Binu R

Romance Thriller

3  

Binu R

Romance Thriller

നീണ്ടകഥ:മറുപുറം.6രചന:ബിനു.R

നീണ്ടകഥ:മറുപുറം.6രചന:ബിനു.R

3 mins
170



--നീയെന്താ ആലോചിക്കുന്നത്..? 


ആന്റണി വന്ന് കിടക്കയിൽ ഇരുന്നു. വാതിൽ തുറന്നു വന്നത് അറിഞ്ഞില്ല. ചോദ്യം കേട്ടപ്പോൾ കണ്ണുതുറന്നു. ഓർമ്മകളുടെ കുത്തൊഴുക്കിൽ നിന്ന് യഥാർത്യത്തിന്റെ കരയിലേക്ക്. 


--മലയടിവാരത്തിൽ താമസിക്കുന്ന സുധാകരനായിരുന്നു. പലകാര്യങ്ങൾക്കും അവനൊരു സഹായമാണ്. ദേവസ്യ രണ്ടു ബോട്ടിൽ അരിസ്റ്റോക്രാറ്റ് വാങ്ങി കൊടുത്തുവിട്ടിട്ടുണ്ട്. നോക്കിയാലോ..? 


ആവാം എന്ന മട്ടിലെഴുന്നേറ്റു. ഡയ്‌നിങ് ടേബിളിൽ ഇരുന്ന പൊതിയഴിച്ചു. ബോട്ടിൽ തുറന്നു. മണത്തു നോക്കി. 


അടുക്കളയിൽ ചെന്നു രണ്ടു ഗ്ലാസെടുത്തു, ആവശ്യത്തിന് വെള്ളവും. രണ്ടു ഗ്ലാസിലേക്കും പകർന്നു. ഒരു ഗ്ലാസിൽ നിറയേ വെള്ളം ഒഴിച്ച് ആന്റണിയുടെ അടുത്തേക്ക് നീക്കിവച്ചു. മറ്റേ ഗ്ലാസിലേക്ക് ഒഴിച്ചുവച്ചിരിക്കുന്ന അളവിൽ മാത്രം വെള്ളവുമെടുത്തു. ഒരു കവിൾ കുടിച്ച് കണ്ണടച്ചു. അന്നനാളത്തിലൂടൊഴുകിപ്പരക്കുന്ന ആ വിദേശന്റെ സൗകുമാര്യം നന്നായൊന്നാസ്വദിച്ചു. ആന്റണിയുടെ വാക്കുകൾ തൊട്ടുതഴുകി കടന്നുപോയി. 


--നിന്റെ കരളു വാടുമല്ലോടാ.. !


ബാക്കിയും കൂടി വായിലേക്ക് കമഴ്ത്തി. റാക്കിന്റത്രയും ഉശിരില്ല, എങ്കിലും തെറ്റില്ലെന്ന് തോന്നി. അടുക്കളയിലേക്ക് ചെന്നു. അടുപ്പിൽ തിളയ്ക്കുന്ന ഇറച്ചിയിൽ നിന്നും ഒരുകഷ്ണം ചൂടോടെയെടുത്തു വായിലിട്ടു. ഒരുകവിളിൽ നിന്നും മറ്റേ കവിളിലേക്കും അവിടെ നിന്നും തിരിച്ചും അതിട്ടുരുട്ടി. ചൂട് ഊതിക്കളഞ്ഞു. 


-- അത് വേവുന്നേയുള്ളൂ. 


ആന്റണി അതുകണ്ടു ചിരിച്ചു നിന്നു. 


-- ജോണിയുടെ കരളാണിത്. 


ആ ചിരിയിൽ പങ്കുചേർന്നു. അതൊരു കൂട്ടപ്പൊട്ടിച്ചിരിയായി മാറി. 


-- മത്തായിച്ചായനെ തലയിണ മുഖത്തമർത്തി കൊല്ലുകയായിരുന്നത്രെ ഈ ഞാൻ.. ! അയാൾ പുറത്തു നിന്നും വന്നപ്പോൾ കണ്ടതാണത്രേ.. !


തന്റെ ഈർഷ്യ വാക്കുകളിൽ നുരയുന്നതുകണ്ടപ്പോൾ, ആന്റണി തന്റെ ഗ്ലാസും കാലിയാക്കി. 


-- ആന്റണി, എനിക്കുതോന്നുന്നത് അയാൾ തന്നെയാവും ചെയ്തത്. 


തന്റെ വികാരം തിളച്ചുതുടങ്ങിയപ്പോൾ, ആന്റണി അടുത്തുവന്ന് തോളത്തു പിടിച്ചു. തിരിഞ്ഞു ചെന്ന് രണ്ടു ഗ്ലാസും നിറച്ചു ഒന്ന് പ്രകാശന് കൊടുത്തു. അതൊറ്റവലിക്ക് കാലിയാക്കി. ആന്റണി സാന്ത്വനിപ്പിക്കാൻ ഒരു ശ്രമം നടത്തി. 


--നിന്റെ അമർഷം എനിക്കു മനസ്സിലാകും. 


 -- ഞാൻ അറിയാത്തത്ര എതിർ സാക്ഷികൾ. അവർ എന്നെ കണ്ടിട്ടുപോലുമുണ്ടാവില്ല. ഞാൻ, അവരോട് പറഞ്ഞത്രേ, കല്യാണത്തിന് അവളുടെ അപ്പൻ സമ്മതിച്ചില്ലെങ്കിൽ, അയാളെ തട്ടിക്കഞ്ഞിട്ടാണെങ്കിലും അവളെ തന്നെ കെട്ടുമെന്ന്.. ! 


ആന്റണി അയാളുടെ തോളത്തുകയ്യിട്ടു.


-- നീ സമാധാനിക്കു. ദൈവം അവസാനം നമ്മുടെ കൂടിയാകും. 


ആന്റണി അടുക്കളയിലേക്ക് പോയി. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, വെയിൽ തിളങ്ങുന്നു, മഞ്ഞിന്റെ മേലാപ്പിലൂടെ. 


    സുകുമാരൻ പറഞ്ഞതും, ആന്റണി പറഞ്ഞതും ഒന്നു തന്നെ. ഈശ്വരൻ കൂടെയുണ്ടാകും. എന്നിട്ട്, തന്നെ കള്ളക്കേസിൽക്കുടുക്കി വധശിക്ഷ തന്നെ, കോടതി തന്നപ്പോഴൊന്നും എന്നും വണങ്ങുന്ന ഒരീശ്വരന്റെയും സാന്നിധ്യം ഒരിടത്തും കണ്ടില്ല.. !.ഇവിടെ കുറ്റം ചെയ്തിട്ടും രക്ഷപ്പെടുന്നവരുടെ പട്ടിക നീളുന്നു, കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെടുന്നവരുടെയും... എന്തുകൊണ്ടാണത്.. ! ജനാധിപത്യമെന്നത്, ക്രിമിനലുകളുടെ അവകാശമായി മാറിയിരിക്കുന്നു. 


   സൂര്യൻ... 


പ്രകാശന്റെ ഉൾത്തടങ്ങളിലെവിടെയോ നിന്ന് ഒരു തേങ്ങൽ പോലെ, ഒരു സ്വനം പുറത്തുവന്നു. 


സൂര്യൻ ഉമ്മറവാതിലിലൂടെ അകത്തേക്ക് കടന്നു, പുറകേ ദേവസ്യയും. സൂര്യൻ മൗനമായി പ്രകാശനടുത്തുവന്നു. ഒരു തേങ്ങൽ, അവന്റെ ഉള്ളിൽ നിന്നും പുറത്തുവന്നു. അവൻ കുനിഞ്ഞു കാലിൽ തൊട്ടു. രണ്ടുതുള്ളി കണ്ണുനീർ കാൽപ്പാദത്തിൽ വീണു. പ്രകാശൻ അവനെ പിടിച്ചെഴുന്നേല്പിച്ചു. അവനിലെ മൗനം വിങ്ങി. 


-- രാഷ്ട്രപതിയുടെ ദയാഹർജിക്ക് അന്നേ ദിവസം തന്നെ അർഹനായി... പിന്നെന്തേ ജയിൽ ചാടിയത്... !


-- ഞാനറിഞ്ഞില്ല.... അങ്ങിനെയാണെങ്കിലും, എന്നെ പുറത്തുവിടാതിരിക്കാൻ അവർ ശ്രമിക്കും. എനിക്ക് പുറത്തിറങ്ങാതിരിക്കുവാനും ആവില്ല. 


പ്രകാശന്റെ തേങ്ങലുകൾ നെഞ്ചിൻകൂടിനുള്ളിൽ കുറുകി. അത് പുറത്തേക്കുപോകുവാനുള്ള വഴി കാണാനാകാതെ മുറുകി. ആ വീർപ്പുമുട്ടലിൽ നിന്ന് പുറത്തുകടക്കാനാകാതെ സൂര്യന്റെ അടുത്തുതന്നെ കുഴഞ്ഞു വീണു. ആന്റണിയിൽ നിന്നും ദേവസ്യയിൽ നിന്നും പരിഭ്രമത്തിൽപ്പൊതിഞ്ഞ ശബ്ദം പ്രകാശനിൽ ചെന്നു വീണു. 


  മുഖത്തു വെള്ളം വീണപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു. സൂര്യന്റെ മടിയിൽ കിടക്കുകയായിരുന്നു അപ്പോൾ. 


 -- ശിക്ഷിച്ച അന്ന്, റോസ് വീട്ടിൽ വന്നു. ഞാനും അച്ഛനും കോടതിയിൽ നിന്ന് എത്തിയിരുന്നില്ല. റോസ്, അമ്മയുടെ കാലിൽ വീണു കെട്ടിപ്പിടിച്ചു കരഞ്ഞത്രേ. തന്റെ വീട് അതുതന്നെയെന്നും, അവിടുന്നെങ്ങും പോവില്ലെന്നും. 


അന്നാണ് നിങ്ങൾതമ്മിൽ ഇഷ്ടമായിരുന്നെന്ന് അമ്മ വിശ്വസിച്ചത്. എത്രയോ പെൺകുട്ടികൾ, വളരേ വിശ്വാസമായി പ്രേമിച്ചു നടന്നതിന്നവസാനം അച്ഛനമ്മമാർക്ക് അടിയറവുപറയാറുണ്ട്. അല്ലെങ്കിൽ പുളിങ്കൊമ്പുകാണുമ്പോൾ പ്രേമമെല്ലാം ഇട്ടിട്ട് പോവാറുണ്ട്. സ്നേഹിച്ച പുരുഷനെ തട്ടിയകറ്റി അച്ഛനമ്മമാർ കല്പിച്ചരുളുന്ന പുരുഷനോടൊത്ത് ചിരിക്കുന്ന മുഖവുമായി പോവുന്നത് കണ്ടിട്ടുണ്ട്.


 അവിടെ ഒരാൾ, സ്വന്തം അപ്പനെ കൊന്നുവെന്നു പറയുന്ന ഒരാളുടെ വീട്ടിൽ, തന്നെ ഇറക്കി വിടരുതേ എന്നു പറഞ്ഞു കേഴുന്നൂ. ആ കാഴ്ചയും കണ്ടുകൊണ്ടാണ് ഞാനും അച്ഛനും കയറി ചെല്ലുന്നത്. 


അച്ഛൻ റോസിനെ വിളിച്ച് മാറ്റി നിറുത്തി എന്തൊക്കെയോ പറയുന്നതു കണ്ടു. ഒടുവിൽ അവർ അച്ഛന്റെ കാൽക്കൽ വീണു പൊട്ടിക്കരയുന്നതും കണ്ടു. ഞാൻ അതും കണ്ടുകൊണ്ടാണ് അകത്തേക്ക് പോയത്.


 പുറത്ത് 'ഇങ്ങോട്ടിറങ്ങിവാടീ ' എന്ന ജോണിന്റെ അലർച്ച കേട്ടാണ് ഇറങ്ങി വന്നത്. അപ്പോൾ ജോൺ റോസിനെ പിടിച്ചുവലിച്ചു കൊണ്ടുപോകാനുള്ള ശ്രമം. അവൾ അച്ഛനെ നോക്കി കൈകൂപ്പി കേഴുന്നു. അച്ഛനും അമ്മയും ഒന്നും ചെയ്യുവാനാവാതെ നിൽക്കുന്നു. 

 

   ഞാൻ അയാളുടെ അടുത്തു ചെന്നു. അയാളെ ശാന്തമാക്കാനും താൻ തന്നെ അവളെ വീട്ടിൽകൊണ്ടുവിടാമെന്നും പറഞ്ഞു. അയാൾ അച്ഛനേയും അമ്മയെയും നമ്മളെയും കുറേ നിന്ദിച്ചു. റോസിനെ വലിച്ചിഴച്ചും കൊണ്ടു പോയി. അവരുടെ തേങ്ങൽ ഇപ്പോഴും എന്റെ നെഞ്ചിൽ നിന്നും മാഞ്ഞിട്ടില്ല. 


ആ സംഭവത്തിനുശേഷം, ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ, റോസിനൊരു കല്യാണാലോചന വന്നുവെന്ന് അച്ഛനറിഞ്ഞു. അവളെ വീട്ടിൽ തന്നെ അടച്ചിട്ടിരിക്കുകയാണെന്നും അറിഞ്ഞു.


 എങ്ങിനെയെങ്കിലും റോസിനെ അവിടെ നിന്നും മോചിപ്പിക്കാനാവുമോ എന്ന് ഞാൻ അച്ഛനുമായി ആലോചിച്ചു. ഒരു നിയമവഴി. പക്ഷേ, അതുവേണ്ടെന്ന് അച്ഛൻ തീർത്തു പറഞ്ഞു. 


പിന്നെ കേട്ടത്, റോസ് ഹോസ്പിറ്റലിൽ ആണെന്നാണ്. അങ്ങിനെ, ആ കല്യാണം മുടങ്ങി. 


ഞാനും അമ്മയും ഒരിക്കൽ ഹോസ്പിറ്റലിൽ റോസിനെ കാണാൻ ചെന്നു. അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ആയപ്പോഴാണ് കൊണ്ടുപോയത്. 


അന്ന് അവിടെ കൂടെ നിന്നിരുന്നത് അലക്സ്‌ ആയിരുന്നു. അയാൾക്ക് വളരേയധികം സങ്കടമുണ്ടെന്നറിഞ്ഞു. അതോ അഭിനയമായിരുന്നോ.. ! ഏതായാലും, ജോണിനെ അയാളും ഭയപ്പെടുന്നതുപോലെ സംസാരത്തിൽ നിന്നും അറിയാൻ കഴിഞ്ഞു.


 രഹസ്യമായി ഒന്നു കാണണം, കുറേ കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞു.


 എന്താണ് അയാൾക്ക് സംസാരിക്കാനുണ്ടെന്നത് പല കുറി ചിന്തിച്ചു. അപ്പോഴാണ് ജോൺ കയറി വന്നത്. ഞങ്ങൾ അങ്ങിനെ നിൽക്കുന്നതും സംസാരിക്കുന്നതും അയാൾക്കത്ര രസിച്ചില്ല.


 ഞാൻ പെട്ടെന്ന് ഒഴിഞ്ഞു മാറി. അയാൾ അലെക്സിനെ മാറ്റി നിറുത്തി കയർത്തു സംസാരിക്കുന്നത് കണ്ടു. ഒടുവിൽ ജോണിന്റെ കൈ അലക്സിന്റെ കരണത്തു പതിക്കുന്നതുകണ്ടു. പിന്നെ, താക്കീതെന്നവണം പറയുന്നത്, അവ്യക്തമായി കേട്ടു, കൊന്നുകളയുമെന്ന്.

ആരെയെന്നുമാത്രം വ്യക്തമായില്ല. 


അയാൾ മുറിയിലേക്ക് കയറിപ്പോകുന്നതും, അമ്മ മൂക്കും ചീറ്റി സാരിത്തുമ്പിൽ തുടച്ചും കൊണ്ട് ഇറങ്ങി വരുന്നതും കണ്ടു. അയാളെന്തു പറഞ്ഞെന്ന് അമ്മയോട് പലവുരു ചോദിച്ചെങ്കിലും, ഒന്നുമില്ലെന്ന് പറഞ്ഞ് അമ്മ ഒഴിഞ്ഞു മാറി. 

           


Rate this content
Log in

Similar malayalam story from Romance