അത്രമേൽ ഞാൻ
അത്രമേൽ ഞാൻ


തിരിഞ്ഞൊന്നു നോക്കിടാം ഒരു വേള
നാം പോയ വഴികളും, നനഞ്ഞ മഴകളും ...
പറയാതെ പോയതും, പറഞ്ഞതിൽ പാതിയും
പാടാൻ മറന്നൊരാ പാട്ടിൻ്റെ വരികളും,
തിരകൾക്കുമപ്പുറം താഴുന്ന സൂര്യനെ
മായുന്ന സന്ധ്യയിൽ നോക്കി നാം നിന്നതും,
പുലരാതിരിക്കുവാനാശിച്ച രാത്രിയും,
ഒന്നായലിഞ്ഞതും, ഒന്നിച്ചുണർന്നതും ...
എത്രയോ സ്വപ്നങ്ങളെത്രയോ യാത്രകൾ
എത്ര പറഞ്ഞാലും മതിവരാത്ത കഥകൾ...
പൂർണമാവാത്തൊരു കഥ പോലെ ഞാനിന്നു
യാത്ര ചോദിക്കാതെ പോകയാണെങ്കിലും
കൈകോർത്തു മെയ്ചേർന്നു നാം പോയ വഴികളിൽ
നീ തനിച്ചാവുമെന്നതോർക്ക വയ്യ !
ആവില്ലെനിക്കതിന്നത്രമേൽ ഞാൻ നിന്നി-
ലിഴചേർന്നിരിക്കുന്നതല്ലേ സഖീ...
നിഴലായി ഞാൻ വരാം നീയെങ്ങു പോകിലും,
വെയിലേറ്റു വാടുകിൽ തണലായിടാം..
ഇനിയുള്ള മഴകളിൽ കേൾക്കണം നീ
നിനക്കായി ഞാൻ മൂളുമീണങ്ങളെ...
ഇനി നിൻ മുടിയിഴ തഴുകുന്ന കാറ്റിലും
അറിയണം നീയെൻ്റെ മൃദുമന്ത്രണം...
ഇനിയുള്ള ശ്വാസത്തിൻ കണികയിൽ പോലുമെൻ
പ്രണയത്തിൻ ഗന്ധമുണ്ടായിരിക്കും...
ഇരുൾ മായ്ച്ച നിഴലുപോൽ ഞാനിന്നു പോകിലും
നിന്നെ പിരിഞ്ഞൊരു നിമിഷമുണ്ടോ?
നിന്നോളമില്ലെനിക്കൊന്നുമീ ഭൂമിയിൽ
നിന്നോളമില്ലെനിക്കൊരു സ്വർഗ്ഗവും
മരണത്തിനാവുമോ നമ്മെ പിരിക്കുവാൻ
അത്രമേൽ സ്നേഹിച്ചതല്ലേ സഖീ ?