നരകത്തിലൊരു നാൾ
നരകത്തിലൊരു നാൾ


അന്നൊരിക്കൽ ഞാൻ ഉണർന്നെഴുന്നേറ്റത് നരകത്തിൽ ആയിരുന്നു. "അതിന് ഞാൻ മരിച്ചില്ലല്ലോ" ഞാനത്ഭുതപ്പെട്ടു. ചുറ്റുമുള്ള ആളുകൾക്കെല്ലാം കഠിനമായ ശിക്ഷകൾ നൽകിയിരിക്കുന്നു. ചിലരെ കൊടിയ മർദ്ദനത്തിന് ഇരയാക്കുന്നു. ചിലരെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കിയിരിക്കുന്നു. മറ്റുചിലരെ കമ്പിയിൽ കോർത്ത് എടുക്കുന്നു. പറഞ്ഞു കേട്ടതിലും ഭീകരം തന്നെ എല്ലാം...
അപ്പോഴാണ് നരകത്തിലെ സൂപ്പർവൈസർ എന്ന് തോന്നിക്കുന്ന ഒരാൾ അങ്ങോട്ടു വന്നത്. ഞാൻ അയാളോട് ചോദിച്ചു.
"സാർ എന്താണ് ഞാനിവിടെ? ഞാൻ മരിച്ചില്ലല്ലോ"
അയാൾ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു.
"തന്റെ പാപങ്ങൾ അധികരിച്ചിരിക്കുന്നു. അതുകൊണ്ട് മരിക്കും മുൻപേ ഇങ്ങോട്ടേക്ക് പണിഷ്മെന്റ് ആയി വരുത്തിയതാണ് താങ്കളെ"
"അതിനു ഞാൻ എന്ത് തെറ്റ് ചെയ്തു എനിക്ക് 22 വയസ്സ് ആയതേയുള്ളൂ". ഞാൻ ചോദിച്ചു. "നിന്റെ പ്രായത്തിൽ ചെയ്യരുതാത്ത തെറ്റു നീ ചെയ്തു. നീ ചെയ്ത തെറ്റ് മാതാപിതാക്കളോട് മോശമായി പെരുമാറി..അവരെ ധിക്കരിച്ചു"സൂപ്പർവൈസർ എന്നെക്കുറിച്ചുള്ള ഡാറ്റ പരിശോധിച്ചുകൊണ്ട് പറഞ്ഞതും ഞാൻ ഞെട്ടിത്തരിച്ചു.
"അയ്യോ അപ്പോൾ ഇതിന് ശിക്ഷ കിട്ടുമോ" "കിട്ടും നീ ചെയ്ത തെറ്റിന് ഇവിടെയുള്ള എല്ലാ കഠിനമായ ശിക്ഷയും വർഷങ്ങളോളം അനുഭവിക്കേണ്ടിവരും"
അയാൾ പറഞ്ഞു.
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ....ചുറ്റുമുള്ള കാഴ്ചകൾ ഉള്ളിൽ ഭയം നടക്കുന്നതാണ്. ഞാൻ അയാളുടെ കാലിൽ വീണ് കരഞ്ഞു കൊണ്ട് പറഞ്ഞു
"എന്നോട് ക്ഷമിക്കണം ഞാൻ ഇനി നന്നായിക്കൊള്ളാം"
പെട്ടെന്നാണ് അമ്മയുടെ ശബ്ദം കേട്ടത്. കണ്ണു മിഴിച്ചു നോക്കുമ്പോൾ ചുറ്റിനും നരകമില്ല. അപ്പോൾ കഴിഞ്ഞത് സ്വപ്നമോ അതോ സത്യമോ....
ഞാൻ അമ്മയോട് ചോദിച്ചു.
അമ്മേ ഈ നരകത്തിൽ പോകും എന്നൊക്കെ പറയുന്നത് സത്യമാണോ?? "
"അതൊക്കെ ഓരോരുത്തരുടെ കർമ്മഫലം പോലെയാണ് മോനെ"
അമ്മ അടുക്കളയിൽ പണികൾക്കിടയിൽ പറഞ്ഞു. അമ്മക്കപ്പോൾ സ്വപ്നത്തിലെന്നോ കണ്ട മാലാഖയുടെ മുഖമായിരുന്നു.