ഐശ്വര്യ ശ്രീ

Tragedy

3  

ഐശ്വര്യ ശ്രീ

Tragedy

ഉറങ്ങുന്ന സുന്ദരി

ഉറങ്ങുന്ന സുന്ദരി

1 min
223


എനിക്ക് മുൻമ്പേ ഉറങ്ങിയ എന്റെ മകൾക്ക്...


ഒരിക്കലും ഉണരാത്ത ഉറങ്ങുന്ന സുന്ദരി...

നിന്റെ ഉറക്കം നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിട്ടും നിന്റെ ബാല്യം വാടാതെ നിത്യവസന്തമായി നിലകൊള്ളുന്നതിൽ ഡാഡിക്ക് അഭിമാനമുണ്ട്. ഈ ഭൂമിയെ കേവലം രണ്ടുവർഷം മാത്രമേ നിനക്ക് പരിചയമുള്ളൂ, പക്ഷേ ഭൂമിക്കു നിന്നെ ഏറെക്കാലം പരിചയപ്പെടേണ്ടിവരും. നിന്റെ ചിരിയും കരച്ചിലും കുസൃതിയും ന്യൂമോണിയ എന്ന വില്ലൻ ബാക്ടീരിയ അവസാനിപ്പിച്ചപ്പോൾ എനിക്കു തോന്നി ലോകത്ത് ഒരുസൂക്ഷ്മജീവിക്കും എന്റെ കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന്. 


വാടാത്ത റോസാപ്പൂവായി എന്റെ റൊസാലിയ. ചലനമറ്റു കിടക്കുന്ന നിന്നെ കെട്ടിപിടിച്ചു കരയുമ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ലോകത്തെ സുന്ദരിയായ ഒരു മമ്മിയായി നീ മാറുമെന്ന്. സെമിത്തേരിയിൽ നിനക്കായൊരു കുഴിമാടം ഒരുങ്ങുമ്പോൾ ഞാൻ കരഞ്ഞിരുന്നില്ല കാരണം മണ്ണിനും ദൈവത്തിനും നിന്നേ വിട്ടുനൽകാൻ എനിക്ക് കഴിയുമായിരുന്നില്ല. 


മണ്ണിനും ദൈവത്തിനുമിടയിൽ മകളെ കിടത്തിയപ്പോൾ എനിക്ക്‌ മനുഷ്യന്റെ വെളിപാടുണ്ടായി. ശവപെട്ടിയിലെ ആണികൾ കുത്തിക്കയറുന്നതിനു മുൻപ് ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു എനിക്കിവളെ മമ്മിയാക്കണമെന്നു. കാണികൾ വിറങ്ങലിച്ചു നിൽക്കേ ശവപ്പെട്ടിയിൽ നിന്നും നിന്നെ ചേർത്തുപിടിച്ചു ഞാൻ വീട്ടിലേക്കു പോന്നു. ഹൃദയവും ശ്വാസകോശവും ഇല്ലാതെ നിന്നെ വീണ്ടും ജീവിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. നിനക്കേറ്റവും ഇഷ്ട്ടപെട്ട ചാരനിറമുള്ള സിൽക്കി ബ്ലാക്കട്ടുകൊണ്ടു നിന്നെ പൊതിഞ്ഞു. സ്വർണ്ണനിറമുള്ള മുടികൾ നെറ്റി തടങ്ങളിൽ വന്നെത്തി നോക്കിയപ്പോഴും ഞാൻ തടഞ്ഞില്ല. ശരീരത്തിന് ചുറ്റും സിങ്കിന്റെ ഉപ്പുതരികൾ വിതറി. ഫോർമാലിനും ഗ്ലിസറിനും ആൽക്കഹോളും ചേർന്നു ദൈവം മാറ്റം വരുത്താൻ തീരുമാനിച്ച ശരീരത്തെ സംരക്ഷിച്ചു. 


പകുതിയടഞ്ഞ നിന്റെ കൺപീലികൾക്കു മാറ്റമുണ്ടായിട്ടുണ്ടോ എന്റെ മരണത്തിനു തൊട്ടുമുൻപും ഞാൻ എണ്ണി നോക്കി. ഇറ്റലിയിൽ മഞ്ഞും വെയിലും മാറിമാറി വന്നിട്ടും നീ സുരക്ഷിതമായുറങ്ങി.  ഓരോ നൂറ്റാണ്ട് കഴിയുമ്പോഴും കർത്താവിന്റെ അരുകിലിരുന്നു എനിക്കു പറയാനാവും നിനക്കവളെ തിരികെ വിളിക്കാനാവില്ലെന്നു.... 


മകളെ മനസ്സിൽ ജീവിതകാലം മുഴുവൻ ചുമന്നു നടക്കാൻ ഒരു ദൈവത്തിനും കഴിയില്ല.


Rate this content
Log in

Similar malayalam story from Tragedy