വഴിയമ്പലം
വഴിയമ്പലം
രാപ്പക്ഷികൾ പറന്നുമാറി. ആകാശത്തുകൂടി വരഞ്ഞുപോയ ആ കണ്ണിന്റെ നോട്ടം ആ വഴിയമ്പലത്തു ചെന്നു തറഞ്ഞു നിന്നു.
പണ്ടൊരു രാവിൽ ഭാമക്കൊപ്പം അവിടെയെത്തുമ്പോൾ...
കിഷന്റെ ചിന്തകൾ ഇപ്പോഴും തുടരുകയാണ്. കിഷൻ കോളേജിൽ പഠിക്കുകയായിരുന്നു, അപ്പോൾ. കിഷൻ കോളേജിലെ ഗായകനും ഭാമ ഗായികയും. രണ്ടുപേരും പരിചയപ്പെടുന്നത് തന്നെ ഒരു മത്സരത്തലേന്നാണ്.
കണ്ടാൽ സുമുഖനും തുടങ്ങിയാൽ നിറുത്താതെ രസകരമായി വർത്തമാനം പറയുകയും ചെയ്യുന്ന കിഷനെ തരുണീമണികൾക്കെല്ലാം ഇഷ്ടമായിരുന്നു. കിഷൻ കൂടുന്നിടത്തെല്ലാം ശർക്കര കണ്ട ഉറുമ്പുകളെ പോലെ പെൺകുട്ടികൾ വന്നു കൂടും. അതിനിടയിലൊരിക്കലും ഭാമയെ ആരും കണ്ടിട്ടു പോലുമുണ്ടാവില്ല.
ഭാമ കാണാൻ ഭംഗിയുള്ള വെളുത്തു കൊലുന്നനെയുള്ള പെൺകുട്ടിയായിരുന്നു. അവളുടെ അടുക്കലേക്ക് കാന്തന്മാർ റോസാപ്പൂക്കളുമായി അടുത്തിട്ടുണ്ടെങ്കിൽ പോലും ഭാമയൊരിക്കലും അവരോടൊന്നും കൂടുതൽ അടുപ്പം കാണിക്കാറേയില്ലായിരുന്നു. ഒരു ചിരിയിൽ മാത്രമൊതുങ്ങും അവളുടെ സൗഹൃദം.
വിശാലമായ ആ ക്യാമ്പസ്സിൽ കിഷനും ഭാമയും കണ്ടുമുട്ടാൻ ഒരു സാധ്യതയും ഒരിക്കലും ആർക്കും കാണാൻ കഴിയില്ല. അവൾ എക്കണോമിക്‌സും അവൻ ലിറ്ററേച്ചറും ആയിരുന്നു പഠിച്ചിരുന്നത്.
അവരുടെ രണ്ടുപേരുടെയും ചിന്തകൾ ഒരുപോലെ പൂവിട്ടൊരുകാലത്ത് കോളേജിൽ ഒരു ഫങ്ഷൻ നടക്കാനായി കാലങ്ങൾ ഉരുണ്ടുകൂടി. രണ്ട് ഗായകരെ വേണം. ക്യാമ്പസ്സിലാകെ പരതലുകൾ നടന്നു. നറുക്ക് വീണത്, കിഷനും ഭാമക്കും. രണ്ടുപേരും നന്നായി പാടും. കേട്ടിരുന്നുപോകുമെന്ന് കേട്ടവർ പറയുന്നു.
കൊ - ഓർഡിനേറ്റർ പാട്ടു റിഹേഴ്സലിനായി ലൈബ്രറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. രണ്ടുപേരുടെയും ക്ലാസ്സുകളിൽ നോട്ടീസ് ആയാണ് ആവശ്യം എത്തിയത്.
കൂട്ടുകാരികൾ ഭാമയോട് പറഞ്ഞു, കിഷൻ നന്നായി പാടും. ശരിക്കും ഗന്ധർവ സംഗീതമെന്ന് അവന്റെ ക്ലാസിലുള്ള കുട്ടികൾ പറയുന്നു. അപ്പോഴും ഭാമയുടെ ചുണ്ടുകളിൽ എവിടെയോ ഒരു പുഞ്ചിരി വന്നു കടന്നുപോയതല്ലാതെ അവളൊന്നും മറുത്തുപറഞ്ഞില്ല.
കിഷന്റെ പരിചയത്തിലുള്ള തരുണീമണികൾ കേട്ടവരെല്ലാം ഒറ്റശ്വാസത്തിൽ കിഷനോട് പറഞ്ഞു, നമ്മുടെ ജാനകിയമ്മയെപ്പോലെ അവൾ പാടും. ശാസ്ത്രീയസംഗീതം പാടുമ്പോൾ എം എസ് സുബലക്ഷ്മി പാടുന്നപോലെ, നമ്മൾ അതിൽ ലയിച്ചുപോകും....
രണ്ടുപേരും ലൈബ്രറിയിൽ വച്ചാണ് ആദ്യം കണ്ടുമുട്ടിയത്. ആരാണ് ഭാമയെന്നറിയാനുള്ള ഔത്സുക്യത്തോടെ കിഷനും, ആരാണ് കിഷനെന്നറിയാനുള്ള രഹസ്യമായ ഉത്കർഷേർശ്ച്ചയോടെ ഭാമയും ലൈബ്രറിയിലേക്ക് തിരക്കിട്ടു നടന്നുപോയി.
രണ്ടുപേരും ഒരുമിച്ചാണോ പടികൾ കയറിയതെന്ന് പറയാനാവില്ല, പക്ഷേ രണ്ടുപേരെയും കൂടാതെ പലരും പടികൾ കയറിപോയിരുന്നു. പക്ഷേ അവരിലാരും ഇവരുടെ പരിചയക്കാരേ അല്ലായിരുന്നു.
കൊ - ഓർഡിനേറ്റർ മഹേഷ് സാറിന്റെ മുമ്പിലെത്തുമ്പോൾ രണ്ടുപേരും കിതച്ചിരുന്നു. മഹേഷ് സർ രണ്ടുപേരെയും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുത്തിയപ്പോൾ, രണ്ടുപേരുടെയും ചിന്തകൾ കണ്ണിനുമറയത്തു എവിടെയെങ്കിലും കണ്ടിട്ടുണ്ടോയെന്നു ആരാഞ്ഞു.
രണ്ടുപേരുടെയും ഉത്തരം ഒന്നായിരുന്നു, ഇതുവരേക്കും കണ്ടിട്ടില്ലല്ലോയെന്ന്... !
റിഹേഴ്സലും കഴിഞ്ഞു ഫങ്ഷനും കഴിഞ്ഞു. രാത്രി ഒരുപാടു നേരവും കഴിഞ്ഞു. രണ്ടുപേരും വീടുകളിലേക്ക് പോകുവാൻ തയ്യാറെടുക്കുമ്പോൾ, വെറുതേ കിഷൻ ഭാമയോട് ചോദിച്ചു,
"വീട്ടിലേക്ക് എങ്ങനെ പോകും. അച്ഛനോ ചേട്ടനോ വരുമോ...?"
ഭാമ ഉത്സാഹം നഷ്ടപ്പെട്ടതുപോലെ പറഞ്ഞു,
"ഇല്ല, കൂട്ടുകാരികൾക്കൊപ്പം ഹോസ്റ്റലിൽ നിൽക്കാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. "
വെറുതെയെന്നവണ്ണം കിഷൻ ചോദിച്ചു....
"ഞാൻ താങ്കളുടെ സ്ഥലത്തു കൂടിയാണ് കടന്നുപോകുന്നത്. എനിക്ക് ബൈക്ക് ഉണ്ട്, വിരോധം ഇല്ലെങ്കിൽ ഞാൻ അവിടെയാക്കാം."
ആ യാത്രയിലാണ്, ഒന്നു ഫ്രഷ് ആകാൻ ആ വഴിയമ്പലത്തിലിറങ്ങിയത്. കഴുകന്മാർ പുറകേയുണ്ടെന്നതറിയാതെ തങ്ങൾ അവിടെനിന്നും ഇറങ്ങാൻ നേരം തടിച്ചു പൊക്കം കൂടിയ മല്ലന്മാർ ഭാമയെ എടുത്തുകൊണ്ടുപോയി, കിഷനെ അടിച്ചു നിലംപരിശാക്കിയിട്ടിട്ട്.
പിറ്റേന്ന് ഭാമയെ കല്ലുവെട്ടാൻകുഴിയിൽ നിന്നും കിട്ടി. ഒരു തുണ്ട് ജീവൻപോലുമില്ലാതെ, അവിടെയവിടെ പിന്നിച്ചേർന്ന തുണിയോടെ. കിഷനെ ഓടിച്ചുമടങ്ങിയ നിലയിൽ വഴിയമ്പലത്തിന്റെ വരാന്തയിൽ നിന്നും...
ചില രാത്രികളിൽ ഇതിലേ കടന്നുപോകുന്ന വണ്ടിക്കാർ ഒരുപെണ്കുട്ടിയുടെ നിലവിളിയും, ഒരു യുവാവിന്റെ അലർച്ചയും കേൾക്കാറുണ്ട്.