Binu R

Tragedy

4.5  

Binu R

Tragedy

സൗഹൃദം

സൗഹൃദം

3 mins
277


ആകാശത്തിന്റെ കറുത്ത വിരിപ്പിൽ നിന്നും മഴ നൂലുപോലെ ഭൂമിയിൽ വീണു. ഒരാഴ്ചയായിട്ട് കാലവർഷം തിമിർത്തുപെയ്യുകയാണ്. 


ഇന്നുരാവിലെ മുതൽ ഇത്രയും നേരമായിട്ടും വെയിൽ മാത്രമായിരുന്നു മുഖപ്പ്. അതുകൊണ്ടാവും മഴ ചാറിയപ്പോൾ നിന്നെ ഓർത്തത്. അപ്പോൾ ഒരു ഷർട്ടുമെടുത്തിട്ട് പുറത്തേക്കിറങ്ങി. ചാറ്റൽ മഴയത്തു മുറ്റത്തു നിന്നും വഴിയിലേക്കിറങ്ങിയപ്പോൾ മാത്രം പുറകോട്ടു മുഖം തിരിച്ചു വിളിച്ചു പറഞ്ഞു.

 'അമ്മേ ഞാനൊന്നു പുറത്തേക്കിറങ്ങുന്നൂ '. 


അമ്മ അതു കേട്ടിട്ടുണ്ടാവില്ല. അവർ അപ്പോൾ നനഞ്ഞ വിറക് ഊതിയൂതി തീ പിടിപ്പിക്കുവാൻ ശ്രമിക്കുകയാവും. നനഞ്ഞ വിറകിൽ കനൽ എരിയുമ്പോൾ, ഊതുമ്പോൾ ഉണ്ടാവുന്ന നെഞ്ചിലെ ഏനക്കത്തിൽ എങ്ങനെ പുറമേ നിന്നുള്ള ഈ ശബ്ദം കേൾക്കാനാകും. നനുത്ത മഴത്തുള്ളികൾ മുഖത്തുവീണപ്പോൾ ജോണിന്റെ കണ്ണുകളിൽ നീർ പൊടിയുകയായിരുന്നു. 

     

മാമ്പുറത്തെ ആർട്സ് സ്കൂളിൽ ചെന്നു ചേരുമ്പോൾ നിറയെ അപരിചിതരായിരുന്നു. എബ്രഹാം സാറിന്റെ ക്ലാസിൽ മനസ്സുനിറയെ ഏകാന്തതയുമായി ചെന്നിരുന്നു. മറ്റൊരു ഭാഗത്ത്‌ ഏകാന്തതയുമായി കിളിത്തട്ടുകളിക്കുന്ന ഒരാളെ കണ്ടു. എബ്രഹാം സർ പേരുചോദിക്കുമ്പോളാണ് അവനെ ശ്രദ്ധിച്ചത്. അകലങ്ങളിലെ ഏതോ കൂടാരത്തിൽ നിന്നും ഇറങ്ങിവന്ന് ഒരു മർമരം പോലെ പറഞ്ഞു, സുരേന്ദ്രൻ. 


കണ്ണുകളിൽ ആർദ്രതയും മുഖത്തു പ്രസാദവും മനസ്സിൽ ആർക്കൊക്കെയോ കൊടുത്തുതീർക്കാൻ ബാക്കി വന്ന ദയയുമുള്ള എബ്രഹാം സർ ഒരു മഹാത്മാവാണെന്നറിഞ്ഞതും അന്നാണ്. 


'ആ മൂലയിൽ ഇരിക്കുന്ന ആൾ ഒന്നെഴുന്നേൽക്കാമോ?' 


മൂലയിൽ ഇരുന്നിരുന്നത് സുരേന്ദ്രനായിരുന്നു. ഏകാന്തതയെ ഉപേക്ഷിച്ചു അയാൾ ക്ലാസ് മുറിയിലേക്കിറങ്ങി വന്നു. സുരേന്ദ്രൻ ആദ്യം സാറിനെ നോക്കി. പിന്നെ മൗനം ഉപേക്ഷിക്കാതെ എഴുന്നേറ്റു നിന്നു.


'എന്താടോ തന്റെ പേര്? '

'സുരേന്ദ്രൻ '.


ആ ശബ്ദം ഒരു തണുത്ത നിസ്വനം പോലെ, ഒരു ചീവീടിന്റെ ഒറ്റപ്പെട്ട വിലാപം പോലെ ആ ക്ലാസ്സുമുറിയിൽ ഒന്നു വ്യാപിച്ചു നിലച്ചു. 


അപ്പോഴാണ്, സുരേന്ദ്രന്റെ കണ്ണുകളിലെ തിളക്കം കണ്ടത്. പ്രാഗത്ഭ്യം ഏറെയുള്ള കലാകാരന്മാരുടെ കണ്ണുകൾക്ക് സൂര്യവെളിച്ചം ആയിരിക്കുമെന്ന് എവിടെയോ വായിച്ചതോർത്തു. സാർ ചോദിച്ചതും മറ്റൊന്നായിരുന്നില്ല. 


'ചിത്രകാരന് എന്തുപറ്റി! കണ്ണുകളിലില്ലാത്ത വിഷാദം മുഖത്തെങ്ങനെ വ്യാപിച്ചു!'


ഒരുത്തരവും പറയാതെ സാർ ചോദിച്ചതിന് ഒരു മറുപടിയും പറയാതെ സാർ ഇരിക്കുവാൻപോലും പറയാതെ സുരേന്ദ്രൻ മൗനമായി അവിടെ തന്നെ ഇരുന്നു. സാർ സുരേന്ദ്രനെ അവന്റെ ഏകാന്തതയിൽ ഉപേക്ഷിച്ചതായി തോന്നി. 


എങ്ങനെയാണ് സുരേന്ദ്രൻ സുഹൃത്തായതെന്ന് ഓർക്കുന്നില്ല. ഒരു പക്ഷേ, ഒരു കനവുപോലെ, പ്രശാന്തമായ കാട്ടിൽ ഒരു പ്രാവിന്റെ ചിറകടിയൊച്ചപോലെ, മഴത്തുള്ളികൾ വരണ്ട നിലത്ത് പതിക്കുന്നതുപോലെ, തണുത്ത നിലത്തുനിന്ന് തണുപ്പ് അരിച്ചുകയറുന്നതുപോലെ, എങ്ങിനെയോ ആയിരിക്കണം സുരേന്ദ്രൻ സുഹൃത്തായത്. 


നിറഞ്ഞ മിഴികൾ മുണ്ടുയർത്തി തുടച്ചു കളഞ്ഞു. 


ഏകാന്തതയിൽ ഏകാന്തത പെയ്തിറങ്ങുന്നത് സുരേന്ദ്രന്റെ അടുത്തു ചെല്ലുമ്പോൾ മാത്രമായിരുന്നു. ആ വിഷാദം മുറ്റാത്ത തിളക്കമുള്ള കണ്ണുകളും ഏകാന്തതയെ സ്വപ്നം കാണുന്ന ആ മുഖവും വാചാലമാകുന്നത് അപ്പോൾ മാത്രമായിരിക്കും. അവന്റെ മുഖത്തു തന്നെ നോക്കിയിരുന്നാൽ മതി, ഏറ്റവും പൂർണതയുള്ള ഒരു ചിത്രം വരയ്ക്കുവാൻ !


 സ്കൂളിന്റെ വടക്കേപ്പുറത്തുള്ള കുന്നാണ് ഞങ്ങൾ ചിത്രകാരന്മാരുടെ പുതിയ താവളം. പൊന്നേരിമലയെന്നാണ് അറിയപ്പെടുന്നതെന്ന് രാഘവേട്ടൻ പറഞ്ഞിട്ടുണ്ട്. രാഘവേട്ടൻ ഞങ്ങൾ ചിത്രകാരന്മാർക്ക് കട്ടൻചായയും പരിപ്പുവടയും കൊണ്ടുതരുന്നയാളാണ്. ഇവിടെ പഠിക്കാൻ വരുന്ന കലാകാരന്മാരുടെ പറുദീസയാണത്രെ. ശരിയായിരിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 


ഒരിക്കൽ എബ്രഹാം സാറിന്റെ നാവിന്തുമ്പിൽ നിന്നു തന്നെയാണത് വീണത്. പോന്നേരി മലയിൽ നിന്നും നോക്കുന്ന ഏതു കലാഹൃദയമില്ലാത്ത ആളിനാണെങ്കിൽ പോലും മനസ്സിൽ ഏതെങ്കിലും ഒരു കലയുടെ ചെറുനാമ്പെങ്കിലും പൊട്ടും! ഒരു കവിതയുടെ ചെറുവരിയെങ്കിലും അറിയാതെയൊന്നു കുറിച്ചുപോകും! ഇവിടെ വന്നിരിക്കുമ്പോഴെല്ലാം തോന്നുന്നതുമാണ്. അതൊരു പ്രപഞ്ചസത്യവുമാണ്. 


ഇവിടിരുന്നാൽ ഭൂമിയുടെ അറ്റവും ആകാശത്തിന്റെ അറ്റവും കാണാം, ഇവിടിരുന്നാൽ പാടത്തിന്റെ അതിർത്തിയിൽ വരിതെറ്റിനിൽക്കുന്ന തെങ്ങുകൾ കാണാം, ഒരിക്കലും ഉർവരയാകാത്ത ഭൂമി കാണാം, വെറും മൊട്ടക്കുന്നുകൾ കാണാം, പാടത്തിന്റെ നടുവിലൂടെ പുളഞ്ഞു പോകുന്ന തോടുകാണാം. 


എത്ര മനോഹരിയാണ് പുന്നേരിമലയുടെ താഴ്വര! ഇതിന്റെ മുകളിലൂടെ വീശുന്ന കാറ്റിനുമുണ്ട് ഏകാന്തതയുടെ കഥ പറയുവാൻ. പൊന്നേരിമലയുടെ അത്ഭുതം സുരേന്ദ്രനോട് വർണ്ണിക്കുമ്പോൾ അവന്റെ കണ്ണുകൾക്ക് തിളക്കം വർധിക്കുന്നത് കണ്ടു. അവന്റെ, ഒരു ചിത്രം കണ്ടതോടെയാണ് അവനിലെ അവ്യക്തത വ്യക്തമായത്. 


ആ ചിത്രം വരക്കുന്ന ചടുലതയിലും ആ അവ്യക്തത ദൃശ്യമായിരുന്നു. ആദ്യമായി, അവനൊരു കത്തെഴുതിയതും അവ്യക്തതയുടെ നിഗൂഢതയിലായിരുന്നു. 


അവൻ ഒരു സുഹൃത്ത്‌ മാത്രമല്ല, തന്റെ രചനകളുടെ ഗുരുവും കൂടി ആയിത്തീർന്നിരുന്നു അപ്പോൾ. 

   

കോടമഞ്ഞു നിറഞ്ഞതുപോലെ മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. 


പഠനം കഴിഞ്ഞ്, അകലങ്ങളിൽ സ്വന്തം കാലിൽ നിൽക്കുന്നതിനായി അലയുമ്പോൾ എഴുത്തുകുത്തുകൾ മുടങ്ങാതിരിക്കുവാനും സൗഹൃദം ഉലയാതിരിക്കുവാനും ഏറെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്. അപ്പോഴും മനസ്സിൽ നിറഞ്ഞുനിന്നത്, ഒരു സാന്ത്വനം പോലെ, സുരേന്ദ്രന്റെ സ്വപ്നങ്ങളും അവനോടൊപ്പമുള്ള ഓർമകളും ആയിരുന്നു. 


എപ്പോഴാണ് അയക്കുന്ന കത്തുകൾക്ക് മറുപടി വരാതായതെന്നും മറുപടിയില്ലാത്ത എത്ര കത്തുകൾ അയച്ചിട്ടുണ്ടെന്നും ഓർമ്മയില്ല. 


പുതിയതായി ഇറങ്ങിയ ഇലക്ട്രോണിക്സ് കമ്പനിയുടെ പരസ്യം, ഉയരങ്ങളിൽ, മാനത്തേക്ക് കെട്ടിയ പടവുകളിൽ ഇരുന്ന്, ആലേഖനം ചെയ്യുമ്പോഴാണ് താഴെ നിരപ്പിൽ നിന്നും കാറ്റിന്റെ മൂളൽ പോലെ ഒരു ശബ്ദം വന്നു തഴുകി തിരിച്ചുപോയത്. 


'നിനക്കൊരു ലെറ്ററുണ്ട്. '


ആരുടെ എന്നാ ചോദ്യം തലക്കകത്തും സുബോധമണ്ഡലത്തിലും വട്ടം കറങ്ങിക്കഴിഞ്ഞു. അപ്പോഴാണ് സുരേന്ദ്രന്റെ ഓർമ്മകൾ തത്തിക്കളിച്ചു വന്നെത്തിയത്. മറ്റാരും തനിക്കൊരു കത്തയക്കുവാനില്ലല്ലോ എന്ന ബോധം മനസ്സിലേക്കെത്തിയപ്പോൾ ഒന്നു ചിരിക്കാനും കരയാനും ആയില്ല. സന്തോഷം അതിലെയും ഇതിലേയും പമ്മിനടന്നു. 


പരസ്യ ബോർഡിൽ പെയിന്റും ബ്രഷും ഒരു സംയമനത്തോടെ സമതുലിതാവസ്ഥയിൽ അക്ഷരങ്ങൾക്ക് വടിവും തിളക്കവും വർധിപ്പിക്കുമ്പോൾ ജോണിന്റെ കണ്ണുകളിൽ കണ്ണുനീർ നിറയുകയായിരുന്നു. ആ നോട്ടത്തിൽ ബോർഡിലെ അക്ഷരങ്ങളിലെ ഉണങ്ങാത്ത കളറുകളിൽ മഴവില്ലുകൾ വിരിയുന്നുണ്ടായിരുന്നു. 


സുരേന്ദ്രൻ പുതിയ വഴികളും താവളങ്ങളും തേടിയപ്പോൾ പഴയ സഹപാഠിയും സുഹൃത്തും മറ്റെന്തൊക്കെയോ ആയിരുന്ന ആ ബന്ധം മറന്നുവെന്നുതന്നെ തോന്നിയിരുന്നു. ഒരു കത്തിനും മറുപടിയില്ലാതെ വന്നപ്പോൾ വളരേ ദുഃഖം തോന്നി.


 മറവി ഒരു ശാപമായിരുന്നു ശകുന്തളത്തിൽ. ഗന്ധർവ്വന്മാർക്ക് മറവി ഒരനുഗ്രഹവുമായിരുന്നു. സുരേന്ദ്രന് അതെന്തായിരുന്നുവോ ആവോ... ! ഒരു കത്തുപോലും അയക്കാത്ത സുരേന്ദ്രനെ ഒരിക്കലും വെറുക്കുവാൻ പോലും കഴിഞ്ഞിട്ടില്ല. എന്നിട്ടും രാവിന്റെ ഇരുളിമയിൽ ഓർമ്മകൾ വൈരൂപ്യങ്ങളായപ്പോൾ പുകയുന്ന തലച്ചോറിൽ നിന്ന് കൈവിരലുകളിലൂടെ പേനത്തുമ്പിൽ നിന്ന് വാക്കുകൾ ചീറ്റിത്തെറിക്കുകയായിരുന്നു. അത് ഇതുവരെ അടക്കിനിറുത്തിയിരുന്ന വികാരങ്ങളുടെ വിജൃംഭണമായിരുന്നു. എങ്ങനെയായാലും ഈ കത്തിനെങ്കിലും മറുപടിയായി രണ്ടുവരി കുറിപ്പിക്കണമെന്ന മനസ്സിന്റെ തേങ്ങലായിരുന്നു. ഇനി ഒരിക്കലും, മനസ്സിന്റെ ഒരുകോണിൽ പോലും തന്നെ ഓർമിക്കപ്പെടരുതെന്ന കനവിന്റെ വിങ്ങലായിരുന്നു. 


പെയിന്റുകൾ അടച്ചുവച്ച് ബ്രഷ് ടർപ്പന്റൈനിൽ മുക്കിവച്ച് നീന്തലറിയാത്തവൻ നിലയില്ലാ കയത്തിലേക്ക് താഴുന്നതുപോലെ വളരേ ലാഘവത്തിലാണ് മാനത്തിന്റെ വിതാനത്തിൽ നിന്ന് താഴെ എത്തിയത്. എങ്ങനെയെന്നു പോലുമറിഞ്ഞില്ല. 


ഉച്ചവെയിലിന്റ കനത്ത ചൂടിൽ വിറയ്ക്കുന്ന കൈകളോടെ കൂട്ടുകാരന്റെ കൈയിൽ നിന്ന് കത്തു കൈപ്പറ്റുമ്പോൾ മിടിച്ചത് മനമല്ല ശരീരം മുഴുവനുമായിരുന്നു. ഈ ശരീരം ഇത്ര ദുർബലമായത് എന്താണെന്ന് മനസ്സിലാക്കാൻ മിനിറ്റുകളേറെ എടുത്തുവെന്നതാണ് കത്തുവായിച്ചപ്പോൾ ഏറ്റ പ്രഹരത്തെക്കാൾ വേദനാജനകം. അവനെന്റെ ഒരു സുഹൃത്തു മാത്രമല്ല മറ്റെന്തൊക്കെയോ ആയിരുന്നു എന്നു ബോധ്യമായതും അപ്പോഴായിരുന്നു. 


ഡിയർ ബ്രദർ എന്ന സംബോധനയും അതിലെ ഉള്ളടക്കവും കണ്ണുനീർ തുള്ളികളുടെ നനവും കണ്ണുനീർ തുള്ളികൾ വീണു വികലമായ അക്ഷരങ്ങളും പെരുവിരലിലൂടെ അരിച്ചു കയറി ഒരു മരപ്പായി തലയിലും മറ്റും വ്യാപിക്കുമ്പോൾ സത്യമായ ബോധം ഒരുൾക്കിടിലമാവുകയായിരുന്നു. 


ഒരു വർഷം മുമ്പ് റാബീസ് എന്ന മാരകവിഷം ഏറ്റു മരിക്കുന്നതിനുമുമ്പ് പറഞ്ഞതൊന്നുമാത്രം, ജോൺ എന്ന സുഹൃത്തിനെ ഇതൊരിക്കലും അറിയിക്കരുത്. 

    

മഴ ഇപ്പോൾ തിമിർത്തു പെയ്യുന്നു. 


Rate this content
Log in

Similar malayalam story from Tragedy