Jyothi Kamalam

Drama Classics

4.0  

Jyothi Kamalam

Drama Classics

"കരുണയുടെ അപ്പ്രൂവൽ"

"കരുണയുടെ അപ്പ്രൂവൽ"

2 mins
194


ഭർത്താവിനെ സ്പോൺസർ ചെയ്യാൻ ഈ ശമ്പള പരിധിയിൽ സാധിക്കില്ല. അറബി ഉദ്യോഗസ്ഥൻ തീർത്തു പറഞ്ഞു.

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ താനും സൂര്യനും തനിച്ചാവുന്ന ഒരു പ്രതിഭാസത്തിലൂടെ അവൾ കടന്നുപോയി. ഒരിറ്റു കണ്ണീർ പോലും തുളുമ്പാനില്ല. വറ്റിവരണ്ടു കിടക്കുന്ന രാജസ്ഥാൻ മരുഭൂമി പോലെ വരണ്ടുണങ്ങിപോയ ചുണ്ടുകൾ.

മിശ്രവിവാഹത്തിന്ടെ എല്ലാ കൈപ്പുകളും പേറി പലിശയും പലിശക്ക് പലിശയും ഒക്കെയായി നിൽക്കുന്ന നിസ്സഹായത. ഒരു സ്വകാര്യ ക്ലിനിക്കിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി കിട്ടിയിട്ട് അധികം ആയിട്ടില്ല. ഭർത്താവിനും കുട്ടിക്കും ഒപ്പം ഷെയറിങ് വില്ല എന്ന് ഓമനപ്പേരിട്ടുവിളിക്കാവുന്ന കുടുസുമുറിയിൽ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ടേയുള്ളൂ.

പാം ബീച്ചും പാർലറുകളും റെസ്റ്റോറന്റുകളും പിന്നെ ഷോപ്പിംഗ് ഫെസ്ടിവലുകളും ഗ്ലോബൽ ടൂറിസവും ഒക്കെയുള്ള ദുബൈയുടെ പലർക്കും പരിചിതമല്ലാത്ത ഒരു മുഖമുണ്ട്-പാവപ്പെട്ടവരുടെ ദുബായ്. കുബ്ബൂസും കാലിച്ചായയും തൈരും കഴിച്ചുറങ്ങുന്നവന്ടെ ദുബായ്.

ഒരാഴ്ചയായി ജനാലകൾ തുറന്നിട്ട് ..വെളിച്ചം മനസിലും കൊട്ടിയടക്കപ്പെട്ട അവസ്ഥയാണ്. കൂട്ടുകാരി എന്ന് ആത്മാർത്ഥമായി വിളിച്ച ഇന്ദു ഇന്നലെയും ചോദിച്ചു തിരിച്ചു പോകാനുള്ള പാക്കിങ് തുടങ്ങിയോ വീട്ടുസാധനകൾ കുറഞ്ഞ വിലക്ക് കച്ചോടം ആക്കി തരാം എന്നൊക്കെ. വേരറ്റു നിൽക്കുമ്പോൾ പോലും പിഴുതെറിയാൻ വെമ്പുന്ന അത്തരം സതീർത്യന്മാരെ തിരിച്ചറിയാൻ വൈകിയതിൽ അവൾ നെടുവീർപ്പിട്ടു.

എമിഗ്രേഷൻ ഓഫീസിൻടെ പടികൾ ഇറങ്ങുമ്പോൾ കൈപിടി വിട്ടുപോകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.

ഇനി എന്തുചെയ്യും എന്ന് അറിയാതെ നിക്കുമ്പോഴും എല്ലാം ശെരിയാകും എന്ന് മറുതലക്കൽ വിളികാത്തു നിൽക്കുന്ന പ്രിയതമനു ധൈര്യം പകർന്നു. കുഞ്ഞിനു ഭക്ഷണം കൊടുക്കാനും സമയത്തിന് രണ്ടാളും കഴിക്കാനും ഓർമിപ്പിച്ചു.

ടൈപ്പിംഗ് സെന്ററിലെ അബുല്ലക്കുട്ടി എന്ന കാസർകൊടുകാരൻ പയ്യൻ പറഞ്ഞാണ് മുദീറിനെ (ഏറ്റവും വല്യ വിസ ഓഫീസർ) കണ്ടു നോക്കാനുള്ള ശ്രമം മനസ്സിൽ ഉരുത്തിരിഞ്ഞത്.

പിറ്റേന്ന്‌ കാലത്തു എമിഗ്രേഷൻ ഓഫീസിൻടെ മുൻപിൽ എത്താനും അയാൾ മുഖാന്തിരം അറബി സംസാരിക്കുന്ന ഇംഗ്ലീഷ് ആംഗ്യഭാഷയിൽ ധരിപ്പിക്കാൻ സാധിക്കുന്ന ഒരു PRO നെ കാണാനും ഉള്ള അവസരം തരപ്പെട്ടു.

ഓഫീസിലെ ചിട്ടവട്ടങ്ങൾ ഏതോ പട്ടാള ക്യാമ്പിനെ ഓർമിപ്പിച്ചു. പച്ചയും ചാര നിറവും ഒക്കെ നിറത്തിലുള്ള പോലീസ് യൂണിഫോമിട്ട ഉദ്യോഗസ്ഥർ.

വല്യ ഓഫീസറെ കാണാനുള്ള ക്യൂ വളരെ ചെറുതാണ് അത്രയും പ്രധാനവും സങ്കീർണ്ണവും ആയ പേപ്പറുകൾ മാത്രമേ അദ്ദേഹം കൈകാര്യം ചെയ്യാറുള്ളു. മുറിക്കു വെളിയിൽ നിന്ന ദൃഢഗാത്രൻ തന്ടെ അപേക്ഷ പേപ്പർ നിഷ്കരുണം മാറ്റിവച്ചു. അകത്തു പോകാനുള്ള അനുവാദം നിഷേധിച്ചു. പലവിധത്തിലും പറഞ്ഞു നോക്കിയെങ്കിലും സർവീസ് ഉദ്യോഗസ്ഥൻ നിരസിച്ച അപ്ലിക്കേഷൻ കടത്തിവിടില്ല എന്നയാൾ കട്ടായം പറഞ്ഞു.

അറബി നാട്ടിലെ നമാസ് ഏറ്റവും വിശേഷപ്പെട്ടതാണ് ...വാങ് വിളികൽ അവരെ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ചു നിസ്കാരപായയിലേക്കു നയിക്കും. അകത്തെ ഉദ്യോഗസ്ഥന് നമാസ് ചെയ്യാൻ നേരമായെന്നും അതിനാൽ വരിയിൽ നിന്നവരോട് കുറച്ചുനേരം കഴിഞു വരാനും അറിയിപ്പുണ്ടായി. കൈയിൽ കരുതിയിരുന്ന അപേക്ഷാഫോമിൽ ആദ്യമായി കണ്ണീർ വാർന്നു.

പ്രാർത്ഥന കഴിഞ്ഞുവന്ന മുദീർ തന്നെ അകത്തേക്ക് വിളിക്കുന്നു എന്ന് സെക്യൂരിറ്റി അറിയിച്ചു. തന്ടെ ചേഷ്ടകൾ എല്ലാം CCTV വഴി കാണുന്നുണ്ടായിരുന്നു എന്ന് വിശാലമായ ആ മുറിക്കുള്ളിൽ കടന്നപ്പോൾ അവൾ മനസിലാക്കി.

അപേക്ഷകൾ ഓരോന്നായി അദ്ദേഹം മറിച്ചു നോക്കി. തെല്ലൊരു ഗൗരവത്തോടു പറഞ്ഞു ഇത് അനുവദനീയമല്ല നിങ്ങളുടെ പദവിയും ശമ്പളവും വച്ച് കുടുംബത്തെ മുഴുവൻ സ്പോൺസർ ചെയ്യാൻ സാധ്യമല്ല.

പേപ്പറുകൾ തിരികെത്തരുന്ന കൂട്ടത്തിൽ ഫോമിൽ പതിച്ചിരുന്നു കുട്ടിമാളുവിൻടെ പാസ്പോർട്ട് ഫോട്ടോ ഇളകി താഴെ വീണു അത് എടുത്തു ഫോമിൽ പതിച്ചു തരുമ്പോൾ ആ ഉദ്യോഗസ്ഥൻ മുഖം തെല്ലൊന്നുയർത്തി തന്നെ ഒരുവട്ടം കൂടി നോക്കി. അല്ഹമ്ദുലില്ല എന്ന് ദൈവത്തിനു സ്തുതിപറഞ്ഞുകൊണ്ടു ഫോമിൽ ഒപ്പുവച്ചു ...കരുണയുടെ അപ്പ്രൂവൽ... 

“അല്ഹമ്ദുലില്ല...കരുണയുടെ അപ്പ്രൂവൽ...”



Rate this content
Log in

Similar malayalam story from Drama