'ഇവിടെ താമസിക്കാൻ സൗകര്യം കിട്ടുമോ.? '
അവർ പരസ്പരം നോക്കി. ചെറുപ്പക്കാരൻ പറഞ്ഞു.
'താമസിക്കാൻ അടുത്ത പട്ടണത്തിൽ പോകണം. പക്ഷേ, നിങ്ങൾ എന്റെ കൂടെ വരാമെങ്കിൽ... '
അയാൾ മറ്റുള്ളവരോടായി പറഞ്ഞു...
'നിങ്ങൾ നടന്നോളൂ.. ഇയാളെ എന്റെ വീട്ടിൽ കൊണ്ടുചെല്ലട്ടെ... ഒരു പക്ഷേ... മുത്തശ്ചന് അറിയാമായിരിക്കും.. '
അയാൾ ഉണ്ണിക്കൊപ്പം നടന്നു. അയാളുടെ പേർ വിനയൻ എന്നാണ്. അയാളുടെ മുത്തശ്ചന് മംഗലശ്ശേരിയെക്കുറിച്ചറിയാം. വിനയൻ തൃശ്ശൂരിൽ എൻജിനീയറിങ് പഠനത്തിലാണ്. അവർ ഈ നാട്ടുകാരുമാണ്.
വിനയന്റെ കൂട്ടുകാർ ഈ മനോഹര ഗ്രാമവും ഇവിടുത്തെ മഹാത്ഭുതങ്ങളിലൊന്നായ മംഗലശ്ശേരിയും കാണാൻ വരുന്നു. അവരെ വിളിക്കാൻ ടൗണിൽ പോകുകയാണ്.
'നിങ്ങൾ അവിടുത്തെയാണെന്നല്ലേ പറഞ്ഞത്. പക്ഷേ, ഇവിടെ ആദ്യമാണല്ലേ..! '
'അതെ. ഞാൻ കുട്ടിയായിരിക്കുമ്പോൾ ഇവിടുന്ന് പോയതാണ്. പിന്നീട് എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മംഗലശ്ശേരി നിറഞ്ഞു നിന്നിരുന്നു. ഇവിടുത്തെ ദുരൂഹതകളും. അച്ഛൻ ഓരോതവണയും ഇവിടെ വന്നു തിരിച്ചെത്തുമ്പോൾ കേൾക്കുന്നത്... !
അമ്മയും അച്ഛനും കൂടി പറയണത്... ! അച്ഛന്റെ ഭയം...! അമ്മയുടെ ആശ്വാസവചനങ്ങൾ....! എന്താണ് അവിടുത്തെ സത്യം..! നിങ്ങൾക്കറിയുമോ... !!!?.
വിനയൻ നടക്കുന്നതിനിടയിൽ കൗതുകം നിറഞ്ഞ നിസ്സംഗതയോടെ പറഞ്ഞു..
"നിങ്ങളുടെ മംഗലശ്ശേരി ഞങ്ങൾക്കത്ഭുതമാണ്.. "
