അടൂര് കുഴിമന്തി
അടൂര് കുഴിമന്തി
ഞാൻ എറണാകുളത്ത് ഇലക്ട്രോണിക്സ് ത്രാസിൻെറ ക൩നിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന കാലം.എന്നോട് ത്രാസ് സ്റ്റാ൩് ചെയ്യുന്നതിനായി പത്തനംതിട്ടയിൽ പോകാൻ ക൩നി പറഞ്ഞു.അങ്ങനെ ഞാൻ KSRTC ബസിൽ യാത്ര ചെയ്ത് അടൂർ സ്റ്റാൻഡിൽ എത്തി.അപ്പോഴേക്കും സമയം ഏകദേശം 1.30 അയിരുന്നു.എന്തായാലും ഇനി ഉച്ച ഭക്ഷണം കഴിച്ചിട്ടാവാം യാത്ര എന്ന് കരുതി.ഒരു ഹോട്ടലിനായി ചുറ്റും പരതി.അങ്ങനെ സ്റ്റാൻഡിൽ നിന്നും സഞ്ചരിക്കുന്നതിനിടയിലാണ് ഇടറോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടൽ എൻെറ കണ്ണിൽ പെട്ടത്.അവിടെ വലിയ അക്ഷരത്തിൽ എഴുതി വച്ചരിക്കുന്നു.
"കുഴിമന്തി -100"
ഏകദേശം രണ്ട് വർഷം മുൻപാണ് ഈ സംഭവം നടക്കുന്നത്.അന്ന് എറണാകുളം ടൗണിൽ കുഴിമന്തിക്ക് 150 രൂപയാണ് വില.ആ കുഴിമന്തിയാണ് വെറും നൂറ് രൂപയ്ക്ക്.എൻെറ ഉള്ളിലെ ലാഭകൊതി ഉണർന്നു.ഇന്നത്തെ ഭക്ഷണം ഇവിടുന്ന് തന്നെ എന്ന് മനസ്സിൽ കരുതി.
ഹോട്ടലിലേക്ക് കയറിയപ്പോൾ ഏകദേശം 40 വയസ്സ് പ്രായമുള്ള ഒരു ഇക്കയും അയാളുടെ ജോലിക്കാരൻ 60 കഴിഞ്ഞ ഒരു വല്യപ്പനും അവിടെ ഉണ്ടായിരുന്നു.കൂടാതെ അവിടവിടയായി സ്വറപറഞ്ഞിരിക്കുന്ന നാട്ടുകാരും.
ഞാൻ ഇക്കയോട് പറഞ്ഞു.
"ഒരു കുഴിമന്തി വേണം".
അപ്പോൾ ഇക്ക ഒന്നു വെളുക്കെ ചിരിച്ചു.എന്നിട്ട് പറഞ്ഞു.
"അഞ്ചു മിനുട്ട് വെയിറ്റ് ചെയ്യ്.സാധനം ഇപ്പോൾ തരാം".
ഇക്ക പഴയ ജഗ്ഗിൽനിന്ന് ഒരു ഗ്ലാസിലേക്ക് വെള്ളം പകർന്ന് ഞാൻ ഇരുന്ന കസേരയ്ക്ക് മുന്നിലായുള്ള മേശപ്പുറത്ത് വച്ചു.എന്നിട്ട് അത്യുൽസാഹത്തിൽ ജോലിക്കാരൻ വല്യപ്പനു വേണ്ട നിർദ്ദേശങ്ങൾ നൽകി.പെട്ടന്നു തന്നെ വല്യപ്പൻ ഹോട്ടലിൻെറ ഉള്ളറകളിൽ അപ്രത്യക്ഷനായി.അൽപ്പസമയം എന്നോട് കുശലാന്വേഷണം നടത്തിയ ശേഷം ഇക്കയും വല്യപ്പൻ കയറിപോയ വാതിലിലൂടെ ഉള്ളിലേക്ക് പോയി.
തുച്ചമായ വിലയിൽ ലഭിക്കുന്ന കുഴിമന്തിയേ കുറിച്ചുള്ള സ്വപ്ന ചിന്തയാൽ നാവിൽ വെള്ളമൂറി കൊണ്ട് ഞാൻ കാത്തിരുന്നു.നിമിഷങ്ങൾ അങ്ങനെ കടന്ന് പോയി കൊണ്ടിരുന്നു.ഇതിനിടയിൽ എറണാകുളത്തെ കള്ളൻമാരായ ഹോട്ടൽ ഉടമകളെ ഞാൻ മനസ്സിൽ പ്രാകി.ഏകദേശം 10 മിനറ്റ് നേരത്തെ കാത്തിരിപ്പ്ന് ഒടുവിൽ ഇക്ക പ്രത്യക്ഷപ്പെട്ടു.എന്നിട്ട് എന്നോട് പറഞ്ഞു.കുഴിമന്തി പണിപ്പുരയിലാണ് ഉടൻ മുന്നിലെത്തും.അതിനുശേഷം അവിടെ തയ്യാറാക്കുന്ന കുഴിമന്തിയുടെ കൊതിപിടിപ്പിക്കുന്ന ലഘുവിവരണവും നൽകി.പിന്നെയും 5 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ഇക്ക വീണ്ടും ഉള്ളിലേക്ക് പോയി.അൽപ്പ സമയത്തിനു ശേഷം ഇക്ക തിരിച്ചുവന്നത് കൈയ്യിൽ ഒരു പ്ലെയിറ്റുമായാണ്.
പ്ലെയിറ്റിലേക്ക് നോക്കിയ ഞാൻ കണ്ടത് അതിലിരുന്ന വസ്തു എന്നെ നോക്കി പരിഹസിക്കുന്നതാണ്.ബസുമതിഅരിയുടെ ഏതോ അകന്ന ബന്ധുവായ ഒരു അരിയുടെ ചോറും അതിൻെറ മൂലയ്ക്കായ് വിള൩ിയിരുന്ന നാരങ്ങാ അച്ചാറും ആയിരുന്നു പ്ലെയിറ്റിൽ ഉണ്ടായിരുന്നത്.പ്ലെയിറ്റിനേയും ഇക്കയേയും മാറി മാറി നോക്കുന്ന എന്നെ സമാശ്വസിപ്പിക്കാൻ എന്നവണ്ണം ഇക്ക മൊഴിഞ്ഞൂ.
"ചിക്കൻ പുറകെ വരുന്നുണ്ട്".
അപ്പോഴേക്കും വല്യപ്പൻ ഒരു പ്ലെയിറ്റിൽ ഒരൂ ചിക്കൻ ഫുൾ ലെഗ് പീസുമായി കടന്നുവന്നു.ആകെ ചുമന്ന നിറത്തിൽ മുളകിൽ വെന്ത് മൊരിഞ്ഞ ചിക്കനും നീളൻ അരിച്ചോറും മുലയ്ക്കിരിക്കുന്ന നാരങ്ങാ അച്ചാറും എന്നെ ആശയകുഴപ്പത്തിലാക്കി.പക്ഷേ വിശന്ന് പൊരിഞ്ഞിരിക്കുന്ന എൻെറ ആമാശയം എന്തു കിട്ടിയാലും സ്വീകരിക്കാൻ അപ്പോൾ തയ്യാറായിരുന്നു.ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നാണല്ലോ.
നാരങ്ങാ അച്ചാറിന് പാക്കറ്റിൽ വരുന്ന അച്ചാറിലെ വിനാഗിരിയുടെ രൂക്ഷമായ ചുവ ആയിരുന്നു.ചിക്കനിലാണെങ്കിൽ മസാലയുടെ അംശം പോലും ഇല്ലായിരുന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും ഇക്ക ഒരു അമ്മ കുഞ്ഞിനെ ഊട്ടുന്നപോലെ അടുത്തുകിടന്ന ഒരു കസേരയിൽ ഇരുന്ന് എന്നെ വയറ് നിറച്ച് കഴിക്കാൻ പ്രോൽസാഹിപ്പിച്ച് കൊണ്ടിരുന്നു.എൻെറ സ്വന്തം അമ്മ പോലും എന്നെ ഇങ്ങനെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടില്ല.ഞാൻ അത് എങ്ങനെയോ കഴിച്ച് തിർത്തപ്പോൾ ആ നല്ല മനുഷ്യൻ ഇനിയും വേണോ എന്ന് ചോദിക്കാനും മറന്നില്ല.
ഞാൻ ഒരു വിധം അവിടെ നിന്ന് രക്ഷപ്പെട്ട് കൈകഴുകി തിരിച്ച് എത്തി.പേഴ്സ് തുറന്ന് 100 രൂപ നോട്ട് ഇക്കയ്ക്കു നേരെ നീട്ടി.ഇക്ക വളരെ നിസാരമട്ടിൽ അതുവാങ്ങി.മുഖത്ത് ഇതുപോലെ എത്ര എത്ര കുഴിമന്തികൾ വിള൩ിയിരിക്കുന്നു എന്ന ഭാവം.
ഞാൻ മുഖത്ത് ഒരു ചിരി വരുത്തി ഇക്കയോട് പറഞ്ഞു.
"ഞാൻ മുൻപ് കുഴിമന്തി കഴിച്ചിട്ടുണ്ട്.ഇങ്ങനെ അല്ല കുഴിമന്തി ഉണ്ടാക്കുന്നത്"
ഇതു കേട്ടതും ഇക്കയുടെ മുഖം ഭാവംമാറി.പുള്ളി ഞാനുമായി കുഴിമന്തിയെ കുറിച്ച് കുറെ തർക്കിച്ചു.അവസാനം പുള്ളിക്കാര൯ പറഞ്ഞു.
"ഇതാണ് ഈ നാട്ടിലെ കുഴിമന്തി"
ഇതു കേട്ടപ്പോൾ ഇനി തർക്കത്തിന് മുതിരുന്നത് ശരിയല്ല എന്നെനിക്ക് തോന്നി.ഒന്നാമത് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.പിന്നെ ഞാൻ ആ നാട്ടുകാരനും അല്ല.ഏതായാലും "അടൂര് കുഴിമന്തി" എന്ന പുതിയ ഒരു വിഭവം പരിചയപ്പെട്ട ചാരിതാർത്ഥ്യത്തിൽ ഞാൻ ബസ്സ്സ്റ്റാൻഡിലേക്ക് നടന്നു.
