ഒരു മുഖം
ഒരു മുഖം
അന്വേഷണം തുടങ്ങിയിട്ട് ഒരുപാടായി. പല സംസ്ഥാനങ്ങളിലും അവളെ തേടി നടന്നു. ഇതിനിടയിൽ പലതരം ആളുകളെ കണ്ടു, പല സംസ്കാരങ്ങൾ മനസ്സിലാക്കി, ജീവിത രീതികൾ മനസ്സിലാക്കി. പക്ഷെ ലക്ഷ്യത്തിൽ എത്താൻ മാത്രം എനിക്ക് കഴിഞ്ഞില്ല. 3 വർഷം മുന്നേ, ഉണ്ടായിരുന്ന ജോലിയും രാജി വച്ച് അവളെ തേടി ഇറങ്ങുമ്പോൾ, കൈയിൽ ആകെയുണ്ടായിരുന്ന സമ്പാദ്യം പതിനായിരം രൂപ മാത്രമായിരുന്നു. മാസങ്ങളും, വർഷങ്ങളും കഴിയും തോറും കൈയിലെ പൈസയും തീർന്നു തുടങ്ങി. ഇപ്പോൾ ഇരന്ന് ജീവിക്കേണ്ട അവസ്ഥയാണ്.
ഹൗറ പാലത്തിന് മുകളിൽ നിന്നുകൊണ്ട് ഹൂഗ്ലി നദിയിലേക്കു നോക്കുമ്പോൾ പഴയ കഥകൾ പലതും ഓർമ വരുന്നു. അവളെ പരിചയപ്പെട്ടതും, അവളുമായുള്ള നീണ്ട സാഹസിക പ്രണയവും എല്ലാം... സാഹസികം തന്നെ ആയിരുന്നു ഞങ്ങളുടെ പ്രണയം. പലപ്പോഴും വധ ഭീഷണി വരെ ഞാൻ നേരിട്ടിട്ടുണ്ട്. അത് എന്തുകൊണ്ടെന്നുള്ളത് നിങ്ങൾ ഊഹിച്ചു എടുത്തുക്കൊള്ളൂ.
കൊൽക്കത്ത നഗരം വളരെ തിരക്കുളത്താണ്. തിരക്കുള്ളതുകൊണ്ട് തന്നെ, ഞാൻ അന്വേഷിക്കുന്ന ആളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇവിടെ ഒരു ബുരാ ബസാർ ഉണ്ടെന്ന് കേട്ടു. അവിടെ ഒരു തെരുവിൽ, അനാഥരായ സ്ത്രീകൾ പാർക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഈ നഗരത്തിൽ, അവളെ അന്വേഷിച്ച് ഞാൻ ഇനി പോകാൻ ബുരാ ബസാർ മാത്രമേയുള്ളൂ.
സൂര്യൻ പതുക്കെ ഹൂഗ്ലി നദിയിലേക്കു മയങ്ങി വീഴുന്നത് പോലെ തോന്നി. നഗരത്തെ ഇരുട്ട് വിഴുങ്ങി തുടങ്ങിയിരിക്കുന്നു. ഞാൻ ബുരാ ബസാർ ലക്ഷ്യമിട്ട് പാലത്തിൽ കൂടി നടത്തം ആരംഭിച്ചു . വാഹനങ്ങൾ ചീറി പായുന്ന പാലത്തിന്റെ ഇരുവശത്തായി കമിതാകളും, വേശ്യകളുമുണ്ട്. വേശ്യകൾ ഇരുട്ടിന്റെ പക്ഷികളാണെന്ന് പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ കേട്ടത് തെറ്റാകാം.
ബുരാ ബസാറിൽ എത്തി അവിടുത്തെ ഒരു ചായ കടയിൽ കയറി. ചായ കുടിക്കുന്നതിന് ഇടയിൽ, അയാളോട് ഞാൻ സ്ത്രീകൾ പാർക്കുന്ന ആ സ്ഥലത്തെ കുറിച്ച് തിരക്കി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും, അയാൾ എനിക്ക് ആ കെട്ടിടം കാട്ടി തന്നു. പ്രതീക്ഷയോടെ ഞാൻ ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു. കെട്ടിടത്തിന്റെ ഗേറ്റിൻ മുന്നിൽ ഒരു സെക്യൂരിറ്റി ഇരിപ്പുണ്ടായിരുന്നു. ഇരുട്ടായതുകൊണ്ട്, എനിക്ക് അയാളുടെയും, അയാൾക്ക് എന്റെയും മുഖം വ്യക്തമല്ലായിരുന്നു.
പ്രായമുള്ള ആ മനുഷ്യൻ എന്റെ മുഖത്തേക്ക് ടോർച്ച് അടിച്ചു, എന്നിട്ട് ചോദിച്ചു, ആരാണ് നിങ്ങൾ. വരവിന്റെ ഉദേശവും, അന്വേഷിക്കുന്ന ആളെ പറ്റിയും ഞാൻ അയാളോട് പറഞ്ഞു. എന്റെ കൈയിൽ അവളുടെ ഒരു മങ്ങിയ ഫോട്ടോയും ഉണ്ടായിരുന്നു. ഏഴു വർഷങ്ങൾക് മുൻപ്പ്, അവൾ മറ്റൊരാളെ വിവാഹം ചെയാൻ പോകുന്നു എന്ന് പറഞ്ഞ ദിവസം എനിക്ക് തന്നതാണ് ആ ഫോട്ടോ. ഒപ്പം ഒരു വാചകവും, " എന്നെ മറക്കരുത് '.
ഞാൻ ആ ഫോട്ടോ സെക്യൂരിറ്റിയെ കാണിച്ചു. കൈയിൽ ഉണ്ടായിരുന്ന ലാത്തി എടുത്ത് അയാൾ എന്നെ അടിച്ചു. തെറിച്ച വീണ ഞാൻ ഭയന്ന് വിറച്ചുകൊണ്ട് അയാളെ നോക്കി. അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം എന്റെ നേരെ തിരിഞ്ഞു. അവർ കല്ലുകൾ പെറുക്കി എറിയാൻ തുടങ്ങി. വേദന കൊണ്ട് പുളഞ്ഞ ഞാൻ മനസ്സിൽ ഓർത്തു, എന്തിനാണ് ആളുകൾ എന്നോട് ഇങ്ങനെ ചെയുന്നത്, ഞാനും ഒരു മനുഷ്യൻ അല്ലെ. ആ കെട്ടിടത്തിന്റെ ജനലഴികൾക്കിടയിയിലൂടെ ഒരുപ്പാട് മുഖങ്ങൾ എന്നെ തുറിച്ചു നോക്കുന്നു. വിങ്ങുന്ന മനസ്സോടെ ഞാൻ ആ മുഖങ്ങളെ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് ഒരു കരിങ്കൽ കഷ്ണം എന്റെ തിരു നെറ്റിയിൽ വന്ന് പതിച്ചത്. തല പൊട്ടി, രക്തം ചിന്തിയപ്പോൾ വേദന സഹിക്കാനാവാതെ ഞാൻ അവിടുന്ന് ഓടി രക്ഷപ്പെടാൻ തീരുമാനിച്ചു.
"ഓടുമ്പോൾ, എന്റെ കാലിലെ ചങ്ങലയുടെ കിലുക്കം അങ്ങ് ഇങ്ങു മുഴങ്ങി കേട്ടുകൊണ്ട് ഇരുന്നു"
