Binu R

Romance Thriller

3  

Binu R

Romance Thriller

മറുപുറം.7

മറുപുറം.7

3 mins
205



 - 7 -


 --അമ്മേ ഞാനൊന്ന് പുറത്തുപോയി വരാം. 


ഞായറാഴ്ചകളിൽ രാവിലേ ഒന്ന് നടക്കാനിറങ്ങും. അതൊരു പതിവാണ്. പലപ്പോഴും ശിവക്ഷേത്രത്തിന്റെ ആലിന്റെ ചോട്ടിൽ പോയി പത്തുപതിനഞ്ചു മിനിട്ടിരിക്കും. ആലിന്റെ ഇലകളുടെ ചാഞ്ചാട്ടവും കിളികളുടെ പയ്യാരം പറച്ചിലുകളും കണ്ടു, അവിടുന്ന് തിരിഞ്ഞു നടക്കും. 


    ഞായറാഴ്ചയിലെ ആ നടത്തം പതിവായതു കൊണ്ടാവണം അമ്മ മറുത്തൊന്നും പറഞ്ഞുമില്ല. ചിലപ്പോൾ അമ്മപറയും, അങ്ങാടിയിലെ പ്രഭാകരന്റെ കടയിൽ നിന്നും അതുവാങ്ങണം ഇതു വാങ്ങണം എന്നൊക്കെ. പക്ഷേ, ഇന്നങ്ങനെയൊന്നും അമ്മ പറഞ്ഞിട്ടില്ല. അതുകൊണ്ടാവും നടന്നു കുറേ കഴിഞ്ഞപ്പോൾ, മത്തായിച്ചായനെ കാണണമെന്ന് മനസ്സ് പറഞ്ഞത്. 


പാലം കടന്നാൽ മൂന്നാമത്തെ ഗേറ്റ് ആണ് മത്തായിച്ചായന്റെത്. നേരെപോയാൽ കറങ്ങി തിരിഞ്ഞ് അങ്ങാടിയിൽ എത്തും. അല്ലെങ്കിൽ പാലത്തിനു മുന്നെ തിരിഞ്ഞാൽ ശിവക്ഷേത്രത്തിലേക്കും പോകാം. പാലത്തിൽ കയറിയപ്പോൾ താഴേക്ക്‌ നോക്കി, കനത്ത വെള്ളാരംകല്ലുകളിൽ തട്ടിയൊഴുകുന്ന പുഴക്കൊരു ഗാംഭീര്യം. കുറച്ചുനേരം അതും നോക്കിനിന്നു. താഴത്തെ കടവിൽ പലരും അടിച്ചു നനക്കുന്നുണ്ട്. കുട്ടികൾ പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരക്കൊമ്പിൽ കയറി, പുഴയിലേക്ക് ഊളിയിടുന്നു.


 പാലത്തിനടിയിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ ആകാശവും മേഘങ്ങളും ഒഴുകിപ്പോകുന്നതുകണ്ടു. ചെറിയ ചുഴികൾ കണ്ടു. അതിലേക്ക് കറങ്ങിത്തിരിഞ്ഞടിയിലേക്കു പതഞ്ഞുപോകുന്നതും കുറച്ചുമാറി വകഞ്ഞു പൊങ്ങുന്നതും കണ്ടു. ചെറിയ അലകൾ വലിയ ഓളങ്ങളാകുന്നത് കണ്ടു. 


അതുകണ്ടു തിരിഞ്ഞപ്പോഴാണ്, മത്തായിച്ചായനെ കാണണമെന്ന തോന്നൽ ശക്തമായത്. 


 പാലം കഴിഞ്ഞുള്ള പാടത്തിന്റെ, വരമ്പത്തിരുന്ന കൊറ്റികൾ അപരിചിതഭാവത്തിൽ പറന്നുമാറി. റോഡിന്റെ ഇരുവശത്തുനിന്നുമുള്ള പൊന്തക്കാടുകൾക്കിടയിൽ നിന്നും കുളക്കോഴികൾ ശകാരിച്ചുകൊണ്ട് പറന്നുപോയി. 


ഗേറ്റ് അടഞ്ഞു കിടക്കുന്നു. ഉമ്മറക്കോലായിൽ ആരുമില്ല. സാധാരണ ഈ വഴിയേ എങ്ങാനും കടന്നുപോയാൽ, തലവട്ടം കണ്ട്  മത്തായിച്ചായൻ ഉമ്മറത്തിരുന്നു എത്തിനോക്കും. എന്നിട്ട് ഉറക്കെ വിളിച്ചുപറയും, 


--ഇങ്ങോട്ടുവടോ, ഒന്നു കയറിയിട്ടുപോകാം. 


അതുകൊണ്ടുതന്നെ ഇതിലെ പോകുമ്പോഴൊക്കെയും ഇവിടെ കയറും. ഇന്നിതാ മുറ്റത്തും തിണ്ണയിലും, ചാരുകസാലയിലും ആളില്ല.


 ഇനി പള്ളിയിൽ പോയതാവുമോ എന്ന് ശങ്കിച്ചു. പുള്ളിക്കാരൻ പള്ളിയിൽ പോക്കൊക്കെ കുറവാ.അങ്ങനെതന്നെയെങ്കിൽ, വെളുപ്പിന് പോയിട്ട് പോരും. 


ഗേറ്റ് തുറന്നു, ഇതാ ആളുവന്നെ എന്ന് പറയുന്നതുപോലെയാണ് ഗേറ്റിന്റെ തേങ്ങൽ. നേരെ നോക്കിയാൽ കാണുന്ന ഊണുമുറിയിലെ ജനാലയിൽ കൂടി രണ്ടുകണ്ണുകൾ കർട്ടൻ മാറ്റി നോക്കും. ചിലപ്പോൾ രണ്ടാം നിലയിൽ ഒരാൾ വന്ന് നിർന്നിമേഷയായി നോക്കി നിൽക്കും. 


ഇന്നിതാ, ഇറയത്തേക്കു കയറുന്നതുവരേക്കും ആരെയും കണ്ടില്ല. ചിലപ്പോൾ ഉമ്മറത്തേക്ക് കയറുമ്പോൾ, അകത്തുനിന്നും മത്തായിച്ചായന്റെ ശബ്ദം കേൾക്കാം. 


-- ഇങ്ങോട്ട് കേറിപ്പോരേടോ, ഞാനൊന്ന് കിടക്കുവാ.... 


ഉമ്മറത്തേക്ക് കയറി. ആരെയും കാണാനില്ല. ആ നനുത്ത പാദപതനവും കേട്ടില്ല. അകത്തുനിന്നും ഒരു ശബ്ദവും പുറത്തേക്കും വന്നില്ല. 


വാതിലുകൾ തുറന്നിട്ടിരിക്കുന്നു. ഇടനാഴിപോലെ അകത്തേക്ക് നീണ്ടു കിടക്കുന്ന വാതിലുകൾ. അകത്തേക്ക് ചെന്നാൽ ഇരുപ്പുമുറിയിൽ ഇടതുവശത്തെ മുറിയാണ് മത്തായിച്ചായന്റേത്. വലത്തേക്ക് തിരിഞ്ഞാൽ ഊണുമുറിയും അതിനങ്ങേവശം അടുക്കളയുമാണ്. 


മത്തായിച്ചായന്റെ മുറിയിൽ കട്ടിലിനോട് ചേർന്ന് കാണുന്ന ജനലിൽക്കൂടി പുറത്തേക്ക് നോക്കിയാൽ മുറ്റത്തു വിശാലമായ നോട്ടവും, ഗേറ്റും കാണാം. ഇട്ടിരിക്കുന്ന കർട്ടൻ നേർമ്മയുള്ളതാണെങ്കിലും, പുറത്തേക്ക് കാണാം, അകത്തേക്കോട്ടുകാണുകയുമില്ല. 


ഉമ്മറത്ത് കയറിയിരുന്നു. കസേലക്കടുത്തുകിടക്കുന്ന വട്ടമേശയിൽ പതുക്കെയൊന്ന് താളം പിടിച്ചു. അകത്തുള്ളവർ ആരായാലും കേൾക്കുന്നെങ്കിൽ കേൾക്കട്ടെ എന്നേ വിചാരിച്ചുള്ളു. അകത്തൊന്നും യാതൊരു ഒച്ചയും അനക്കവുമില്ല. 


എഴുന്നേറ്റു. അകത്തേക്ക് കടന്നു. മത്തായിച്ചായന്റെ മുറിയിലേക്ക് ചെന്നു. മുറിയിൽ വെട്ടമില്ല. ഈ സമയത്ത് മത്തായിച്ചായൻ ഉറങ്ങുന്ന പതിവില്ല. 


പുറത്തുനിന്നരിച്ചെത്തുന്ന വെട്ടത്തിൽ കണ്ടു, നീണ്ടുനിവർന്നു മലർന്നു കിടക്കുന്ന മത്തായിച്ചായൻ. മുഖത്ത് തലയിണ ഇരിക്കുന്നു. ലൈറ്റിന്റെ സ്വിച് തേടിപ്പിടിച്ചിട്ടു. തിരിച്ച് മത്തായിച്ചായന്റെ അരികിലെത്തി, മുഖത്തുനിന്നും തലയിണ എടുത്തുമാറ്റി. 


ഞെട്ടിപ്പോയി.. ! മത്തായിച്ചായൻ കണ്ണുകൾ തുറിച്ചു മരിച്ചു കിടക്കുന്നു. ഒരാന്തൽ ഉള്ളിലൂടെ വന്നു പിടിമുറുക്കി. എന്തു ചെയ്യണമെന്നറിയാതെ, നിന്നുപോയി. നിലയില്ലാത്തിടത്തേക്കു താഴ്ന്നുപോകുന്നതുപോലെ തോന്നി.ഉള്ളിൽ നിന്നും പുറത്തേക്കു വന്ന അലർച്ച തൊണ്ടക്കുള്ളിൽ തന്നെ കുടുങ്ങി.


മുറിയിലേക്കാരോ നടന്നു വരുന്ന ശബ്ദം. തിരിഞ്ഞു നോക്കി, ജോണി. 


- ഹാ, താൻ വന്നിട്ടൊരുപാട് നേരമായോ.. ! അപ്പച്ചൻ ഉറങ്ങുകയായിരിക്കും. ഇപ്പോൾ എഴുന്നേൽക്കും. നീ ഇരിക്ക്. 


എന്തു പറയേണ്ടു എന്നറിയാതെ വിമ്മിട്ടപ്പെടുന്നത് കണ്ടപ്പോൾ, ജോൺ ചോദിച്ചു... 


-- നീയെന്താ, വല്ലാതെ..? 


ജോൺ അടുത്തുവന്നു. 


- എന്താ എന്തു പറ്റി, പ്രകാശ്..? 


ഗദ്ഗദം ഉള്ളിലൊതുക്കി കൈ ചൂണ്ടുവാനേ കഴിഞ്ഞുള്ളു. അയാൾ പക്ഷേ, ആ കാഴ്ച കണ്ടു ശാന്തതയോടെ ചോദിച്ചു.. 


-- എപ്പോഴായിരുന്നൂ.. എന്തായിരുന്നൂ... എങ്ങനെ സംഭവിച്ചു..??? 


എന്ന നൂറു ചോദ്യങ്ങൾക്കും മറുപടി പറയാനായില്ല. 


       ............... 


  -- പ്രകാശേട്ടൻ ഓർക്കുന്നുവോ, അന്ന് മത്തായിച്ചായന്റെ ശവമടക്കിന്റെ അന്ന് നമ്മൾ ചെല്ലുമ്പോൾ അയാൾ, ജോൺ, ഒന്നുവിതുമ്പുകപോലും ചെയ്യാതെ, കരച്ചിലിന്റേതായ ഒരംശവുമില്ലാതെ... 


അയാൾക്കൊപ്പം അരികിൽ നിൽക്കുമ്പോൾ സമാധാനിപ്പിക്കാനായി തോളത്തു തട്ടിയതോർക്കുന്നുണ്ട്. ഹൃദയസ്തംഭനമെന്നാണ് അന്ന് ജോൺ പറഞ്ഞത്. എങ്കിലും ജഡം പോസ്റ്റ്മാർട്ടം ചെയ്തിരുന്നു. 


-- സുപ്രീം കോടതിയിലും അപ്പീൽ തള്ളിയപ്പോൾ, റോസിനെ കാണാനില്ലെന്നറിഞ്ഞു. കുറേ അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത്, റോസ് ഹൈറേഞ്ചിലുള്ള ആന്റിയുടെ അടുക്കൽ നിന്ന് പഠനം തുടരുന്നു വെന്ന്. 


സൂര്യൻ പറയുന്നതും കേട്ട് ഞങ്ങൾ ഇരുന്നു. 


-- ഞാൻ അച്ഛന്റെ അനുവാദവും വാങ്ങി അവിടെ ചെന്നു. കാര്യം തിരക്കി.റോസ് ഒരു കാര്യം തീർത്തു പറഞ്ഞു, സ്വന്തം വീടാണെങ്കിലും ഇനി അങ്ങോട്ടേക്കില്ലെന്ന്. സ്വന്തം സഹോദരനാണെകിലും അയാൾ ചിലപ്പോൾ അവളേയും കൊല്ലുമത്രെ. 


കാട്ടുചോലക്ക് ഇരമ്പം കൂടിയിരിക്കുന്നു. മഴപെയ്യാനുള്ള ലക്ഷണമാണെന്ന് ദേവസ്യ പറഞ്ഞു. അകലെ കാടുകളിലെവിടെയോ നിന്ന് കുരങ്ങന്മാരുടെ കൂട്ടക്കരച്ചിൽ. മ്ലാവിന്റെ പ്രത്യേകതരത്തിലുള്ള അമറൽ. ഇതെല്ലാം മഴയ്ക്കുള്ള ലക്ഷണങ്ങളാണെന്ന്, ആന്റണിയും ശരിവച്ചു. 


സൂര്യന്റെയും പ്രകാശന്റെയും കണ്ണുകളിൽ വന്നതിനേക്കാൾ പ്രകാശം കൂടിയിരുന്നു. 


ആന്റണി രണ്ടുപേർക്കും ചായയും, ദേവസ്യ കപ്പപ്പുഴുക്കും വെടിയിറച്ചി ഉണക്കിപ്പൊരിച്ചതും കൊണ്ടുവച്ചു. അവലു വിളയിച്ചത് പോലിരുന്നത് വെടിയിറച്ചിയെന്നറിഞ്ഞപ്പോൾ കൗതുകം തോന്നി. കുറച്ചു വാരി വായിലിട്ടു, മൊരികടല തിന്നുന്നതുപോലെ, അത് വായിൽ കിടന്നു പൊട്ടിച്ചിതറി. 


എന്നോ നഷ്ടപ്പെട്ട പകലുകളുടെ സന്തോഷം ആർത്തിരമ്പുകയായിരുന്നു അപ്പോൾ.... 

               


Rate this content
Log in

Similar malayalam story from Romance