Binu R

Romance Thriller

3  

Binu R

Romance Thriller

നീണ്ടകഥ:മറുപുറം.8രചന:ബിനു ആർ.

നീണ്ടകഥ:മറുപുറം.8രചന:ബിനു ആർ.

2 mins
471


നാട്ടിൽ പോകണം, എന്ന തോന്നൽ ശക്തമായിത്തുടങ്ങി. അച്ഛനേയും അമ്മയേയും ഇനി കാണാതിരിക്കാനാവില്ല. സൂര്യന്റെ രണ്ടുകൈകളും കൂട്ടിപ്പിടിച്ചു പ്രശ്നം അവതരിപ്പിച്ചു. 


സൂര്യൻ സമ്മതിക്കുന്നേയില്ല. തന്റെ നിർബന്ധം കൂടുന്നതനുസരിച്ചു, അവൻ വേണ്ടെന്നു തന്നെ കട്ടായം പറഞ്ഞു. 


പോലീസുകാരുടെ കയ്യിൽ കിട്ടിയാൽ.. !അവനത് തീരെ ഓർക്കാനാവുന്നില്ലെന്ന് പറഞ്ഞു. കീഴടങ്ങാതിരിക്കുന്നത് അതിലേറെ ബുദ്ധിമോശമാവുമെന്നും പറഞ്ഞു. സ്വന്തം സഹോദരൻ എന്നതിലപ്പുറം, സൂര്യന്റെ പ്രകാശൻ എന്നു പറയുമ്പോൾ, ഇനി ജയിലിലേക്കയക്കാൻ അവൻ തയ്യാറുമല്ല. ഇനി ജീവപര്യന്തമേയുള്ളുവെങ്കിൽ തന്നേയും ജീവിതത്തിന്റെ നല്ലൊരുഭാഗം അവിടെ നഷ്ടപ്പെടുകയെന്നുപറഞ്ഞാൽ, അതു ചിന്തിക്കാനേയാവില്ലെന്നവൻ തീർത്തു പറഞ്ഞു. 


തന്നെകുറ്റക്കാരനാക്കുവാൻ പുറകേ കളിച്ചവനെ കണ്ടുപിടിക്കണം. എന്നിട്ട്, കോടതിയിൽ ഹാജരാക്കണം എന്ന ചിന്ത അവൻ പ്രകടിപ്പിച്ചപ്പോൾ, അങ്ങനെ തനിക്കെന്നെങ്കിലും രക്ഷപ്പെടാനാവുമെന്ന ചിന്തയും വളർന്നു. 


കുറ്റം ചെയ്യാതെയുള്ള ഈ ശിക്ഷ അനുഭവിക്കേണ്ടെന്ന് തന്നെയാണ് ക്രിമിനൽ വക്കീലായ സൂര്യന്റെ പക്ഷം. ദേവസ്യയും ആന്റണിയും അതു ശരിയും വച്ചു. 


പക്ഷേ, എത്ര നാൾ..!


ആന്റണി ഒരു നിസ്വനമോടെ പറഞ്ഞു :


 -- ആരും അറിയാതെ പ്രകാശനെ നമ്മുക്കു കൊണ്ടുപോകാം. രാത്രി മാത്രം യാത്ര. 


അത് ദേവസ്യയ്ക്ക് സ്വീകാര്യമായില്ല. സൂര്യനും മൗനം പൂണ്ടിരുന്നതേയുള്ളൂ... 


ദേവസ്യ ആത്മഗതമെന്നോണം പറഞ്ഞു, 

-- രാത്രിയിൽ ചെക്കിങ്ങ് കൂടുതലായിരിക്കും... പോലീസുകാരുടെ നോട്ടത്തിൽ ഇവൻ ജയില് ചാടിയവനാണ്. കൈയ്യിൽ കിട്ടിയാൽ.... നമുക്ക് നോക്കി നിൽക്കുവാനേ ആവുള്ളൂ. 


ചർച്ചകൾക്കൊടുവിൽ, പോകാമെന്ന തീരുമാനത്തിലെത്തി. 


രാത്രിയിലെ യാത്ര എന്നും ഏറെ ദുസ്സഹമായിരുന്നു. യാത്രയിലെ പകൽക്കാഴ്ചകൾ ഹരമായിരുന്നു. തെങ്ങുകൾക്ക് മുകളിലെ കുലകളുടെ പെരുക്കവും നീലാകാശത്തിൽ നിറയുന്ന മരങ്ങളുടെ ആലേഖനവും എന്നും കൗതുകങ്ങളായിരുന്നു. 


മത്തായിച്ചായന്റെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞു. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. മരണം നടന്നതില്പിന്നെ ആ വീട്ടിലേക്ക് പോയിട്ടില്ല. അന്ന് പോകണമെന്നു തോന്നി. ആ വീട്ടിലെ മനസ്സു തേങ്ങുന്ന നിശബ്ദത താങ്ങാനാവുമായിരുന്നില്ല. 


പതിവുപോലെ, ഗേറ്റ് 'ആളുവന്നെ ' എന്ന് ഉച്ചത്തിൽ തേങ്ങി. ആരും ഉമ്മറത്തേക്ക് വന്നില്ല. തുറന്ന വാതിലുകളും ജനലുകളും വിജനമായി കിടന്നു. അകത്തേക്ക് കടക്കുവാൻ തോന്നിയില്ല. ശൂന്യമായ ചാരുകസേരക്കഭിമുഖമായി ഒരു കസേര വലിച്ചിട്ടിരുന്നു, മത്തായിച്ചയാനില്ലാത്ത പൂമുഖത്ത്. 


ഈ വീട് ഇത്രയും വിജനമായതെങ്ങനെയെന്ന് ചിന്തിക്കാതെ തന്നെ അറിയാം. എങ്കിലും, ആ വിജനതയെ വെറുത്തു. മുഖത്തുമൂടിയ തലയിണയുമായി മരിച്ചു കിടന്ന മത്തായിച്ചായന്റെ മൃതശരീരം ഇപ്പോഴുമാ വീട്ടിന്റെ ഏതോ മുറിയിൽ കിടക്കുന്നു എന്നൊരു തോന്നൽ... 


റോസ് അകത്തു നിന്നും കടന്നു വന്നതറിഞ്ഞിരുന്നില്ല. എപ്പോഴോ കേട്ടൊരു തേങ്ങലാണ് പരിസരബോധമുണ്ടാക്കിയത്. അവൾ നേരെ മുമ്പിൽ മുട്ടുകുത്തി വന്നിരുന്ന് മുഖം കുനിച്ചിരുന്നു തേങ്ങുന്നു... എന്താണ് പറയേണ്ടതെന്നും, എന്താണ് ചെയ്യേണ്ടതെന്നുമറിയാതെ മനം തേങ്ങി. പിന്നെ, സാവധാനം ആ തലയിൽ സാന്ത്വനമായി തലോടി. 


പതുക്കെ വിളിച്ചൂ... 


-- റോസ്. 


അവൾ തലയുയർത്തി പൊട്ടിക്കരഞ്ഞു. അവൾ മടിയിലേക്ക് മുഖം പൂഴ്ത്തി തേങ്ങിക്കരഞ്ഞു. 


-- റോസ്, കരയാതെ.... ഏതായാലും സംഭവിസ്റ്റോറി ക്കാനുള്ളതൊക്കെ സംഭവിച്ചുപോയി.... ഇനി മനസ്സിനെ ശക്തിപ്പെടുത്തണം. 


ഏറെ നേരം കഴിഞ്ഞ്, അവൾ തലയുയർത്തി തന്നെ നോക്കി. പിന്നെ ഒരു മൊഴി പുറത്തുവന്നു... 


-- എന്നെയും കൂടി കൊണ്ടുപോകുമോ..? എവിടെ വേണമെങ്കിലും ഞാൻ വരാം. 


അവളുടെ തേങ്ങലിനിടയിലും, ആ നടുക്കം തകർന്നത് ഗേറ്റിൽ ജോണിനെ കണ്ടപ്പോഴാണ്. അവൾ എഴുന്നേറ്റ് അകത്തേക്ക് തിടുക്കപ്പെട്ടു കടന്നുപോയി. 


ജോണിന്റെ മുഖം നിര്ജീവമായിരുന്നു. ജോൺ ഉമ്മറക്കോലായിലെ സിമന്റിട്ട ഇളം തിണ്ണയിൽ ഇരുന്നു. 


-- പ്രകാശൻ വന്നിട്ട് അധിക നേരമായോ..? 


അപ്പന്റെ മരണം ജോണിനെ വളരേ ഉലച്ചതുപോലെ തോന്നി. 


-- കുറച്ചു നേരമായി. 


കുറേ നേരം നിശബ്ദത ഘനീഭവിച്ചു. 

ജോണാണ് തുടങ്ങിയത്,.. 


-- അപ്പന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ വന്നു.... അപ്പൻ.... ശ്വാസം മുട്ടിയാണ് മരിച്ചത്. 


വിങ്ങിപ്പൊട്ടുന്നതുപോലെ തോന്നി. അയാൾ തുടർന്നു,, 


-- അപ്പനെ ആരോ കൊന്നതാണ്.... 


അയാളുടെ സൂഷ്മതയുള്ള നോട്ടം തന്റെ നേരെ നീളുന്നുവെന്നൊരു തോന്നൽ !

അതൊരു നടുക്കമായി തലക്കുള്ളിൽ നിറഞ്ഞു. ഒരു മൂളക്കം പോലെ. 


ആരാണ് മത്തായിച്ചായനെ കൊന്നത്... !!!


      -- എത്താറായി, നീയെന്താ ഉറങ്ങുവാണോ... 


ആന്റണിയുടെ ശബ്ദം മൃദുവായി ചെവിയിൽ പതിച്ചു. കണ്ണു തുറന്നു. കാറിനു സ്പീഡ് കൂടുതലെന്ന് തോന്നി. സൂര്യനാണ് ഡ്രൈവ് ചെയ്യുന്നത്. ഇത്രയും ദൂരമായിട്ടും അവൻ തളർന്നിട്ടുപോലുമില്ല. 


അച്ഛൻ കെട്ടിപ്പിടിച്ചു നിശബ്ദമായി കരഞ്ഞു. എത്രയും മനക്കട്ടിയുണ്ടെങ്കിലും അച്ഛന്റെ കണ്ണുകളിലും കണ്ണുനീർ വരുമെന്നറിഞ്ഞു. 


അമ്മ കരഞ്ഞു കരഞ്ഞു തളർന്നു നിലത്തിരുന്നു. എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ അമ്മയുടെ അടുത്ത് ചെന്നിരുന്നു. 


--- അമ്മേ... 


അമ്മ കൈകളെടുത്തു തലയിലൂടെയും മുഖത്തിലൂടെയും തഴുകി. 


പ്രഭാതം തുടുക്കുന്നു. അകത്തെമുറിയിൽ അച്ഛനോ താനോ വന്നുവിളിക്കാതെ തുറക്കരുതെന്ന് കർശനമായി നിർദേശിച്ചു കൊണ്ട് സൂര്യൻ കൊണ്ട് ചെന്നാക്കി. കതകടച്ചിരുന്നു. 


ആന്റണിയും ദേവസ്യയുമായി, അവൻ റോസിനെ തേടി പോയിരിക്കുകയാണ്.മടങ്ങിവരുന്നതുവരെ കാത്തിരിക്കുക തന്നെ. നേരമെന്തെന്നറിയാൻ പോലും അവകാശമില്ല. ഇടയ്ക്കു അമ്മ ചായയും ചോറുമൊക്കെ കൊണ്ടുവച്ചു മടങ്ങി. കണ്ണ്നീർ വറ്റാത്ത കവിൾത്തടം കണ്ടു. അമ്മക്ക് അച്ഛന്റെയും നിർദേശം ഉള്ളതുകൊണ്ടാവും സംസാരമില്ലാതെ വെറും സാന്ത്വനത്തിൽ മാത്രം ഒതുങ്ങിയത്. അയൽവക്കക്കാരുടെ ചെവിയുടെ കൂർമ്മത അമ്മയും കരുതിയതുപോലെ തോന്നി.


 എത്രനേരമാണ് കണ്ണടച്ചു കിടന്നുവെന്നറിവില്ല, ഉറങ്ങിപ്പോയോ എന്നുമറിയില്ല. 


പുറത്ത് ഒരു കാറിന്റെ ഇരമ്പം. സന്ധ്യയുടെ മേലാപ്പ് വീണതായി മുറിയിലെ വെളിച്ചം പറഞ്ഞു തന്നു. 


നിശബ്ദത.... കനത്ത നിശബ്ദത. 


വാതിലിലാരോ തട്ടുന്നൂ... 

  

               


Rate this content
Log in

Similar malayalam story from Romance