Binu R

Romance Thriller

3  

Binu R

Romance Thriller

നീണ്ടകഥ:മറുപുറം10രചന:ബിനു.ആർ

നീണ്ടകഥ:മറുപുറം10രചന:ബിനു.ആർ

3 mins
154



      -- 10 -


തിരിച്ചുള്ള യാത്രയിൽ ആന്റണി ആണ് ഡ്രൈവ് ചെയ്യുന്നത്. അവൻ തനി ഒരു കാർ ഡ്രൈവറെ പോലെയാണ്, ഇരിപ്പെല്ലാം.. പകുതി സീറ്റിൽ ഇരുന്ന്, ഇടതുകൈ മാത്രം സ്റ്റിയറിങ്ങിൽ വച്ച്, വലതുകൈ ഡോറിന്റെ മുകളിൽ, താഴ്ത്തിവച്ചിരിക്കുന്ന സൈഡ് കണ്ണാടിയുടെ മുകളിൽ, കൈയും വച്ചുള്ള ഇരിപ്പ് കണ്ടാൽ, അവനൊരു സ്ഥിരം ഡ്രൈവറെന്ന് തോന്നിപ്പോകും. തണുത്ത കാറ്റ് കാറിനുള്ളിലേക്ക് അടിച്ചുകയറുന്നു. 

   

    ഇനി ജോണിനെ കാണണം. അവന്റെ വായിൽ നിന്നു തന്നെ കേൾക്കണം, മത്തായിച്ചായനെ കൊന്നതെങ്ങനെയെന്നറിയണം. തന്റെ തടവിന്റെ കാര്യത്തിനൊരു തീരുമാനം അറിയണം. അയാളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചു കോടതിയിൽ ഹാജരാക്കാൻ ആവുമോ എന്നു നോക്കണം. 


-- ആന്റണി...!


 വളരേ മയമുള്ള ആ വിളി ആന്റണിയിൽ ചെന്നു പതിച്ചത് എതിരെ വന്ന ലോറിയുടെ വെട്ടത്തിൽ കണ്ടു. 


   അവൻ തിരിഞ്ഞു നോക്കി. എന്താണെന്ന ഭാവം. പകുതി പുറകോട്ടും പകുതി മുമ്പോട്ടുമുള്ള നോട്ടം. 


-- ഒന്നു തിരിച്ചുവിടണം. 


മുമ്പിലിരുന്നു പകുതിയുറക്കത്തിലേക്കുപോയ ദേവസ്യയും തിരിഞ്ഞു നോക്കി. എന്തിനെന്ന ചോദ്യം ആ നോട്ടത്തിലുമുണ്ടായിരുന്നു. 


കാര്യം പറഞ്ഞപ്പോൾ അവരിൽ ഒരവിശ്വാസ്യത. 


 -- പാലത്തിന്നപ്പുറത്തു നിറുത്തിയാൽ മതി. 


തന്റെ വിശ്വാസം അവരിലും വിശ്വാസം വളർത്തിയെന്ന് തോന്നി. വണ്ടി നിറുത്തിയപ്പോൾ ദേവസ്യയും ഒപ്പം വരാൻ ആഞ്ഞു. താൻ തന്നെ തടുത്തു. എന്നിട്ട് പറഞ്ഞു.. 


-- ഒറ്റക്ക് പോകുന്നതാണ് നല്ലത്. 


അത് രണ്ടുപേർക്കും ആദ്യം സ്വീകാര്യമായില്ല.അതു പറ്റില്ലെന്ന് ദേവസ്യ തറപ്പിച്ചു പറഞ്ഞു. ആന്റണിയും അതു ശരിവച്ചു. പല വടംവലികൾക്ക് ശേഷം അവർ സമ്മതിച്ചു. അധികം വൈകിയാൽ തങ്ങൾ അവിടെയെത്തുമെന്നും പറഞ്ഞു. അതു ശരിവച്ചു നടന്നു. 


ഇരുട്ടിൽ മുങ്ങി നിൽക്കുന്ന മത്തായിച്ചായന്റെ വീട്. ഇതുവരെ ആ ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നിട്ടില്ല. മതിൽ ചാടാവുന്നതേയുള്ളൂ. എങ്കിലും ശബ്ദമുണ്ടാവാതെ ഗേറ്റ് തുറക്കാനൊരു ശ്രമം നടത്തി. അന്ന് ആദ്യമായി, ശബ്ദമുണ്ടാവാതെ ഗേറ്റ് തുറക്കാനായി, ഒരാൾക്ക് കടക്കാൻ പാകത്തിൽ. 


പൂമുഖത്തേക്ക് കടക്കുമ്പോൾ എന്നത്തേയും പോലെയുള്ള വരവെന്നേ മനസ്സിൽ തോന്നിയുള്ളൂ. മനസ്സ് വളരേ ശാന്തമായിരുന്നു. അതുകൊണ്ടുതന്നെ, അറച്ച് നിലക്കാതെ വാതിലിൽ തട്ടി. പിന്നെയാണ് ഓർത്തത്, താൻ ജയില്ചാടിയൊരു തടവുപുള്ളി, വാതിൽ തുറക്കാൻ പോകുന്നത് യഥാർത്ഥ കൊലപാതകി. തന്നെ കാണുമ്പോൾ അവന്റെ മനസ്സ് ഏതു തരത്തിലും മാറാം. തന്നെ കീഴ്പ്പെടുത്താനും കൊല്ലാനും മുതിരാം. 


അകത്തു ലൈറ്റ് തെളിഞ്ഞു. വാതിൽ തുറക്കുന്നു. 


ആരാണ്.. ! ഒരു ചോദ്യശരം തലയിൽ വന്നു കടന്നുപോയി. വാതിൽ തുറന്നു വന്നത്, വത്സമ്മയാണ്. ജോണിന്റെ ഭാര്യ. തന്റെ മേലുദ്യോഗസ്ഥയാണവർ. തന്നെ കണ്ട് അവരൊന്നു ഞെട്ടിയത് അറിഞ്ഞു. കല്യാണത്തിന് കൂടാൻ പറ്റിയില്ലെങ്കിലും, വത്സമ്മയാണ് ജോണിന്റെ ഭാര്യയെന്നറിയുന്നത് ഇന്നാണ്, ഇതാ ഇപ്പോൾ. 


 -- പ്രകാശ് ചന്ദ്രൻ... 


അവരുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് ചെവിയിനറ്റത്തോളം വന്നു തിരിച്ചുപോയത് പ്രകാശനറിഞ്ഞു. കൂടുതൽ അവരെക്കൊണ്ടുപറയിപ്പിക്കുന്നതിന് മുമ്പ് അകത്തു കയറി. അവരോട് മിണ്ടരുതെന്ന് ആംഗ്യത്തിൽ ആവശ്യപ്പെട്ടു. അവർ അകത്തോട്ടു പിൻവാങ്ങുന്നതിന്മുൻപ് അടക്കി നിറുത്തിപ്പറഞ്ഞു. 


-- താനല്ല മത്തായിച്ചായനെ കൊന്നത്. അയാളാണ്. 


തന്നെക്കുറിച്ചു ഓഫീസിലും സ്റ്റാഫിന്റെ ഇടയിലും നല്ല പേരായിരുന്നു എന്ന് തീർച്ചയായത് ഇപ്പോഴാണ്. അവർ ഒന്നു പരിഭ്രമിച്ചെങ്കിലും ശാന്തമായും സൗമ്യമായും വളരേ പതുക്കെയും പറഞ്ഞു... 


-- എനിക്കറിയാം. 


പിന്നൊന്നും അവരോടു പറയാനായില്ല. പിന്നെ മൗനം ഭഞ്ജിക്കാനായി മാത്രം പറഞ്ഞു. 


-- അയാൾ സമ്മതിച്ചാൽ മാത്രം മതി, ഞാൻ മടങ്ങാം. 


-- അയാൾ ഉറങ്ങുകയാണ്. ചിലപ്പോൾ കള്ളയുറക്കവുമാകാം. 


വത്സമ്മയിലെ ആ അവിശ്വാസ്യത കൂടുതൽ ആത്മവിശ്വാസം വളർത്തി. അവരെ മാറ്റി നിറുത്തി അകത്തേക്ക് നടന്നു. 


ശാന്തമായുറങ്ങുന്ന ജോൺ. ഒരു കൈ തലക്കടിയിലും ഒരു കൈ നെറ്റിയിലും. അയാളിലെ നിറഞ്ഞു നിൽക്കുന്ന ഗാംഭീര്യം എന്നും ആ മുഖത്തിനഴകായിരുന്നു. അയാളുടെ ആ വെളുത്തനിറവും മുഖത്തെ അഴക് കൂട്ടുന്ന പിരിച്ചു വച്ചിരിക്കുന്ന മീശയും ആ അഴകിനൊരു മേലാപ്പുമാണ്. ഇരുണ്ട രാത്രി വിളക്കിന്റെ വെട്ടത്തിലും അത് തെളിഞ്ഞു നിന്നിരുന്നു. 


പെട്ടെന്ന് തന്നെ അടുത്തു ചെന്ന് തലയിണയെടുത്തു മുഖത്തമർത്തിപ്പിടിച്ചു. അയാൾ കുതറിയെഴുന്നേൽക്കാനൊരു ശ്രമം നടത്തി. ആ ശരീരത്തിലേക്ക് കൂടുതൽ ഭാരം കൊടുത്ത് കാലുകൾ കൊണ്ട് അയാളുടെ കാലുകൾ അമർത്തിപ്പിടിച്ചു. ഒരുകൈകൊണ്ട് അയാളുടെ കൈകളെയും.അയാൾ ആകെ സ്തംഭിച്ചുപോയിരിക്കണം. ആ സ്തംഭനാവസ്ഥയിൽ, പിന്നെ കാര്യം പറഞ്ഞു.... 


 -- ഞാൻ പ്രകാശചന്ദ്രൻ. 


അയാളിലെ ഞെട്ടൽ പ്രകടമായി. അയാൾ കുതറി മാറി ചാടിയെഴുന്നേറ്റു. മുഖം അടച്ചുള്ള രണ്ടടിയിൽ അയാൾ താഴെ വീണു. അയാളെ വീണ്ടും ആക്രമിച്ചു കീഴ്‌പ്പെടുത്തി. 


-- എങ്ങനെയാണ് മത്തായിച്ചായനെ കൊന്നത്...? 


അക്ഷോഭ്യനായി താനത് ചോദിച്ചപ്പോൾ, അയാൾ ആകെ തളർന്നുപോയി. 


     കാർ ഇരുളിനെ കീറി മുറിച്ചു കടന്നുപോകുമ്പോൾ പുറകിലെ സീറ്റിൽ വെറുതേ ചാരിക്കിടന്നു. 


ജോണും വെറും പാവമാണ്. ആ സമയത്ത് റോസിനെ വിളിച്ചുവരുത്താതിരിക്കാൻ ആണ് വായടച്ചുപിടിച്ചത്. അത് മൂക്കും കൂടി ചേർത്താണ് പിടിച്ചതെന്ന് ശ്രദ്ധിച്ചതേയില്ല. കുതറിയപ്പോൾ പിടിവിട്ടുപോകാതിരിക്കാനും എഴുന്നേൽക്കാതിരിക്കാനും ശരീരത്തിൽ അമർത്തിപ്പിടിച്ചു. 


   അപ്പോഴാണ് ഗേറ്റിന്റെ തേങ്ങൽ കേട്ടത്. അലക്സ്‌ എന്നാണ് കരുതിയത്. പിടിവിട്ടെഴുന്നേറ്റപ്പോൾ കണ്ടത് അപ്പന്റെ നിർജീവമായ കണ്ണുകളായിരുന്നു. ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് തന്നേയും. ആ സമയത്ത് നേരിടാനുള്ള വിഷമം കൊണ്ട് പുറത്തിറങ്ങിയില്ല. താൻ ഉമ്മറത്തിരിക്കുന്നതും എഴുന്നേറ്റു വരുന്നതും കണ്ട അയാൾ പരിഭ്രമത്തിനിടയിൽ തലയിണയെടുത്തു മത്തായിച്ചായന്റെ മുഖം മറച്ചു. അപ്പൻ ഉറങ്ങുന്നുവെന്നു കരുതി താൻ തിരിച്ചു പോകുമെന്നും വിചാരിച്ചു. പിന്നെ തലയിലെ മന്ദതയാണ് എല്ലാം വരുത്തിവച്ചത്. അപ്പൻ മരിച്ചുകഴിഞ്ഞുള്ള അടുത്ത ഞായറാഴ്ച പള്ളിയിൽ നിന്നും വന്നപ്പോൾ, ഞങ്ങളെ ഒന്നിച്ചുകണ്ടപ്പോൾ അരുതാത്തതെല്ലാം സംഭവിച്ചുവോ എന്നൊരു തോന്നൽ ശക്തമായി. അങ്ങിനെയാണ്, ഇങ്ങനെയൊക്കെ സംഭവിച്ചത്... ക്ഷമിക്കണമെന്നയാൾ അവസാനം പറഞ്ഞപ്പോൾ.... 


വെളുപ്പാൻ കാലമായെന്ന് ഏതോ പൂവൻ വിളിച്ചറിയിക്കുന്നു... മറ്റെവിടെയൊക്കെയോ നിന്ന് മറ്റുള്ളവർ അത് ഏറ്റുപിടിക്കുന്നു... 


   ആദ്യമായി, വധശിക്ഷക്കു വിധിക്കപ്പെട്ടയാൾ ജീവപര്യന്തത്തിലേക്കും പിന്നെ യാഥാർത്ഥകുറ്റവാളി കീഴടങ്ങിയപ്പോൾ, കുറ്റവാളിയല്ലാതായതും ഒരു ചരിത്രസത്യമായി. 


തിരിച്ചു സൂര്യനൊപ്പം കാറിലിരിക്കുമ്പോൾ മനസ്സ് നിർവികാരമായിരുന്നു. എങ്കിലും ഓരോ ചിന്തകൾ വന്നു കടന്നുപോയി. 


സെൻട്രൽ ജയിലിലെ വാർഡൻ തോമസിനെ ഒന്നു കാണണം. പുറത്തിറങ്ങിയ വിവരം ഒന്നറിയിക്കണം. വെറുതേ... വെറുതെ മാത്രം. 


കൊല്ലങ്കോട്ടുകാരൻ ജനാർദ്ദനനെ ഒന്നുകാണണം, പതിനാലാമവനാവാതെ രക്ഷപ്പെട്ടതിനൊരു ക്ഷമ പറയണം. 


മനസ്സിൽ വിരിഞ്ഞ ചിരി പുറത്തേക്കാണ് പരന്നതെന്ന് സൂര്യൻ ചോദിച്ചപ്പോഴാണ് അറിയുന്നത്. 


വെറുതെയെന്നു പറഞ്ഞൊഴിയുവാനാവില്ലല്ലോ..., എന്നാലും പറഞ്ഞതിങ്ങനെയാണ്... 


-- വീണ്ടും എല്ലാം ഓർമ്മയുടെ താളുകളിൽ. 

           --ശുഭം --

                 സമാപ്തം. 

         



Rate this content
Log in

Similar malayalam story from Romance