ചാരുകസേര
ചാരുകസേര
ഉമ്മറത്തു ചാരുകസേരമേൽ ഇരുന്നാടുന്ന മുത്തശ്ശനെ പതിവായി എന്നും കാണാറുള്ളതാണല്ലോ നീ, ഇന്നെന്താ കണ്ടില്ലേ?
ഇല്ല.ഇന്ന് അവൾ കണ്ടില്ല.
കോളേജിലെ സ്‌ട്രെസ്സും സാറുമ്മാരുടെ പരിഹാസവും വിശപ്പും ദാഹവും ബാഗും ഭാരവും എല്ലാം താങ്ങിക്കൊണ്ട് ബസ്സിറങ്ങി നടക്കുമ്പോൾ കാഴ്ച്ചകൾ ഒന്നും ആസ്വദിക്കാനുള്ള മനസ്സ് ഉണ്ടാവാറില്ല...പക്ഷെ, ആ ചാരുകസേരയും അതിൽ ചാരി ഇരുന്നാടുന്ന മുത്തശ്ശനെയും ഞാൻ ശ്രദ്ധിച്ചു തുടങ്ങിയതിൽ പിന്നെ എന്നും ആ ആട്ടം കാണൽ പതിവായി. പോകെ പോകെ 100 മീറ്റർ ഇപ്പുറം എത്തുമ്പോൾ തന്നെ കൈ എടുത്ത് കാട്ടും. സന്ധ്യാസമയത്തെ ഒരു ചായയും ഒരു ആട്ടവും നിര്ബന്ധമാണ് മുത്തശ്ശനു. ഇതുവരെ 25 മീറ്റർ എങ്കിലും അകലെ നിന്ന് കൊണ്ടു മാത്രം കണ്ടിട്ടുള്ള മുത്തശ്ശൻ എന്റെ മനസ്സിൽ ഒരു ഇടം പിടിച്ചിരുന്നു. പക്ഷെ, ആ പതിവ് ഇന്ന് തെറ്റിയിരിക്കുന്നു. മുത്തശ്ശനെ കസേരയിൽ കണ്ടില്ല. വീടിനു ചുറ്റും ചിന്നിചിതറി ആളുകൾ നിൽക്കുന്നു. മതിലിൽ ഒരു നോട്ടീസും, ആദരാഞ്ജലികൾ.
ചിലപ്പോഴൊക്കെ തോന്നും കാലത്തിനതീതമായി ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. ഒരുപാട് മനുഷ്യരുമായി സമ്പർക്കത്തിലെത്തുമെങ്കിലും എന്റെ മനസ്സിൽ എത്തിപ്പെടുന്നത് വളരെ ചുരുക്കം ആളുകൾ മാത്രം ആണ്. അതുകൊണ്ടു തന്നെ മനുഷ്യരുടെ ഓർമ്മകളിൽ ജീവിക്കാൻ പറ്റുന്നത് ഞാൻ ഒരു അംഗീകരമായി കാണുന്നു. പറഞ്ഞത് കാലത്തെ പറ്റി ആണെങ്കിലും എന്റെ സ്വാർത്ഥമനസ്സ് കാലത്തെ എന്റെ മാത്രം ലോകം ആക്കി ചുരുക്കി.
