Masha mariyam

Comedy Romance

2.0  

Masha mariyam

Comedy Romance

അവൾക്കായി വീണ്ടും -1

അവൾക്കായി വീണ്ടും -1

7 mins
402


"മിയാ, നീ ഒന്ന് എഴുന്നേൽക്കു. ഇന്നും അയാളുടെ വായയിൽ വരുന്നത് കേൾക്കേണ്ടി വരും. " അതുല്യ മുടി ചീകുന്നതിനിടയിൽ അവളെ വിളിച്ചു കൊണ്ടിരുന്നു.


ആരു കേൾക്കാൻ, നമ്മുടെ കഥാനായിക ഫുഡ്‌ കണ്ടാലും ബെഡ് കണ്ടാലും അപ്പൊ ഹുദ ഗവാ.


"അതൂ, നീ ആരെയാ ഈ വിളിക്കുന്നെ? ഈ കുംഭകർണിയെയോ?? സൂര്യൻ വന്നതൊന്നും അവള് അറിഞ്ഞിട്ടുണ്ടാവില്ല. ഇവളെ എണീപ്പിക്കാൻ ഒരു മാർഗമേ ഉള്ളൂ." ഇതും പറഞ്ഞു ഡോണ ബാത്റൂമിൽ പോയി ഒരു പാത്രത്തിൽ വെള്ളവും ആയി വന്നു. അത് നേരെ മിയയുടെ തലയിലേക്ക് ഒഴിച്ചു.


 "പടച്ചോനെ, പ്രളയം പ്രളയം... എന്നെ കാത്തോണേ... ഇവള്മാരു പ്രളയത്തിൽ ഒലിച്ചു പോയാലും വേണ്ടില്ല ... എന്നെ മാത്രം രക്ഷിക്കണേ," മിയ വിളിച്ചു കൂവി.


"എടീ പിത്തക്കാളി കൂവാതെ ഒന്ന് എഴുനേൽക്കുന്നുണ്ടോ???" അതുല്യ ചീകിക്കൊണ്ടിരുന്ന ചീർപ്പ് മിയയുടെ നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു.


മിയ കണ്ണുകൾ തിരുമ്മി ഒരു കോട്ടുവായൊക്കെ ഇട്ടു ചുറ്റും ഒന്ന് നോക്കി... "അല്ല രണ്ടാളും ഭയങ്കര ഒരുക്കത്തിൽ ആണല്ലോ? ആരെ കാണാൻ ആണ്? എടീ ബുജി (അതുല്യയെ മിയ ബുജി എന്നും, അതുല്യ മിയയെ ഡോറ എന്നും ആണ് വിളിക്കാറ്... അത് മറ്റൊന്നും കൊണ്ടല്ല രണ്ടാളും നല്ല കട്ട ഡോറ ഫാൻസ്‌ ആണ്. ഇവരുടെ വഴികാട്ടിയായ മാപ് ആണ് നമ്മുടെ ഡോണ), നിന്നെ കാണാൻ ആഷിക് എന്നും മയിൽ വാഹനത്തിൽ വരാറില്ലേ... പിന്നെ എന്തിനാ മുത്തേ ഇത്ര ഒരുക്കം?" ഇതും പറഞ്ഞു മിയ ബ്ലാങ്കറ്റ് മാറ്റി ഡോണയുടെ അടുത്ത് വന്ന് എന്നും ചെയാറുള്ളത് പോലെ ഡോണയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു.


"ഓ ആദ്യം പോയി ഒന്ന് പല്ലു തേക്ക്... നാറിയിട്ടു വയ്യ..." ഡോണ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ഇളിഞ്ഞ ചിരിയും പാസ്സ് ആക്കി മിയ ബാത്‌റൂമിലേക്ക് പോയി...


തല ഒന്നു നനച്ചു പല്ലും തേച്ചു പോയതിനെക്കാളും സ്പീഡിൽ മിയ ബാത്റൂമിൽ നിന്ന് വരുന്നത് കണ്ടു അതുല്യ പറഞ്ഞു. "ഇന്നും നനച്ചു തുടച്ചു വന്നല്ലോ... നിനക്ക് ഒന്ന് കുളിച്ചാൽ എന്താ??? തലയിലെ മുടി ഊരി പോരോ??? "


"അപ്പൊ എന്റെ ബുജി ഒന്നും അറിഞ്ഞീലെ? എനിക്ക് കുളിക്കാൻ പാടില്ല. അത് ഒരു രോഗം ആണ്... കേട്ടിട്ടില്ലേ കുളിമാനിയ?" മിയ പറഞ്ഞു.


"എടീ... വേഗം വാ, ഇപ്പൊത്തന്നെ സമയം എട്ടരയായി, ഒമ്പതേ കാൽ ആകുമ്പോഴേക്കും അവിടെ എത്തിയില്ലേൽ ആ കാലമാടൻ സാർ നമ്മളെ കൊന്നുതിന്നും. അല്ലേലേ നമ്മളെ കാണുമ്പോൾ അയാൾക്കിത്തിരി ചൊറിച്ചിലാ..." ഡോണ അതുല്യയെയും മിയയെയും നോക്കി പറഞ്ഞൂ.


മിയ അലമാരക്കു മുന്നിൽ ചെന്നു നിന്ന് തന്റെ വസ്ത്രങ്ങൾ കയ്യിലെടുത്തു. 'ഇന്നിപ്പോ ഏതാ ഇടാ??' അവൾ പതിയെ പറഞ്ഞു . 'മഞ്ഞ വേണോ... അതോ ചുവപ്പോ...' അവളുടെ ആശയക്കുഴപ്പം മനസിലാക്കിയ അതുല്യ അവളോട് പറഞ്ഞു : "ചൊമലയിട്ടോ..." അവർ മൂന്നുപേരും കൂടി ചിരിച്ചു.


"ഹഹഹഹ എന്തൊരു ചളി. മേലാകെ തെറിച്ചു," ചുണ്ടുകൾ വക്രിപ്പിച്ച മിയ ഡ്രസ്സ്‌ മാറാൻ പോയി


അങ്ങനെ ഫ്‌ളാറ്റിന്റെ വാതിൽ ലോക്ക് ചെയ്ത് അവർ ലിഫ്റ്റിന് നേരെ നടന്നു. ലിഫ്റ്റ് തുറന്നപ്പോൾ അതാ നിക്കുന്നു ഫ്ളാറ്റിലെ കോഴി മനു. "കൊക്കര കൊക്കര ക്കോ ആാാാ കോഴി കൊക്കരക്കോ " മനുവിനെ കണ്ടപ്പോൾ മിയാന്റെ നാവു അടങ്ങി നിന്നില്ല. അവള് അത് പാടി കൊണ്ട് ലിഫ്റ്റിലേക്ക് കേറി.


"അല്ല മൂന്നാളും കൂടി ഇത് എങ്ങോട്ടാ??? കോളേജിലെക്ക് ആണോ?" മനു ഡോണക്ക് നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു. 


 "അല്ല ബീച്ചിലേക്ക് ആണ്... എന്തേയ് പോരുന്നോ?" മിയ അവനോട് ചോദിച്ചു. പിന്നെ അവൻ ഒന്നും ചോദിച്ചില്ല. കാരണം ഉരുളക്കുപ്പേരി പോലെ മിയ അതിനൊക്കെ തിരിച്ചു പറയും.


അങ്ങനെ അവർ ലിഫ്റ്റിൽന്നു ഇറങ്ങി പാർക്കിംഗ് സൈഡിലേക്ക് നടന്നു. മൂന്നു പേരും തോളിൽ കയ്യിട്ടു നല്ല മൂളി പാടും പാടി ആണ് പോവുന്നത്. ആ സൗഹൃദം കണ്ടാൽ ആരായാലും അസൂയപ്പെട്ടു പോവും.


നടക്കുന്നതിനിടയിൽ ഡോണ മിയക്ക് ഒരു നുള്ള് വെച്ച് കൊണ്ട് ചോദിച്ചു. "നീ എന്നതിനാ എന്നോട് ചോദിച്ചതിന് മനുവിന് മറുപടി കൊടുത്തത്. എനിക്കറിയാം മറുപടി കൊടുക്കാൻ."


"ആണോ ഞാൻ വിചാരിച്ചു മോളു ഊമ ആണന്നു. അവൾക്ക് മറുപടി കൊടുക്കാഞ്ഞിട്ടാണ് സങ്കടം. ഒന്ന് വേഗം വാ... അവളുടെ ഒരു മറുപടി. എനിക്ക് എല്ലാം മനസ്സിൽ ആവുന്നുണ്ട്. അല്ലേ ബുജി? " മിയ അതുല്യക്കു നേരെ ഒന്ന് കണ്ണിറക്കി കൊണ്ട് ചോദിച്ചു. 

 "അതെ അതെ," എന്നും പറഞ്ഞു അതുല്യയും ഒന്ന് കണ്ണിറുക്കി. 

 "ഞാൻ ഒന്നും പറഞ്ഞില്ലേ എന്റെ കർത്താവേ," എന്ന് പറഞ്ഞു ഡോണ മിയക്കും അതുല്യക്കും മുന്നിൽ തൊഴുതു കൊണ്ട് നിന്നു. 

 "ഭവതിയോട് നാം ക്ഷമിച്ചിരിക്കുന്നു," എന്ന് ഒരുമിച്ച് പറഞ്ഞു മിയയും അതുല്യയും ഡോണയുടെ തലയിൽ കൈവെച്ചു. പിന്നെ അവിടെ കൂട്ട ചിരിയായി.


മൂന്നുപേരും കൂടി കാറിന്റെ അടുത്തേക്ക് നടന്നു, ഡോണ ആണ് അവരുടെ ഡ്രൈവർ. "ഒന്നു വേഗം കേറുന്നുണ്ടോ? ടൈം ഇപ്പൊ തന്നെ 9.00 ആയി. ഇനി എപ്പഴാണാവോ ഈ ട്രാഫിക് എല്ലാം കഴിഞ്ഞു കോളേജിലേക്ക് എത്താ? " ഡോണ വേഗം ഡ്രൈവിങ് സീറ്റിലോട്ടു കേറി.

"ഈ അതുല്യ കാരണം ആണ് ഒരുക്കം ഒക്കെ കഴിഞ്ഞു തമ്പുരാട്ടി എഴുന്നളണ്ടേ. " മിയ ചിരിച്ചു കൊണ്ട് പറഞ്ഞു.

 "നിന്നെ ഉണ്ടല്ലോ?" എന്നും പറഞ്ഞു അടിക്കാൻ ആയിട്ട് അതുല്യ കൈ പൊക്കി. പക്ഷേ നമ്മുടെ മിയനെ ആ പരിസരത്തൊന്നും കണ്ടിലായിരുന്നു. അവള് വേഗം കാറിൽ കയറി ഇരുന്നു. മിയയെ ഒന്ന് ഉണ്ട കണ്ണിട്ടു നോക്കി അതുല്യ കാറിന്റെ ബാക്കിൽ കയറി ഇരുന്നു

"ഡ്രൈവർ, വേഗം വണ്ടി എടുക്കു. " മിയ കുറച്ചു ഗൗരവം നിറച്ചു പറഞ്ഞു. അത് ഒരു പൊട്ടിച്ചിരിക്ക് വഴിയായി.


കാർ കോളേജിന്റെ പാർക്കിങ് ഏരിയയിൽ സൈഡ് ആക്കി മൂന്നു പേരും കോളേജിന്റെ മെയിൻ ഗേറ്റ് കടന്നു. "ഗുഡ് മോർണിംഗ് അങ്കിൾ. " വാച്ച്മാനോട് എന്നും ഒരു മോർണിംഗ് പറഞ്ഞിട്ടേ മിയ കോളേജ് ഡേ ആരംഭിക്കുകയുള്ളൂ. "ഇന്നും നേരം വൈകിയല്ലോ?? " വാച്ച്മാൻ ചോദിച്ചു. 

 "ആ ടൗണിൽ എന്ത് തിരക്കാണെന്നു അറിയോ...? വരുന്ന വഴിക്ക്..."

"നീ ഇങ്ങോട്ടു വന്നേ. കഥ നമുക്ക് വൈകുന്നേരം പോകുമ്പോൾ പറഞ്ഞു കൊടുക്കാം," എന്നു പറഞ്ഞു അതുല്യ മിയയെ പറഞ്ഞത് മുഴുവൻ ആക്കാൻ സമ്മതിക്കാതെ വലിച്ചു പിടിച്ചു കൊണ്ട് പോയി.


കോളേജിൽ അവര് എത്തിയിട്ട് ഒന്നര മാസം ആയി. ജൂനിയർസ് ഒക്കെ വന്നു. പക്ഷേ ജൂനിയർസ്‌ വരുമ്പോൾ പെൺകുട്ടികൾക്ക് ഒരു രസണ്ടാവൂല്ലല്ലോ... സീനിയർ ആൺകുട്ടികൾക്ക് അല്ലേ ചാകര ചാകര.


പിന്നെ 2nd ഇയർ എത്തിയ അഹങ്കാരം ഒന്നും ഇല്ലാട്ടോ മിയക്കും കൂട്ടർക്കും. കോളേജിൽ എന്ത് പ്രോഗ്രാം വന്നാലും അവർക്കു എല്ലാം ഒരേ ഡേ പോലെ തന്നെ ആണ് എന്നും. ആര് വന്നാലും പോയാലും അവർക്ക് ഒരു ചുക്കും ഇല്ല. അതൊന്നും അവരെ ബാധിക്കില്ല.


ചില ആളുകൾ അവരുടെ ലവേഴ്സനെ കാണാൻ വരുന്നു. ചിലർ പഠിക്കാൻ വരുന്നു. ചിലർ കോളേജ് ലൈഫ് അടിച്ചു പൊളിക്കാൻ വരുന്നു. ഇവർ എന്തിനാ വരുന്നതന്നു ഇവർക്ക് മൂന്നു പേർക്കും തന്നെ അറിയൂല. വരുന്നു പോകുന്നു. ഇവർക്ക് ആരെയും അറിയില്ലെങ്കിലും ഇവരെ എല്ലാവരും അറിയും. ത്രിമൂർത്തികൾ എന്നാണ് എല്ലാരും വിളിക്കാറ്. 


അവർ ക്ലാസ്സിൽ എത്തി. അവരുടെ ഭാഗ്യത്തിനു ക്ലാസ്സിൽ ടീച്ചർ വന്നിട്ടില്ല. മൂവരും കൂടി ക്ലാസ്സിൽ കയറി. അവര് ഒന്ന് ഇരിക്കുമ്പഴേക്കും എല്ലാം കുട്ടികളും എഴുന്നേറ്റു. മറ്റൊന്നും കൊണ്ടല്ല നമ്മുടെ ചൊറിയൻ സർ, സോറി ചെറിയാൻ സർ അവിടെ എത്തിയിരുന്നു.


"ഓ ഇങ്ങേരെ ഇത് ഇപ്പൊ എവിടുന്നു കെട്ടി എടുത്തു?"മിയ പിറുപിറുത്തു. 

 "ഒന്ന് ഉറങ്ങാൻ വിചാരിച്ചു വന്നപ്പോ ഇയാളു വന്നു. ഇനി ഇപ്പൊ എങ്ങനെ കിടക്കും?"

"നിനക്ക് ഇത് എവിടുന്നാണ് ഇത്ര ഉറക്കും?" ഡോണ മിയാനോട് ചോദിച്ചു.

"എടീ ഇവളാണ് കുംഭകർണി," അതുല്യ കൂട്ടി ചേർത്തു. 


"മൂന്നു പേരും ഇന്ന് നേരത്തെ ആണല്ലോ? എന്ത് പറ്റി?" സർ അവരോടായി ചോദിച്ചു.

"സർ, ഇന്നു മുതൽ ഞങ്ങൾ നന്നാവാൻ തീരുമാനിച്ചു. അതിന്റ ഭാഗം ആയി അതുല്യക്ക് ഒരേ ഒരു നിർബന്ധം. സാറിന്റെ ക്ലാസ്സിൽ നേരത്തെ വരണം എന്നു. അല്ലേ അതുല്യ?"

ഞാനോ?? എപ്പോ??? എന്നു വിചാരിച്ചു അതുല്യ മിയയുടെ മുഖത്തേക്ക് നോക്കി. അവള് തന്നെ ഒന്ന് നോക്കുന്നതും കൂടി ഇല്ല. 


"ആണോ അതുല്യ?"സർ അവളോട്‌ ചോദിച്ചു. താൻ പെട്ടു എന്നു അവൾക്കു മനസിലായി. 

 "എന്തേയ് ഇപ്പൊ പെട്ടെന്ന് ഒന്ന് നന്നാവാൻ കാരണം?" സർ വീണ്ടും ചോദിച്ചു.

"അ... ത് സ സ... ർ " അവൾ വിക്കി വിക്കി പറഞ്ഞു. അവളുടെ പരുങ്ങൽ കണ്ട് മിയ അടക്കി വെച്ച് ചിരിച്ചു.

"നന്നായാൽ നിങ്ങൾക്ക് നല്ലത്" എന്നും പറഞ്ഞു സർ പോയി. 


സർ പോയതും മിയയുടെ കാലിന് നോക്കി അതുല്യ ഒരു ചവിട്ട് വെച്ച് കൊടുത്തു.

"ആാാാാ" മിയയുടെ സൗണ്ട് ക്ലാസ്സ് മുഴുവനും കേട്ടു.

 "അതുല്യ, മിയ ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌ ". സർ ദേഷ്യത്തോടെ കൈ ഡോറിനു നേരെ നീട്ടി കൊണ്ട് പറഞ്ഞു 

"ഹാവു" എന്നു പറഞ്ഞു മിയ കേട്ട പാതി കേൾക്കാത്ത പാതി ക്ലാസ്സിൽ നിന്ന് പുറത്തേക്കു നടന്നു. അവളുടെ സന്തോഷം കണ്ടു പോവാൻ നിൽക്കുന്ന മിയയെ വിളിച്ചു.


"മിയ കയറി ഇരിക്ക്... താൻ ഇപ്പൊ അങ്ങനെ പോകണ്," സർ അവളോട്‌ പറഞ്ഞു. 

 ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ആയി അവളുടെ മുഖം. അവളു ബെഞ്ചിൽ വന്നു ഇരുന്നു. അവളുടെ മുഖം കണ്ടു ഡോണ ഇറുക്കി പിടിച്ചു ചിരിച്ചു. ആ സമയത്ത് ഇനി ഞാൻ എന്താകും എന്നു വിചാരിച്ചു ഡോറിന്റെ അടുത്ത് നിൽക്കുന്ന അതുല്യക്ക് നേരെ തിരിഞ്ഞ് കൊണ്ട് സർ പറഞ്ഞു,

"തന്നോട് ഇനി പ്രതേകിച്ചു പറയണോ?? കേറി ഇരിക്കഡോ." അതുല്യ പേടിച്ചു ഓടി വന്നു ബെഞ്ചിൽ ഇരുന്നു... 

"ഇയാളെ എങ്ങനെ സഹിക്കുന്നു ഇയാളുടെ ഭാര്യ ഒരു അവാർഡ് തന്നെ കൊടുക്കണം," അതുല്യ ചുണ്ട് കോട്ടി പറഞ്ഞു.


വാച്ച് മുന്നിൽ വച്ചു അതിലേക്കു നോക്കി ആണ് മിയ ഇരിക്കുന്നത്... സമയം മെല്ലെ പുഴു ഇഴയുന്നത് പോലെ ആണ് പോകുന്നത്, താടിക്ക് കൈയും കൊടുത്ത് അങ്ങനെ ഇരുന്നു. ബാക്കി രണ്ടാളും കൂടി എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്...


പെട്ടന്നു മിയന്റെ മുഖം പുഞ്ചിരി കൊണ്ട് നിറഞ്ഞു. ഇനി ബെൽ അടിക്കാൻ ഒരു മിനിറ്റു മാത്രമേ ഉള്ളൂ... അപ്പോഴേക്കും ബെല്ലു അടിച്ചു... "ഹാവു," അതും പറഞ്ഞു മിയ ബാഗ് എടുത്ത് പോവാൻ തുടങ്ങി.

"നീ ഇത് എങ്ങോട്ടാ?? " അതുല്യ ചോദിച്ചു.

"ഞാൻ ഇരിക്കുന്നില്ല ഈ പീരിയഡ്. എനിക്ക് വിശന്നിട്ട് വയ്യാ... ഞാൻ പോവാ," മിയ ബാഗ് തോളിൽ ഇട്ടു കൊണ്ട് പറഞ്ഞു.

"ഞാനും ഉണ്ട്," ഡോണയും പോവാൻ റെഡി ആയി.

"പിന്നെ ഞാൻ ഒറ്റക്കു ഇരിക്കണോ?? ഞാനും വരാം," അതുല്യ അതും പറഞ്ഞു ഫോൺ കൈയിൽ എടുത്തു കാൾ ചെയ്യാൻ തുടങ്ങിയിരുന്നു.

"ഇനി നമ്മളെ ഒന്നും ഓർമ ഉണ്ടാവൂലാ. നമ്മളു പുറത്തു ആയി മോളേ," 

 ഡോണ അതും പറഞ്ഞു മിയയുടെ തോളിൽ കയ്യിട്ടു.

"പോടീ," അതുല്യ ഡോണയെ നോക്കി പറഞ്ഞു...

 മൂന്നു പേരും കൂടി ക്യാന്റീനിലേക്ക് പോയി


അതുല്യ സംസാരിക്കുന്നത് കണ്ട മിയ ഉള്ളിൽ കൂടെ വെറുപ്പിക്കാൻ തുടങ്ങി. മിയ സൗണ്ടിൽ

"അലോ ആാാാ ആാാാാ പറയടാ, നീ പറാ, അല്ല നീ പറ, അലോ ആാാാ ഐ ലവ് യൂ... ലവ് യൂ ടൂ..."

 മിയ ഓരോന്നും പറഞ്ഞു വെറുപ്പിച്ചു. ലാസ്റ്റ് അതുല്യ വേറെ സീറ്റിൽ പോയിരുന്നു... ഇത് കണ്ടു മിയ നല്ല ചിരി.

"നീ എന്തിനാ അവളെ ചൊറിയാൻ പോകുന്നത്?" ഡോണ ചോദിച്ചു. 

"ഇത് ഒക്കെ അല്ലേ രസം?" എന്നു പറഞ്ഞു മിയ ചിരിച്ചു. 


മിയ പോയി പൊറാട്ടയും ബീഫ്‌ കറിയും വാങ്ങി തിന്നാൻ തുടങ്ങി.. ഡോണ ഫോണിൽ ടിക് ടോക്കും കണ്ടു ഇരുന്നു.


"മിയ... മിയ " ഷാനു മിയയെ വിളിച്ചു... പുള്ളിക്കാരത്തി ഉണ്ടോ മൈൻഡ് ചെയുന്നു. ഫുഡ്‌ കണ്ടപ്പോൾ അവളു എവിടാ താൻ ഇരിക്കുന്നത് എന്നു തന്നെ മറന്ന് നല്ല പോളിംഗ് ആണ്... 


 "മിയ," ഷാനു പിന്നെയും വിളിച്ചു.

എന്തായാലും പറഞ്ഞോളു എന്നു പറഞ്ഞു മിയ കൈ കൊണ്ട് കാണിച്ചു.

ഷാനു അവൾക്കു അഭിമുഖം ആയി ഇരുന്നു. അവളുടെ കഴിക്കുന്ന സ്പീഡ് കണ്ടു ഷാനു അവൾക്കു നേരെ വെള്ളം നീട്ടി. അത് വാങ്ങി അവളു കുടിച്ചു... 

 പടച്ചോനെ ഇവള് ഇത് എന്ത് തീറ്റ ആണ് എന്നു ഷാനു മനസ്സിൽ പറഞ്ഞു. 

 ഇവളു വീട്ടിൽ പട്ടിണി ആയിരുന്നോ... ഇങ്ങനെ പോയാൽ ആ പ്ലേറ്റും അവളു തിന്നും. ന്റെ റബ്ബേ എന്നു പറഞ്ഞു താടിക്കു കയ്യും കൊടുത്തു അവളെ നോക്കി ഇരുന്നു. പതിയെ അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു. 


മിയ കഴിച്ചു കഴിഞ്ഞു നേരെ നോക്കുന്നത് ഷാനുവിന്റെ മുഖത്തേക്കാണ്. സത്യം പറഞ്ഞാൽ അപ്പഴാണ് അവൾ ചുറ്റും നോക്കുന്നത്. അതുല്യ കൊഞ്ചലും കൊഴിയാലും ഒക്കെ കഴിഞ്ഞു അപ്പോഴേക്കും എത്തിയിരുന്നു. ഡോണ അവളെ നോക്കുന്ന ഷാനുവിന് നോക്കി ചിരിക്കുകയാണ്. മിയ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, കൈ കഴുകി വരാമെന്ന് പറഞ്ഞു മെല്ലെ അവിടുന്ന് എഴുനേറ്റു.


മിയ നടക്കാൻ തുടങ്ങിയപ്പോൾ ഷാനു മിയ എന്നു വിളിച്ചു പുറകെ പോയി. മിയ അവനു നേരെ തിരിഞ്ഞു, എന്താ എന്ന ഭാവത്തിൽ നോക്കി.


"മിയ, എനിക്ക് ഇനി ഈ വർഷം കൂടി ഉള്ളു. നീ എന്താ ഒന്നും പറയാത്തത്? എനിക്ക് തന്നെ ഇഷ്ട്ടം ആണ്. പൊന്ന് പോലെ ഞാൻ നോക്കി കൊള്ളാം. ഇനി ഡിഗ്രി കഴിഞ്ഞാൽ ഞാൻ നിന്നെ കാണോ എന്നു പോലും അറിയൂല, നീ എന്തെങ്കിലും ഒന്ന് പറ... അന്ന് പറഞ്ഞത് പോലെ നോ എന്നു മാത്രം പറയരുത്. നിന്റെ അഭിപ്രായത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടാവില്ലേ... അത് അറിയാൻ വേണ്ടിയിട്ടാണ് ഞാൻ നിന്റെ പുറകെ നടക്കുന്നത്. " 


 ഇത്രെയും പറഞ്ഞത് കണ്ണ് പൂട്ടി കൊണ്ടായിരുന്നു. അവളുടെ കണ്ണിനെ നേരിടാൻ അവന്‌ കഴിയുമായിരുന്നില്ല. എല്ലാം പറഞ്ഞു അവൻ അവൾക്ക് നേരെ നോക്കി... ഇവൾ ഇത് എവിടെ പോയി എന്നും പറഞ്ഞു ചുറ്റും നോക്കി. 


അവളു അവിടെ ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ മിയ ഇപ്പൊ അഫ്ഗാനിസ്ഥാനിൽ എത്തിയിയിട്ടുണ്ടാവും (ഞാൻ ഉദേശിച്ചത്‌ കൈ കഴുകി കഴിഞ്ഞിട്ട് ഉണ്ടാവും എന്നാണ്).


അവളു വളഞ്ഞു തിരിഞ്ഞു ഷാനു കാണാതെ കോളേജിന്റെ ഗ്രൗണ്ടിൽ എത്തി. അവിടെ അവളുടെ ക്ലാസിലെ വേറെ കുട്ടികൾ ഇരുന്ന് കത്തി അടിക്കുന്നുണ്ടായിരുന്നു. അവളും അവിടെ പോയി തള്ളാൻ തുടങ്ങി.


"അല്ല ബാക്കി രണ്ടാളും എവിടെ?"കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു.

"ആ എനിക്ക് അറിയാൻ പാടില്ല. ഇപ്പൊ എല്ലാം സ്ഥലത്തു പോകുമ്പോൾ അവരെ കൂട്ടാൻ പറ്റോ... എനിക്ക് കുറച്ചു പ്രൈവസി ഒക്കെ വേണ്ടേ."


പറഞ്ഞു തീർത്ത് നാവു ഉള്ളിൽ ഇട്ടില്ല അപ്പോഴേക്കും ഒരു ബാഗ് അവളുടെ പുറത്ത് വീണു. 

"നിനക്ക് എന്ത് പ്രൈവസി ആണെഡീ വേണ്ടത്?"

 അതും പറഞ്ഞു അതുല്യ ബാഗിനെ കൊണ്ട് അവളെ അടിക്കാനും ഡോണ അവളെ നുള്ളാനും തുടങ്ങി...

"അള്ളോ, പടച്ചോനെ, മതി. തമാശക്ക് പറഞ്ഞതാണ് ഒന്ന് നിർത്തു,"എന്നു മിയ വിളിച്ചു കൂവുന്നുണ്ട്. ആര് കേൾക്കാൻ, രണ്ടാളും അടി നിർത്തിയില്ല. ഇത് കണ്ടു ബാക്കി ഉഉള്ളവരൊക്ക പൊട്ടി ചിരിക്കുകയായിരുന്നു.

"ചിരിക്കാതെ ഒന്ന് എന്നെ രക്ഷിക്ക്," മിയ ഉറക്കെ വിളിച്ചു പറഞ്ഞു...


പെട്ടെന്ന് ആ കോളേജ് മുഴുവനും ആ ബുള്ളറ്റിന്റെ സൗണ്ട് കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. അതുല്യയും ഡോണയും അടി നിർത്തി അങ്ങോട്ട് വാ പൊളിച്ചു നിന്നു. 


 പണ്ടേ ഇ ബുള്ളറ്റ് പെൺകുട്ടികളുടെ ഒരു വീക്നെസ് ആണല്ലോ.


ബ്ലാക്ക് കളർ ബുള്ളറ്റിൽ, ബ്ലാക് ടി ഷർട്ടും, സൺ ഗ്ലാസും ഒക്കെ ഇട്ടു ഒരു മൊഞ്ചൻ. തട്ടത്തിൻ മറയത്ത് സിനിമയിൽ നിവിൻ പറഞ്ഞത് പോലെ അവന്റെ ആ വരവ് കണ്ടാൽ ന്റെ സാറേ ചുറ്റും ഉള്ളതൊന്നും കാണൂലാ... 


പക്ഷേ മിയയുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ ആയി. അവളുടെ മുഖം വലിഞ്ഞു മുറുകി. അവളുടെ കണ്ണിൽ അഗ്നി പടർന്നു കത്തി... അവൾ അവനെ തന്നെ രൂക്ഷമായി നോക്കി. 


Rate this content
Log in

Similar malayalam story from Comedy