Binu R

Romance Thriller

3  

Binu R

Romance Thriller

മറുപുറം.

മറുപുറം.

3 mins
218



വാതിലിലാരോ തട്ടുന്നൂ... തോന്നലാണോ.. !


മുറിയിൽ ഉലാത്തുകയായിരുന്നൂ അപ്പോൾ. ആകാംഷ നെറുകിൻതുമ്പിലോളം എത്തി. വാതിൽക്കലേക്ക് ചെന്നു, വാതിൽ തുറന്നു. അമ്മ, പുറകിൽ റോസും. 


കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന സന്തോഷവും സന്താപവും. അവൾ കരയുകയായിരുന്നു. ആ ചാലുകൾ ഒരിക്കലും വറ്റിയിട്ടില്ലെന്ന് തോന്നി. 


റോസ് അകത്തേക്ക് കടന്നതിന് ശേഷം അമ്മ മടങ്ങി. എന്താണ് പറയേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നുമറിയാതെ, മുഖത്തോടുമുഖം നോക്കി ഒട്ടേറെ നേരം നിന്നു.


ഏറെ തേങ്ങലുകൾക്ക് ശേഷം റോസ് തുടങ്ങി, വളരേ പതിയേ ശബ്ദമില്ലാതെ പുറത്തുവന്ന സ്വരത്തിന് ഒരു തീർപ്പിന്റെ സ്വരഭേദമുണ്ടായിരുന്നു. 


-- അപ്പനെ കൊന്നതുതന്നെയാണ്, ജോൺ. 


വിശ്വസിക്കാനാകാതെ അവളുടെ കണ്ണുകളിൽ തന്നെ നോക്കി. അവൾ കണ്ണുനീർ തുടച്ചുകളഞ്ഞു. മുഖത്ത് അല്പം ക്രൂരത പടർന്നുവോ എന്ന് തോന്നിപ്പിച്ചു. അവൾ ദൃഢവിശ്വാസത്തോടെ തറപ്പിച്ചു പറഞ്ഞു, 


-- എന്നോട് പറഞ്ഞതാണ്, ജോൺ തന്നെ. 


പിന്നെ ശാന്തമായി തുടർന്നു... 


-- അപ്പച്ചൻ ഒരിക്കലെന്നോട് ചോദിച്ചു. ഇഷ്ടമാണോയെന്ന് !. വെറുതേ തമാശക്കായിരുന്നു അത്. പക്ഷേ, അപ്പച്ചൻ പകുതി ഗൗരവത്തിലുമായിരുന്നുവെന്ന്, പിന്നീട് അറിഞ്ഞു. പ്രകാശ് കൊണ്ടുപോവുമെങ്കിൽ കൂടെ വിടുമെന്ന് !.എന്റെ മനസ്സിൽ തോന്നിയ ആഹ്ലാദം അസ്തമിച്ചുപോയില്ലേ.... 


അവൾ അലമുറയിടുന്നതുപോലെ കരഞ്ഞു. എങ്ങനെ അവളെ സാന്ത്വനിപ്പിക്കുമെന്നറിയാതെ കുഴങ്ങി. അവളെ ആനയിച്ചു കട്ടിലിലിരുത്തി. തലയിൽ തലോടി. അവൾ മുഖം സാരിത്തുമ്പുയർത്തി തുടച്ചു. സ്വയം സ്വാന്ത്വനത്തിന്റെ തുടർച്ചയെന്നോണം തുടർന്നു.... 


-- അപ്പച്ചൻ മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് അപ്പച്ചൻ ജോണുമായി തെല്ലുറക്കെ സംസാരിക്കുന്നത് കേട്ടു. എന്താണ് കാര്യമെന്ന് പിന്നീടാണ് മനസ്സിലായത്. ഒരു കൊച്ചുകുട്ടിയെ പോലെ അപ്പച്ചൻ വാദിച്ചത്, നമ്മുക്കു വേണ്ടിയായിരുന്നു. അതിന് മുൻപ് അപ്പച്ചൻ പള്ളിയിലെ ഫാദറിനോട് ഇതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടായിരുന്നു. ഫാദർ എന്നെ വിളിച്ച് ചോദിച്ചു. അത് സമൂഹത്തിനെതിരാണെന്ന് പറഞ്ഞു. പിന്നെ പലതും പറഞ്ഞു. പിന്നെ അവസാനം പറഞ്ഞു, അപ്പച്ചന് സമ്മതമാണെങ്കിൽ, അപ്പച്ചനോടൊത്തു നിന്നോളാമെന്നും പറഞ്ഞു. 


അവൾ കുനിഞ്ഞിരുന്നു പറഞ്ഞു കൊണ്ടേയിരിക്കുകയാണ്, അവളുടെ മനസ്സിലുള്ള സങ്കടത്തിന്റെ അണ പൊട്ടിയൊഴുകുകയായിരുന്നു. മറുത്തൊന്നും ചോദിക്കുകയും പറയുകയും ചെയ്യാതെ ക്ഷമാപൂർവം കേട്ടിരുന്നു. ഇടയ്ക്കു റോസിന്റെ കൈയെടുത്തു മടിയിൽ വച്ചു തലോടിക്കൊണ്ടിരുന്നു. 


-- പ്രകാശ്, എന്നിട്ടാണ് അപ്പച്ചൻ ജോണിനോട് സംസാരിച്ചത്. 


ജോണിന് മത്തായിച്ചായനെക്കാളും ഒരേയൊരു പെങ്ങൾ റോസിനെക്കാളും വലുത് മതവും സമൂഹവുമാണെന്ന് മനസ്സിലായി. ജോൺ തന്നെയാവണം മത്തായിച്ചായനെ കൊന്നത്. ജോണിന്റെ വായിൽ നിന്നുതന്നെയത്‌ കേൾക്കണം, മനസ്സ് അങ്ങിനെ പറഞ്ഞുകൊണ്ടേയിരുന്നു. റോസ് തുടരുകയാണ്.. 


--ജോണിനെ എതിരിടാനാവാതെ അലക്സ്‌ ഗൾഫിലേക്ക് പോയി. അന്നെനിക്കറിയില്ലായിരുന്നു, ജോണാണ് അത് ചെയ്തതെന്ന് !.പ്രകാശിനോട് അയാൾക്ക് വന്ന വിരോധമാണ് അയാളെക്കൊണ്ടതെല്ലാം ചെയ്യിച്ചതെന്നേ കരുതിയുള്ളൂ. പ്രകാശിനെതിരെ കേസ് നടക്കുമ്പോൾ എനിക്ക് ഉറപ്പുണ്ടായിരുന്നു, പ്രകാശനത് ചെയ്യാനാവില്ലെന്ന്. അപ്പച്ചൻ എപ്പോഴും പറയുമായിരുന്നു, പിറക്കാതെ പോയല്ലോയെന്ന് !.


കുറേ നേരം കനത്ത നിശ്ശബ്ദതയായിരുന്നു. റോസ് തന്റെ തലമുടിയിലൂടെ വിരലോടിച്ചു. സ്നേഹം ആ വിരൽ തുമ്പത്തുണ്ടായിരുന്നു. അവളിൽ എന്തിനൊവേണ്ടിയുള്ള ഒരു വടംവലി ഉള്ളിന്റെയുള്ളിൽ നടക്കുന്നത് ആ കണ്ണുകളിലൂടെ കാണാൻ കഴിഞ്ഞു. ഇടക്കിടെ ഉയരുന്ന ദീർഘനിശ്വാസവും മുഖത്തെ മാംസപേശികളുടെ സ്ഥാനം തെറ്റിയുള്ള ചലനങ്ങളും അത് വ്യക്തമാക്കിത്തന്നു. മറ്റൊരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് അവളുടെ കൈവിരലുകൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു. 


താനത് കണ്ടുകൊണ്ടിരിക്കുകയാണെന്നറിഞ്ഞപ്പോൾ റോസിന്റെ മുഖത്തൊരു ദൃഢത നിറഞ്ഞു. ആ ദൃഢതയിൽ അവളിൽ നിന്ന് കുറച്ചുവാക്കുകൾ പുറത്തുവന്നു. അതിന് പതിവിൽക്കവിഞ്ഞൊരു ഈണവുമുണ്ടായിരുന്നു. 


-- പ്രകാശ്. !.


ആ വിളിക്ക് ശേഷം ഒരു നിറഞ്ഞ മൗനമായിരുന്നു. അതിനുശേഷം അവൾ തുടർന്നു. അതൊരു നേർത്തനിസ്വനം പോലെയായിരുന്നു. 


-- എന്നിൽ ഒരു താലി അണിയിക്കാമോ..? 


അതൊരു ചെറിയ നടുക്കമായി. ഒരിക്കൽ വെറുതേ ആശിച്ചതാണ്. അവളുടെ മനസ്സിന്നടിയിൽ എവിടെയോ സന്തോഷത്തിന്റെ മുകുളം പൊട്ടുന്നത് കണ്ടു. പക്ഷേ, അപ്പോഴും ആ മുഖത്ത് ദുഖമായിരുന്നു. 


പ്രകാശ് വളരേ സാവധാനം അവളുടെ തലയിൽ തലോടി. അതവളിൽ സാന്ത്വനമായി നിറയുന്നത് കണ്ടു. 


-- സൂര്യൻ... !.


കുറച്ചുറക്കെയുള്ള വിളി എവിടെ നിന്നാണ് വന്നതെന്നത് അത്ഭുതമായി !.കടന്നുവന്ന സൂര്യനോട് വളരേ ശാന്തമായി പറഞ്ഞു. 


സൂര്യനിൽ ഒരു മന്ദഹാസം വിരിഞ്ഞുവോ.. !അയാൾ റോസിനടുത്തുവന്നു പറഞ്ഞു, 


-- ഞാനെത്രയോ നാളായി ചേട്ടത്തിയമ്മയായി മനസ്സിൽ ആരാധിക്കുന്നു. 


റോസിന്റെ കണ്ണുകൾ അവളറിയാതെ സന്തോഷചിത്തയായി നിറഞ്ഞൊഴുകുകയായിരുന്നു. 


സൂര്യൻ പുറത്തേക്ക് ഒഴുകിപോവുകയായിരുന്നു. 


രാത്രി ഇരുണ്ടു കറുത്തു. മുറിയിൽ വീണ്ടും ഒറ്റക്കായി. മരുമകളാവുന്നവളേയും കൂട്ടി അമ്മ അകത്തെവിടെയോ... 


രാത്രിയുടെ സംഗീതം... ചീവീടുകളുടെ വോക്കൽ കച്ചേരിക്ക് ഇത്രയും മധുരമുണ്ടെന്നത് ഇപ്പോഴാണ് മനസ്സിലാകുന്നത്. എത്ര താളവാദ്യത്തോടെയാണ് അവരുടെ കച്ചേരി.. !.ഏതു ജീവിയുടെ സംഗീതത്തിനാണ് താളവും ലയവുമില്ലാത്തത്.. !.


അകത്ത് അച്ഛന്റെ ചിരിയുയരുന്നു. എത്രയോ നാളുകൾക്കു ശേഷമുള്ള ഈ ചിരിക്ക് അതിന്റെതായ സൗരഭ്യമില്ലേ.. !.


അവരോടൊത്തു ചേരുവാൻ മനസ്സ് തുടിക്കുന്നു. പതുക്കെ വാതിൽ തുറന്നു. അപ്പോൾ കണ്ടതോ.. !, 


അച്ഛൻ മുമ്പിലും മറ്റുള്ളവർ അങ്ങനെയും ഇങ്ങനെയും, ഏറ്റവും ഒടുവിൽ, അമ്മക്കൊപ്പം റോസും, വളരെമനോഹരമായ തനിക്കേറെയിഷ്ടമുള്ള റോസ് സാരിയുമണിഞ്ഞുകൊണ്ട്. അതിലവൾ ഏറെ സുന്ദരിയായിരിക്കുന്നത് മനസ്സിൽപതിഞ്ഞു. 


ദേവസ്യ ഏതോ ഹാസ്യം വിളമ്പിയിട്ടുണ്ട്. എല്ലാവരുടെയും ചുണ്ടിൽ ഒരു ചിരിയുടെ തുമ്പ്. 


അച്ഛൻ ഒരു മാല കൈയിലേക്ക് തന്നു. ചെറുതെങ്കിലും മനോഹരമായിരുന്നു അത്. അതിന്നറ്റത്ത് തിളങ്ങുന്ന ഒരു കൊച്ചു താലി. 


-- ഇന്ന് രാത്രിയിൽ മുഹൂർത്തമില്ല. 


അച്ഛനിൽ നിന്നും പുറത്തുവന്നത് ഒരു ദുഖത്തിന്റെ അവസാന നിസ്വനമായിരുന്നു. 


മുഹൂർത്തമില്ലാത്ത നേരത്ത് മുഹൂർത്തമില്ലാത്ത ദിവസത്തിന്നറ്റത്ത് ചീവീടുകളുടെ കച്ചേരികൾക്കിടയിൽ റോസിന്റെ കഴുത്തിൽ താലി വീണു. ഒരു ശംഖനാദമെന്നപോലെ ഏതോ രാക്കോഴി കൂകിയാർത്തു. അവളുടെ കണ്ണുനീർ ചാലിൽ നിന്നുവീണ കണ്ണു നീർതുള്ളികൾ താഴേക്ക് പതിച്ചു. അത് നിലത്തുവീണ് ചിതറി.


തിരിച്ചുള്ള ഈ യാത്രയിൽ, മനസ്സേറെ സന്തോഷഭരിതമായിരിക്കുന്നു. ഒരു രാത്രിപോലും റോസിനൊപ്പം കഴിയാനായില്ലെങ്കിലും, അവൾ തന്റെ ഭാര്യയായിരിക്കുന്നുവെന്നുള്ള ബോധ്യം ഒരു തീർച്ചയായി മനസ്സിൽ നിറഞ്ഞു മറിഞ്ഞു.... 

                 


Rate this content
Log in

Similar malayalam story from Romance