നന്ദിനി നദിയിലെ കൊലപാതകം
നന്ദിനി നദിയിലെ കൊലപാതകം
ആമുഖം
മലയാളത്തിലും അല്ലാതെയുമായി നിരവധി കുറ്റാന്വേഷണ നോവലുകളും, ചെറുകഥകളും മറ്റും ഉണ്ടെങ്കിലും, അമാനുഷിക ശക്തികളുടെ സാനിധ്യത്തോടെ ഒരു കുറ്റാന്വേഷണ നോവൽ എഴുതുക എന്ന വലിയൊരു ഉദ്ദേശത്തോടെയാണ് "നന്ദിനി നദിയിലെ കൊലപാതകം" എഴുതപ്പെട്ടിട്ടുള്ളത്. വളരെ വിഖ്യാതമായ ഒരു അന്വേഷണ ശൈലി ആവിഷ്കരിക്കാനുള്ള കഴിവോ പ്രമേയമോ പരിചയ സമ്പത്തോ കയ്യിൽ ഇല്ലാത്തതിന്റെ കുറവുകൾ പലയിടത്തും വന്നിട്ടുണ്ടാവാം. അതെല്ലാം ഒരു തുടക്കക്കാരന്റെ കുറവുകളായി മനസ്സിലാക്കി തിരുത്തണം എന്ന് അതിയായ ആഗ്രഹത്തോടെ തന്നെയാണ് ഈ ചെറു പരിശ്രമം വായനക്കാരിലേക്ക് എത്തിക്കുന്നത്.
ഈ കഥയും പശ്ചാത്തലവും, തീർത്തും എന്റെ സങ്കല്പങ്ങളിൽ നിന്ന് മാത്രം സൃഷ്ടിച്ചെടുത്ത അധ്യായങ്ങളാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കഥാപാത്രങ്ങളിലും കണ്ടേക്കാവുന്ന സാമ്യതകൾ യാദൃശ്ചികം മാത്രമെന്ന് ആദ്യമേ പറയട്ടെ. കഥാ കേന്ദ്രമായി ഉപയോഗിച്ചിരിക്കുന്ന മായാവതി വനമേഖലയും, നന്ദിനി, സൊല്ലവനം തുടങ്ങിയ ഗ്രാമങ്ങളും തീർത്തും സാങ്കല്പികം മാത്രമാണ്. എന്നാൽ, കഥാപാത്ര നിർമ്മാണത്തിൽ, ചെറിയ രീതിയിലുള്ള താരതമ്യ പഠനം ഞാൻ നടത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എന്റെ ചുറ്റിലും സഹവസിക്കുന്ന പലരുടെയും സ്വഭാവ സവിശേഷതകൾ എന്റെ കഥാപാത്രങ്ങളിൽ കണ്ടെന്ന് വരാം. ഇത് സദയം ക്ഷമിക്കണം!
മായാവതി കാടുകൾക്കുള്ളിലെ നിഗൂഢമായ അമാനുഷികതയുടെ വേരറുക്കുന്ന താന്തോന്നിയായ ഒരു ഉദ്യോഗസ്ഥൻ എന്നതാണ് എന്റെ കഥാ നായകന്റെ ലളിതമായ ആമുഖം. അതിലുപരി അയാൾ എന്തൊക്കെയാണെന്ന് വായനയിലൂടെ നമുക്ക് മനസ്സിലാക്കി നോക്കാം. അത് തന്നെയാണ് മനസ്സിലാക്കലിനുള്ള ലളിതമായ രീതി എന്നും ഞാൻ വിശ്വസിക്കുന്നു.
നന്ദി!

