Binu R

Romance Thriller

4  

Binu R

Romance Thriller

നീണ്ടകഥ:മറുപുറം. രചന:ബിനു. ആർ

നീണ്ടകഥ:മറുപുറം. രചന:ബിനു. ആർ

4 mins
335


 പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ, തകർന്നുനിൽക്കുന്ന അച്ഛനെക്കണ്ടു , എപ്പോഴും ധൈര്യം പകരുന്ന അമ്മ വീണുകിടക്കുന്നതു കണ്ടു , സഹോദരൻ സൂര്യചന്ദ്രൻ വിതുമ്പി നിൽക്കുന്നത് കണ്ടു. അപ്പോൾ ആരോടും ഒന്നും പറയുവാൻ കഴിഞ്ഞില്ല. 


 ജാമ്യം കിട്ടിയില്ല. ജാമ്യം അനുവദിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. 

 

ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ, ആദ്യമായി പ്രഗത്ഭ ക്രിമിനൽ അഡ്വക്കേറ്റുമാരായ അച്ഛനും സൂര്യചന്ദ്രനും കോടതിയിൽ പതറുന്നതുകണ്ടു. പ്രശസ്തനായ ക്രിമിനൽ വക്കീൽ സൂര്യചന്ദ്രൻ തലകുമ്പിട്ടിരുന്നു പൊട്ടിക്കരയുന്നതു കണ്ടു. വരാന്തയിലൂടെ പോലീസുകാരുടെ അകമ്പടിയോടെ നടന്നുപോകുമ്പോൾ ആന്റണിയും ദേവസ്യയും അച്ഛനേയും സൂര്യചന്ദ്രനെയും സാന്ത്വനിപ്പിക്കുന്നതും കണ്ടു. 


ആന്റണി പാറപ്പുറത്ത് ആകാശവും നോക്കി മലർന്നുകിടക്കുന്നു. പ്രകാശൻ കാട്ടുചോലയിൽ മുങ്ങിനിവരുകയാണ്, പലതവണ. സൂര്യൻ സന്ധ്യയോട് യാത്രപറഞ്ഞു അനന്തതയിലേക്ക് പോകുന്നു. സന്ധ്യ കാടിനോടും ചോലയോടും കിന്നാരം പറയുന്നു. സന്ധ്യയുടെ കുങ്കുമ നിറം ചോലയിലെ തെളിവെള്ളത്തിൽ പടരുന്നുണ്ട്. 

   

 പ്രകാശൻ കുളിയുംകഴിഞ്ഞു തോർത്തിക്കൊണ്ട് ആന്റണിയുടെ അടുത്തുവന്നിരുന്നു , ശാന്തമായി ചോദിച്ചു :


-- പിന്നെ, അവരെ കണ്ടിരുന്നുവോ ?. 


ആന്റണി തലതിരിച്ചു നോക്കി. പകുതി എഴുന്നേറ്റ് പറഞ്ഞു :


-- കഴിഞ്ഞയാഴ്ച ഞങ്ങൾ നിന്റെ വീട്ടിൽ പോയിരുന്നു. നിന്റെ വീടാണോ അതെന്നുതോന്നിപ്പോകും, ഒരനക്കവുമില്ല. ആരെങ്കിലും വരുമ്പോൾ മാത്രം അച്ഛൻ അകത്തുനിന്നു വരും, അമ്മ പറയുകയായിരുന്നു, എപ്പോഴും ഓരോ ആലോചനയുമായി കിടപ്പാണത്രെ. യന്ത്രിമെന്നപോലെ സൂര്യൻ രാവിലെ കോടതിയിലേക്ക് പോകും, വൈകുന്നേരം തിരിച്ചുവരും, ഒന്നിലും ഉഷാറില്ലായ്മ്മ. തന്റെ സങ്കടം ആരോടു പറയുമെന്നു പറഞ്ഞു, അമ്മയുടെ തേങ്ങൽ. 


 -- എനിക്കൊന്നു കാണണം അവരെ. 


ആന്റണി ഒന്നും പറയുവാനാകാതെ ഒട്ടുനേരം നോക്കിയിരുന്നു, പിന്നെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു... 


 -- ഞാനത് ആലോചിക്കുകയായിരുന്നു. 


കുറേ നേരം ആ ഒഴുക്കുള്ള വെള്ളം നോക്കിയിരുന്നു. ഇരുട്ട് കാട്ടിൽ നിന്നും പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു. രണ്ടുപേരും എഴുന്നേറ്റ് നടന്നു. നടക്കുന്നതിനിടയിൽ ആന്റണി പറഞ്ഞു... 


 -- പക്ഷേ, നീ അങ്ങോട്ടുപോകുന്നത് റിസ്കാണ്. ഞങ്ങൾ അവരെ ഇങ്ങോട്ടുകൊണ്ടുവരാം. ഇനി നിന്നെ നഷ്ടപ്പെടുത്താൻ വയ്യ. 


ആ പറച്ചിലിൽ ഒരു തീർപ്പുണ്ടായിരുന്നു. അതനുസരിക്കുന്നതാവും നല്ലതെന്നും തോന്നി. ഈ ജയിൽ ചാട്ടത്തിന് നൂറു ഗൂഢ ലക്ഷ്യങ്ങളുണ്ട്, അവയെല്ലാം നടപ്പാവണം. അതിനായി ഇവർ പറയുന്നതുപോലെ കേൾക്കുന്നതാവും നന്ന്. ഇവർ തന്റെ കൂട്ടുകാർ എന്നതിലേറെ, ഒപ്പം പിറക്കാതെപോയ സഹോദരരാണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചെന്നറിഞ്ഞപ്പോൾ, എന്റെ കൂടപ്പിറപ്പിന്റെയടുത്തേക്ക് ഓടിയെത്തിയവരാണിവർ, മുന്നുംപിന്നും നോക്കാതെ പലരെയും കാണാൻ പോയിട്ടുമുണ്ട്. ഒടുവിൽ.... ഒടുവിൽ സൂര്യനോട് പറഞ്ഞുവത്രേ ദേവസ്യ, കുറ്റം അയാൾ ഏൽക്കാമെന്ന്. പലതവണ പറഞ്ഞുവെന്ന്. ഇടയ്ക്കു ജയിലിൽ വന്നുകണ്ടപ്പോൾ സൂര്യൻ പറഞ്ഞതാണിത്. ഇവരും സഹോദരരല്ലെന്നെങ്ങനെ പറയുവാനാകും.. !


    മുറ്റത്തേക്ക് ചെന്നുകയറുമ്പോൾ ദേവസ്യ ഇരട്ടക്കുഴൽ തോക്ക് എണ്ണയിട്ടു മിനുക്കുന്നു. ഞങ്ങൾ കയറിവരുന്നതുകണ്ടപ്പോൾ, തുടക്കുന്നതു നിറുത്തി തോക്ക് ചുമരിലേക്ക് ചാരിവച്ചു. അടുത്തെത്തിയ ഞങ്ങളോട് പറഞ്ഞു... 


നാളെ ഞാനൊന്ന് നാട്ടിലേക്ക് പോയാലോ എന്നൊന്ന് ആലോചിക്കുകയായിരുന്നു. പ്രകാശന്റെ അച്ഛനെയൊന്നു കാണണം , അമ്മയെയും. എത്രയോ തവണ ഞങ്ങളെ ഊട്ടിയിരിക്കുന്നു നിന്റെ അമ്മ. അവരുടെ ആ പഴയ ചിരിക്കുന്ന മുഖം ഞാൻ മറന്നിട്ടില്ല. ഒരിക്കലൂം മറക്കാനാകുമെന്നും തോന്നുന്നില്ല. ഇരുപത്തഞ്ചാമത്തെ വയസ്സിൽ എന്റെ അമ്മ തളർവാതം പിടിപെട്ടുമരിക്കുമ്പോൾ, പ്രകാശന്റെ അമ്മ എന്റെ അമ്മയാവുമെന്നും ഞാനറിഞ്ഞില്ല. ഓർമകളിലെവിടെയോ താണുപോയ എന്റെ അപ്പനുപകരം ഇപ്പോഴെനിക്കൊരു അച്ഛനുണ്ട്. സൂര്യചന്ദ്രനെന്നും പ്രകാശചന്ദ്രനെന്നും രണ്ടു സഹോദരൻമാരുണ്ട്. എനിക്കെന്റെ അച്ഛനേയുംഅമ്മയെയും സൂര്യചന്ദ്രനെന്ന സഹോദരനേയും കാണണം, അവരോട് രഹസ്യമായി പറയണം, പ്രകാശചന്ദ്രൻ നമ്മോടൊപ്പമുണ്ടെന്ന്.. ! സുഖമായി കഴിയുന്നെന്ന്.. !


 ദേവസ്യയുടെ കണ്ണുകളിലുരുണ്ടുകൂടിയ വൈഡൂര്യമുത്തുകൾ അയാൾ ഇടതു കൈത്തണ്ടകൊണ്ട് വടിച്ചുകളഞ്ഞു. അതുകണ്ടുനിന്ന എന്റെ കണ്ണിലൂടെ ഒഴുകാൻ തുടങ്ങിയ ചോല ഞാൻ മുണ്ടിന്തുമുയർത്തി വറ്റിച്ചും കളഞ്ഞു. അതുകണ്ടുനിന്ന ആന്റണി ഞങ്ങളെ ചേർത്ത് കെട്ടിപ്പിടിച്ചു. 


-- പ്രകാശാ... നിനക്കവരെ കാണണമെന്നില്ലേ...?. ഞാൻ കൊണ്ടുവരാം അവരെ ഇവിടെ. 


മതത്തിന്റെ പേരുപറഞ്ഞാൽ ഇവരും ക്രിസ്ത്യാനികളാണ്. ഇവർക്കൊരു പെങ്ങളുണ്ടായിരുന്നുവെങ്കിൽ... ഞാൻ ഇഷ്ട്ടപ്പെട്ടിരുന്നുവെങ്കിൽ... അവളെ, ഇവരെനിക്കു തരുമായിരുന്നോ..? അതോ ഇവരും...? അതൊരു ചോദ്യമാണ്. ഉത്തരം കിട്ടാത്ത ചോദ്യം. 


 ദേവസ്യയും ആന്റണിയും വേട്ടക്കുപോയിരിക്കുന്നു. കറണ്ടില്ലാത്ത വീട്ടിൽ ഉമ്മറപ്പടിയിൽ മണ്ണെണ്ണ വിളക്ക് അപരിചതനെ കണ്ട് മുനിഞ്ഞു കത്തുന്നു. കാറ്റ് ഒരുമൂളക്കം പോലെ പുറത്ത്. കാട്ടിൽ എന്തോ വലിച്ചൊടിക്കുന്ന ശബ്ദം. കാറ്റിലുലയുന്ന മുളയുടെ ഞരക്കം സംഗീതസദസ്സിലെ ഒരുപകരണം പോലെ. കാട്ടുചോലയുടെ താരാട്ട് നേർത്ത്. 


  അച്ഛന്റെ ഇടതും വലതും ആയിരുന്നു. ഞാനും സൂര്യനും... ചിലപ്പോഴുള്ള സദസ്സുകളിൽ അച്ഛന്റെ തമാശകളിൽ ഞങ്ങൾ അഭിരമിക്കുമ്പോൾ ഉയരുന്ന കൂട്ടച്ചിരികൾ കേൾക്കുമ്പോൾ അമ്മ പറയും 


 -- എന്തായീ കേൾക്കണേ അയല്വക്കത്തുകാരെ ഉറങ്ങാനും സമ്മതിക്കില്ലേ നിങ്ങൾ... 


അമ്മയും ഗൂഢമായി ചിരിക്കുന്നുണ്ടാകും. സൂര്യൻ, അനുജൻ മാത്രമല്ല നല്ലൊരു സുഹൃത്തും ആയിരുന്നു. 


അവനോടൊരിക്കൽ റോസ് ചോദിച്ചിരുന്നുവത്രെ, തന്നെ, ചേട്ടത്തിയമ്മയായി കാണുമോയെന്ന്. എപ്പോഴും, ഇപ്പോഴും അങ്ങനെതന്നെയെന്നവൻ പറയുകയും ചെയ്തിട്ടുണ്ട്. മതഭ്രാന്തന്മാരുടെ ഇടയിൽ അതെങ്ങനെ നടക്കുമെന്ന് അവൻ ഓർത്തുകാണില്ല. 


  വല്ലപ്പോഴും റോസ് വീട്ടിൽ വരുമായിരുന്നു. അമ്മയില്ലാത്ത കുട്ടിയല്ലേ, എനിക്കാണെങ്കിൽ ഒരു മകളുമില്ലെന്ന് അമ്മയും പറയുമായിരുന്നു. അപ്പോൾ അത് രണ്ടു മനുഷ്യരുടെ സ്നേഹം മാത്രമായിരുന്നു. 


ഒരിക്കൽ ഞങ്ങൾ ഊണുമേശമേൽ ഉണ്ടുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെയുള്ള സംസാരം വീണ്ടും വന്നപ്പോൾ അച്ഛൻ അമ്മയെ വാശികൂട്ടാനായി ചോദിച്ചു...


-- മകളെപ്പോലെയെന്നുപറഞ്ഞാൽ, അവൾ ഒരു ക്രിസ്ത്യൻ പെൺകുട്ടിയാണ്. !


എന്നിട്ട് അച്ഛൻ ഞങ്ങളെ നോക്കി, ആ നോട്ടത്തിൽ, മനസ്സിന്റെ അടിത്തട്ടിൽ ഒരു ചിരി ഒളിഞ്ഞിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി... ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി, അച്ഛന്റെ ഗൂഢ സ്മിതത്തിൽ പങ്കാളികളായി. അമ്മ ഊണു നിറുത്തി.... എന്നിട്ട് അച്ഛനെ നോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി പ്രഖ്യാപിച്ചു... 


-- എന്റെ മക്കൾ ആരെങ്കിലും തയ്യാറായാൽ, ഞാൻ അവളെ മരുമകളാക്കും. 


ആരും ഞെട്ടിയില്ല... അച്ഛന്റെ പൊട്ടിച്ചിരിയിൽ ഞങ്ങളും പങ്കുചേർന്നു. സൂര്യൻ കുലംകുത്തിച്ചിരിച്ചു, ചോറു മണ്ടയിൽകയറി ചുമച്ചു... ചുമച്ചുചുമച്ചു ചിരിച്ചു. അതിനിടെ പറഞ്ഞു.... 


-- അമ്മ അച്ഛനെ വാശി കൂട്ടുന്നു. അച്ഛൻ സമ്മതിക്കില്ലെന്നറിഞ്ഞുകൊണ്ട് വീരവാദം മുഴക്കുന്നു. 


അച്ഛനതൊരു സംശയമായി, ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി. സൂര്യൻ തന്നെ ഒളികണ്ണിട്ടുനോക്കുന്നത് അച്ഛൻ കണ്ടത് ഞാനും കണ്ടു. അച്ഛൻ സൂര്യനെത്തന്നെ നോക്കുന്നു.അച്ഛൻ സൂര്യനോടായി ചോദിച്ചു :


 -- ഞാൻ സമ്മതിച്ചാൽ നീ സ്വീകരിക്കുമോ !!


സൂര്യൻ തന്നേയും അമ്മയെയും മാറി മാറി നോക്കി, കണ്ണുകളിൽ നിറയേ മന്ദഹാസവുമായി പറഞ്ഞു :


-- തീർച്ചയായും. 


അച്ഛനിൽ നിറഞ്ഞത് മറ്റൊരുവാശിയുടെ സ്മിതമായിരുന്നു. താനും അമ്മയും മിഴിച്ചിരുന്നുപോയി, തന്റെയുള്ളിൽ നിറഞ്ഞത് മറ്റൊന്നായിരുന്നു. അച്ഛനിലും സൂര്യനിലും ഒരേതരം വാശി, ഒരേ തരം ഗൗരവവും. എന്നാൽ ഒരേതരം ചിരിയും. അച്ഛനിലെ കൂർത്ത സംശയം വഴിമാറി... 


-- നിന്റെ ചേട്ടൻ നിൽക്കുമ്പോൾ തന്നെ ?. 


--തീർച്ചയായും. 


അവൻ രണ്ടും കൽപ്പിച്ചാണോയെന്നും തോന്നി. പക്ഷേ, അതിന്റെ തീർപ്പ് ചോദ്യം ചെയ്യുന്നതിന്മുമ്പേ, അച്ഛന്റെ തീർപ്പും വന്നു.... 


-- എന്നാൽ അതൊന്നുകാണണമല്ലോ, ഞാൻ സമ്മതിച്ചിരിക്കുന്നു. 


-- സത്യമാണല്ലോ..? 


--അതേ, നിന്റെ തന്തക്ക് ഒറ്റവാക്കേയുള്ളൂ. 


--മരുമകളായി അച്ഛനും സ്വീകരിക്കുമെന്നല്ലേ പറഞ്ഞത്. 


-- അതേ.. എന്താ സംശയം...!


അവൻ ഞങ്ങളെയെല്ലാം മാറിമാറിയൊന്നുകൂടി നോക്കി, അച്ഛന്റെ നേരെ നോക്കിക്കൊണ്ടു പ്രസ്താവിച്ചു... 


-- എങ്കിൽ ഞാൻപറയുന്നൂ, റോസ് എന്റെ ചേട്ടത്തിയമ്മയായി ഈ വീട്ടിൽ വരും. 


ആ നിമിഷം ഞാനടക്കം എല്ലാവരും സ്തബ്ധരായി. എന്റെ തൊണ്ടയിൽ ശരിക്കും ചോറുകുടുങ്ങി. ഞാൻ വെള്ളമെടുത്ത് കുടിച്ചു. പിന്നെ ശാന്തനായി പറഞ്ഞു :


-- റോസ് ഒരു ഓർത്തോഡക്‌സ് ക്രിസ്ത്യൻ കുടുംബത്തിലെ പെൺകുട്ടിയാണ്. 

 

-- ഉവ്വ്. 


സൂര്യന്റെ ആ അർത്ഥം വച്ചുള്ള പറച്ചിലിൽ ഞാനും ചിരിച്ചുപോയി, അതൊരു കൂട്ടപ്പൊട്ടിച്ചിരിയായും മാറി. 

                 

  ബസ്സിറങ്ങി നടക്കുമ്പോൾ തൊട്ടുമുമ്പിൽ കൂട്ടുകാരിയുമായി വർത്തമാനം പറഞ്ഞുകൊണ്ട് പോകുന്നു റോസ്. അടുത്തെത്തിയപ്പോഴാണ് കണ്ടത്. ഒരു കുശലം പോലെ ചോദിച്ചു. 


-- ഇന്നെന്താ വൈകിയത്?. 


മറുപടി വരുന്നതിനുമുമ്പേ മുമ്പിൽ കയറി നടന്നുപോയി. കുറച്ചുകഴിഞ്ഞപ്പോൾ പുറകിൽ നിന്നൊരു വിറയാർന്ന ശബ്ദം. ഒരുനേർത്ത കാറ്റിന്റെ തേങ്ങൽ പോലെ. 


-- എന്നെ ഒറ്റക്കാക്കി പോവുകയാണോ..? 


തിരിഞ്ഞു നോക്കി, കൂട്ടുകാരിയെ കാണാനില്ല. 


-- കൂട്ടുകാരിയെവിടെ? 


 --അവൾക്ക് കടയിൽ കയറണമെന്ന്. 


--അപ്പോൾ, കൂട്ടുകാരിയെ ഒറ്റക്കാക്കിയെന്ന്.. 


-- ഞാനെങ്ങനെയാ അവിടെ നിൽക്കുക..? 


-- അതെന്തേ...? 


ആ ചോദ്യത്തിന് അവൾ മറുപടിയൊന്നും തന്നില്ലെങ്കിലും അവളുടെ പരവശത കണ്ടപ്പോൾ കാര്യങ്ങൾ ഊഹിക്കാൻ കഴിഞ്ഞു. 


--- ചാച്ചൻ ചോദിച്ചിരുന്നു... ഇപ്പോൾ കുറേയായി കണ്ടിട്ടെന്ന്... എന്താ വരാത്തെ.. !


-- ചാച്ചനാണോ കാണാൻ തിടുക്കം, അതോ, കടുപ്പമുള്ള ചായ കൂട്ടാനോ...? 


അവൾ ഒന്നും പറയാതെ ഒപ്പം നടന്നു. അവളുടെ വീട്ടുമുറ്റത്തു ചെന്നുകയറുമ്പോൾ, സന്ധ്യ മയങ്ങിയിരുന്നു. ജോൺ മുറ്റത്തുല്ലാത്തുന്നു... മത്തായിച്ചായൻ ചാരുകസേരയിൽ ആകാംഷയോടെ പടിപ്പുരയിലേക്ക് നോക്കിയിരിക്കുന്നു. അവൾ ഗേറ്റ് കടന്നപ്പോൾ ജോണിന്റെ ഉലാത്തൽ നിന്നു. തൊണ്ടക്കുഴിയിൽനിന്നും ഒരു വരണ്ട ശബ്ദം പുറത്തുവന്നു. 


 -- എവിടെപ്പോയെടീ ?. 


-- ബസ്സ്‌ കിട്ടാൻ വൈകി. 

                .................


തുടരും. 

      


Rate this content
Log in

Similar malayalam story from Romance