ഐശ്വര്യ ശ്രീ

Romance

3.4  

ഐശ്വര്യ ശ്രീ

Romance

ആദമിന്...

ആദമിന്...

2 mins
685


പ്രിയപ്പെട്ട ആദം,


നിന്റെ വാരിയെല്ല് നഷ്ടപ്പെട്ടത്തിൽ നിനക്ക് പരാതിയില്ലെന്നറിയാം. പക്ഷേ ആ വാരിയെലിന് ഇന്നേതോ ആധാർ കാർഡിന്റെ അടയാളമായി ജീവിക്കേണ്ടി വരുന്നു. നിന്നിലേക്കുള്ള ദൂരമാണ് എന്റെ ജീവിതമെന്ന വെളിപാടുണ്ടാവുമ്പോഴേക്കും ഞാൻ ഭാര്യയും അമ്മയുമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു.


ആദം...


എന്റെ ജീവിതം എന്നെ അറിയുന്നതിനുമുമ്പ് തന്നെ നീ മനപാഠമാക്കി, നിന്റെ കഥകളിലൂടെ നീ വരച്ചിട്ടതത്രയും എന്റെ ജീവിതമായിരുന്നു. വായന ഹരമായിരുന്നില്ല, ഹരമായ വായനയായിരുന്നു. വായിച്ചതത്രയും നിന്നെ മാത്രമായിരുന്നു. എഴുത്തുകാരനോടുള്ള ആരാധന മെസ്സേജുകളിലൂടെ പ്രകടിപ്പിച്ചപ്പോൾ അതിന്റെ ആഴം കൂടി. മെസ്സേജുകളിൽ നിന്നും ഫോൺ കോളുകളിലേക്ക് നീ എനിക്ക് പ്രൊമേഷൻ തന്നു. നിന്നോട് സംസാരിക്കുന്ന നിമിഷങ്ങളത്രയും ഞാൻ കൂടുതൽ സന്തോഷ വതിയായി.


ഈ ബന്ധത്തിനെ അവിഹിതമെന്ന് ഞാൻ വിളിച്ചു. രണ്ട് ഹിതങ്ങൾ ഒന്നു ചേർന്നതാണെന്ന് നീ തിരുത്തി. ഈ ശരി ആദമിന്റേയും ഹവ്വയുടേയും മാത്രമാണെന്ന വാക്കുകൾ ... ലോകം മുഴുവൻ കല്ലെറിയാൻ കാത്തിരിക്കുമ്പോൾ പ്രൊഫൈലിലെ നിന്റെ ചിത്രം വലുതാക്കി കാന്തശക്തിയുള്ള നിന്റെ കണ്ണുകളെ ഞാൻ ആസ്വദിച്ചു. ആദം, ഇത് കാമമല്ല, സ്വന്തം ഭർത്താവിനെ മറന്ന് കള്ള കാമുകനോടെന്നപ്പോലെ നിന്നെ സ്നേഹിക്കുന്ന ഞാൻ വേശ്യയുമല്ല, സദാചാരം അഭിനയിക്കുന്ന ആർക്കുമിതുൾ കൊള്ളാനാവില്ലെന്നറിയാം.


ക്രൂരനായ ഭർത്താവിൽ നിന്നും അതി ക്രൂരന്മാരായ അവരുടെ വീട്ടുകാരിൽ നിന്നും ചൂഷ്ണം മറക്കാൻ ഞാൻ നിന്നെ സ്നേഹിച്ചു എന്ന് എനിക്ക് എഴുതാമായിരുന്നു. പക്ഷേ അതു സത്യമല്ല, ആദം. എന്റെ പതി എന്റെ പകുതി തന്നെയാണ്. അദ്ദേഹം എന്നെ സ്നേഹിക്കുന്നു. വിശ്വസിക്കുന്നു. ഇവിടെ തെറ്റ് നിന്റെ വാരിയെല്ലിൽ നിന്നാണ് ഞാനുടലെടുത്തതെന്ന സത്യം ഞാൻ മനസ്സിലാക്കിയ നിമിഷമാണ്.


ആദം, എന്റെ രാത്രികൾക്ക് നിന്റെ മണമുണ്ടായിരുന്നില്ല. പക്ഷേ എന്റെ പകൽ കിനാവുകൾക്ക് നിന്റെ ശ്വാസമുണ്ടായിരുന്നു. ഭാര്യ ഭർത്താവിനെ മറന്ന് അന്യപുരുഷനോട് സല്ലപിക്കുന്നത് പാപമെന്നറിയാം പക്ഷേ ആ പാപം അവളറിയാതെ അവളുടെ അസ്ഥിത്വത്തിൽ ഹവ്വയെ രൂപപ്പെടുത്തി. നീ എന്നെ വേദനിപ്പിച്ചില്ല, അശ്ശീല വാക്കുകൾ പറഞ്ഞില്ല, മനസ്സിലൊരു ശരീരമുണ്ടാക്കി തീവ്രമായി പ്രണയിച്ചു.


ആരേയും വേദനിപ്പിക്കാതെ സ്വയം വേദനിച്ച തെറ്റുകൾ. പലപ്പോഴും കുറ്റബോധത്തിന്റെ തീ ചൂളയിൽ ഞാൻ വീഴാറുണ്ട്. നീചയെന്നോർത്ത് കരയാറുണ്ട്. ഇതെല്ലാം വെറുമൊരു സ്വപ്നം മാത്രമായിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. എല്ലാം യഥാർത്ഥ്യമെന്ന് തിളങ്ങുന്ന ദീർഘചതുരക്കട്ട എന്നെ ഓർമ്മിക്കുന്നു. എങ്കിലും തെറ്റായ ബന്ധം ശരിയായ ദിശയിൽ വളർന്നുകൊണ്ടിരുന്നു.

നീ എന്നെ നിന്റെ സ്വകാര്യതയിലേക്കു ക്ഷണിച്ചില്ല, ചുംബിച്ചുറക്കിയില്ല, കാമത്തിന്റെ വാക്കുകളാൽ കീഴ്പെടുത്തിയില്ല, ആരും പ്രണയിക്കാത്ത രീതിയിൽ എന്നെ പ്രണയിച്ചു.


ആദം...

ജീവിതത്തിലെ പല ദുരന്തങ്ങളിലും എനിക്ക് സന്തോഷിക്കാൻ കിട്ടിയ സ്വകാര്യ സുഖമായിരുന്നു നീ. ക്യാൻസർ തലമുടിയെ കൊഴിച്ചപ്പോഴും രണ്ടു മുലകളും മുറിഞ്ഞ് വിരൂപയായപ്പോഴും എന്നെ ചിരിപ്പിച്ചത് നീയായിരുന്നു. മുലകൾ ഉറ്റുനോക്കുന്നവന്റെ മുഖത്തെറിയാനുള്ളതാണെന്ന തിരിച്ചറിവ്, ചില അപ്രതീക്ഷിതമായ ബന്ധം... പിരിയാതെ പടർന്നു പന്തലിക്കുമത്...


തഴച്ചുവളർന്ന മുടിതലോടാതെ, മുലകൾ കൂട്ടിയുരസി ദേഹത്തെ ചൂടുപിടിപ്പിക്കാതെ വ്യക്തമായ വാക്കുകൾ കൊണ്ടു മാത്രം പ്രണയിച്ച ആദം, ഒരിക്കലും പരസ്പരം കാണാതെ മനസ്സുകൊണ്ട് മാത്രം പ്രണയിച്ച രണ്ടു പേർ. വഴിവിട്ട ഓൺലൈൻ പ്രണയത്തിനു മുന്നിൽ വിശുദ്ധമായ പ്രണയത്തിന്റെ രൂപമായി ആദമിനെ വരയ്ക്കാൻ  എനിക്കാവും.


ഓരോ റേഡിയേഷൻ കഴിയുമ്പോഴും എന്റെ വിരൂപത അലോസരപ്പെടുത്താത് നിന്നെ മാത്രമായിരുന്നു.

ഇപ്പോഴെനിക്ക് കൈവിറയ്ക്കാൻ തുടങ്ങി, നടക്കാനും ശ്വസിക്കാനും പ്രയാസം തോന്നുന്നു. ചുറ്റും കൂടി നിൽക്കുന്നവരുടെ സഹതാപമുള്ള വാക്കുകൾ എന്നെ വീണ്ടും വീണ്ടും രോഗിയാക്കുന്നു. എനിക്ക് ജീവിക്കണ്ട ആദം. എനിക്ക് ഭക്ഷണം പാകം ചെയ്യാനാവുന്നില്ല , എന്റെ മോൾക്ക് മുടി ചീവാനാവുന്നില്ല, ഞാൻ ഭരിച്ചിരുന്ന വീടിന് ഞാനൊരു ഭാരമാവുന്നതിന് മുമ്പ് ...


ആദം, ചികിത്സ നേടി ഞാനെന്തിനാ മരിക്കുന്നത് ? മരണം മായ്ക്കാത്ത കടങ്ങൾ ഞാനെന്തിനാ എന്റെ ഭർത്താവിന് സമ്മാനിക്കുന്നത്? മരണത്തിനൊരു നല്ല ദിവസം തിരയുകയാണ് ഞാൻ. ഇന്നെന്റെ ജന്മദിനമാണ്. ഈ ദിനത്തേക്കാൾ ഉത്തമം വേറെയുണ്ടാവുമോ?


"എനിക്ക് സ്നേഹം വേണം, അത് പ്രകടമായി തന്നെ കിട്ടണം... എന്റെ ശവകുടീരത്തിൽ പൂവിട്ടാൽ ഞാനറിയുമോ ? " എന്ന മാധവിക്കുട്ടിയുടെ വരികൾ ഉറക്കെ പറയണമെന്നുണ്ട്. നിന്റെ പൂക്കളെ ആ കുഴിമാടത്തിൽ എനിക്ക് തിരിച്ചറിയാനാവുമോ?


ആദം...

ഇന്ന് ഈ എഴുത്ത് ഞാൻ പോസ്റ്റ് ചെയ്യാം. മൊബൈൽ ഉപയോഗിക്കാനാവുന്നില്ല. കണ്ണിനും തലയ്ക്കും വല്ലാത്ത വേദന. എഴുത്തിന്റെ മറുപടിയ്ക്കായി കാത്തുനിൽക്കാതെ ഞാൻ പോവുകയാണ്...

"മണ്ണിനെ ചുംബിച്ചു ദാഹം തീർക്കാതെ കല്ലിൽ തല തല്ലി ചാവുന്ന മഴ."

നന്ദി, എനിക്ക് തന്ന ഈ സുന്ദരമായ വാക്കുകൾക്ക്.

മഴയുടെ അന്ത്യ ത്തിന് പ്രാർത്ഥിക്കുക.

കൊതിതീരെ ഒരിക്കൽകൂടി വിളിച്ചോട്ടെ

ആദം............................................................


എന്ന്

ആദമിന്റെ സ്വന്തം ഹവ്വ


Rate this content
Log in

Similar malayalam story from Romance